പരിശുദ്ധാത്മാവിനെ വീഴ്ത്തിയ കഥ

 

പിതാവായ ദൈവത്തോടും ഈശോയോടും മാതാവിനോടുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എനിക്ക് അവരോട് വളരെ സ്‌നേഹവും അടുപ്പവും തോന്നിയിരുന്നു. മാത്രമല്ല അവരുടെ സ്‌നേഹവും സാമീപ്യവും ആവോളം ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവിനോടാകട്ടെ ചെറുപ്പത്തില്‍ വേദപാഠ ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പാടുന്ന ഗാനംമാത്രമായിരുന്നു ഞാന്‍ നടത്തിയിരുന്ന പ്രാര്‍ത്ഥന. ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍….’
നാലോ അഞ്ചോ വര്‍ഷമേ ആയുള്ളൂ പരിശുദ്ധാത്മാവിനെപ്പറ്റി കൂടുതല്‍ അറിയാനും പ്രാര്‍ത്ഥിക്കാനും തുടങ്ങിയിട്ട്. പരിശുദ്ധാത്മാവിന്റെ പ്രതീകം പ്രാവും തീയും ഒക്കെയാണല്ലോ. അതുകൊണ്ട് ഞാന്‍ ഈശോയോട് പറഞ്ഞു, ഈശോയേ, പ്രാവിനെയും അഗ്നിയെയും ഞാന്‍ എങ്ങനെയാണ് പരിശുദ്ധാത്മാവാണെന്ന് ഭാവനകണ്ട് പ്രാര്‍ത്ഥിക്കുന്നത്? എന്റെ സഹായാഭ്യര്‍ത്ഥന കേട്ട് യേശു എന്നോട് പറഞ്ഞു, ”നീ യോഹന്നാന്‍ 14: 8,9 വായിക്കുക.” അതിപ്രകാരമായിരുന്നു-”പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി.
യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?”
യേശു തുടര്‍ന്നു, ”നിനക്ക് ഇതില്‍നിന്നും എന്ത് മനസ്സിലായി? എന്റെ ഛായതന്നെയാണ് പിതാവിന് ഉള്ളത്. അതുപോലെതന്നെയാണ് പരിശുദ്ധാത്മാവിനും. ഞങ്ങള്‍ ഒന്നാണ്, പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ്.”
ഞാനങ്ങനെ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പക്ഷേ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ചിട്ടും അവിടുത്തെ സ്‌നേഹമോ സാമീപ്യമോ എനിക്ക് അനുഭവവേദ്യമായില്ല. എനിക്ക് നിരാശ തോന്നിയെങ്കിലും ഞാന്‍ കൊന്ത ചൊല്ലി മാതാവിന്റെ സഹായം തേടാന്‍ തീരുമാനിച്ചു. എന്നിട്ട് പരിശുദ്ധാത്മാവിനോട് ഇങ്ങനെ പറഞ്ഞു, ”പരിശുദ്ധാത്മാവേ, ഞാന്‍ പാപിയും ബലഹീനയും കുറവുകളുള്ളവളും ഒക്കെയാണ്, ശരി തന്നെ. പക്ഷേ എന്നെ ഓര്‍ത്തല്ല തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം എന്നെ അത്രമാത്രം സ്‌നേഹിച്ച പിതാവിന്റെ സ്‌നേഹത്തെ ഓര്‍ത്ത് പ്ലീസ് പരിശുദ്ധാത്മാവേ, എന്നെ ഒന്ന് സഹായിക്കണമേ. അങ്ങ് എന്നെ കരുതിയില്ലെങ്കില്‍ പിതാവിന്റെ സ്‌നേഹവും യേശുവിന്റെ പീഡാസഹനവും കുരിശുമരണവും പരിശുദ്ധ അമ്മ എനിക്ക് വേണ്ടി ഒഴുക്കിയ രക്തകണ്ണീരും പാഴായി പോകും.
