പലവിചാരങ്ങള്‍ക്ക് ഒരു കടിഞ്ഞാണ്‍

ബാഹ്യമായ പുറംചട്ടയ്ക്കകത്തായി നമുക്ക് നിഗൂഢമായ ഒരു ജീവിതമുണ്ട്. അതാണ് ആന്തരികമായ ജീവിതം. ചിലര്‍ സ്വാഭാവികവാസനകൊണ്ടോ അഹങ്കാരം, ദുരാശ, അത്യാഗ്രഹം മുതലായവകൊണ്ടോ ചെയ്യുന്നത് മറ്റ് ചിലര്‍ വിശുദ്ധമായ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി, ദൈവമഹത്വത്തിനായും മിശിഹായോടുള്ള സ്‌നേഹത്തെപ്രതിയും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും മറ്റും ചെയ്യുന്നു. ഇപ്രകാരമാണ് ഒറ്റനോട്ടത്തില്‍ മനുഷ്യജീവിതത്തിന് അന്തസും ഓജസും കൈവരുന്നത്.

സകലതിനും വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഉണ്ട്. പ്രാര്‍ത്ഥിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ജീവിക്കുന്നതിനും സഹിക്കുന്നതിനും എല്ലാം പ്രത്യേക മാര്‍ഗങ്ങള്‍. ബാഹ്യമായ മാര്‍ഗങ്ങളല്ല, ആന്തരികമായ മാര്‍ഗങ്ങള്‍. ഇത് നമ്മുടെ ആത്മാവിലും ഓരോ പ്രവൃത്തിയിലും പതിക്കുന്ന പ്രത്യേകമായ അടയാളമാണ്. എന്നാല്‍ പ്രാര്‍ത്ഥനാപരമായ ജീവിതം ശ്രേഷ്ഠമാണെങ്കിലും നമ്മുടെ ജീവിതാന്തസിനടുത്ത ബാഹ്യപ്രവര്‍ത്തനങ്ങളെ നാം വേണ്ടെന്നുവയ്ക്കരുത്. രണ്ട് തരത്തിലുള്ള ജീവിതവും ഒരേ തരത്തില്‍ ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കും. വിശുദ്ധ അമ്മത്രേസ്യ ആവിലായിലെ മഠത്തിലായിരിക്കുമ്പോള്‍ മദര്‍ ജനറല്‍ എന്ന നിലയില്‍ വളരെയധികം ജോലികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മറ്റുള്ളവരോടൊപ്പം അടുക്കളയില്‍ ജോലി ചെയ്തിരുന്നു.

വിശുദ്ധ, അടുക്കളയില്‍ ജോലി ചെയ്തിരുന്നത് മറ്റ് എല്ലാ സഹോദരികള്‍ക്കും സന്തോഷമായിരുന്നു. മലഗണിലെ മഠംപണി നടക്കുമ്പോള്‍ പണിക്കാരുടെ കൂട്ടത്തിലും അമ്മത്രേസ്യ ജോലി ചെയ്തിരുന്നുവത്രേ. എന്നിട്ടും ആധ്യാത്മികജീവിതത്തില്‍ അമ്മത്രേസ്യ എത്രയധികം ഉന്നതി പ്രാപിച്ചിരുന്നു! തന്റെ ജീവിതാവസ്ഥയ്ക്കനുയോജ്യമായ പ്രവൃത്തികളില്‍നിന്ന് ഒരാള്‍ ഒഴിഞ്ഞുനില്‍ക്കുന്ന പക്ഷം അയാള്‍ക്ക് ആന്തരികജീവന്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല.

പ്രാര്‍ത്ഥനാപരമായ ജീവിതത്തിന് ആന്തരികജീവിതവുമായി സാമ്യമുണ്ട്. അര മണിക്കൂറോ ഒരു മണിക്കൂറോ ധ്യാനം നടത്തിയതുകൊണ്ടുമാത്രമായില്ല നമ്മള്‍ ദിവസം മുഴുവന്‍ പ്രാര്‍ത്ഥിക്കണം. പ്രഭാതത്തിലെ ധ്യാനവും മറ്റ് സുകൃതാഭ്യാസങ്ങളും കഴിഞ്ഞാല്‍ ദൈവത്തെ മറന്ന് ബഹുവിധ കാര്യങ്ങളില്‍ വ്യഗ്രതപ്പെട്ട് സമയം കഴിക്കാമെന്ന് വിചാരിക്കുന്നത് അര്‍ത്ഥശൂന്യമാണ്. പല വലിപ്പുകളുള്ള മേശയുണ്ടാക്കി ഓരോന്നിലും ഓരോ പ്രത്യേക കാര്യങ്ങളെപ്പറ്റിയുള്ള രേഖകള്‍ സൂക്ഷിക്കുന്നതിന് സദൃശമായിരിക്കും അത്. ഇത് ദൈവത്തിന്, ഇത് എനിക്ക്, ഇത് ലോകത്തിന്, ഇത്രയും ഭക്താഭ്യാസങ്ങള്‍ക്ക്, ഇത്രയും പണമുണ്ടാക്കാന്‍, ഇത്രയും വിശ്രമത്തിന് എന്നിങ്ങനെ.  എന്നാല്‍ നേരെ മറിച്ച് വിവിധ രേഖകളാണെങ്കിലും എല്ലാം മഷികൊണ്ടുള്ളതാണെന്നപോലെ പ്രാര്‍ത്ഥനാപരമായ ജീവിതം എല്ലാ പ്രവൃത്തികളിലും അലിഞ്ഞുചേരണം.

