അവിടുന്ന് കരം നീട്ടിയിരിക്കുന്നു; ആർക്ക് അതിനെ പിന്തിരിപ്പിക്കാൻ കഴിയും? (ഏശയ്യാ 14:27)

കരം ഉയർത്തുക, കരം നീട്ടുക, കരം പിൻവലിക്കുക, കരം താഴ്ത്തുക, കരം പിടിക്കുക തുടങ്ങിയ പല ഭാഷാപ്രയോഗങ്ങൾ ഉണ്ട്. ഓരോന്നിനും ഓരോ അർത്ഥമാണ്. കരം നീട്ടുക എന്ന് പറയുമ്പോൾ നീട്ടപ്പെട്ട കരത്തിന്റെ ഉടമയുടെ കാര്യമാണ് ഉദ്ദേശിക്കുന്നത്. കരം നീട്ടുന്ന അഥവാ കരം ഉയർത്തുന്ന വ്യക്തിയുടെ ലക്ഷ്യങ്ങൾ വ്യത്യസ്തങ്ങൾ ആകാം. ഒരാളെ സംരക്ഷിക്കുവാനും കരം നീട്ടാം; അനുഗ്രഹിക്കുവാനും കരം നീട്ടാം; ശിക്ഷിക്കുവാനും കരം നീട്ടാം. കരം ഉയർത്തുമ്പോഴും ഇങ്ങനെതന്നെ. കരം നീട്ടി, കരം ഉയർത്തി, കരം പിൻവലിച്ചു എന്നൊക്കെ പറയുമ്പോൾ, കൈകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്ന ആൾ വളരെ ബോധപൂർവം ഇങ്ങനെ ചെയ്യുന്നതാണ്; അല്ലാതെ, യാദൃശ്ചികമായി സംഭവിക്കുന്നതല്ല എന്ന് അർത്ഥമാക്കാം.

ദൈവം കരം ഉയർത്തുന്നതിനെപ്പറ്റിയും കരം നീട്ടുന്നതിനെപ്പറ്റിയുമെല്ലാം ബൈബിളിൽ പറയുന്നുണ്ട്. പുറപ്പാട് 6:5-6 വചനങ്ങളിൽ ദൈവം മോശയോട് ഇങ്ങനെയാണ് പറയുന്നത്: ഈജിപ്തുകാർ അടിമകൾ ആക്കിയിരിക്കുന്ന ഇസ്രായേൽമക്കളുടെ ദീനരോദനം ഞാൻ കേട്ടു. എന്റെ ഉടമ്പടി ഞാൻ ഓർമിക്കുകയും ചെയ്തു. ആകയാൽ, ഇസ്രായേൽമക്കളോട് പറയുക: ഞാൻ കർത്താവാണ്. ഈജിപ്തുകാർ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാൻ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കും. കയ്യുയർത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എന്റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ ദൈവം ആയിരിക്കുകയും ചെയ്യും.

മോശ ഒന്നാം തവണ ചെങ്കടലിന് നേരെ കൈനീട്ടിയപ്പോൾ അത് രണ്ടായി തിരിഞ്ഞ് വരണ്ട ഭൂമി നടുക്ക് പ്രത്യക്ഷപ്പെട്ടു. ഇസ്രായേൽക്കാർ ചെങ്കടൽ കടന്നു കഴിഞ്ഞപ്പോൾ മോശ വീണ്ടും ചെങ്കടലിന് മീതെ നീട്ടിയപ്പോൾ കടൽ വീണ്ടും ഒന്നായിച്ചേർന്നു (പുറ. 14:15-27). ചെങ്കടൽ കടന്ന ഉടൻ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് മോശ പാടിയ സ്‌തോത്രഗീതത്തിൽ മോശ കർത്താവിന്റെ കരത്തെപ്പറ്റി ഇപ്രകാരം പാടി: കർത്താവേ, അങ്ങയുടെ വലതുകൈ ശക്തിയാൽ മഹത്വമാർന്നിരിക്കുന്നു; അങ്ങയുടെ വലതുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു… അങ്ങ് വലതുകൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി (പുറ. 15:1-7). ഞങ്ങളുടെ പ്രാർത്ഥന കേട്ട് അങ്ങയുടെ വലതുകൈയാൽ ഞങ്ങളെ രക്ഷിക്കണമേ എന്ന് സങ്കീർത്തകൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് (സങ്കീ. 60:5). അതിനാൽ, കരംകൊണ്ട് എന്തെങ്കിലും ചെയ്യുന്നു എന്നു പറയുമ്പോൾ ആ കരത്തിന്റെ ഉടമ അത് ചെയ്യുന്നു എന്നാണർത്ഥം.

