വലിയ വേദനകള്‍ക്കു നടുവില്‍ ആശ്വാസത്തിന്റെ തുരുത്ത് അന്വേഷിക്കാത്തവര്‍ ആരുണ്ട്? അതനുസരിച്ച് മനുഷ്യ മനസ്സിന്റെ വേദന കുറയുകയാണ് വേണ്ടത്. പക്ഷേ സംഭവിക്കുന്നത് നേരെ മറിച്ചാണ്. മനസിന്റെ ഭാരം ലഘൂകരിക്കപ്പെടുന്നില്ല എന്നുതന്നെയല്ല ഭാരം വര്‍ധിക്കുന്നതനുസരിച്ച് വിഷാദ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അതുകൊണ്ട് മനുഷ്യമനസ്സുകള്‍ക്ക് ആശ്വാസം പകരുന്ന കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കുന്നത് വരുംനാളുകളിലെ നല്ല ഒരു വരുമാനമാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പലര്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങള്‍ ഒന്ന് കേട്ടിരിക്കാന്‍ ഒരു ആളെ കിട്ടിയാല്‍ മതി. പക്ഷേ ഇവിടെ ഒരു പ്രശ്‌നമുണ്ട്. ഇതിലൂടെ ലഭിക്കുന്ന ആശ്വാസം തികച്ചും താല്‍ക്കാലികമാണ്.
അപ്പോള്‍ സ്ഥായിയായ ആശ്വാസം എങ്ങനെ ലഭിക്കും? അത് നല്‍കാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. ദൈവവും കര്‍ത്താവുമായ യേശുവിന് മാത്രം. അവിടുന്ന് ദൈവമായിരുന്നിട്ടും മനുഷ്യനായി അവന്റെ സകല വേദനകളിലും പങ്കുചേരുകയും ചെയ്തു. ആശ്വാസം നല്‍കുന്ന കാര്യത്തില്‍ ഇത്ര ബോധ്യത്തോടെ പറയുവാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. യേശു പറയുന്നു, അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനു മാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും (മത്തായി 11/ 28).
ആശ്വാസം ലഭിക്കുവാനുള്ള ആദ്യത്തെ പടി യേശുവിന്റെ അടുത്ത് ചെല്ലുക എന്നതാണ്. ദൈവം നമ്മെ കാത്തിരിപ്പുണ്ട്. നമ്മുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍, വേദനകള്‍ ഏറ്റെടുക്കാന്‍. ഇതിന് ജാതിമത വിലക്കുകളൊന്നുമില്ല. ഒരു സംഭവം കേട്ടതിങ്ങനെയാണ്, കടബാധ്യതയില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ഒരു മനുഷ്യന്‍ തന്റെ അവസാന യാത്രയ്ക്കായി ബസ്സില്‍ കയറി. എവിടെയെങ്കിലും പോയി ജീവിതം അവസാനിപ്പിക്കണം. ഇതാണ് അയാളുടെ ചിന്ത. ബസിലിരുന്ന് അയാള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ട്. ഇത് അടുത്തിരുന്ന ആള്‍ ശ്രദ്ധിച്ചു.
എന്താണ് ഇത്ര വിയര്‍ക്കുന്നത് എന്ന് ചോദിച്ചു. അയാള്‍ ഉള്ളിലുള്ള വിഷമം മുഴുവന്‍ പങ്കുവച്ചതുകേട്ട് സഹയാത്രികന്‍ പറഞ്ഞു, ഞാനും ഒരുനാള്‍ ഇതു പോലെ വിയര്‍ത്തിട്ടുള്ളവനാണ്. അതിനാല്‍ താങ്കളുടെ വിഷമം എനിക്ക് മനസ്സിലാകും. താങ്കള്‍ എന്റെകൂടെ വരിക. ആ മനുഷ്യന്‍ അദ്ദേഹത്തെയുംകൂട്ടി എറണാകുളം വല്ലാര്‍പാടം പള്ളിയിലേക്ക് കൊണ്ടുപോയി. താങ്കള്‍ മനസ്സിലുള്ള വേദനകളെല്ലാം ഇവിടെ ഇരിക്കുന്ന ആളോട് പറ എന്ന് പറഞ്ഞു. അദ്ദേഹം ഒരു അക്രൈസ്തവനായിരുന്നു എങ്കിലും സഹയാത്രികന്റെ വാക്കുകളിലുള്ള വലിയ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞതുകൊണ്ട് ആ പള്ളിയില്‍ കുറേ നേരം ഇരുന്നു.
