കെനിയായിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച അന്നാ അലി അബ്ദുറഹിമാനി 1979-ലാണ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്. പയസ് യൂണിയന്‍ ഓഫ് ജീസസ് ദി ഗുഡ്‌ഷെപ്പേര്‍ഡ് എന്ന സന്യാസ സമൂഹത്തില്‍ അംഗമായിരുന്ന സിസ്റ്റര്‍ അന്നായ്ക്ക് 1987 മുതല്‍ യേശുവിന്റെ ദര്‍ശനങ്ങള്‍ ലഭിക്കുവാന്‍ ആരംഭിച്ചു.
രക്തക്കണ്ണീരിനാല്‍ നിറഞ്ഞ മുഖവുമായിട്ടാണ് യേശു സിസ്റ്റര്‍ അന്നായ്ക്ക് തന്നെ വെളിപ്പെടുത്തിയത്. അന്നുമുതല്‍ 25 വര്‍ഷത്തോളം തുടര്‍ച്ചയായി എല്ലാ വ്യാഴാഴ്ചകളിലും സിസ്റ്ററിന്റെ കണ്ണില്‍നിന്നും രക്തക്കണ്ണീര്‍ ഒഴുകിയിരുന്നു. സിസ്റ്ററിന്റെ നാമകരണത്തിനുള്ള നടപടികള്‍ കെനിയായിലെ എല്‍ഡോറെറ്റ് രൂപതയില്‍ ആരംഭിച്ചിട്ടുണ്ട്.
വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് സിസ്റ്റര്‍ അന്നായ്ക്ക് ലഭിച്ച സന്ദേശങ്ങള്‍.
”ദിവ്യകാരുണ്യസാന്നിധ്യം ഇല്ലാതാക്കാനും ദിവ്യബലി അവസാനിപ്പിക്കാനുമുള്ള ഗൂഢപരിശ്രമങ്ങളിലാണ് സാത്താനിപ്പോള്‍. വിശുദ്ധ കുര്‍ബാനയോടുള്ള ആദരവും വിശ്വാസവും പുരോഹിതരില്‍നിന്നും നീക്കിക്കളഞ്ഞുകൊണ്ടാണ് സഭയ്ക്കകത്ത് സാത്താന്‍ യുദ്ധം നയിക്കുന്നത്.
മനുഷ്യവംശത്തിനായി ധാരാളം പ്രാര്‍ത്ഥിക്കണം. കാരണം ലോകം കൂടുതല്‍ കൂടുതല്‍ തിന്മയിലേക്കാണ് പായുന്നത്. ഏതുവിധത്തിലും ദിവ്യബലി നിര്‍ത്തലാക്കുക എന്ന ലക്ഷ്യമാണ് സാത്താന്‍ സംഘങ്ങള്‍ക്കുള്ളത്. ദൈവത്തിന്റെ നീതി ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ അവസാനമാണോ എന്നു തോന്നത്തക്കവിധം സംഭ്രമജനകമായിരിക്കും സ്വര്‍ഗത്തിന്റെ നീതിനടത്തല്‍. എന്നാല്‍ ലോകത്തിന്റെ അവസാനം ഇനിയും ആയിട്ടില്ല” (ഡിവൈന്‍ അപ്പീല്‍ നമ്പര്‍ 4).
”മനുഷ്യവംശത്തോടുള്ള എന്റെ മഹോന്നത സ്‌നേഹം നിമിത്തമാണ് രാവും പകലും ഞാന്‍ സക്രാരികളില്‍ ദിവ്യകാരുണ്യമായി വസിക്കുന്നത്. എന്നാല്‍ എന്തുമാത്രം അവഗണനയും അവഹേളനയുമാണ് അവര്‍ എനിക്ക് നല്‍കുന്നത്. മനുഷ്യവംശം രക്ഷിക്കപ്പെടണമെന്ന് ഞാന്‍ ഉത്ക്കടമായി ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്റെ സംരക്ഷണയിലേക്ക് ഞാന്‍ എല്ലാവരെയും മടക്കിവിളിക്കുകയാണ്. ലോകത്തിന് സുബോധം നഷ്ടപ്പെട്ടുപോയിരിക്കുന്നു.” മരിയാ സ്റ്റൈനര്‍ എന്നൊരു ദര്‍ശക കണ്ടതിതാണ്.
”ചുരുങ്ങിയ സ്ത്രീ പുരുഷന്മാര്‍ മാത്രം അവശേഷിക്കത്തക്കരീതിയില്‍ ദൈവം ലോകത്തെ ഭീകരമായി ശിക്ഷിക്കുന്നതും ശുദ്ധീകരിക്കുന്നതും ഞാന്‍ കണ്ടു. പരിശുദ്ധ സഭ പീഡിപ്പിക്കപ്പെടുകയും റോമില്‍ ഇടയനില്ലാതായിത്തീരുകയും ചെയ്യും. എന്നാല്‍ ഈ ഭയാനകമായ ശിക്ഷാവിധിക്കുശേഷം ലോകം എത്ര സുന്ദരമായിരിക്കുമെന്ന് കര്‍ത്താവെനിക്ക് കാണിച്ചുതന്നു.”
എങ്ങനെയാണ് ഇതെല്ലാം സംഭവിക്കുക എന്ന് നമുക്കറിയില്ല. ഒരുപക്ഷേ സംഭവിക്കുവാന്‍ പോകുന്ന ലോകമഹായുദ്ധമായിരിക്കാം ഭാവിയുടെ ചിത്രങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരിക. ഒരു കാര്യം നമുക്ക് ഉറപ്പിക്കാം. സഭ വലിയ ശുദ്ധീകരണത്തിലൂടെ കടന്നുപോകേണ്ടിവരും.
സഭയുടെ അംഗങ്ങളായ നാം ഓരോരുത്തരും വ്യക്തിപരമായ സ്വയം ശുദ്ധീകരണത്തിന് തയാറായാല്‍ പൊതുശുദ്ധീകരണ പ്രക്രിയയുടെ കാഠിന്യം കുറയ്ക്കുവാന്‍ കഴിയും. അതിന് നിങ്ങളെ ആഹ്വാനം ചെയ്യുവാന്‍കൂടിയാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്.
കാലത്തിന്റെ അടയാളങ്ങള്‍ നമ്മെ ഭയപ്പെടുത്തുകയും തളര്‍ത്തുകയും ചെയ്യാതിരിക്കട്ടെ. പകരം ദൈവസന്നിധിയില്‍ നില്‍ക്കാന്‍ ആത്മധൈര്യമുള്ളവരായി, നമുക്ക് നമ്മളെത്തന്നെ നവീകരിക്കാം.
സോഫിയ ബുക്‌സ് ആണ് കാലത്തിന്റെ അടയാളങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫോണ്‍: 9995574308
ബെന്നി പുന്നത്തറ