മാതാവിനോട് ഒരു എഗ്രിമെന്റ് – Shalom Times Shalom Times |
Welcome to Shalom Times

മാതാവിനോട് ഒരു എഗ്രിമെന്റ്

ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഞാന്‍. ഒരു അവധിദിവസം വീട്ടിലായിരുന്ന സമയം. കൈയിന്് വല്ലാത്ത വേദന. ബൈക്കിന്റെ ആക്‌സിലേറ്റര്‍ തിരിക്കാന്‍പോലും കഴിയുന്നില്ല. കഴിഞ്ഞ 15 വര്‍ഷമായി അലട്ടുന്ന യൂറിക് ആസിഡിന്റെ പ്രശ്‌നമാണ് കാരണമെന്ന് മനസിലായി. യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് ക്രിസ്റ്റല്‍സായി രൂപപ്പെട്ട് കൈയ്യുടെ സന്ധികളില്‍ അടിഞ്ഞുകൂടും. അപ്പോഴാണ് കഠിനമായ വേദന ഉണ്ടാവുന്നത്. പലപ്പോഴും കൈവിരലുകള്‍ മടക്കാനോ ചലിപ്പിക്കാനോ സാധിക്കാതെ വരും. ഡ്രൈവര്‍ജോലി ചെയ്യുമ്പോള്‍ കൈവിരലുകള്‍ അനക്കാനാവാതെ വരുന്ന അവസ്ഥ എത്രത്തോളം ബുദ്ധിമുട്ടിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൈ മരവിപ്പ്, തലവേദന മുതലായ അനുബന്ധ പ്രശ്‌നങ്ങളും എന്നെ ബുദ്ധിമുട്ടിച്ചിരുന്നു. മരുന്നുകള്‍ കഴിച്ചെങ്കിലും അതൊന്നും ശാശ്വതമായ പരിഹാരം നല്‍കിയില്ല. കൂടുതല്‍ വെള്ളം കുടിച്ചും മരുന്നുകള്‍ കഴിച്ചും ഞാന്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നു. അതിനിടെയാണ് ഇത്രയും കൂടുതല്‍ വേദന വന്നത്. അതിനാല്‍ ഒരു ദിവസത്തെയുംകൂടി അവധിയെടുത്ത് വീട്ടില്‍ തുടരാന്‍ തീരുമാനിച്ചു.
വിശ്രമിച്ചുകൊണ്ടിരിക്കേ അതാ ഫോണ്‍ റിംഗ് ചെയ്യുന്നു, വികാരിയച്ചനാണ്, ”നമ്മുടെ സെമിത്തേരി മുഴുവന്‍ കാടു പിടിച്ചു കിടക്കുകയാണ്. നാളെ നമുക്കത് വൃത്തിയാക്കിയാലോ?”
അച്ചന്റെ ചോദ്യത്തിന് മറുപടിയായി ”പിന്നെന്താ, നാളെത്തന്നെ ചെയ്യാമല്ലോ” എന്ന് ഞാന്‍ മറുപടി നല്‍കി. വാസ്തവത്തില്‍ കോള്‍ വന്ന സമയത്ത് കയ്യുടെ അവസ്ഥ ഞാന്‍ പെട്ടെന്ന് മറന്നു പോയി. കോള്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോഴാണ് വേദനയുള്ള കാര്യം ഓര്‍മ്മ വന്നത്. പുല്ലുവെട്ടുന്ന യന്ത്രത്തിന് അല്‍പം ഭാരമുണ്ട്. സുഖമില്ലാത്ത കൈകൊണ്ട് എനിക്കൊരിക്കലും അത് ഉയര്‍ത്താന്‍ സാധിക്കില്ല. ഓര്‍ത്തപ്പോള്‍ എനിക്കാകെ അസ്വസ്ഥത.
വൈദികരെ വളരെയധികം ബഹുമാനിക്കുന്നതിനാല്‍ അച്ചനോട് ഞാനേറ്റ കാര്യം മാറ്റിപ്പറയേണ്ടി വരുമല്ലോ എന്ന ചിന്ത എന്ന വല്ലാതെ ആകുലപ്പെടുത്തി. ഏതായാലും അച്ചനെ തിരിച്ചു വിളിച്ചില്ല. സാധാരണയായി വീട്ടിലുള്ള എല്ലാവരും ഉറങ്ങിയതിനുശേഷം ഒരു ജപമാല ചൊല്ലുന്ന പതിവുണ്ടെനിക്ക്. അന്ന് ജപമാല ചൊല്ലവേ എന്റെ മുന്നിലുള്ള മാതാവിന്റെ രൂപത്തില്‍ നോക്കി ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ”നാളെ സെമിത്തേരി വൃത്തിയാക്കാന്‍ ചെല്ലാമെന്ന് ഞാനേറ്റിട്ടുണ്ട്. ഈ അവസ്ഥയില്‍ എനിക്കത് പറ്റില്ല. അമ്മതന്നെ എന്റെ രോഗം മാറ്റിത്തരണം. എങ്കില്‍ നാളെ ആ സെമിത്തേരി മുഴുവന്‍ ഞാന്‍ വൃത്തിയാക്കിക്കൊള്ളാം.”
