ഒരു പ്രശസ്ത ധ്യാനകേന്ദ്രത്തിലാണ് 2015-ല്‍ ഞാന്‍ ധ്യാനത്തിന് പോയത്. അവിടെ കേട്ട ഒരു സാക്ഷ്യം ഇങ്ങനെയായിരുന്നു, ‘മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ മുല്ലപ്പൂവിന്റെ സുഗന്ധം അനുഭവിക്കാന്‍ സാധിച്ചു.’ മറ്റ് പലരും ഇതേ സാക്ഷ്യം പറയുന്നത് കേള്‍ക്കാന്‍ സാധിച്ചു. അതോടെ എനിക്കും ആ അനുഭവം ലഭിക്കാന്‍ ആഗ്രഹം. അതിനായി ഞാനും ഗ്രോട്ടോയ്ക്ക് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ചു. എന്നാല്‍ സുഗന്ധമൊന്നും വന്നില്ല. കണ്ണ് തുറന്നുനോക്കിയപ്പോള്‍ ഗ്രോട്ടോയ്ക്ക് മുന്നിലെ നീര്‍ച്ചാലില്‍ ഒരു മുല്ലപ്പൂ കണ്ടു. അപ്പോള്‍ ഞാന്‍ കരുതി അടുത്തെവിടെയെങ്കിലും മുല്ലച്ചെടി ഉണ്ടായിരിക്കാം.
അത് പൂത്തുനില്ക്കുന്നതുകൊണ്ടുള്ള സുഗന്ധമായിരിക്കാം അവര്‍ക്ക് ലഭിച്ചതെന്ന്. എന്നാല്‍ പിന്നീട് അതെക്കുറിച്ച് ഒന്നും അന്വേഷിച്ചില്ല.നാളുകള്‍ കഴിഞ്ഞ് ഒരു ദിവസം ഞാന്‍ ജോലിസ്ഥലത്തോടു ചേര്‍ന്നുള്ള ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥന കഴിയുമ്പോള്‍ മാതാവിന്റെ രൂപത്തില്‍ കാലില്‍തൊട്ട് പ്രാര്‍ത്ഥിക്കുന്ന പതിവുണ്ട്. അതനുസരിച്ച് മാതാവിന്റെ കാലില്‍ തൊട്ട് കണ്ണടച്ചുനില്ക്കുമ്പോള്‍ അതാ മുല്ലപ്പൂവിന്റെ മണം മൂക്കില്‍ തുളച്ചുകയറുന്നു. ചെറുതായിട്ടല്ല, മുല്ലപ്പൂമാല മുന്നില്‍വച്ചാലുണ്ടാകുന്ന അത്രയും സുഗന്ധം.
ഞാന്‍ കരുതി മാതാവിന്റെ രൂപത്തില്‍ ആരെങ്കിലും മുല്ലപ്പൂമാല ഇട്ടിട്ടുണ്ടാകുമെന്ന്. മുല്ലപ്പൂവിന്റെ മണം ഇഷ്ടമായതുകൊണ്ട് കണ്ണ് തുറക്കാതെ ആ മണം ആവോളം നുകര്‍ന്നു. എന്നാല്‍ കണ്ണ് തുറന്നപ്പോള്‍ അവിടെ മുല്ലപ്പൂമാലയൊന്നും കണ്ടില്ല, റോസാപ്പൂക്കള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തിരുന്ന കൂട്ടുകാരിയോട് ചോദിച്ചപ്പോള്‍ അവള്‍ക്ക് സുഗന്ധമൊന്നും അനുഭവപ്പെട്ടില്ലെന്നും പറഞ്ഞു. ധ്യാനത്തിനുണ്ടായ അനുഭവങ്ങള്‍ എന്റെ ഓര്‍മയില്‍ വന്നു. തോമാശ്ലീഹായോട് പറഞ്ഞ വാക്കുകള്‍ മാതാവ് പറയുന്നതുപോലെ തോന്നി. ‘അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക!’ മാതാവേ, സ്വസ്തി!
ബേബി സുജ