അനുജന്റെ പുസ്തകത്തില്‍നിന്ന് യാദൃശ്ചികമായി എനിക്കൊരു കത്തു കിട്ടി. അന്ന് അവന്‍ അഞ്ചിലോ ആറിലോ പഠിക്കുന്നു. ‘എന്റെ ഈശോയ്‌ക്കൊരു കത്ത്’ എന്നാണ് ആദ്യംതന്നെ എഴുതിയിരിക്കുന്നത്. തുടര്‍ന്ന് കത്തിന്റെ തലക്കെട്ട്: ‘വേദനകളുടെ ഓര്‍മ്മയ്ക്കായ്…’ പിന്നെ കത്ത് തുടങ്ങുന്നു:
”എന്റെ സ്‌നേഹം നിറഞ്ഞ ഈശോയ്ക്ക്,
നിനക്ക് അവിടെ സുഖമാണോ? സുഖമെന്ന് കരുതുന്നു. എനിക്ക് ഇവിടെ വലിയ സുഖമൊന്നുമില്ല.” പിന്നെ കുറച്ച് പരാതികളും പരിഭവങ്ങളും ആവശ്യങ്ങളുമാണ് എഴുതിയിരിക്കുന്നത്:
”ചേച്ചിമാരെ കല്യാണം കഴിച്ച് വിടണം. ഞങ്ങള്‍ക്ക് ഇവിടെ പൈസ ഒന്നുമില്ല. ചേട്ടായിമാര്‍ക്ക് നല്ല ജോലി കിട്ടണം… പപ്പയുടെ ബീഡി വലി മാറണം.” ഇങ്ങനെ കുറേ അപേക്ഷകള്‍…. വായിച്ചപ്പോള്‍ ചിരിയടക്കാനായില്ല.
നാളുകള്‍ പലതും കടന്നുപോയി. പിന്നീട് എന്റെ ജീവിതത്തില്‍, ഏറെ സഹനങ്ങളും നിസ്സഹായതകളും കടന്നുവന്ന ഒരു കാലഘട്ടം. എന്തുചെയ്യണമെന്നറിയാതെനിന്ന ഒരവസരത്തിലാണ് ഈ കത്തിനെക്കുറിച്ച് ഓര്‍മ്മ വന്നത്. ഈശോയ്‌ക്കൊരു കത്തെഴുതണമെന്ന് എനിക്കും തോന്നി. അന്നുമുതലാണ്, വേദനകളും പരാതികളും സന്തോഷങ്ങളുമെല്ലാം കത്തുകളിലൂടെ ഈശോയോട് പങ്കുവയ്ക്കാന്‍ ആരംഭിച്ചത്.
കത്തെഴുതിക്കഴിയുമ്പോള്‍ വലിയ ആശ്വാസവും സമാധാനവും മനസ്സില്‍ നിറയും. എന്റെ അരികിലുള്ള പ്രിയപ്പെട്ട ഒരാള്‍ എന്നെ കേള്‍ക്കുന്നതുപോലെ, സാരമില്ലായെന്ന് ആശ്വസിപ്പിക്കുന്നതുപോലെ, തിരുത്തലുകള്‍ തന്ന് ചേര്‍ത്തുപിടിക്കുന്നതുപോലെ, എന്റെ സന്തോഷങ്ങളില്‍ എന്നെക്കാള്‍ അധികം സന്തോഷിക്കുന്നതുപോലെയൊക്കെയാണ് എനിക്കനുഭവപ്പെടുക.
എന്നാല്‍ അതൊരു തോന്നല്‍ മാത്രമായിരുന്നില്ല. ”നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്”(1 പത്രോസ് 5:6) എന്ന് വചനം പറയുന്നതുപോലെ അവിടുത്തോട് പറഞ്ഞ കാര്യങ്ങളില്‍ അവിടുന്ന് ശ്രദ്ധാലുവായിരുന്നു. അവയെല്ലാം അവിടുന്ന് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കാരണം, അന്ന് അനുജന്റെ കത്തു വായിച്ച് ഞാന്‍ ചിരിച്ചെങ്കില്‍, ഇപ്പോള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ തിരിച്ചറിയുകയാണ്, അവന്‍ കത്തിലൂടെ ചോദിച്ച എല്ലാ കാര്യങ്ങളും കാലാന്തരത്തില്‍ ഈശോ സാധിച്ചുകൊടുത്തു. അതിലുപരി ഈശോയുമായി വളരെ ആഴമേറിയ, ഹൃദ്യമായൊരു വ്യക്തിബന്ധത്തിലേക്ക് ഞങ്ങള്‍ രണ്ടുപേരും വളര്‍ന്നു.
അതിനാല്‍, വര്‍ഷങ്ങള്‍ പിന്നിട്ട് ജീവിതയാത്രയില്‍ മുന്നോട്ടു പോകുമ്പോള്‍, എന്റെ സന്തോഷത്തിലും ദു:ഖത്തിലും ഇന്നും ഞാന്‍ എന്റെ ഈശോയ്ക്ക് കത്തുകളെഴുതുന്നു. ഏറെ ഇഷ്ടപ്പെടുന്ന ഗാനത്തിന്റെ വരികളില്‍ പറയുന്നതുപോലെ, ”സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും യേശുമാത്രം മതി..”
ദീപ റെനീഷ്