ഭൂതോച്ചാടനത്തിനിടെ കേട്ട രഹസ്യങ്ങള്‍

 

ഞാന്‍ കുറച്ച് നാള്‍ ഭൂതോച്ചാടനത്തില്‍ സഹായിയായി പോയിരുന്നു. ഒരിക്കല്‍ ഭൂതോച്ചാടകനൊപ്പം ഞങ്ങളെല്ലാം പിശാച് ആവസിച്ചിരുന്ന യുവാവിന്റെമേല്‍ കൈകള്‍വച്ച് പ്രാര്‍ത്ഥിക്കുന്ന സമയം. നിശബ്ദമായി എല്ലാവരും നന്മ നിറഞ്ഞ മറിയമേ ജപം ചൊല്ലിക്കൊണ്ടിരുന്നു. പെട്ടെന്ന് ഭൂമിയില്‍ കേട്ടിട്ടില്ലാത്ത തരം സ്വരത്തില്‍ അയാള്‍ പറയുകയാണ്,

”ഞങ്ങള്‍ക്ക് ഇവനെ എടുക്കാന്‍ സാധിക്കുകയില്ല, ഞങ്ങള്‍ക്ക് ഇവനെ എടുക്കാന്‍ സാധിക്കുകയില്ല.” ആ വ്യക്തിയെ പരിശുദ്ധ മാതാവിന് സമര്‍പ്പിച്ചപ്പോള്‍ ആ വ്യക്തിയില്‍ വസിക്കുന്ന പിശാചുക്കള്‍ പറയുകയാണ് ഞങ്ങള്‍ക്ക് അവനെ കീഴടക്കാന്‍ സാധിക്കുകയില്ല, അവന്‍ മറിയത്തിന്റെയും യേശുവിന്റെയും സ്വന്തമാണെന്ന്.

അത് ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയുടെ ശക്തിയിലൂടെയാണ്. നാം മനസില്‍ ചൊല്ലിയാല്‍പ്പോലും ആ പ്രാര്‍ത്ഥന ശക്തിയേറിയതാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത്.  എന്റെ ഒരു സുഹൃത്തിന് ജഡികാസക്തിയുടെയും പോര്‍ണോഗ്രഫിയുടെയും ബന്ധനത്തില്‍നിന്ന് മോചിതനാവണമെന്നുണ്ടായിരുന്നു. പക്ഷേ സാധിക്കാതെവന്നു. എത്രനാള്‍ വേണം ഞാന്‍ മോചിതനാകാന്‍ എന്ന് അവന്‍ ദൈവത്തോട് ചോദിച്ചുകൊണ്ടിരുന്നു.

അതിനെല്ലാം ഉത്തരമായി അവന്റെ ആത്മാവില്‍ കര്‍ത്താവ് ഇങ്ങനെ പറയുന്നതായി കേള്‍ക്കാന്‍ തുടങ്ങി, ഓരോ പ്രാവശ്യവും നീ പാപം ചെയ്താലും ഓരോ ജപമാല ചൊല്ലാന്‍ തുടങ്ങിയാല്‍ നീ മോചിതനാകും. അപ്പോള്‍ അവന് തോന്നിയത് മറ്റൊന്നുമല്ല, ‘ഞാന്‍ വളരെയധികം ജപമാലകള്‍ ചൊല്ലിക്കൂട്ടേണ്ടിവരും.’ എന്തായാലും ദിവസവും അവന്‍ വിശ്വാസത്തോടെ ജപമാല ചൊല്ലാന്‍ തുടങ്ങി. കുറച്ച് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അവന് മനസിലായി താന്‍ ഈ അടിമത്തത്തില്‍നിന്ന് മോചിതനായിരിക്കുന്നു എന്ന്.

ദൈവമക്കളുടെ സ്വാതന്ത്ര്യം അവന്‍ ഇന്ന് അനുഭവിക്കുന്നു. ഇതാണ് ജപമാലയുടെ ശക്തി. സാത്താനിക പുരോഹിതനില്‍നിന്ന് ജപമാലയിലൂടെ വിശുദ്ധനായി മാറിയ വിശുദ്ധ ബാര്‍ത്തലോ ലോംഗോയുടെ കഥയും ജപമാലയുടെ ശക്തിക്ക് ഉദാഹരണംതന്നെ.   ജപമാല നന്നായി ചൊല്ലുന്നതിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞുതരുന്ന വഴി ഇതാണ്, യേശുവിന്റെ ജീവിതത്തെ മറിയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുക. ജപമാലയര്‍പ്പണത്തില്‍ നാല് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.