ജപമാല പൂര്‍ത്തിയാക്കിയിട്ട് ബൈബിള്‍ തുറന്ന് വായിച്ചു. ‘പത്ത് കുഷ്ഠരോഗികള്‍’-ലൂക്കാ 17/11-19. യേശുവിന്റെ പക്കല്‍ വന്ന് തിരികെപ്പോകുംവഴി കുഷ്ഠരോഗികള്‍ സൗഖ്യപ്പെട്ടു. അവരില്‍ സമരിയാക്കാരനായ ഒരാള്‍മാത്രം ദൈവത്തെ സ്തുതിച്ചുകൊണ്ട് മടങ്ങിവരുന്നു. യേശുവിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ച്, അയാള്‍ നന്ദി പറഞ്ഞപ്പോള്‍ യേശു ചോദിച്ചു, ”പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒമ്പതുപേര്‍ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?” ഈ വചനഭാഗം എന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. എന്തായാലും, തുടര്‍ന്ന് ഞാന്‍ കിടന്നുറങ്ങി.
രോഗാവസ്ഥനിമിത്തം വളരെയധികം വെള്ളം കുടിക്കണം. അതിനാല്‍ രാത്രി പല പ്രാവശ്യം എഴുന്നേല്‍ക്കേണ്ടി വരും. പുലരാറായ സമയത്ത് ഒരു തവണ എഴുന്നേറ്റ് വീണ്ടും കിടക്കുന്നതിനുമുമ്പ് ജഗ്ഗിലുള്ള വെള്ളമെടുത്ത് കുടിച്ചു. അപ്പോഴാണ് മനസിലായത് ജഗ്ഗിലുള്ള വെള്ളം എടുക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല എന്ന്. വേഗം കൈകളിലേക്ക് നോക്കി. അത്ഭുതമെന്നല്ലാതെ എന്തുപറയും! കൈകള്‍ക്ക് ഒരു കുഴപ്പവും കാണുന്നില്ല! വിരലുകള്‍ പൂര്‍ണ്ണമായി മടക്കുകയും തുറക്കുകയും ചെയ്യാം. തടിപ്പും മരവിപ്പും അപ്രത്യക്ഷമായിരിക്കുന്നു.
മാതാവ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നു! എന്റെ കൈ പൂര്‍ണ്ണമായി സുഖപ്പെട്ടിരിക്കുന്നു. പിന്നീടൊരിക്കലും ആ അസുഖം വലിയ തോതില്‍ എന്നെ വിഷമിപ്പിച്ചിട്ടില്ല. യേശുവേ സ്‌തോത്രം, യേശുവേ നന്ദി! രാത്രി വായിച്ച വചനഭാഗവും ഈ സൗഖ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നി. സൗഖ്യം സ്വീകരിച്ചുകഴിയുമ്പോള്‍ സാക്ഷ്യപ്പെടുത്തി ഈശോയ്ക്ക് നന്ദിയര്‍പ്പിക്കാന്‍ അവിടുന്ന് ഓര്‍മ്മപ്പെടുത്തിയതല്ലേ അത്?
പിറ്റേന്ന് സെമിത്തേരിയിലെ പുല്ല് മുഴുവന്‍ വെട്ടി വൃത്തിയാക്കി. കല്ലറകളുടെ തൊട്ടടുത്ത് വളര്‍ന്നു നിന്ന പുല്ലുകളൊക്കെ കൈകൊണ്ടുതന്നെ ഞാന്‍ പറിച്ചു നീക്കി.
പണിയെല്ലാം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ സമയം വൈകിട്ട് ആറര. വികാരിയച്ചന്‍ എന്നെ കണ്ടു. ”എന്താ സുരേഷേ ഇത്ര വൈകിയത്? മുഴുവന്‍ ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നെങ്കില്‍ ബാക്കിയുള്ള ജോലികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാമായിരുന്നല്ലോ.”
അതിന് മറുപടിയായി ഞാന്‍ പറഞ്ഞു, ”ഒന്നുമില്ലച്ചോ. അത് ഞാനും മാതാവും തമ്മിലുള്ളൊരു എഗ്രിമെന്റാ.”
വളരെ വൈകിമാത്രം ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നു വന്ന എന്നെപ്പൊലെയൊരു വ്യക്തിയുടെ പ്രാര്‍ത്ഥന മാതാവ് കേള്‍ക്കുകയും തന്റെ പുത്രനിലൂടെ അത് സാധിച്ചു തരുകയും ചെയ്‌തെങ്കില്‍ ഒരു കാര്യം നമുക്ക് ഉറപ്പിക്കാം. ആര് ചോദിച്ചാലും, അവരുടെ യോഗ്യതകള്‍ പരിഗണിക്കാതെ നന്മകള്‍ ചെയ്തു തരാന്‍ മാതാവും ഈശോയും എപ്പോഴും സന്നദ്ധരാണ് എന്ന വസ്തുത. വിശ്വാസമുള്ള ഒരു ഹൃദയവും കൃപ സ്വീകരിക്കാനുള്ള ഒരു മനസ്സും നമുക്കുണ്ടാകണമെന്നു മാത്രം. ആവേ മരിയ! യേശുനാമത്തിന് മഹത്വം!

പോള്‍ സുരേഷ്