നേരില്‍ കാണുമ്പോള്‍ കൂടുതല്‍ സന്തോഷത്തിന്…

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം നൂറ്റാണ്ടുകളായി തിരുസഭയിലുണ്ടായിരുന്ന ഒരു രീതിയായിരുന്നെങ്കിലും സാധാരണ വിശ്വാസികള്‍ക്ക് അത് ഏറെ പരിചിതമായത് ഈ കൊറോണക്കാലത്താണ്. അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിനായി താഴെ കൊടുക്കുന്ന പ്രാര്‍ത്ഥന ഉരുവിട്ട് ഈശോയെ ഹൃദയത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരും.

ഓ എന്റെ ഈശോയേ, പരിശുദ്ധ കുര്‍ബാനയില്‍ അങ്ങ് സത്യമായും എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തിലെ എല്ലാ വസ്തുക്കളെയും കാള്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുകയും എന്റെ ആത്മാവില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്ക് സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാന്‍ അങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണമായി ഐക്യപ്പെടുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങയില്‍നിന്ന് അകന്നുപോകാന്‍ എന്നെ അനുവദിക്കരുതേ, ആമ്മേന്‍.

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയാണ് അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിനായുള്ള ഈ പ്രാര്‍ത്ഥന രചിച്ചത്. അല്‍ഫോന്‍സ് ലിഗോരിമാത്രമല്ല മറ്റനേകം വിശുദ്ധര്‍ ദിവസത്തില്‍ പല തവണ അരൂപിയില്‍ യേശുവിനെ സ്വീകരിക്കുമായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മ ദിവസത്തില്‍ 30 തവണയാണ് അരൂപിക്കടുത്ത ദിവ്യകാരുണ്യസ്വീകരണം നടത്തിയിരുന്നതത്രേ. കുരിശിന്റെ വാഴ്ത്തപ്പെട്ട അഗാത്തയാകട്ടെ ദിനവും 200 പ്രാവശ്യവും.

ദിവസത്തില്‍ മൂന്ന് തവണയെങ്കിലും അരൂപിക്കടുത്ത ദിവ്യകാരുണ്യസ്വീകരണം നടത്താനാണ് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നിര്‍ദേശിക്കുന്നത്, പ്രഭാതത്തിലും മധ്യാഹ്നത്തിലും രാത്രിയിലും. ദിവസത്തില്‍ എത്ര തവണ വേണമെങ്കിലും ഇപ്രകാരം യേശുവിനെ സ്വീകരിക്കാമെന്നും വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇതിന്റെ ശക്തിമത്തായ ഫലങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ട് ആവിലായിലെ വിശുദ്ധ തെരേസ പറയുന്നത് ഇപ്രകാരമാണ്, ”നിങ്ങള്‍ ദിവ്യകാരുണ്യം സ്വീകരിക്കുകയോ വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ലെങ്കിലും അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാം. അത് വളരെ അനുഗ്രഹപ്രദമാണ്, കാരണം അതുവഴി ദൈവസ്‌നേഹം നിങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കും.”

യഥാര്‍ത്ഥ ദിവ്യകാരുണ്യസ്വീകരണത്തിന് തുല്യമല്ല അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണമെങ്കിലും കൂദാശയില്‍ ഈശോയെ സ്വീകരിക്കാനുള്ള ആഗ്രഹമുണര്‍ത്താന്‍ ഇതിന് കഴിയും. മാത്രവുമല്ല നാം അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഈശോയെ വീണ്ടും നേരില്‍ കണ്ടുമുട്ടുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അതെത്ര സന്തോഷപ്രദമായിരിക്കും! അതിനാല്‍ ദിവ്യബലികളിലേക്ക് നാം തിരിച്ചെത്തുമ്പോഴും അരൂപിക്കടുത്ത ദിവ്യകാരുണ്യസ്വീകരണമെന്ന രീതി വിട്ടുകളയരുതേ…


ഫാ. ക്വാംഗ് ഡി ട്രാന്‍ എസ്.ജെ.

 

Leave a Reply

Your email address will not be published. Required fields are marked *