സഭയുടെ മൂന്ന് വെളുപ്പുകളോടുള്ള സ്‌നേഹം എന്നും ഹൃദയത്തില്‍ സൂക്ഷിക്കണമെന്ന് വിശുദ്ധ ഡോണ്‍ ബോസ്‌കോ പഠിപ്പിച്ചിരുന്നു. ദിവ്യകാരുണ്യം, പരിശുദ്ധ മറിയം, മാര്‍പാപ്പ എന്നിവയായിരുന്നു വിശുദ്ധന്‍ ഉദ്ദേശിച്ച മൂന്ന് വെളുപ്പു നിറങ്ങള്‍. ദിവ്യകാരുണ്യത്തോടും പരിശുദ്ധ ദൈവമാതാവിനോടുമുള്ള ഭക്തി എല്ലാ കത്തോലിക്കരുടെയും ജീവിതത്തില്‍ ഇഴുകി ചേര്‍ന്നിട്ടുള്ളവയാണ്.
എന്നാല്‍ മാര്‍പാപ്പമാരോടുള്ള സ്‌നേഹത്തില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ കടന്നുവരാന്‍ സാധ്യതയുണ്ട്. ഏതെങ്കിലും പ്രമാണരേഖകള്‍ നിമിത്തമല്ലാതെ തന്നെ മാര്‍പാപ്പമാരെ വിശ്വാസികള്‍ സ്‌നേഹിക്കേണ്ടത് ആവശ്യമാണെന്ന് വിശുദ്ധ പയസ് പത്താമന്‍ മാര്‍പാപ്പ 1912ലെ ഒരു പൊതുദര്‍ശന പരിപാടിയില്‍ പറയുകയുണ്ടായി.
പോളണ്ടിലെ ക്രാക്കോവില്‍ 2006 മെയ് 27-ന് യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു ‘ പ്രിയപ്പെട്ട യുവജനങ്ങളേ, സഭയിലും സഭയോടൊത്തും ജീവിതം പടുത്തുയര്‍ത്താന്‍ നിങ്ങള്‍ ഭയപ്പെടേണ്ട. ഭവനം പണിയാന്‍ യോഗ്യമായ ഒരു അടിസ്ഥാനം മാത്രമേ ഉള്ളൂ.
ആ അടിസ്ഥാനം ക്രിസ്തുവാണ്. എല്ലാം സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു പാറ മാത്രമേ ഉള്ളൂ. നീ പത്രോസാണ്. ഈ പാറമേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും’ എന്ന് ക്രിസ്തു വിശേഷിപ്പിച്ച പത്രോസാണത്.’
1870 ജൂലൈ 18 കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഒരു നിര്‍ണായക ദിവസമായിരുന്നു. അന്നാണ് മാര്‍പാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും വിശ്വാസസത്യങ്ങളായി പ്രഖ്യാപിക്കുന്ന പാസ്റ്റര്‍ ഇറ്റേണസ് എന്ന പ്രമാണരേഖ പ്രസിദ്ധീകരിച്ചത്. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അവസാന ദിവസമായിരുന്നു ഈ പ്രമാണരേഖയ്ക്ക് അംഗീകാരം ലഭിച്ചത്.
തെറ്റിദ്ധാരണ മൂലവും അജ്ഞത മൂലവും ഈ വിശ്വാസസത്യങ്ങള്‍ അന്ന് മുതല്‍ ഇന്ന് വരെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. ക്രിസ്തു തന്നെ പത്രോസ് ശ്ലീഹായെ സഭയുടെ മുഴുവന്‍ പരമാധികാരിയായി നിയമിച്ചതിന്റെ തെളിവുകള്‍ സുവിശേഷത്തിലുണ്ട്. സഭയുടെ രക്ഷയ്ക്കും സ്ഥായിയായ നന്മയ്ക്കുമായുള്ള ഈ അഭിഷേകം കാലത്തിന്റെ അവസാനത്തോളം തുടരേണ്ടതുണ്ട്.
