സ്പെയ്നിലെ മെസഞ്ചേഴ്സ് ഓഫ് പീസ് എന്ന ഓര്‍ഗനൈസേഷന്റെ ഡയറക്ടറായ അനാ മരിയ ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. പക്ഷേ, പെട്ടെന്ന് ആ യാത്ര കാന്‍സല്‍ ചെയ്യപ്പെട്ടു. പരിശുദ്ധ ദൈവമാതാവ് അവരുടെ കാര്യത്തില്‍ ഇടപെട്ടതാണ് കാരണം. ഭര്‍ത്താവും രണ്ടു മക്കളുമുള്ള ആ യുവതിയെ കോവിഡ് മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് അത് സംഭവിച്ചത്.
ഭര്‍ത്താവിനെയും മക്കളെയും ഇനി കാണാന്‍ കഴിയില്ലെന്നാണ് അനാ മരിയ കരുതിയത്. മരിയയെ ഇനി എങ്ങനെ കാണും എന്നോര്‍ത്ത് കേഴുകയായിരുന്നു ഭര്‍ത്താവും മക്കളും. ഡോക്ടേഴ്സ് പറഞ്ഞതും അങ്ങനെതന്നെ. എന്നാല്‍ പരിശുദ്ധ അമ്മ എല്ലാ ധാരണകളെയും മാറ്റി മറിച്ചു. സാധിക്കുമ്പോഴെല്ലാം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്ന മരിയയുടെ അവശ്യനേരത്ത് പരിശുദ്ധ അമ്മയ്ക്ക് ഇടപെടാതിരിക്കാന്‍ കഴിയില്ലല്ലോ.
കോവിഡ് മൂലമുള്ള മരണത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നുമാത്രമല്ല, അവരുടെ അലസരായി ജീവിച്ചിരുന്ന രണ്ടുമക്കളും വിശുദ്ധ ബലിയില്‍ പങ്കുചേരാനും ജപമാല ചൊല്ലാനും ആരംഭിച്ചു. അതാണ് പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ഏറ്റവും വലിയ അത്ഭുതമായി അനാ സാക്ഷ്യപ്പെടുത്തുന്നത്. ലോകമെങ്ങും ഏറ്റവും അധികം അത്ഭുതങ്ങള്‍ സംഭവിക്കുന്ന നാളുകളിലാണ് നാം ജീവിക്കുന്നത്.
എന്നാല്‍ അവയില്‍ കൂടുതലും സംഭവിച്ചത് പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലാണ് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. കോവിഡില്‍ നിന്നുള്ള രോഗ വിമുക്തിയാണ് ഏറെയും. സ്വര്‍ഗം പരിശുദ്ധ അമ്മയെ മഹത്വപ്പെടുത്താനും ആദരിക്കാനും ആഗ്രഹിക്കുന്നു എന്നതുതന്നെ കാരണം.
ഈശോയുടെ അമ്മ മനുഷ്യരാല്‍ ആദരിക്കപ്പെടണമെന്നും വണങ്ങപ്പെടണമെന്നും ഈശോക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ അമ്മയിലൂടെ അവിടുത്തെ സന്നിധിയില്‍ എത്തുന്ന കാര്യങ്ങള്‍ ഈശോ നിഷേധിക്കുകയില്ല. അനാ മരിയയെപ്പോലെ മരണത്തിന്റെ വക്കിലെത്തിയിട്ടും പരിശുദ്ധ അമ്മയുടെ പ്രാര്‍ത്ഥനയാല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ നിരവധി.
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നു: ”സ്വര്‍ഗത്തിന്റെ കൃപകളെല്ലാം പരിശുദ്ധ മറിയത്തിലൂടെ നല്കപ്പെടണമെന്നാണ് പരിശുദ്ധ ത്രിത്വം ആഗ്രഹിക്കുന്നത്.” അതുകൊണ്ടാണല്ലോ ത്രിലോക രാജ്ഞിയായി അമ്മയെ കിരീടമണിയിച്ചതും. വിനാശകാലത്ത് ആശാകേന്ദ്രമായി സ്വര്‍ഗം നല്‍കിയിരിക്കുന്നത് പരിശുദ്ധ അമ്മയെയാണ്. അതിനാല്‍ നാം ഇന്ന് ഏതവസ്ഥയിലാണെങ്കിലും പ്രതീക്ഷക്ക് ഒട്ടും സാധ്യതയില്ലാത്ത സാഹചര്യത്തിലാണെങ്കിലും പരിശുദ്ധ ദൈവമാതാവിന്റെ പ്രാര്‍ത്ഥന ചോദിക്കുക, ദൈവം തള്ളിക്കളയില്ല.
ഈ കോവിഡ് കാലത്ത് പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തവര്ക്കുവേണ്ടിക്കൂടി നാം പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയ്ക്ക് പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ല. ഭയന്നും ആശങ്കപ്പെട്ടും പഴിപറഞ്ഞും നിരാശപ്പെട്ടും ഒതുങ്ങിക്കൂടേണ്ടവരല്ല നാം. പകര്‍ച്ചവ്യാധികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതിനെയും ദൈവം പരാജയപ്പെടുത്തും. നമ്മിലൂടെ ദൈവത്തിന് വലിയ ദൗത്യങ്ങള്‍ ചെയ്യാനുണ്ട്.
അതിനുവേണ്ടി നമ്മെയും സമൂഹത്തെയും സഭയെയും ഒരുക്കുകയാണ്. കൂടുതല്‍ പ്രാര്‍ത്ഥിക്കണം, ദൈവത്തോട് ചേര്‍ന്ന് നില്‍ക്കണം. ഇപ്പോള്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത കാര്യങ്ങള്‍ കര്‍ത്താവ് ചെയ്യാന്‍ പോകുന്നു. അന്ന് നാം അവയെ നോക്കി വിസ്മയിക്കും (ഹബക്കുക്ക് 1/5).
”ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല. ഹൃദയപരമാര്ത്ഥതയില്ലാത്തവന് പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന് തന്റെ വിശ്വസ്തതമൂലം ജീവിക്കും” (ഹബക്കുക്ക് 2/3,4)
കര്‍ത്താവേ, പ്രതികൂലങ്ങളില് നിരാശപ്പെടാതെ, അങ്ങയുടെ വാഗ്ദാനത്തിനായി പ്രത്യാശയോടെ കാത്തിരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ, ആമ്മേന്‍.