യാഹ്‌വേ യിരെ തന്നതിന് ബാങ്കില്‍ രേഖയില്ല!

 

എന്ത് ഭക്ഷിക്കും, എന്ത് ധരിക്കും, നാളെ എങ്ങനെ എന്റെ കാര്യങ്ങള്‍ നടക്കും… എന്നിങ്ങനെ നൂറുകൂട്ടം ഉത്ക്കണ്ഠകളുമായി നടക്കുന്നവരാണ് നമ്മില്‍ ഏറെപ്പേരും. ഉള്ളവരും ഇല്ലാത്തവരും വലിയവരും ചെറിയവരും ഇക്കാര്യത്തില്‍ വിഭിന്നരല്ല. എന്നാല്‍, യേശു നമ്മോടു പറയുന്നത്, ഇതെല്ലാം വിജാതീയരുടെ (യേശുവിനെ അറിയാത്തവരുടെ) ലക്ഷണങ്ങളാണ് എന്നാണ്.

എന്റെ മൂത്ത മകള്‍ കര്‍ണാടകയില്‍ നഴ്‌സിങ് പഠിക്കുന്ന കാലം. ഒരു ദിവസം അവള്‍ക്ക് കലശലായ പനി തുടങ്ങി. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയെങ്കിലും പനി കുറഞ്ഞില്ല. തുടര്‍ന്ന് അവള്‍ ആശുപത്രിയില്‍ അഡ്മിറ്റായി. അവളുടെ അക്കൗണ്ടില്‍ ഒരു രൂപപോലും ഇല്ല. എന്റെ സ്ഥിതിയും ഏറെക്കുറെ അങ്ങനെതന്നെ. എങ്കിലും അടുത്ത ദിവസം വണ്ടിക്കൂലിക്കുള്ള പണം സംഘടിപ്പിച്ച് ഞാന്‍ അവളുടെ അടുത്തേക്ക് പോയി.

ഏതാനും ദിവസങ്ങള്‍ അവള്‍ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഒടുവില്‍ ഡിസ്ചാര്‍ജ് ആയപ്പോള്‍ ആറായിരം രൂപയുടെ ബില്ല് ആശുപത്രി അധികൃതര്‍ തന്നു. എന്തു ചെയ്യണമെന്ന് അറിയാതെ ഞാന്‍ കുഴങ്ങി. ആ സമയം വളരെ യാദൃച്ഛികമായി ഞാന്‍ മകളുടെ ബാങ്ക്‌
അക്കൗണ്ട് നോക്കുവാന്‍ ഇടയായി. അത്ഭുതം എന്നു പറയട്ടെ, 8500 രൂപ അതില്‍ ബാലന്‍സുണ്ട്! പ്രെയ്‌സ് ദ ലോര്‍ഡ്. പിന്നീട് ഞാന്‍ ബാങ്കില്‍ പോയി അന്വേഷിച്ചിട്ടും അത് എങ്ങനെ വന്നുവെന്ന് അവര്‍ക്കും മനസ്സിലായില്ല.

ഇത് എഴുതുന്ന സമയം വരെയും ആ പണത്തിന്റെ ഉറവിടം എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും എന്റെ ചെറിയ വിശ്വാസത്തില്‍ ഒന്നെനിക്കറിയാം – എന്റെ ദൈവം ഏതു ചെറിയ കാര്യങ്ങളില്‍പോലും വേണ്ടത് പ്രദാനം ചെയ്യുന്നവനാണ് (യാഹ്‌വേ യിരെ). ആ ദൈവത്തെയാണ് ഞാന്‍ സേവിക്കുന്നതും വിശ്വസിക്കുന്നതും. അവന്‍ എനിക്കായി കരുതും നല്ല ഓഹരി.നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന് അറിയാം (മത്തായി 6/32).

ഈ വാഗ്ദാനം നമുക്ക് നല്കിയ പിതാവിന്റെ മക്കളാണ് നാം. നമ്മുടെയൊക്കെ കുട്ടിക്കാലം ഒന്നോര്‍ക്കുക. നാം പിറന്നുവീണ നാളുകളില്‍ എന്തു കഴിക്കും എന്നോര്‍ത്ത് നാം ഉറങ്ങാതിരുന്നിട്ടില്ല. വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചുപോലും നാം ബോധവാന്മാരായിരുന്നില്ല. എങ്ങനെ നാളത്തെ കാര്യങ്ങള്‍ നടക്കും എന്നും നാം ചിന്തിച്ചിട്ടില്ല. എങ്കിലും നമുക്കൊന്നിനും കുറവ് അനുഭവപ്പെട്ടില്ല. നാം ജനിച്ച നിമിഷങ്ങളില്‍തന്നെ നമുക്കായി മുലപ്പാല്‍ ഒരുക്കിയവന്‍ ഇന്നും നമ്മെ തീറ്റിപ്പോറ്റുന്നു.

