ഏറ്റം പ്രിയപ്പെട്ട മക്കളേ,
എനിക്ക് ഒരു മണ്ടത്തരം പറ്റി. അങ്ങനെ പറ്റാന്‍ ന്യായം ഒന്നും ഇല്ലായിരുന്നു. പക്ഷേ ന്യായം നോക്കിയാണോ പറ്റുപറ്റുന്നത്. അബദ്ധം പറ്റിയത് അറിയുന്നതിനുമുമ്പ് ഒരു ന്യായം, പറ്റിയശേഷം മറ്റൊരു ന്യായം. ഞാന്‍ ഒരു കുര്‍ബാന പഞ്ചാംഗം എടുത്ത് മേശയ്ക്കകത്ത് സൂക്ഷിച്ചുവച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സൂക്ഷിച്ചുവച്ച കാര്യം മറന്നു.
ടൈപ്പ് ചെയ്യുന്ന ജോസിനോട് എവിടെയാണ് പുതിയ പഞ്ചാംഗം എന്ന് ചോദിച്ച് കയര്‍ത്തു. എല്ലാവരുംകൂടി തിരഞ്ഞു. മേശപ്പുറവും അലമാരിയുമെല്ലാം പരിശോധിച്ചു, കണ്ടില്ല. ജോസിന്റെ ഉത്തരവാദിത്വമില്ലായ്മയാണെന്ന് ഞാന്‍ സ്ഥാപിച്ചു. അവസാനം വെറുതെ മേശ തുറന്ന് നോക്കിയപ്പോള്‍ പഞ്ചാംഗം അതിന്റെ അകത്ത് മിണ്ടാതെയിരിക്കുന്നു. ഞാന്‍ പറഞ്ഞു, കിട്ടിയെടാ ജോസേ, നിന്നെ കുറ്റം പറഞ്ഞത് വെറുതെ ആയിപ്പോയെന്ന്.
ഇതുപോലെ പലര്‍ക്കും പറ്റാം. ഓരോ നിസാരകാര്യത്തില്‍ നമ്മള്‍ മറ്റുള്ളവരോട് കയര്‍ക്കും. സ്വരം പടിപടി ഉയരും. പിന്നെ പറയുന്നത് എന്താണെന്ന് നിശ്ചയമില്ല. കാറും കോളും മാറി എല്ലാം ശാന്തമായി കഴിയുമ്പോള്‍ നമ്മള്‍ പറഞ്ഞവ പുനഃസ്ഥാപിച്ചാല്‍ പലപ്പോഴും നമ്മള്‍ വിലപിക്കേണ്ടിവരും. എന്നാല്‍ സ്‌നേഹം, കോപിക്കുന്നില്ല. അത് സകലവും സഹിക്കുന്നു. ”സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാര്‍ എന്ന് വിളിക്കപ്പെടും” (മത്തായി 5:9)
ക്ഷമപോലെ ഇത്ര ഹൃദയസമാധാനം തരുന്നതായി ഒന്നുമില്ല. കോപിഷ്ഠര്‍ അവരുടെ കോപശീലത്തെ നിയന്ത്രിക്കാത്തപക്ഷം ആ ദുഃശീലം അവരെ അടിമപ്പെടുത്തുന്നതാണ്. കോപിഷ്ഠര്‍ ചിലപ്പോള്‍ രാക്ഷസീയമായ ക്രൂരതയോടെ ലോകത്തെ കീഴ്‌പ്പെടുത്തുന്നതായി നാം കാണും. എന്നാലും ലോകം അവരെ സ്‌നേഹിക്കുകയില്ല. നമ്മെ ആരെങ്കിലും വാക്കുകളാല്‍ മുറിപ്പെടുത്തുമ്പോള്‍ സാധാരണയായി നമ്മുടെ സ്വരം മാറും, സ്വരം ഉയരും.
എതിര്‍ത്ത് സംസാരിക്കും. സ്ത്രീകള്‍ ആകുമ്പോള്‍ ഇടിയുടെയും മിന്നലിന്റെയും ശേഷം വലിയ മഴയും ഉണ്ടാകും – കരച്ചില്‍. ഉറക്കെ എതിര്‍ത്ത് പറഞ്ഞശേഷം സാമര്‍ത്ഥ്യം കാണിച്ച ആളുതന്നെയായിരിക്കും കരയുന്നതും. എന്നാല്‍ ശാന്തമായിരുന്നാല്‍ സമാധാനമായിരിക്കാം. നാവിനെ സൂക്ഷിക്കണം. കോപം വരുമ്പോള്‍ ശബ്ദിക്കരുത് അഥവാ ശബ്ദിച്ചാലും സ്വരം വളരെ താഴ്ത്തണം.
പഴയ ജര്‍മന്‍ പട്ടാളക്കാരുടെ ഇടയില്‍ ഒരു നിയമം ഉണ്ടായിരുന്നു.
അവരെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ അധിക്ഷേപിക്കപ്പെട്ട പട്ടാളക്കാരന് അന്നുതന്നെ അതെപ്പറ്റി ആക്ഷേപം ബോധിപ്പിക്കാന്‍ അവകാശം ഇല്ലായിരുന്നുപോലും. അവര്‍ അന്നുപോയി കിടന്നുറങ്ങി മനസ് ഒക്കെ തണുത്തശേഷം പിറ്റേ ദിവസം മാത്രമേ ആക്ഷേപം ബോധിപ്പിക്കാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂപോലും. നേരെമറിച്ച് അന്നുതന്നെ ആക്ഷേപം ബോധിപ്പിച്ചാല്‍ അവന്‍ ശിക്ഷിക്കപ്പെടും.
നമ്മളും നമ്മുടെ എതിരാളികളോട് പലപ്പോഴും പറയുവാന്‍ തോന്നുന്നത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ചുവച്ചാല്‍ മിക്കപ്പോഴും പറയേണ്ടതായിത്തന്നെ വരികയില്ല. പലപ്പോഴും വളരെ നിസാര കാര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും തമ്മില്‍ സംസാരിച്ച് പിരിയുന്നത്. ആരംഭം അങ്ങനെയാണെങ്കിലും അവസാനം ചിലപ്പോള്‍ ഭയങ്കരമായിരിക്കാം.
രണ്ട് പട്ടികളെ സംബന്ധിച്ചുള്ള തര്‍ക്കം യൂറോപ്പിലെ Hundred Years War -ലാണ് അവസാനിച്ചതെന്ന് ഞാന്‍ നിങ്ങളോടും പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് കോപിക്കരുത്. കോപം ഒരു പുണ്യമല്ല. കോപിക്കുന്നയാള്‍ പുണ്യവാനും പുണ്യവതിയുമാണെന്ന് തോന്നുന്നില്ല. നിങ്ങളുടെ സംസാരത്തില്‍ നിങ്ങളുടെ സ്‌നേഹം മുഴച്ചുനില്‍ക്കട്ടെ! ഓരോരുത്തരുടെയും നന്മയെ പ്രോത്സാഹിപ്പിക്കുക.
”സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.”
മോണ്‍. സി.ജെ. വര്‍ക്കി