അന്ന് ഒരു വെള്ളിയാഴ്ച. സ്‌കൂളില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം പോയതാണ് ചാര്‍ലി. തന്റെ തനിമയെക്കുറിച്ച് സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന ഒരു കൗമാരക്കാരന്‍. ക്രിമിനല്‍ സ്വഭാവം കാണിക്കുന്നവരാണ് കൂട്ടുകാരിലേറെയും. ഒരു ഇസ്ലാം മതപ്രഭാഷകന്റെ പ്രസംഗം കേള്‍ക്കാനാണ് പോയത്. കാരണം കൂട്ടുകാരെല്ലാം ഇസ്ലാം മതസ്ഥരാണ്.
പ്രഭാഷണം കഴിഞ്ഞ് അവിടെ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ കൂട്ടുകാര്‍ മതപ്രഭാഷകനായ ഷെയ്ഖിന് ചാര്‍ലിയെ പരിചയപ്പെടുത്തി. കാരണം ചാര്‍ലിക്ക് ഒരു പ്രത്യേകതയുണ്ട്, അവരുടെ ഹൈസ്‌കൂളില്‍ അന്നുണ്ടായിരുന്ന ഒരേയൊരു ക്രൈസ്തവ വിദ്യാര്‍ത്ഥിയാണ് അവന്‍. ഓസ്‌ട്രേലിയയില്‍ താമസമാക്കിയിരുന്നെങ്കിലും ലെബനീസ് വേരുകളുള്ളതിനാല്‍ അവന്റെ രൂപം വ്യത്യസ്തമായിരുന്നു.
മധ്യപൗരസ്ത്യദേശത്തുള്ള ഒരാളെപ്പോലെ കാണപ്പെട്ടിരുന്നതിനാല്‍ പലരും കരുതിയിരുന്നത് അവന്‍ മുസ്ലിമാണെന്നാണ്. എന്നാല്‍ ഒരു മാരോനൈറ്റ് കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടിയായിരുന്നു ചാര്‍ലി. തന്റെ അമ്മയില്‍നിന്ന് ലഭിച്ച പല ശീലങ്ങളും അവന്‍ അപ്പോഴും ഉപേക്ഷിച്ചിരുന്നില്ല. അതിനാല്‍ അന്ന് അവന്‍ സാലഡ് മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്.
ഇതുകണ്ട് ഷെയ്ഖ് ചോദിച്ചു, ”ചാര്‍ലീ, നീയെന്താണ് മാംസം കഴിക്കാത്തത്?” തുടര്‍ന്ന് ക്രൈസ്തവവിശ്വാസങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം ചാര്‍ലിയോട് പറഞ്ഞു. യേശു ദൈവമല്ലെന്നായിരുന്നു പ്രധാനമായി പറഞ്ഞത്. അമ്മ പകര്‍ന്നുനല്കിയ ക്രൈസ്തവികതയില്‍നിന്ന് ഏറെ ദൂരെയായിരുന്ന ചാര്‍ലിക്ക് ഒന്നും മറുത്ത് പറയാനുണ്ടായിരുന്നില്ല. ക്രിസ്മസിനും ഈസ്റ്ററിനുംമാത്രം ദൈവാലയത്തില്‍ പോകുന്ന ഒരു ക്രൈസ്തവനായിരുന്നു അപ്പോള്‍ അവന്‍.
അവനാകെ ആശയക്കുഴപ്പത്തിലായി. കുറച്ചുനേരം നീണ്ട സംഭാഷണത്തിനുശേഷം ചാര്‍ലി ഉത്തരമില്ലാതെ ഇരിക്കുന്നത് കണ്ട് ഷെയ്ഖ് പറഞ്ഞു, ”കണ്ണുകളടച്ച് ഞാന്‍ പറയുന്നത് ആവര്‍ത്തിക്കുക.” ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന്റെ തുടക്കമായിരുന്നു തുടര്‍ന്ന് അവന്‍ അറബിയില്‍ മൂന്ന് പ്രാവശ്യം ഏറ്റുചൊല്ലിയ പ്രാര്‍ത്ഥന. പിന്നീട് ഒരു തൂവാലയും കുപ്പായവും കൊടുത്തുകൊണ്ട് പോയി മുഖം കഴുകി തുടച്ച് ആ കുപ്പായം ധരിച്ച് പുതിയ വ്യക്തിയായി തിരിച്ചുവരാന്‍ ഷെയ്ഖ് അവനോട് ആവശ്യപ്പെട്ടു.