അതു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്ന് വലിയൊരു ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നി. അതിനാല്‍ ആത്മഹത്യ ചെയ്യണം എന്ന വിചാരം ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അയാളെ വല്ലാതെ അത്ഭുതപ്പെടുത്തിയ ഒന്ന് സംഭവിച്ചു. താന്‍ കാത്തിരുന്ന് മടുത്ത വിസ കൈകളില്‍! അയാള്‍ ഗള്‍ഫില്‍ ഉന്നതമായ ഒരു ജോലിയില്‍ പ്രവേശിച്ചു. കടബാധ്യതകള്‍ എല്ലാം വീട്ടുവാന്‍ ഏതാനും നാളുകള്‍ മാത്രമേ എടുത്തുള്ളൂ. തിരിച്ചു നാട്ടില്‍ വന്നപ്പോള്‍ നന്ദിസൂചകമായി വല്ലാര്‍പാടം പള്ളിയിലെ അക്കൊല്ലത്തെ തിരുനാള്‍ അദ്ദേഹം ഏറ്റെടുത്തു നടത്തി. നിലനില്‍ക്കുന്ന ആശ്വാസം പകര്‍ന്ന ദൈവത്തിന്റെ തിരുനാമത്തെ മഹത്വപ്പെടുത്തി.
ഇന്ന് ദൈവസന്നിധിയില്‍ ഇരിക്കുവാന്‍ പലര്‍ക്കും സാധിക്കുന്നില്ല. സമയമില്ല എന്നാണ് കാരണം പറയുന്നത്. ഒരു കൃത്രിമമായ തിരക്ക് മിക്കവാറും എല്ലാ മനുഷ്യരെയും വലയം ചെയ്തിരിക്കുന്നു. സീസറിനുള്ളത് സീസറിന് കൊടുക്കുമ്പോള്‍ ദൈവത്തിനുള്ളത് ദൈവത്തിനുതന്നെ കൊടുക്കാന്‍ പലരും മടി കാണിക്കുകയും മറന്നുപോവുകയും ചെയ്യുന്നു. എന്നാല്‍ ദൈവസന്നിധിയില്‍ സ്വസ്ഥമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടും വളരെ ഫലപ്രദമാണ്. ഒന്നാമതായി ദൈവത്തിനായി ഏറ്റവും നല്ല സമയം നീക്കി വയ്ക്കുന്ന വ്യക്തി ദൈവത്തെ ആദരിക്കുകയാണ്. അങ്ങനെ ചെയ്യുന്നവരെ ദൈവം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. രണ്ടാമതായി മനസ്സിലുള്ള ഭാരങ്ങളും ഉല്‍ക്കണ്ഠകളും ഇറക്കിവയ്ക്കാനുള്ള സമയം കൂടിയാണത്.