നമ്മുടെ കരത്തിന്റെ ശക്തി നമ്മുടെ ശക്തിയാണ്. നമ്മുടെ കരം ചെയ്യുന്ന നന്മകൾ നമ്മൾ ചെയ്യുന്ന നന്മകളാണ്. അങ്ങനെയെങ്കിൽ ദൈവത്തിന്റെ കരത്തിന്റെ ശക്തി എന്നു പറയുന്നത് ദൈവത്തിന്റെതന്നെ ശക്തിയാണ്. തന്റെ ശക്തികൊണ്ട് ദൈവത്തിന് ചെയ്യാൻ കഴിയാത്തതായി എന്താണ് ഉള്ളത്?

ഇസ്രായേൽ രാജാക്കന്മാരും ജനങ്ങളും പാപത്തിൽ മുഴുകിയപ്പോൾ ദൈവം തിരുത്തുവാൻ ശ്രമിച്ചു. അവർ വഴങ്ങാതിരുന്നപ്പോൾ ദൈവം അവരെ ശത്രുക്കൾക്ക് വിട്ടുകൊടുത്തു. അസീറിയാ രാജാവ് ഇസ്രായേൽ രാജ്യത്തോട് യുദ്ധം ചെയ്തു. ഇവിടെ ദൈവത്തിന്റെ ഉദ്ദേശ്യം ഇസ്രായേൽ ജനത്തെ ദൈവകല്പനകൾ പാലിച്ച് ജീവിക്കുന്നവരാക്കി മാറ്റുക എന്നുള്ളതായിരുന്നു. അല്ലാതെ, ഇസ്രായേൽ എന്നും അസീറിയാ രാജാവിന്റെ അടിമത്തത്തിൽ കഴിയണം എന്ന് ദൈവം ആഗ്രഹിച്ചില്ല. എന്നാൽ, അസീറിയാ രാജാവിന്റെ ആഗ്രഹം എന്നേക്കും ഇസ്രായേലിനെ അടക്കി ഭരിക്കുക എന്നുള്ളതായിരുന്നു.

തന്റെ ശക്തികൊണ്ടാണ് ഇസ്രായേലിനെ തകർത്തത് എന്ന് അസീറിയാ രാജാവ് അഹങ്കരിച്ചു (ഏശയ്യാ 10:5-19). അപ്പോൾ അസീറിയാ രാജാവ് വമ്പ് പറയുന്ന കാര്യങ്ങൾ നടക്കില്ല എന്നും അദ്ദേഹത്തെ നശിപ്പിക്കുമെന്നും ദൈവം പറയുകയാണ്. ദൈവം പറഞ്ഞു: ”ഞാൻ തീരുമാനിച്ചതുപോലെ സംഭവിക്കും. ഞാൻ നിശ്ചയിച്ചത് നിറവേറ്റും. എന്റെ ദേശത്തുള്ള അസീറിയാക്കാരനെ ഞാൻ തകർക്കും… എല്ലാ ജനതകളുടെയുംമേൽ നീട്ടപ്പെട്ടിരിക്കുന്ന കരം ഇതാണ്…. ആർക്ക് അതിനെ ദുർബലമാക്കാൻ കഴിയും? അവിടുന്ന് കരം നീട്ടിയിരിക്കുന്നു. ആർക്ക് അതിനെ പിന്തിരിപ്പിക്കാൻ കഴിയും?” (ഏശയ്യാ 14:24-27).

എല്ലാവരുടെയും എല്ലാ അഹങ്കാരവും അവസാനിക്കും. ദൈവം ആഗ്രഹിക്കുന്നതുപോലെയും നടപ്പാക്കുന്നതുപോലെയും കാര്യങ്ങൾ നടക്കും. ഇത് മറക്കാതിരിക്കാം.

ഫാ. ജോസഫ് വയലിൽ സി.എം.ഐ

1 Comment

  1. Elsamma James says:

    A good article. Thank you. God bless you Rev.Fr.

Leave a Reply

Your email address will not be published. Required fields are marked *