സുവിശേഷത്തിലെ ഏതാനും ഉദാഹരണങ്ങള്‍ നോക്കാം.
ഈ ലോകം വിട്ട് പിതാവിന്റെ അടുത്തേക്ക് പോകുവാന്‍ സമയമായെന്ന് മനസ്സിലാക്കുന്ന യേശു ശിഷ്യന്മാരോടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്ക് പെസഹാ ഭക്ഷിക്കുവാന്‍ ഒരുക്കങ്ങള്‍ ചെയ്യുവിന്‍. ‘അവര്‍ ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്. തുടര്‍ന്ന് യേശു അവരെ കൃത്യമായി നയിക്കുകയാണ്.

സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും. അവിടെ ഒരുക്കുക (ലൂക്കാ 22/12). അവര്‍ പോയി പെസഹാ ഒരുക്കുകയും ചെയ്തു. സത്യത്തില്‍ യേശു എല്ലാം മുന്‍കൂട്ടി ക്രമീകരിച്ചിരുന്നു എന്ന് വ്യക്തം.

ഒരു വലിയ ജനതതി തന്റെ അടുക്കലേക്ക് വരുന്നതു കണ്ട് യേശു കൂടെയുള്ളവരോടു ചോദിച്ചു. ഇവര്‍ക്ക് ഭക്ഷിക്കുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും? ശിഷ്യന്മാര്‍ ആകെ പരിഭ്രാന്തരായി. എന്നാല്‍ തൊട്ടടുത്ത വചനത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. അവരെ ഒന്നു പരീക്ഷിക്കാനാണ് യേശു അങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് അവിടുന്ന് നേരത്തേ മനസ്സില്‍ കരുതിയിരുന്നു (യോഹന്നാന്‍ 6:6).

ലോകാരംഭം മുതല്‍ നമുക്ക് പ്രകാശം നല്കുന്ന സൂര്യനും നക്ഷത്രങ്ങളും ജീവജാലങ്ങളും എല്ലാം… അവിടുത്തെ പരിപാലനയല്ലാതെ മറ്റെന്താണ്? എന്റെ മാതാപിതാക്കളിലൂടെ എന്നെ സ്‌നേഹിക്കുന്നതും ഉറ്റവരിലൂടെയും ഉടയവരിലൂടെയും എന്നെ സംരക്ഷിക്കുന്നതും വരുമാന മാര്‍ഗങ്ങള്‍ നല്കി എന്നെ പരിപാലിക്കുന്നതും ആ സ്‌നേഹം തന്നെ.

ചുരുക്കത്തില്‍, ഈ ഭൂമിയിലെ എല്ലാ സ്‌നേഹത്തിന്റെയും പരിപാലനയുടെയും പിന്നില്‍ ദൈവത്തിന്റെ കരുതലും സ്‌നേഹവും ഒളിഞ്ഞിരിക്കുന്നു. ആ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ”എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചത് ഞാനാണ്. ഞാന്‍ അവരെ എന്റെ കരങ്ങളില്‍ എടുത്തു. എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയത് ഞാനാണെന്ന് അവര്‍ അറിഞ്ഞില്ല” (ഹോസിയാ 11/3).

വചനം ശ്രദ്ധിക്കുക: ”നിങ്ങള്‍ തിടുക്കം കൂട്ടേണ്ട, വേഗം ഓടുകയും വേണ്ട. കര്‍ത്താവ് നിങ്ങളുടെ മുമ്പില്‍ നടക്കും” (ഏശയ്യാ 52/12). അതെ, ഈ ജീവിതയാത്രയില്‍ നാം നടന്നുതീര്‍ക്കേണ്ട മുഴുവന്‍ വഴികളിലും നമ്മുടെ യേശു മുമ്പില്‍ നടക്കുന്നുണ്ട്. എന്നാല്‍ നാം തിടുക്കം കൂട്ടുമ്പോള്‍, വേഗത്തില്‍ ഓടുമ്പോള്‍ നമുക്ക് വഴി തെറ്റും. ആകയാല്‍ നമുക്ക് ശാന്തരാകാം. പ്രാര്‍ത്ഥിക്കാം:

കര്‍ത്താവേ, എന്നെ നിരന്തരം കരുതുന്ന അങ്ങയുടെ മുഖം ദര്‍ശിച്ച്, ആ പരിപാലനയില്‍ വിശ്വസിച്ച് മുമ്പോട്ട് നീങ്ങുവാന്‍ എന്നെ സഹായിച്ചാലും.


മാത്യു ജോസഫ്

 

Leave a Reply

Your email address will not be published. Required fields are marked *