മൂന്നാമത്തെ കുമ്പസാരം

 

വര്‍ഷങ്ങള്‍ക്കുമുമ്പ്, സെമിനാരിയില്‍ പ്രവേശിക്കുന്നതിന് ഏറെ മുമ്പ്, ഞാനൊരു കുമ്പസാരം നടത്തി. ഏറെ നാളുകള്‍ ദൈവത്തില്‍നിന്നകന്ന് ജീവിച്ച്, അനുരഞ്ജനപ്പെടാതെ കഴിഞ്ഞതിനുശേഷമായിരുന്നു അത്, ഒരു നീണ്ട കുമ്പസാരം. അത് കഴിഞ്ഞപ്പോള്‍ വൈദികന്‍ എനിക്ക് തന്ന പ്രായശ്ചിത്തം ഇതാണ്, ഒരു ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലുക! എനിക്ക് ആകെ സംശയമായി.

ഞാന്‍ ചോദിച്ചു, ”ഞാന്‍ പറഞ്ഞത് അങ്ങ് പൂര്‍ണമായി കേട്ടില്ലേ?” അദ്ദേഹം പറഞ്ഞു, ”പറഞ്ഞതെല്ലാം ഞാന്‍ കേട്ടു. പക്ഷേ ഒരു കാര്യംകൂടി പറയട്ടെ, അടുത്ത 30 ദിവസത്തേക്ക് ഞാന്‍ നിനക്കുവേണ്ടി ഉപവസിക്കുകയായിരിക്കും. നീയൊരു കാര്യം അറിയണം, യേശുവാണ് നമുക്കുവേണ്ടി പാപപരിഹാരം ചെയ്തത്. നീ ആകെ ചെയ്യേണ്ടത് ഈ കൊച്ചുപ്രാര്‍ത്ഥന ഉരുവിടുക എന്നതുമാത്രമാണ്.”

എനിക്ക് മനസിലായി, അദ്ദേഹം തന്റെ പ്രായശ്ചിത്തപ്രവൃത്തികള്‍ കുരിശിലെ യേശുവിന്റെ പീഡാസഹനത്തോട് ചേര്‍ത്തുവയ്ക്കുകയാണ്. കത്തോലിക്കാസഭയുടെ മതബോധനം പഠിപ്പിക്കുന്നത് ഓരോ വൈദികനും തന്റെ അരികില്‍ കുമ്പസാരിക്കാനെത്തുന്നവര്‍ക്കായി പ്രായശ്ചിത്തം ചെയ്യണമെന്നാണ്. അദ്ദേഹം അപ്രകാരം ചെയ്യുകയാണ്.

ആരെങ്കിലും കുമ്പസാരക്കൂട്ടില്‍ മുട്ടുകുത്തി ഇത് ഈ ആഴ്ചയിലെ തന്റെ മൂന്നാമത്തെ കുമ്പസാരമാണെന്ന് പറഞ്ഞാല്‍ എന്താണ് അതിനര്‍ത്ഥം? അയാള്‍ വിജയത്തിന്റെ പാതയിലാണെന്നാണ് അതിനര്‍ത്ഥം. വിശുദ്ധിയിലേക്കുള്ള മുന്നേറ്റത്തില്‍ അയാള്‍ ഒരിക്കലും സ്വയം തോറ്റുകൊടുത്തിട്ടില്ല. ആ മനോഭാവം വളരെ പ്രോത്സാഹജനകവും പ്രചോദനാത്മകവുമാണ്. പാപമാണ് പരാജയം. കുമ്പസാരം വിജയത്തിന്റെ ഇടമാണ്.

ചിലര്‍ ചോദിക്കും, വൈദികന്‍ പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ എന്ന്. ആ ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയുകയാണെങ്കില്‍ ‘ഇല്ല.’ ആളുകള്‍ ചിന്തിക്കുന്നത് പാപം ഓര്‍ത്ത് രസിക്കാന്‍തക്ക നല്ല ഓര്‍മ്മയാണെന്നാണ്. പക്ഷേ അല്ല, വാസ്തവത്തില്‍ ദൈവപൈതലായ ഓരോ വ്യക്തിയെയും കുറിച്ച് ഓര്‍ക്കാനാണ് രസമുള്ളത്.

ദൈവപരിപാലനയാല്‍ ജനിച്ച് വളരുന്ന വ്യക്തി. അവന്റെ വില അവന്‍ ചിലപ്പോഴെങ്കിലും മനസിലാക്കുന്നില്ലെന്നേയുള്ളൂ. ആ മനോഹരമായ ജീവിതത്തിനുമേല്‍ ഏറെ അഴുക്ക് വീണ്, പൊടിപിടിച്ച്, പിന്നെയും ചിലപ്പോള്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നിട്ട് അവന്‍ അവന്റെതന്നെ വില മറന്നുപോകുന്നു. കാരണം പാപങ്ങള്‍ മാലിന്യമാണ്. അവ രസം തരുന്നതൊന്നുമല്ല.

എന്നാല്‍ കുമ്പസാരക്കൂട്ടിലെ വൈദികന്‍ മാലിന്യനിര്‍മാര്‍ജനം നടത്തുന്ന ഒരു ദൈവിക വ്യക്തിയെപ്പോലെയാണ് അവനരികില്‍ നില്ക്കുന്നത്. കുമ്പസാരത്തിലൂടെ മാലിന്യക്കൂമ്പാരം നീക്കി, അഴുക്കും പൊടിയും തുടച്ച്, ആത്മാവിന്റെ മനോഹാരിത കാണുമ്പോള്‍ ആ വ്യക്തിക്കുതന്നെ സ്വയം ഇഷ്ടപ്പെടാന്‍ തോന്നും. ആശ്വാസവും സന്തോഷവും അനുഭവപ്പെടും. ഈ സുന്ദരമായ അനുഭവം നമുക്ക് നല്കുന്ന ഇടമാണ് കുമ്പസാരക്കൂട്. കുമ്പസാരത്തില്‍ ഈശോ നല്കുന്നത് കരുണമാത്രമാണ്.

ഞാനോര്‍ത്തിരിക്കുന്ന മറ്റൊരു സംഭവമുണ്ട്. എന്റെ പൗരോഹിത്യസ്വീകരണത്തിന്റെ പിറ്റേന്ന് എന്റെ പിതാവ് ഒരു പാര്‍ട്ടി നടത്തി. അദ്ദേഹം ഒരു സര്‍ജനായിരുന്നു. അന്ന് ആ പാര്‍ട്ടിക്കിടെ അദ്ദേഹം പറഞ്ഞു, ഒരു ഡോക്ടറെന്ന നിലയില്‍ അദ്ദേഹം രക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ജീവിതങ്ങളെ എനിക്ക് രക്ഷിക്കാന്‍ കഴിയുമെന്ന്.

അതെത്രയോ ശരി! തന്റെ മക്കളെ ദൈവത്തിന് തിരികെ ലഭിക്കുന്ന സ്ഥലമാണ് കുമ്പസാരം. ഓരോ ദിവസവും തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ദൈവത്തിന് തിരികെ കിട്ടുന്നത് അവിടെവച്ചാണ്. അതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു.


ഫാ. മൈക്ക് ഷ്മിറ്റ്‌സ്

Leave a Reply

Your email address will not be published. Required fields are marked *