നോക്കൂ, ഈ മരം ഉണങ്ങിപ്പോയിട്ടില്ല!

 

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ആ അമ്പഴതൈ നട്ടത്. ആശ്രമത്തിന്റെ പൂമുഖത്തിരുന്നാല്‍ അത് കാണാം.  എന്തുകൊണ്ടോ ഒരു മഴക്കാലം കഴിഞ്ഞപ്പോള്‍, നിറയെ പച്ചപ്പുണ്ടായിരുന്ന അത് ഒരു ഉണക്ക കമ്പായി മാറി. ഈ ദിവസങ്ങളില്‍ കുറച്ച് പയര്‍ നടാനായി പറമ്പൊരുക്കുമ്പോള്‍ ഞാനാ അമ്പഴക്കുറ്റി കൊത്തിക്കളയാനൊരുങ്ങി.

അടുത്തുചെന്ന് നോക്കിയപ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്, ഉണങ്ങിയെന്നു കരുതിയ ആ ചെടിയുടെ അടിയില്‍നിന്നും അതാ ഒരു തളിര്‍പ്പ് പൊന്തി നില്‍ക്കുന്നു! കൂടെയുള്ള അനിറ്റച്ചനെ വിളിച്ച് അത് കാണിച്ചു കൊടുത്തു. പുല്ലു ചെത്തിയതിന്റെ കൂട്ടത്തില്‍ അത് കൊത്തിപ്പറിച്ച് കളയാഞ്ഞത് ഭാഗ്യം.

ചില മരങ്ങളും ചെടികളും നമ്മുടെയൊക്കെ ജീവിതം പോലെയാണ്; ചില പ്രതിസന്ധി ഘട്ടങ്ങളില്‍ ഉണങ്ങിയതു പോലെ കാണപ്പെടുന്നെന്നേ ഉള്ളു, സത്യത്തില്‍ അവ ഉണങ്ങിയിട്ടില്ല. കുറച്ച് പരിചരണവും സ്‌നേഹവും പ്രാര്‍ത്ഥനയുമൊക്കെ ലഭിച്ചാല്‍ വീണ്ടും തളിരിടാന്‍ തക്ക വേരുകളുണ്ടതിന്. ഈ കാലഘട്ടം ഉണങ്ങി നില്‍ക്കുന്ന കമ്പുകളിലേക്ക് നോക്കാനുള്ളതല്ല, മറിച്ച് വേരുകളെ തിരിച്ചറിയാനുള്ളതാണ്.

ചില പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ഇനിയെങ്ങോട്ട്, ഈ നിലയില്‍ പോയാല്‍ എങ്ങനെ ജീവിതം മുമ്പോട്ടു കൊണ്ടു പോകും എന്നൊക്കെ നമ്മള്‍ എത്രയോ തവണ ചിന്തിച്ചിരിക്കുന്നു? ആരുമറിയാതെ ഒറ്റയ്ക്കിരുന്ന് വിലപിച്ചിരിക്കുന്നു? അതു തന്നെയാണ് സുവിശേഷത്തില്‍ നാം കാണുന്നതും.

ലാസര്‍ മരിച്ചെന്നറിഞ്ഞിട്ടും മര്‍ത്തയും മറിയവും പ്രതീക്ഷിച്ച സമയത്ത് ക്രിസ്തു അവിടെയെത്തിയില്ല. അതെ, ചിലപ്പോള്‍ നാം പ്രതീക്ഷിക്കുന്ന സമയത്ത് എത്താത്ത, പ്രാര്‍ത്ഥിക്കുന്ന സമയത്ത് ഉത്തരം നല്‍കാത്ത ആ വ്യക്തിയുടെ പേരും ദൈവം എന്നാണ്! നാലാം ദിവസമാണ് ലാസറിന്റെ കുഴിമാടത്തില്‍ ക്രിസ്തു വന്നത്. അവന്‍ വൈകി വന്നതിന്റെ പരിഭവമായിരുന്നേവര്‍ക്കും.

അവയെ ഗൗനിക്കാതെ കണ്ണീര്‍ വാര്‍ത്തുകൊണ്ടവന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കു ശേഷം അവന്‍ പറഞ്ഞു: ‘കല്ലറയുടെ കല്ലുമാറ്റുക.’ മര്‍ത്ത പറഞ്ഞു: ‘ഇപ്പോള്‍ ദുര്‍ഗന്ധമുണ്ടാകും.’ നമ്മളെ പോലെ തന്നെ ഉണങ്ങിയ കമ്പ്’ കണ്ട് വിധി പറഞ്ഞവള്‍. യേശു അവളോടു ചോദിച്ചു: ”വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?” (യോഹന്നാന്‍ 11 /40).

നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം എവിടെ എന്നുള്ള ചോദ്യങ്ങള്‍ക്ക് നടുവിലും മര്‍ത്തായോട് ചോദിച്ച അതേ ചോദ്യം ഇന്നും ആവര്‍ത്തിക്കപ്പെടുന്നു; ദൈവമഹത്വം ദര്‍ശിക്കാന്‍ തക്ക വിശ്വാസം നിനക്കുണ്ടോ? അങ്ങനെയുള്ള വിശ്വാസമുണ്ടാകണമെങ്കില്‍ തടിയിലേക്കല്ല വേരുകളിലേക്കാണ് നോക്കേണ്ടത്.
നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ കാറ്റും കോളും പേമാരിയും എനിക്കു ചുറ്റും ഉയരുമ്പോള്‍ ഞാനാകുന്ന മരത്തിന്റെ വേരുകളെ ബലപ്പെടുത്തണമേ.


ഫാ. ജെന്‍സണ്‍ ലാസലെറ്റ്

ഫാ. ജെന്‍സണ്‍ ലാസലെറ്റ് വയനാട് നടവയലിലുള്ള  ലാസലെറ്റ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറാണ്

Leave a Reply

Your email address will not be published. Required fields are marked *