മാതാവിന്റെ കാര്യത്തില്‍ ഈശോയേ, എനിക്ക് ഒരുത്തരം വേണം !

ഒരു തീര്‍ത്ഥയാത്ര കഴിഞ്ഞുള്ള മടക്കം. ബസില്‍ എന്റെ കൂടെയുള്ളവരെല്ലാം നല്ല ഉറക്കമാണ്. എന്നാല്‍ എന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. കണ്ടുകൊണ്ടിരുന്ന വീഡിയോയാണ് ആ ആനന്ദക്കണ്ണീരിന് കാരണം. ഹിന്ദുവായിരിക്കേ പെന്തക്കുസ്ത സമൂഹത്തിലേക്ക് പോയി പിന്നീട് കത്തോലിക്ക സഭയിലേക്ക് തിരിച്ചു വന്ന മരിയ എന്ന പെണ്‍കുട്ടിയുടെ ‘യഥാര്‍ത്ഥ പെന്തക്കുസ്ത’ എന്ന വീഡിയോ ആയിരുന്നു അത്. മരിയയോട് ഈശോ മാതാവിനെക്കുറിച്ചും ജപമാലയെക്കുറിച്ചും പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കു വേണ്ടി മാത്രമാണ് ആ സമയത്ത് ആ വീഡിയോ പ്ലേ ചെയ്തത് എന്ന് തോന്നി. കരഞ്ഞുകൊണ്ടുതന്നെ ആ വീഡിയോ കണ്ടുതീര്‍ത്തു.

കാരണം കോളേജ് പഠനകാലത്ത് പരിശുദ്ധ അമ്മയോടുള്ള ബന്ധം മുറിഞ്ഞിരുന്നു, ഒപ്പം ദൈവവിശ്വാസവും നഷ്ടമായി. എന്റെ ബാല്യത്തില്‍ സാധാരണ കത്തോലിക്ക കുടുംബങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ ഞങ്ങളുടെ കുടുംബത്തിലും ജപമാല പ്രാര്‍ത്ഥിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലായിരിക്കാം, കോളേജ് പഠനകാലത്ത് ഒരു പരീക്ഷയുടെ റിസല്‍ട്ട് അറിയാന്‍ വൈകിയപ്പോള്‍ തോറ്റു പോയി എന്നു കരുതി അങ്ങനെയാവല്ലേ എന്നു മാതാവിനോട് മനസ്സു നൊന്ത് പ്രാര്‍ത്ഥിച്ചു. റിസല്‍ട്ടറിഞ്ഞപ്പോള്‍ ഞാന്‍ വിജയിച്ചിരുന്നു. എന്നാല്‍ അതില്‍ ദൈവമാതാവിന്റെ ഇടപെടല്‍ ഉണ്ടായി എന്നൊന്നും സമ്മതിക്കാന്‍ മനസ്സ് വന്നില്ല.
പിന്നീട് പഠനത്തിനു ശേഷം ജോലിയിലേക്കും വിവാഹജീവിതത്തിലേക്കും പ്രവേശിച്ചു. ആയിടയ്ക്ക് എന്റെ ഇളയ സഹോദരിക്ക് പാന്‍ക്രിയാസില്‍ കാന്‍സര്‍ പിടിപെട്ടു. ശരീരത്തില്‍ വ്യാപിച്ചു തുടങ്ങിയിരുന്നു. വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാനില്ലെന്നു മനസ്സിലായപ്പോള്‍ പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞു. ശാലോം ടി.വി കാണാന്‍ തുടങ്ങി. ദൈവത്തിനു മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്ന തോന്നലിലാണങ്ങനെ ചെയ്തത്.

എന്നാല്‍ ആ സമയത്തും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചിരുന്നില്ല. കൂടെ ജോലി ചെയ്തിരുന്ന, പെന്തക്കുസ്ത സമൂഹത്തിലേക്ക് പോയ, ഒരു വ്യക്തിയുടെ സ്വാധീനം മാതാവിനോട് പ്രാര്‍ത്ഥിക്കുന്നതിന് വലിയ തടസമായി മാറി.
കാന്‍സര്‍ ബാധിച്ച എന്റെ അനിയത്തിയും ഭര്‍ത്താവും ധ്യാനത്തില്‍ പങ്കെടുക്കുകയും ദൈവാനുഭവത്തിലേക്ക് വരികയും ചെയ്തു. അവള്‍ എന്നോടും ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് സൂചിപ്പിച്ചു. എന്നാല്‍ ധ്യാനത്തില്‍ പങ്കെടുക്കേണ്ട കാര്യമൊന്നും എനിക്കില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒന്നര വര്‍ഷത്തിനിടയില്‍ കാന്‍സര്‍ ബാധിച്ച എന്റെ സഹോദരി മരിച്ചു. അതിനു ശേഷം ഞാന്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കാനിടയായി. അതിലൂടെ ശക്തമായ മാനസാന്തരാനുഭവം തന്ന് ദൈവമെന്നെ അനുഗ്രഹിച്ചു. തുടര്‍ന്ന് വീട്ടില്‍ കുടുംബ പ്രാര്‍ത്ഥനയും ജപമാലയുമൊക്കെ ആരംഭിച്ചു.