പ്രാര്‍ത്ഥന- മാനസികപ്രാര്‍ത്ഥനയും വാചികപ്രാര്‍ത്ഥനയും -നമ്മുടെ ശരീരത്തില്‍ക്കൂടി എപ്രകാരം രക്തം ഒഴുകിക്കൊണ്ടിരിക്കുന്നുവോ അതുപോലെ നമ്മുടെ ആത്മാവില്‍ ഒഴുകിക്കൊണ്ടിരിക്കണം. രാവിലെയും ആരാധനാസമയത്തും മറ്റും നടത്തുന്ന കൃത്യമായ ധ്യാനം തുടര്‍ച്ചയായി എപ്പോഴും നടത്താന്‍ പ്രയാസമായിരിക്കും. എന്നാല്‍ അത്ര കണിശമല്ലാത്ത ഒരു ധ്യാനാരൂപി, ഒരു നിരന്തര പ്രാര്‍ത്ഥന, നമ്മുടെ എല്ലാ പ്രവൃത്തികളിലും സങ്കലിതമാകണം. സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞാലുടനെ നാം സൂര്യനെ നേരിട്ടു കാണുന്നില്ലെങ്കിലും ഒരു പ്രകാശവും ചൂടും നമുക്ക് അനുഭവപ്പെടുന്നുണ്ട്. ഏതാണ്ട് ഇതുപോലെ കൃത്യമായ ധ്യാനം കഴിഞ്ഞും ആത്മാവില്‍ ആ താപം നമ്മെ ദൈവോന്‍മുഖമാക്കണം. ധ്യാനം ദൈവത്തോടുള്ള ഒരു സ്‌നേഹസംഭാഷണമാണ് അതിനാല്‍ ധ്യാനം കഴിഞ്ഞും ദൈവത്തോട് അല്പാല്പം കൊച്ചുവര്‍ത്തമാനം പറയുന്നത് നല്ലതല്ലേ?

ദൈവസാന്നിധ്യസ്മരണ, സ്‌നേഹവികാരങ്ങള്‍, പ്രാര്‍ത്ഥന, പ്രതിജ്ഞ മുതലായവയാണ് ധ്യാനത്തിന്റെ അത്യാവശ്യഘടകങ്ങള്‍. ദൈവസാന്നിധ്യസ്മരണ ഏറ്റവും പ്രധാനമാണ്. നമ്മുടെ എല്ലാ പ്രവൃത്തികളോടുമൊപ്പം ദൈവസാന്നിധ്യസ്മരണ പാലിക്കുക. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന് നമ്മുടെ ആത്മാവിനെ തയാറാക്കി നിര്‍ത്തിക്കൊണ്ടിരിക്കുക. നമ്മുടെ ഹൃദയമാകുന്ന സുഗന്ധബലിപീഠത്തില്‍നിന്ന് ആരാധനയുടെയും കൃതജ്ഞതയുടെയും എളിമയുടെയും വിശ്വാസത്തിന്റെയും മനസ്താപത്തിന്റെയും സുഗന്ധം ദൈവത്തിലേക്ക് സദാ ഉയര്‍ത്തിക്കൊണ്ടിരിക്കുക.
ഇത് സുകൃതജപങ്ങളുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കും. എന്റെ കര്‍ത്താവേ, എന്റെ ദൈവമേ… എന്റെ ഈശോ, എന്റെ സ്‌നേഹമേ… എന്നിങ്ങനെയുള്ള സുകൃതജപങ്ങളാകാം. അങ്ങനെ ദൈവവുമായുള്ള സ്‌നേഹസംഭാഷണം തുടരുന്നു.

വിജനപ്രദേശത്തുകൂടി സ്വപിതാവിനൊപ്പം യാത്ര ചെയ്യുന്ന കുട്ടി ഇടയ്ക്കിടെ പിതാവിനോട് ഓരോന്ന് ചോദിക്കുകയും പറയുകയും വഴിക്ക് കാണുന്ന പുഷ്പങ്ങളോ കായ്കളോ പറിച്ച് പിതാവിന് വല്കുകയും ആ കൈയില്‍ തൂങ്ങി നടക്കുകയും ചെയ്യുന്നതുപോലെ…
ബുദ്ധിമുട്ടുകള്‍, പ്രലോഭനങ്ങള്‍, വീഴ്ചകള്‍, ആത്മീയവും ശാരീരിരികവുമായ ആവശ്യങ്ങള്‍ എല്ലാം ആന്തരിക പ്രാര്‍ത്ഥനയ്ക്കുള്ള അവസരങ്ങളാണ്. ധ്യാനസമയത്ത് ചെയ്ത പ്രതിജ്ഞകളെ ദിവസത്തില്‍ പല തവണ ഓര്‍മിച്ച് നവീകരിക്കണം. അതിനനുസരണമായി ജീവിക്കാനും ശ്രമിക്കണം. അങ്ങനെ നാം നമ്മുടെ പ്രാര്‍ത്ഥന ജീവിക്കണം. ദൈവത്തെപ്പറ്റി ഓര്‍ക്കുകപോലും ചെയ്യാതെ ബഹുവിധ കാര്യങ്ങളില്‍ വ്യഗ്രതപ്പെട്ടിരിക്കുന്ന ആളിന് ധ്യാനിക്കാന്‍ പോയിരുന്നാലും പലവിചാരങ്ങളാണുണ്ടാകുക. പലവിചാരങ്ങളെ കടിഞ്ഞാണിടാന്‍ സാധിക്കണമെങ്കില്‍ പ്രാര്‍ത്ഥനാപരമായ ജീവിതം നയിക്കുകതന്നെ വേണം

 

Leave a Reply

Your email address will not be published. Required fields are marked *