ചാര്‍ലി അത് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ ഹൃദയം ചഞ്ചലപ്പെട്ടുകൊണ്ടിരുന്നു. ഒരു പക്ഷേ ഇതായിരിക്കുമോ ശരിയായ വിശ്വാസം…. എന്നാല്‍ ഉള്ളില്‍ തടയാനാവാത്തവിധം ശക്തമായ ഒരു തോന്നല്‍ ഉയര്‍ന്നു, ‘പ്രാര്‍ത്ഥിക്കണം’. അറിയാവുന്നത് ‘സ്വര്‍ഗസ്ഥനായ പിതാവേ’, ‘നന്മനിറഞ്ഞ മറിയമേ’ എന്നീ പ്രാര്‍ത്ഥനകളാണ്.
അതിനാല്‍ മുഖം കഴുകാനായി നടക്കുമ്പോള്‍ ഒരു സ്വര്‍ഗസ്ഥനായ പിതാവേയും 10 നന്മനിറഞ്ഞ മറിയമേയും ചൊല്ലി. പത്താമത്തെ നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ ഉള്ളില്‍നിന്ന് വളരെ മൃദുവും എന്നാല്‍ വ്യക്തവുമായ ഒരു സ്വരം, ”അരുത്, ഇപ്പോള്‍ അത് ചെയ്യരുത്!” അത് പരിശുദ്ധ മറിയത്തിന്റെ സ്വരമാണെന്ന് പില്ക്കാലത്താണ് അവന് മനസിലായത്. എന്തായാലും ആ സ്വരം കേട്ടയുടന്‍ ചാര്‍ലി ആ കുപ്പായം മാറ്റിവച്ചു.
തിരികെയെത്തിയ അവനെ കണ്ട് ഷെയ്ഖിന് അത്ഭുതം. ”എന്റെ വിശ്വാസം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. അതിനാല്‍ വിവേചിച്ചറിയണം. ശരിയായ തീരുമാനം എടുക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കുക.” ചാര്‍ലി പറഞ്ഞു. ഷെയ്ഖ് അവനെ യാത്രയാക്കി. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മുഖമടച്ച് ഒരടിയാണ് ആദ്യം കിട്ടിയത്. നേരെ ദൈവാലയത്തില്‍പ്പോയി യേശുവിനോട് ചോദിച്ചിട്ട് തീരുമാനമെടുക്കാന്‍ അമ്മ അവനോട് ആവശ്യപ്പെട്ടു. ”യേശു പറയുന്നതനുസരിച്ച് നീ എന്തുവേണമെങ്കിലും തെരഞ്ഞെടുത്തുകൊള്ളുക.”
അതൊരു നല്ല ആശയമായി ചാര്‍ലിക്കും തോന്നി. ആ സന്ധ്യാസമയത്ത് ദൈവാലയത്തിലേക്ക് നടക്കുമ്പോള്‍ തോളില്‍ വലിയ ഒരു ഭാരം ഇരിക്കുന്നതുപോലെയാണ് അവന് അനുഭവപ്പെട്ടത്. ബെല്‍ഫീല്‍ഡിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ സക്രാരിക്ക് മുന്നില്‍ അവന്‍ മുട്ടുകുത്തി. അതിനരികില്‍ ചുവന്ന വെളിച്ചം അവന്‍ കണ്ടു.
യേശുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ് ആ ചുവന്ന പ്രകാശം എന്ന് കത്തോലിക്കാ പ്രൈമറി സ്‌കൂളിലെ അധ്യാപകര്‍ പഠിപ്പിച്ചത് അവന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. ”യേശുവേ, ഞാന്‍ ഏത് മതത്തില്‍ നില്‍ക്കാനാണ് നീ പറയുന്നത്? എനിക്കത് കാണിച്ചുതരിക, ഞാനതുപോലെ ചെയ്യാം.”