വീണ്ടും ഒരു പ്രശ്‌നം

അങ്ങനെയിരിക്കേ വീണ്ടും ഒരു പ്രശ്‌നം പൊങ്ങിവന്നു. പൈശാചിക പീഡകളില്‍ നിന്നും വിടുതല്‍ ലഭിക്കുന്നതിനെപ്പറ്റി ഒരു ലേഖനം ഇന്റര്‍നെറ്റില്‍ വായിക്കുകയായിരുന്നു ഞാന്‍. ദീര്‍ഘമായ ആ ലേഖനം വളരെ നന്നായി തോന്നി. എന്നാല്‍ വായിച്ച് അവസാനമെത്തിയപ്പോള്‍ പിശാച് നമ്മുടെ ജിവിതത്തിലേക്ക് കടന്നു വരുന്നതിന് ഒരു കാരണം മേരിയോടുള്ള (മാതാവിനോടുള്ള) പ്രാര്‍ത്ഥനയാണെന്ന് എഴുതിയത് ഞാന്‍ ശ്രദ്ധിച്ചു. അതോടെ വീണ്ടും വലിയ സംശയമായി. മാതാവിനോട് പ്രാര്‍ത്ഥിക്കുന്നത് ശരിയാണോ എന്ന് വ്യക്തമായ ഉത്തരം തരണമേ എന്ന് അന്ന് ഞാന്‍ ഈശോയോട് പ്രാര്‍ത്ഥിച്ചു.

അതിനടുത്ത ദിവസങ്ങളില്‍, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട കഞ്ചിക്കോട്ടുള്ള റാണി ചേച്ചിയുടെ ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. അവിടെ നിന്ന് തിരിച്ചു വരുമ്പോഴായിരുന്നു തുടക്കത്തില്‍ പരാമര്‍ശിച്ച വീഡിയോ കണ്ടത്. ആ അനുഭവം എന്നെ ആഴത്തില്‍ തൊട്ടു. അന്നുതൊട്ട് ജപമാല പ്രാര്‍ത്ഥനയ്ക്കുള്ള തടസ്സങ്ങളൊക്കെ മാറുകയായിരുന്നു.

അടുത്ത പടി

ധ്യാനത്തില്‍ പങ്കെടുത്ത് കുറച്ചു വര്‍ഷങ്ങള്‍ ആത്മീയാനന്ദം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആത്മീയമായ വരള്‍ച്ച അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് 33 ദിവസം പ്രാര്‍ത്ഥിച്ചൊരുങ്ങി നടത്തുന്ന വിമലഹൃദയ പ്രതിഷ്ഠ നടത്തിയത്. ആ സമയങ്ങളില്‍ ആത്മീയമായ ഒരു ഉണര്‍വ് മനസ്സിലായി. വീണ്ടും മൂന്ന് പ്രാവശ്യത്തോളം കൂടി വിമലഹൃദയ പ്രതിഷ്ഠ പുതുക്കി. അതോടെ വീണ്ടും ആത്മീയമായ ഉണര്‍വ് പ്രകടമായിത്തുടങ്ങി.
ചില ഗ്രന്ഥങ്ങളും എന്റെ ആത്മീയജീവിതത്തില്‍ സഹായമായി. ഈശോയെ കണ്ടുമുട്ടിയ ബാലന്‍ എന്ന പുസ്തകമാണ് അതിലൊന്ന്. അതില്‍ ഈശോയെ പലതവണ കണ്ട ആഫ്രിക്കയിലെ സെഗതാഷ്യയെ പറ്റി പറയുന്നുണ്ട്. മാതാവിനെയും സെഗതാഷ്യ കണ്ടിരുന്നു. മാതാവിനെ കണ്ടപ്പോഴുണ്ടായ ആ മാതൃസ്‌നേഹാനുഭവത്തെപ്പറ്റി സെഗതാഷ്യ പറയുമ്പോള്‍ മാതാവിന്റെ സാന്നിധ്യം നാമും കൊതിച്ചു പോകും.

അതേ ഗ്രന്ഥകാരന്റെ വേറൊരു പുസ്തകമാണ് കിബേഹോയിലെ മാതാവ് (Our Lady of Kibeho) സെഗതാഷ്യയുടെ സമയത്തു തന്നെ ജീവിച്ചിരുന്ന അവിടെയുള്ള 3 പെണ്‍കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെടുന്നതാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. അത് വായിക്കുമ്പോള്‍ മാതാവിനോട് വലിയ ബഹുമാനവും സ്‌നേഹവും തോന്നും.  ഇതുകൂടാതെ, മെഡ്ജുഗോറിയയിലെ ദര്‍ശനം സ്വീകരിച്ചിരുന്ന ആറ് കുട്ടികളില്‍ ഒരാളായ മിര്‍ജാനയുടെ ‘എന്റെ ഹൃദയം വിജയിക്കും’ (My Heart will Triumph) എന്ന ഗ്രന്ഥവും എന്നെ വളരെയധികം സ്വാധീനിച്ചു. അത് വായിക്കുമ്പോള്‍ സ്വര്‍ഗീയ സന്തോഷം നമ്മില്‍ നിറയും. ഈ സ്വര്‍ഗീയ അമ്മയുടെ കരം പിടിച്ച് ഒരു കുഞ്ഞിനെപ്പോലെ സ്വര്‍ഗം ലക്ഷ്യമാക്കി നീങ്ങാനാണ് എന്റെ ആഗ്രഹം.


ഡോ. സജി കുര്യാക്കോസ്‌

Leave a Reply

Your email address will not be published. Required fields are marked *