‘യഥാര്‍ത്ഥ പൂക്കള്‍’ മതിയെന്ന്

 

വാട്‌സാപ്പില്‍ എനിക്ക് ഒരു ഫോര്‍വേഡ് മെസ്സേജ് കിട്ടി. അല്‍ഫോന്‍സാമ്മയെപ്പറ്റിയുള്ളൊരു മെസേജ് ആയിരുന്നു അത്. ‘സഹനത്തെക്കാള്‍ ഉപരി പ്രാര്‍ത്ഥനയ്ക്ക് അല്‍ഫോന്‍സാമ്മ നല്‍കിയ പ്രാധാന്യത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ദിവസത്തെ സുകൃതങ്ങള്‍ മാത്രം നോക്കൂ, അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണം- 30, ജപമാല- 3, അനുഗ്രഹ കൊന്ത- 5, തിരുഹൃദയ കൊന്ത- 1, വിസീത്ത- 30, കുരിശിന്റെ വഴി- 1, ദൈവസ്‌നേഹ കൊന്ത-1, സുകൃതജപം- 300, ഉപവി പ്രവൃത്തികള്‍- 30, പരിത്യാഗ പ്രവൃത്തികള്‍- 140, എളിമ പ്രവൃത്തികള്‍- 151, പരിഹാര പ്രവൃത്തികള്‍- 30.

ഉന്നതമായ ദൈവസ്‌നേഹം, സഹോദരസ്‌നേഹം, ക്ഷമിക്കുന്ന ഹൃദയം എന്നിവയും അല്‍ഫോന്‍സാമ്മയുടെ പ്രത്യേകതകളായിരുന്നു. എനിക്ക് എന്റെ ഈശോ മാത്രം മതി. മറ്റൊന്നും എനിക്ക് വേണ്ട. എല്ലാവരോടും എനിക്ക് സ്‌നേഹമാണ്. ആരെയും വെറുക്കാന്‍ എനിക്ക് സാധിക്കില്ല. ഒരു കുഞ്ഞുപാപം പോലും ചെയ്ത് ദൈവത്തെ വേദനിപ്പിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കിഷ്ടം എന്ന് വിശുദ്ധ പറയുന്നു.’

ഇത് വായിച്ചിട്ട് എനിക്ക് അത്ഭുതം തോന്നി. എങ്ങനെ അല്‍ഫോന്‍സാമ്മയ്ക്ക് ഇത്രയേറെ പരിത്യാഗ പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കുന്നു? പ്രാര്‍ത്ഥനകള്‍ പലതും ഞാനും ചൊല്ലാറുണ്ടെങ്കിലും പരിത്യാഗ പ്രവൃത്തികള്‍ ദിവസത്തില്‍ ആകെ നാലോ മൂന്നോ എണ്ണമേ ഉള്ളൂ. ബാക്കി സുകൃതങ്ങളെക്കുറിച്ച് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത് പോലും.

അങ്ങനെയിരിക്കേ ഒരു ദിവസം, അല്പം മടി തോന്നിയെങ്കിലും മാതാവിന്റെ പ്രേരണയാല്‍മാത്രം ഞാന്‍ നിത്യാരാധന ചാപ്പലില്‍ പോയി. പ്രാര്‍ത്ഥനാ പുസ്തകങ്ങളൊക്കെ എടുത്താണ് പോയതെങ്കിലും പ്രാര്‍ത്ഥിക്കാനൊന്നും തോന്നിയില്ല. പക്ഷേ മാതാവ് ചോദിച്ചു, ”എന്റെ ആഗ്രഹപ്രകാരം നാല് കൊന്ത മുട്ടുകുത്തി പ്രാര്‍ത്ഥിക്കാമോ?” ഞാന്‍ പറഞ്ഞു, ”ശരി.” ഞാന്‍ ഒരു മണിക്കൂര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അതുകഴിഞ്ഞ് മാതാവിന്റെ ചോദ്യം, ”നീ അരമണിക്കൂര്‍ ബൈബിള്‍ വായിക്കാമോ?” അതുകേട്ട് ഞാന്‍ അരമണിക്കൂര്‍ ബൈബിള്‍ വായിച്ചു.

പിന്നെ മാതാവ് പറഞ്ഞു, നമുക്ക് മുട്ടുകുത്തി കുരിശിന്റെ വഴി ചൊല്ലാം. അതും എനിക്ക് സമ്മതമായിരുന്നു. അതുകഴിഞ്ഞപ്പോള്‍ മാതാവ് ചോദിച്ചു, ”നീ എന്റെ രക്തകണ്ണുനീര്‍ ജപമാല ചൊല്ലാമോ?” ഞാന്‍ പറഞ്ഞു, ”ശരി.”  തുടര്‍ന്ന് മാതാവ് ചോദിച്ചത് ‘എന്റെ കൂടെ ഒന്‍പത് കരുണക്കൊന്ത ചൊല്ലാമോ?’ എന്നാണ്. അതിനും ഞാന്‍ തയാറായി. ഇപ്രകാരം മൂന്ന് മണിക്കൂര്‍ മാതാവിനോടൊത്ത് നിത്യാരാധന ചാപ്പലില്‍ ചെലവഴിച്ചു.

ഇറങ്ങാന്‍ നേരം മാതാവ് എന്നോട് ചോദിച്ചു, ”ഇപ്പോള്‍ നിനക്ക് മനസ്സിലായോ അല്‍ഫോന്‍സാമ്മയ്ക്ക് എങ്ങനെയാണ് ഇത്രയേറെ പരിത്യാഗ പ്രവൃത്തികള്‍ ചെയ്യാന്‍ സാധിച്ചത് എന്ന്? അതായത് ഈ മൂന്ന് മണിക്കൂറും എന്നോടൊപ്പം നീ ചെലവഴിച്ചത് നിന്റെ ഇഷ്ടത്തിനല്ല, എന്റെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു. പ്രാര്‍ത്ഥനകള്‍പോലും നീ ചൊല്ലിയത് എന്റെ ഇഷ്ടപ്രകാരമല്ലേ. അല്‍ഫോന്‍സാമ്മ സ്വര്‍ഗ്ഗവുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആയിരുന്നു. അവിടുത്തെ ഇഷ്ടം നിരന്തരം ആരാഞ്ഞു കൊണ്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു, അഹത്തെ ഇല്ലാതാക്കാന്‍.”

ദൈനംദിന ജീവിതത്തിലെ  ആത്മപരിത്യാഗങ്ങള്‍
‘നീ പ്രാര്‍ത്ഥിച്ചിട്ട് ഒരു കാര്യവുമില്ല, നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല.’ ഇത് ഞാന്‍ ഇടയ്ക്ക് കേള്‍ക്കുന്ന വാക്കാണ്. എന്നാല്‍ അത് കേട്ടതുകൊണ്ട് എന്റെ സ്വഭാവത്തിന് മാറ്റം ഒന്നും വന്നില്ല. അങ്ങനെയിരിക്കെ 25 നോമ്പ് എടുക്കുമ്പോള്‍ ചെയ്യേണ്ട കുറച്ച് ആത്മപരിത്യാഗത്തിന്റെ ലിസ്റ്റ് ഞാന്‍ ഉണ്ടാക്കുകയാണ്: മധുരം കഴിക്കില്ല, സിനിമ കാണില്ല, ഫേസ്ബുക്ക് നോക്കില്ല… എന്നിങ്ങനെ.

പെട്ടെന്ന് യേശു വന്നിട്ട് പറഞ്ഞു. ”എനിക്ക് ‘കൃത്രിമ പൂക്കള്‍’ വേണ്ട, നല്ല മണമുള്ള ‘യഥാര്‍ത്ഥ പൂക്കള്‍’ മതി.” എനിക്ക് ഒന്നും മനസ്സിലായില്ല. യേശു പറഞ്ഞു, ”ഈ പരിത്യാഗങ്ങള്‍ നീ സ്വയം ഉണ്ടാക്കിയെടുത്തതാണ്. അതായത് ദൈനംദിന ജീവിതത്തില്‍ ഞാന്‍ തരുന്ന കുരിശുകള്‍ എടുക്കാതെ നിനക്ക് ഇഷ്ടപ്പെട്ട കുരിശുകള്‍ എടുക്കുന്നതു കൊണ്ടാണ് നിന്റെ സ്വഭാവത്തിന് മാറ്റം ഒന്നും വരാത്തത്. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്ക് യോഗ്യനല്ല (മത്തായി 10:38).

കുരിശില്‍ സ്‌നേഹമുണ്ട്, ക്ഷമയുണ്ട്, അനുസരണമുണ്ട്, ദയയുണ്ട്, ആത്മസംയമനമുണ്ട്, കരുണയുണ്ട്, ശാന്തതയുണ്ട്, മൗനമുണ്ട്, പ്രത്യാശയുണ്ട്, സംതൃപ്തിയുണ്ട്. സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അത് നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അത് കണ്ടെത്തും (മത്തായി 10:39). എന്നോടുള്ള സ്‌നേഹത്തെപ്രതി നിന്റെ ഇഷ്ടംപോലെ ജീവിക്കാതെ എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുമ്പോള്‍ നീ നിത്യജീവന്‍ കണ്ടെത്തും. കാരണം വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല (യോഹന്നാന്‍ 14:6).”

ഞാന്‍ പറഞ്ഞു, ”ഈശോയേ ഞാന്‍ സ്വന്തം സുഖവും സൗകര്യവും നോക്കുന്നവളും സ്വന്തമായി അഭിപ്രായവും കാഴ്ചപ്പാടും ഉള്ളവളുമാണ്. പക്ഷേ എനിക്ക് നല്ല അനുസരണവും ക്ഷമയും ശാന്തതയും ആത്മസംയമനവും ഉള്ളവളായിത്തീരണം എന്നാണ് ആഗ്രഹം. അങ്ങയുടെ കൃപ ഉണ്ടെങ്കില്‍ ഇതെല്ലാം എനിക്ക് സാധ്യമാകും.”

യേശു പറഞ്ഞു, ”ഈ പുണ്യങ്ങള്‍ അഭ്യസിക്കാന്‍ പരിശ്രമിക്കുകപോലും ചെയ്യാത്തവര്‍ക്കെങ്ങനെയാണ് അതിനുള്ള കൃപ ലഭിക്കുക? കൃപ ലഭിക്കാതെതന്നെ ഈ പുണ്യങ്ങള്‍ അഭ്യസിക്കാന്‍ ശ്രമിക്കുക. പരാജയപ്പെ ട്ടേക്കാം, നിരന്തരം പരിശ്രമിക്കുക. ഒരിക്കല്‍ നീ വിജയിക്കും. കൃപ ലഭിക്കുകയും ചെയ്യും.”

Leave a Reply

Your email address will not be published. Required fields are marked *