ഡോക്ടറാകാതെ’ഡോക്ടറായ’പുണ്യവതി

വാഴ്ത്തപ്പെട്ട ബെനദെത്താ ബിയാഞ്ചി പൊറോയുടെ ജീവിതകഥ അപൂര്‍വമാണ്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവള്‍ക്ക് പോളിയോ ബാധിച്ചു. എങ്കിലും വൈദ്യശാസ്ത്രത്തോടും അതിലുപരി ദൈവത്തോടുമുള്ള തീക്ഷ്ണമായ അഭിനിവേശം തന്റെ മനസ്സില്‍ അവള്‍ കൊണ്ടു നടന്നു. അങ്ങനെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായി. ആ സമയത്ത് അവള്‍ക്ക് കേള്‍വിക്കുറവ് അനുഭവപ്പെട്ടിരുന്നു. അതുമൂലം പ്രൊഫസറുടെപോലും അവഹേളനം നേരിടേണ്ടിവന്നു. എന്നാല്‍ കണ്ടു നിന്നവര്‍ക്കു പോലും ഹൃദയവേദന ഉളവാക്കിയ ആ സംഭവത്തില്‍ തന്റെ പ്രൊഫസര്‍ക്കെതിരെ ഒരു മോശം പരാമര്‍ശം പോലും ബെനദെത്തായില്‍നിന്നുണ്ടായില്ല.
അവള്‍ക്ക് ശാരീരികതളര്‍ച്ചയും അക്കാലത്ത് അനുഭവപ്പെട്ടിരുന്നു. പക്ഷേ, മാനസിക കാരണങ്ങളാലുണ്ടാകുന്നതായി വൈദ്യശാസ്ത്രം വിധിയെഴുതിയ തന്റെ ശാരീരിക തളര്‍ച്ച, വോണ്‍റേക്കലിംഗ്ഹാസെന്‍സ് എന്ന രോഗമാണെന്ന് ബെനദെത്താ പിന്നീട് സ്വയം കണ്ടെത്തി. രോഗമൂര്‍ച്ഛയില്‍ തന്റെ ഇന്ദ്രിയങ്ങളെല്ലാം പ്രവര്‍ത്തനരഹിതമാകുമെന്നും അവള്‍ മനസിലാക്കി.
രോഗം വ്യാപിച്ചപ്പോള്‍ മുടി ക്ഷൗരം ചെയ്യേണ്ടതായി വന്നു. തദവസരത്തില്‍ അവളുടെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു: ”ഞാന്‍ രോമം കത്രിക്കപ്പെടുന്ന കുഞ്ഞാടാണെന്ന് എനിക്കനുഭവപ്പെടുന്നു. എന്നെ അങ്ങയുടെ കൈയ്യിലെ വിധേയത്വമുള്ള ഒരു കുഞ്ഞാടാക്കി മാറ്റേണമേ.” രോഗം മൂര്‍ഛിച്ചതിനാല്‍ വൈദ്യശാസ്ത്രപഠനം പൂര്‍ത്തിയാക്കാന്‍ ബെനദെത്തായ്ക്കു സാധിച്ചില്ല. എല്ലാം ദൈവപദ്ധതിയാണെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. 1964 ജനുവരി 23-നായിരുന്നു നിത്യസമ്മാനത്തിനായി യാത്രയായത്. മരണസമയത്തും അവളുടെ ചുണ്ടുകളില്‍ നിന്നും നേര്‍ത്ത ശബ്ദത്തില്‍ ഒരു വാക്ക് പുറപ്പെട്ടു, ”നന്ദി….”
മെഡിക്കല്‍ വിദ്യാഭാസം പൂര്‍ത്തിയാക്കാതെ, താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഒരു സ്ത്രീയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് സ്വന്തം രോഗം കണ്ടെത്തിയ വാഴ്ത്തപ്പെട്ട ബെനദെത്താ വൈദ്യശാസ്ത്രത്തിലെ അത്ഭുത പ്രതിഭാസമായി ഇന്നും കണക്കാക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *