ആശിഷും സോനുവും നല്ല കൂട്ടുകാരാണ്. അവർ ഒരുമിച്ചാണ് സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും. സോനു ആദ്യം വീട്ടിൽനിന്നിറങ്ങും. അവൻ നടന്നുവരുന്ന വഴിയിലാണ് ആശിഷിന്റെ വീട്. സോനു വീട്ടുപടിക്കൽ എത്തുമ്പോൾ ആശിഷ് സോനുവിനൊപ്പം യാത്രയാകും.
അങ്ങനെയൊരുനാൾ സോനുവിന്റെ ബർത്ത്‌ഡേ വന്നു. അന്ന് സോനു ആശിഷിന്റെ വീട്ടിൽക്കയറി മിഠായി നല്കി. ആശിഷിന്റെ അമ്മ സോനുവിനെ കെട്ടിപ്പിടിച്ച് നിറുകയിൽ ഉമ്മവച്ചുകൊണ്ട് ‘ഹാപ്പി ബർത്ത്‌ഡേ’ എന്ന് പറഞ്ഞു. സോനുവിന് വളരെ സന്തോഷമായി. അതുകഴിഞ്ഞ് സോനുവും ആശിഷും ഒരുമിച്ച് സ്‌കൂളിലേക്കു നടന്നു. വഴിയിൽവച്ച് സോനു ആശിഷിനോടു ചോദിച്ചു: ”ആശിഷ് നിനക്ക് വീട്ടിൽ ആരോടാ കൂടുതൽ കൂട്ട്?”
”അമ്മയോട്…. എന്തുണ്ടെങ്കിലും ഞാൻ അമ്മയോടാ പറയുന്നത്”
”അപ്പോൾ അമ്മ എന്നോടു പറഞ്ഞതുപോലെയാണോ നിന്നോടും ഹാപ്പി ബർത്ത്‌ഡേ പറയുന്നത്?”
”അതെ, എന്താ നീ അങ്ങനെ ചോദിച്ചത്?”
”എന്റെ വീട്ടിലാരും എന്നോട് ഇങ്ങനെ ഹാപ്പി ബർത്ത്‌ഡേ പറഞ്ഞിട്ടില്ല. അതുകൊണ്ട് ചോദിച്ചതാ… എനിക്ക് അമ്മയില്ലല്ലോ…. അതുകൊണ്ടായിരിക്കും”
സോനു വിഷമത്തോടെ അങ്ങനെ പറഞ്ഞപ്പോൾ ആശിഷിനും സങ്കടം തോന്നി. അവനൊന്നും പറയാൻ കഴിഞ്ഞില്ല. സോനു ജനിച്ച് ആറു മാസമായപ്പോഴേ അവന്റെ അമ്മ രോഗം വന്നു മരിച്ചതാണെന്ന് അമ്മ പറഞ്ഞ് ആശിഷിനറിയാം.
പിറ്റേന്ന്, കണക്ക് തെറ്റിച്ചതിന് ടീച്ചർ സോനുവിനെ വഴക്കു പറഞ്ഞു. സോനുവിനത് വലിയ സങ്കടമായി. അന്ന് വൈകുന്നേരം വീട്ടിലേക്ക് നടക്കുമ്പോൾ ആശിഷ് അവനെ ആശ്വസിപ്പിച്ചു. എങ്കിലും വീട്ടിലെത്തിയിട്ടും അവന്റെ സങ്കടം മാറിയില്ല. തനിക്ക് അമ്മ യുണ്ടായിരുന്നെങ്കിൽ…..
അപ്പോഴാണ് മാതാവിന്റെ ചിത്രം അവന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഈശോയുടെ എല്ലാ സങ്കടങ്ങളിലും അമ്മ കൂടെയുണ്ടായിരുന്നു എന്ന് സൺഡേസ്‌കൂൾ ടീച്ചർ പറഞ്ഞത് അവനോർത്തു. അമ്മയോട് തന്റെ സങ്കടം പറയാൻ അവൻ തീരുമാനിച്ചു. ”മാതാവേ ടീച്ചറെന്നെ വഴക്കു പറഞ്ഞു… ഞാനറിയാതെ കണക്ക് തെറ്റിപ്പോയതാ…”
അന്നുതൊട്ട് അവൻ മാതാവിനോട് സ ങ്കടങ്ങൾ പറയാനാരംഭിച്ചു. അതോടെ അവന് വളരെ ആശ്വാസം തോന്നിത്തുടങ്ങി. അവനെ വിഷമിപ്പിച്ചവരോട് ദേഷ്യമില്ലാതെയായി. പേടിയുള്ള വിഷയങ്ങളിലും കൂടുതൽ നല്ല മാർക്ക് കിട്ടാൻ തുടങ്ങി.
നാളുകൾ കഴിഞ്ഞപ്പോൾ സോനുവിന് ഒരു കാര്യം മനസിലായി. ഇപ്പോൾ അമ്മയില്ലാത്തതിന്റെ വിഷമം മാറിയിരിക്കുന്നു. ഈശോയുടെ അമ്മ തന്റെയും അമ്മയായി മാറിക്കഴിഞ്ഞു എന്ന്. പിന്നെപ്പിന്നെ ആ സ്വർഗീയ അമ്മയുടെ സഹായത്താൽ ഈശോയെ സ്‌നേഹിക്കുന്ന കുട്ടിയായി സോനു വളർന്നു. ആശിഷിനോടും അവൻ തന്റെ സന്തോഷം പങ്കുവച്ചു. അങ്ങനെ ആശിഷിനും സ്വർഗീയ അമ്മയെ വളരെ ഇഷ്ടമായി.