‘നന്മ നിറഞ്ഞ മറിയമേ’ എന്നതിലെ സുവിശേഷവചനങ്ങള്‍ ശ്രദ്ധിക്കാം. പിന്നെ ഓരോ രഹസ്യങ്ങളിലെയും പുണ്യങ്ങള്‍ ധ്യാനിക്കാം. ഉദാഹരണത്തിന് സന്തോഷത്തിന്റെ ഒന്നാം ദിവ്യരഹസ്യം ധ്യാനിക്കുമ്പോള്‍ ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് പറഞ്ഞുകൊണ്ട് ദൈവഹിതത്തിന് കീഴ്‌വഴങ്ങാന്‍ മറിയം കാണിച്ച ദൈവശരണം എന്ന പുണ്യത്തെക്കുറിച്ച് ധ്യാനിക്കാം. പിന്നത്തെ കാര്യം നിയോഗങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ്.

ദിവ്യരഹസ്യം ധ്യാനിക്കുന്നതോടുചേര്‍ത്താണ് അത് ചെയ്യേണ്ടത്. ഉദാഹരണത്തിന് ദുഃഖത്തിന്റെ ഒന്നാം ദിവ്യരഹസ്യത്തില്‍ കഠിനമനോവേദനയനുഭവിക്കുന്ന യേശുവിനെ ധ്യാനിക്കുമ്പോള്‍ മാനസികപ്രശ്‌നങ്ങളാല്‍ വേദനിക്കുന്നവരെ ഞാന്‍ സമര്‍പ്പിക്കുന്നു. ജപമാലയില്‍നിന്ന് ഉപകാരം ലഭിക്കാനുള്ള പ്രധാനവഴി രഹസ്യങ്ങള്‍ ആഴത്തില്‍ ധ്യാനിക്കുക എന്നതാണ്. ആ രഹസ്യത്തിന്റെ സംഭവത്തില്‍ നിങ്ങളെത്തന്നെ ചേര്‍ത്തുവയ്ക്കുക.

നിങ്ങളുടെ ഭാവന അതിനായി ഉപയോഗിക്കാം. അതിലൂടെ യേശുവുമായി വ്യക്തിപരമായ ഒരു കണ്ടുമുട്ടല്‍ സാധ്യമാകും. ജപമാല ചൊല്ലുമ്പോള്‍ ഉറക്കം വരുന്നത് ഒഴിവാക്കാനും രഹസ്യങ്ങള്‍ ആഴത്തില്‍ ധ്യാനിക്കാനും നടന്നുകൊണ്ട് ജപമാല ചൊല്ലുന്നത് സഹായകമാകും. നാം ഹൃദയംകൊണ്ട് ജപമാല ചൊല്ലുന്നില്ലെങ്കില്‍ അതിലൂടെ ലഭിക്കേണ്ട കൃപകള്‍ കാര്യമായി ലഭിക്കുകയില്ല.

ഫാത്തിമായില്‍ ദര്‍ശനം നല്കിയ പരിശുദ്ധ കന്യക ഇടയക്കുട്ടികളോട് പറഞ്ഞത് ദിനവും ജപമാല ചൊല്ലാനാണ്. ജപമാലയ്ക്ക് സൈന്യങ്ങളെ വെല്ലാനും സാത്താനെ തോല്പിക്കാനും അടിമത്തങ്ങളെയും പാപങ്ങളെയും കീഴടക്കാനും ആത്മാക്കളെ മാനസാന്തരത്തിലേക്ക് നയിക്കാനും ആത്യന്തികമായി നമ്മെ വിശുദ്ധിയിലേക്ക് നയിക്കാനുമുള്ള ശക്തിയുണ്ട്.ഫാ. ജോസഫ് ഗില്‍

ഫാ. ജോസഫ് ഗില്‍ യു.എസിലെ ബ്രിഡ്ജ്‌പോര്‍ട്ട് രൂപതാവൈദികനാണ്. സംഗീതം, എഴുത്ത്, വീഡിയോകള്‍ എന്നിവ ഉപയോഗിച്ച് മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്കരണപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *