ടീച്ചര്‍ ക്ലാസ്സില്‍ കാന്തങ്ങളെക്കുറിച്ചു പഠിപ്പിച്ച ഒരു ദിവസം. എനിക്ക് അത് വലിയ അത്ഭുതമായി തോന്നി. അന്ന് വൈകുന്നേരം വീട്ടില്‍ ആന്റിയും കുടുംബവും വന്നു. എനിക്കു വലിയ സന്തോഷം. ടീച്ചര്‍ പഠിപ്പിച്ചുതന്ന ‘വലിയ അത്ഭുതം’ അവരെ കാണിച്ച് അതിശയിപ്പിക്കണം. അതായി പിന്നത്തെ ലക്ഷ്യം. ഞാന്‍ രണ്ട് കാന്തമൊക്കെ സംഘടിപ്പിച്ച് ഒരു പേപ്പറിനു താഴെ വളരെ രഹസ്യമായി പിടിച്ചു. ആന്റിയുടെയും അങ്കിളിന്റെയും അടുത്തുചെന്ന് പേപ്പറിനു മുകളില്‍ രണ്ട് സേഫ്റ്റി പിന്നുകള്‍ വച്ച് കാന്തം ചലിപ്പിച്ചു തുടങ്ങി. അതിനനുസരിച്ച് പിന്നുകളും ചലിക്കുന്നു! അവര്‍ ‘വണ്ടറടിക്കുന്നതു’ കാണാന്‍ മുഖത്തേക്കു നോക്കിയപ്പോള്‍ എല്ലാവരും ചിരിയോടു ചിരി. ആന്റി പറഞ്ഞു, ‘ഇതു കാന്തമല്ലേ!’
വര്‍ഷങ്ങള്‍ക്കുശേഷം, ഈ സംഭവം വീണ്ടും മനസ്സിലേക്കു വന്നു. വീടിനോടു ചേര്‍ന്ന് ആന്റിയുടെ ഭര്‍ത്താവിന് ഇലക്‌ട്രോണിക്‌സ് കടയുണ്ട്. അവര്‍ക്കു മുന്നിലാണല്ലോ എന്റെ ‘കണ്ടുപിടുത്തം’ അവതരിപ്പിച്ചത് എന്നോര്‍ത്തപ്പോള്‍ ഞാന്‍ അന്ന് പരിസരം മറന്നു ചിരിച്ചുപോയി. എന്നാല്‍, അതോടൊപ്പം മനസ്സില്‍ മറ്റൊരു ചിന്തകൂടി ഉയര്‍ന്നുവന്നു. മനുഷ്യന്റെ വലിയ കണ്ടുപിടുത്തങ്ങളും അംബരചുംബികളായ കെട്ടിടങ്ങളുമെല്ലാം ദൈവത്തിനുമുമ്പില്‍ എത്രയോ നിസ്സാരങ്ങളാണ്.
പലപ്പോഴും ഇതെല്ലാം വലിയ നേട്ടങ്ങളെന്ന് നമ്മള്‍ അഹങ്കരിക്കുമ്പോള്‍ ഇലക്‌ട്രോണിക്‌സ് കടയുടമയുടെ മുന്നില്‍ കാന്തത്തിന്റെ അത്ഭുതശക്തി കാണിക്കാന്‍പോയ കുട്ടിയെപ്പോലെയാവുകയല്ലേ നമ്മള്‍! അതിനുപകരം സര്‍വ്വജ്ഞാനിയായ അവിടുന്നില്‍ കൂടുതല്‍ ശരണപ്പെട്ടിരുന്നെങ്കില്‍… ”അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്? എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു ” (സങ്കീര്‍ത്തനങ്ങള്‍ 8:4-5)
അനു ജസ്റ്റിന്‍