അതുകൊണ്ട്, ആരൊക്കെ പത്രോസിന്റെ പിന്‍ഗാമിയായി നിയമിതരാകുന്നുണ്ടോ അവര്‍ക്കെല്ലാം ക്രിസ്തുവിലൂടെ തന്നെ സഭ മുഴുവന്റെ മേലുമുള്ള പരമാധികാരം സംലഭ്യമാകുന്നതായി മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചുള്ള വിശ്വാസസത്യം പ്രഖ്യാപിക്കുന്നു. ഇങ്ങനെ ഒരേ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിലൂടെയും കൂട്ടായ്മയിലൂടെയും മാര്‍പാപ്പയുമായി പുലര്‍ത്തുന്ന ഐക്യം വഴി ക്രിസ്തുവിന്റെ സഭ ഒരേ ഇടയന്റെ കീഴിലുള്ള ആട്ടിന്‍പറ്റമായി മാറുന്നു.
വിശ്വാസത്തെയും രക്ഷയെയും അപകടത്തിലാക്കാതെ കത്തോലിക്ക സഭയുടെ ഈ പ്രബോധനത്തില്‍നിന്ന് ആര്‍ക്കും വ്യതിചലിക്കാനാവില്ലെന്ന് പാസ്റ്റര്‍ ഇറ്റേണസ്’എന്ന പ്രമാണികരേഖ അസന്ദിഗ്ധമായി പഠിപ്പിക്കുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചുള്ള വിശ്വാസ സത്യത്തില്‍ മാര്‍പാപ്പയുടെ പ്രബോധനത്തിനുള്ള പരമാധികാരവും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഈ പ്രമാണരേഖയില്‍ തുടര്‍ന്നു പറയുന്നു.
എന്നാല്‍ ദൈവപുത്രനിലൂടെ പരിശുദ്ധ സിംഹാസനത്തിന് നല്‍കപ്പെട്ട ഈ പ്രബോധന അധികാരം, തെറ്റാവരം അഥവാ അപ്രമാദിത്വത്തെക്കുറിച്ചുള്ള വിശ്വാസസത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു. എല്ലാ ക്രൈസ്തവരുടെയും ഇടയനും പ്രബോധകനും എന്ന നിലയില്‍ തന്റെ അപ്പസ്‌തോലിക പരമാധികാരം ഉപയോഗിച്ചുകൊണ്ട് വിശ്വാസത്തെയോ ധാര്‍മ്മികതയെയോ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സഭയ്ക്കായി നല്‍കുന്ന പ്രബോധനങ്ങളില്‍ മാര്‍പാപ്പയ്ക്ക് തെറ്റുപറ്റുകയില്ലെന്നാണ് ഈ വിശ്വാസസത്യം പഠിപ്പിക്കുന്നത്.
ഒരു സ്വകാര്യ വ്യക്തി എന്ന നിലയിലല്ല ക്രൈസ്തവരുടെ മുഴുവന്‍ അജപാലകനും പ്രബോധകനും എന്ന നിലയിലാണ് മാര്‍പാപ്പയ്ക്ക് അപ്രമാദിത്വമുള്ളതെന്ന് 1993 മാര്‍ച്ച് 24-ന് പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാര്‍പാപ്പയ്ക്ക് എല്ലാ സമയത്തും ഉപയോഗിക്കാവുന്ന ഒന്നായിട്ട് തെറ്റാവരത്തെ മനസിലാക്കാന്‍ സാധിക്കില്ലെന്നും വിശ്വാസത്തെയും ധാര്‍മ്മികതയെയും സംബന്ധിച്ചതോ അതുമായി വളരെ അടുത്ത് ബന്ധപ്പെട്ടതോ ആയ വിഷയങ്ങളില്‍ ഔദ്യോഗികമായി നല്‍കുന്ന പ്രബോധനങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂവെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വ്യക്തമാക്കി.
ഉദാഹരണത്തിന് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചുകൊണ്ട് പയസ് ഒന്‍പതാമന്‍ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു: ”ഇത് ദൈവം വെളിപ്പെടുത്തിയതാണ്. അതുകൊണ്ട് എല്ലാക്കാലത്തുമുള്ള വിശ്വാസികള്‍ ഇത് ഉറപ്പോടെ വിശ്വസിക്കണം.” ഇത്തരത്തിലുള്ള വിശ്വാസസത്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ തെറ്റുപറ്റില്ലെന്ന ഉറപ്പാണ് അപ്രമാദിത്വം വഴി ലഭിക്കുന്നത്. എന്നാല്‍ എല്ലാ മാര്‍പാപ്പമാരും ഇത് ഉപയോഗിക്കണമെന്നില്ല. പാപ്പായോടൊത്ത് സുപ്രീം മജിസ്റ്റീരിയമായി പ്രവര്‍ത്തിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അപ്രമാദിത്വത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.