വീണ്ടും സക്രാരിയിലേക്ക് നോക്കിയപ്പോള്‍ അവന്‍ ഒരു മുഖം കണ്ടു. ഇന്നും തന്റെ മനസില്‍ തനിക്ക് അത് കാണാമെന്നാണ് ചാര്‍ലി പറയുന്നത്. ടൂറിനിലെ തിരുക്കച്ചയിലെ യേശുവിന്റെ മുഖമായിരുന്നു അത്. ഉള്ളില്‍നിന്ന് ഒരു സ്വരം ഉയരുന്നത് അവന്‍ കേട്ടു, ”ഷാര്‍ബല്‍, ഞാന്‍ നിനക്കായി ചെയ്തതെല്ലാം വേണ്ടെന്നുവയ്ക്കാന്‍ പോവുകയാണെന്നാണോ പറയുന്നത്?”
തന്റെ യഥാര്‍ത്ഥ പേരാണ് വിളിച്ചിരിക്കുന്നത് എന്ന് അവന്‍ പെട്ടെന്ന് ഓര്‍ത്തു.
എല്ലായിടത്തും താന്‍ ചാര്‍ലി എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും തന്റെ യഥാര്‍ത്ഥ പേര് ഷാര്‍ബല്‍ എന്നാണ്. ഉള്ളിലുയര്‍ന്നത് യേശുവിന്റെ സ്വരമാണെന്ന് ആരും പറയാതെതന്നെ അവന്‍ തിരിച്ചറിഞ്ഞു. തന്റെ മുത്തച്ഛന്റെ അന്ധതയും അമ്മയുടെ അപസ്മാരരോഗവുമെല്ലാം അത്ഭുതകരമായി സൗഖ്യപ്പെട്ടത് ഷാര്‍ബലിന്റെ ഓര്‍മ്മയിലെത്തി. അതെല്ലാം നിരസിക്കുകയാണോ എന്നാണ് യേശുവിന്റെ നേരിട്ടുള്ള ചോദ്യം. ഉത്തരം പറഞ്ഞേ പറ്റൂ. ഷാര്‍ബല്‍ പറഞ്ഞു, ”ഇല്ല, കര്‍ത്താവേ. ഞാന്‍ ഒന്നും വേണ്ടെന്നുവയ്ക്കാന്‍ പോകുന്നില്ല.
” ആ നിമിഷം തോളില്‍നിന്ന് എന്തോ വലിയ ഭാരം പോയതായി അവന് അനുഭവപ്പെട്ടു. അന്നുമുതല്‍ ഷാര്‍ബല്‍ റെയ്ഷ് വേറൊരാളായി മാറുകയായിരുന്നു. ഓസ്‌ട്രേലിയയിലെ പറൂസിയ മീഡിയയുടെ സ്ഥാപകനായ ഷാര്‍ബലിന്റെ ജീവിതത്തിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ വാക്കുകള്‍കൊണ്ട് വിവരിച്ചുതീര്‍ക്കാനാവില്ല എന്ന് പറയേണ്ടിവരും. ഷാര്‍ബലിനെ നല്ല വിശ്വാസിയാക്കിയതിന്റെ ‘ക്രെഡിറ്റ്’ തങ്ങള്‍ക്കാണെന്ന് പഴയ കൂട്ടുകാര്‍ തമാശ പറയുമ്പോള്‍ ഷാര്‍ബല്‍ അത് നിഷേധിക്കുന്നില്ല.
പില്ക്കാലത്ത് വിവാഹമാണ് തന്റെ ജീവിതാന്തസ് എന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം ക്രിസിറ്റിന്‍ എന്ന യുവതിയെ വിവാഹം ചെയ്തു. ഏഴ് കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. യേശുവിനെ കണ്ടുമുട്ടിയ നാള്‍മുതല്‍ ഷാര്‍ബലിന് തീപിടിച്ചിരിക്കുന്നു. അനേകരെ തീ പിടിപ്പിക്കുന്ന ജീവിതമാണ് ഇന്ന് അദ്ദേഹത്തിന്റേത്.
(അവലംബം: Parousia Media, Sydney)