മൊബൈലില്‍ ആവശ്യമില്ലാത്തവ നാം സമയാസമയങ്ങളില്‍ ഡിലീറ്റ് ചെയ്യുന്നുണ്ടല്ലോ. അങ്ങനെ ചെയ്തില്ലെങ്കില്‍ ഓവര്‍ലോഡ് ആയി തീരും. ഇതുതന്നെയാണ് മനുഷ്യന്റെ കാര്യത്തിലും സംഭവിക്കുന്നത്. മനസിന്റെ ഭാരം താങ്ങാനാവാതെ തകര്‍ന്നുപോകുന്നവര്‍ അനവധിയാണ്. അതിനാല്‍ നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ ഭാരം എത്ര വലുതാണെങ്കിലും അതെല്ലാം ഏറ്റെടുക്കാന്‍ സാധിക്കുന്ന സര്‍വ്വശക്തന്റെ സന്നിധിയില്‍ അണയുക എത്രയോ ആവശ്യമാണ്. മൂന്നാമതായി, പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള വെളിച്ചം ഈ സമയത്ത് ലഭിക്കും. ഇക്കാര്യം ജീവിതവിജയം നേടിയ പല വ്യക്തികളും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
അതിനാല്‍ അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍ എന്ന യേശുവിന്റെ ക്ഷണത്തിന് നാം വേണ്ട പ്രാധാന്യം കൊടുത്തേ മതിയാവൂ. ഭാരങ്ങള്‍ കൊടുത്ത് ആശ്വാസം തിരികെ സ്വീകരിക്കുക എന്ന ഒന്നാന്തരം ഒരു എക്‌സ്‌ചേഞ്ച് ഓഫര്‍ എന്തിനു നാം വേണ്ട എന്ന് വയ്ക്കണം. ആശ്വാസം ലഭിക്കാന്‍ നാം ചെയ്യേണ്ട മറ്റൊരു കാര്യം യേശുവിന്റെ നുകം വഹിക്കുക എന്നതത്രേ. എന്തായിരിക്കും ഈ നുകം? അത് ദൈവത്തിന്റെ തിരുമനസിനോടുള്ള വിധേയത്വം, കീഴടങ്ങല്‍ ആണ്. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന വേദനാജനകമായ കാര്യങ്ങള്‍ സ്വീകരിക്കാനോ അംഗീകരിക്കാനോ നമുക്ക് മാനുഷികമായി സാധിക്കുകയില്ല. എന്നാല്‍ അവ ദൈവം അനുവദിച്ചതാണ് എന്ന തിരിച്ചറിവ് സുപ്രധാനമാണ്. തലമുടിയിഴ പോലും താഴെ വീഴുന്നത് ശ്രദ്ധിക്കുന്ന ദൈവം ഇത്രയും വലിയ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയില്ലല്ലോ.
ദൈവം അറിഞ്ഞ് അനുവദിച്ച് സംഭവിക്കുന്ന കാര്യങ്ങള്‍ ദൈവത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ത്തന്നെയാണ്. അവയൊക്കെയും മക്കളുടെ ആത്യന്തികമായ നന്മയ്ക്കായി പരിണമിപ്പിക്കാന്‍ സാധിക്കുന്ന സര്‍വ്വശക്തനാണ് ദൈവം എന്ന പ്രകാശം നിറഞ്ഞ ചിന്തയാണ് ഈ നുകത്തിന് വിധേയപ്പെടുവാന്‍ ഒരു ആത്മീയ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ആ ഉള്‍ബോധ്യം ലഭിച്ചു കഴിഞ്ഞാല്‍ ഏത് കൊടുങ്കാറ്റിലും സ്വസ്ഥമായി വിശ്രമിക്കുന്ന ഒരു കുരുവിയെപ്പോലെ അവന്റെ മനസ്സും സ്വച്ഛമാകും. ഈ വെളിച്ചം ലഭിക്കാത്ത വ്യക്തികള്‍ എന്തുകൊണ്ട് എന്ന് നിരന്തരം ദൈവത്തോട് ചോദിച്ചു കൊണ്ടിരിക്കും. അയാളുടെ മനസ്സ് എന്നും കടലിലെ തിരമാലകള്‍ പോലെ ഇളകിയാടികൊണ്ടിരിക്കും. അതിനാല്‍ ഏറ്റവും ക്ലേശപൂര്‍ണ്ണമായ അവസരത്തിലും ഇപ്രകാരം പറയുവാന്‍ പഠിക്കുക- എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.
മൂന്നാമത്തെ കാര്യം യേശുവില്‍നിന്ന് പഠിക്കുക എന്നതാണ്. എന്താണ് യേശുവില്‍നിന്ന് പഠിക്കാനുള്ളത്? യേശു ശാന്തശീലനും വിനീതഹൃദയനുമാണ്, ഒരു മനുഷ്യന്‍ അഭിലഷിക്കേണ്ട ഏറ്റവും ശ്രേഷ്ഠമായ ഗുണവിശേഷങ്ങള്‍. വിനീതഹൃദയനായതുകൊണ്ട് യേശു എല്ലായ്‌പ്പോഴും പിതാവിന്റെ തിരുഹിതത്തിന് വിധേയപ്പെട്ടു. യേശു അതിതീവ്രമായ മാനസിക വേദന അനുഭവിച്ച ഇടമാണ് ഗത് സമനി. വിയര്‍പ്പ് രക്തത്തുള്ളികള്‍ ആയി മാറുന്ന രീതിയില്‍ മനസ് നുറുങ്ങിയപ്പോഴും അവിടുത്തെ അധരങ്ങള്‍ ഇപ്രകാരം ഏറ്റുപാടി, എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ (ലൂക്കാ 22 /42) ദൈവതിരുമനസ് അംഗീകരിക്കുക എന്ന കാര്യം സംഭവിക്കണമെങ്കില്‍ ഒരു വ്യക്തി വിനീതഹൃദയനായി തീരണം.
അയാള്‍ക്ക് മറ്റൊരു ലക്ഷ്യവുമില്ല. ദൈവഹിതം നിറവേറണം, ദൈവതിരുനാമം മഹത്വപ്പെടണം. ഒന്നാലോചിച്ചാല്‍, വിശുദ്ധിയില്‍ ജീവിക്കുക എന്ന് പറഞ്ഞാല്‍ ഈ വഴിയിലൂടെ നടക്കുക എന്നതാണ്. ഞാന്‍ഭാവം നിറഞ്ഞ ഒരു വ്യക്തിക്ക് ഈ പാത തികച്ചും ദുഷ്‌കരമായി തോന്നും. അതുകൊണ്ടാണ് യേശു പറഞ്ഞത്, മാനസാന്തരപ്പെടണം, മനസുമാറിയാല്‍ എല്ലാമായി. വിനീതഹൃദയന്‍ ശിശുവിന്റെ മനസ്സുള്ളവനാണ്. ഒരു ശിശുവിന് അപ്പനാണ് എല്ലാം. അതിന് അപ്പന്റെ സ്വത്തെല്ലാം സ്വന്തമാണ്. ഉത്കണ്ഠാരഹിതമായ ജീവിതം നയിക്കുന്ന ഒരു ശിശുവിനെപ്പോലെ ആകാം നമുക്കും. ക്ഷണികമായ ഈ ജീവിതം എന്തിന് ഭാരപ്പെട്ടും ക്ലേശിച്ചും തള്ളി നീക്കണം?
ദൈവപിതാവിനോടൊപ്പം ആനന്ദഭരിതനായി ജീവിക്കാനുള്ള കൃപക്കായി പ്രാര്‍ത്ഥിക്കാം: എന്റെ യേശുവേ, അവിടുന്ന് ആശ്വാസത്തിന്റെ ഉറവിടമാണല്ലോ. ക്ലേശങ്ങള്‍ നിറഞ്ഞ എന്റെ ജീവിതയാത്രയില്‍ എന്നെ അങ്ങയുടെ അടുത്തേക്ക് വിളിക്കണമേ. അങ്ങയുടെ സവിശേഷമായ ഗുണങ്ങള്‍ എന്നിലേക്ക് ചൊരിഞ്ഞ് എന്നെ മാറ്റിയാലും. ലോകത്തിന് നല്‍കുവാനും എന്നാല്‍ എടുത്തു മാറ്റുവാനും സാധിക്കാത്ത ആശ്വാസത്താല്‍ എന്റെ മനസിനെ എന്നും കാത്തുകൊള്ളണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ ഔസേപ്പിതാവേ, ക്ലേശങ്ങളുടെ ഇടയിലും നിങ്ങള്‍ അനുഭവിച്ച അതേ ആശ്വാസം ഞാനും അനുഭവിക്കട്ടെ. അതിനായി എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
കെ.ജെ. മാത്യു