പിതാവിന്റെ ആഗ്രഹം പിതാവിനെ സ്‌നേഹിക്കണമെന്നും വിശുദ്ധയാകണമെന്നും അവിടുത്തെ ഹിതം നിറവേറ്റണമെന്നും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിച്ചേരണമെന്നും ഒക്കെയാണ്, പക്ഷേ അങ്ങയെ കൂടാതെ എനിക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. അങ്ങയുടെ സഹായം കൂടാതെ ആരാണ് വിശുദ്ധര്‍ ആയിട്ടുള്ളത്? ആരാണ് പിതാവിന്റെ ഹിതം നിറവേറ്റിയിട്ടുള്ളത്? ആരാണ് സ്വര്‍ഗത്തില്‍ കയറിയിട്ടുള്ളത്? അങ്ങയുടെ സഹായം കൂടാതെ ആരും ഒന്നും ആയിട്ടില്ല. അതിനാല്‍ പരിശുദ്ധാത്മാവേ എന്നെ ഉപേക്ഷിക്കല്ലേ. ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു.”
മനസ്സൊന്ന് ശാന്തമായപ്പോള്‍ പെട്ടെന്ന് ഒരു പ്രാര്‍ത്ഥന എന്റെ മനസ്സിലേക്ക് വന്നു. അത് ഞാന്‍ എഴുതിവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം അനുഭവപ്പെട്ടു. അവിടുത്തെ സ്വരം ഞാന്‍ കേട്ടു. പരിശുദ്ധാത്മാവ് എന്നോട് പറഞ്ഞു, ഞാന്‍ നിന്റെ പിതാവാണ്, നിനക്ക് എന്നെ അപ്പാ എന്ന് വിളിച്ചുകൂടേ. ഞാന്‍ എപ്പോഴും നിന്റെകൂടെ ഉണ്ടായിരുന്നു. പക്ഷേ നീ എന്നെ ഒരിക്കലും സ്‌നേഹിച്ചിരുന്നില്ല.
പരിശുദ്ധാത്മാവിനെ എന്റെ അപ്പാ, എന്റെ പരിശുദ്ധാത്മാവേ, എന്റെ ജീവനേ, എന്റെ ശ്വാസമേ, എന്റെ സ്‌നേഹമേ എന്നൊക്കെ വിളിച്ച് പിതൃ-പുത്ര സ്‌നേഹ ബന്ധത്തിലേയ്ക്ക് വരാന്‍ തുടങ്ങിയപ്പോള്‍ പരിശുദ്ധാത്മാവിന്റെ സ്‌നേഹവും സാന്നിധ്യവും ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. ഉളളിലുള്ള അരക്ഷിതത്വബോധം മാറി. എന്തെങ്കിലുമൊരു ബന്ധമുണ്ടെങ്കില്‍ നമുക്ക് ഒരാളെ സ്‌നേഹിക്കാന്‍ എളുപ്പമാണ്. അപ്പന്‍, അമ്മ ,സഹോദരങ്ങള്‍, ഭര്‍ത്താവ് മക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ അങ്ങനെ ആരെങ്കിലുമായാലല്ലേ നമുക്ക് സ്‌നേഹിക്കാന്‍ പറ്റൂ. ഒരു വഴിപോക്കനെ സ്‌നേഹിക്കാന്‍ നമുക്കാവുമോ?
ഞാന്‍ ദൈവപിതാവിനെയും ഈശോയെയും എന്റെ അപ്പനായിട്ടും മാതാവിനെ എന്റെ അമ്മയായിട്ടും ഹൃദയത്തില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പരിശുദ്ധാത്മാവേ എന്ന് വിളിക്കുന്നത് അല്ലാതെ എനിക്ക് ഒരു ബന്ധം തോന്നിയിരുന്നില്ല. പരിശുദ്ധാത്മാവിനെ എന്റെ അപ്പനായി കാണാത്തതാണ് എനിക്ക് പറ്റിയ തെറ്റ് എന്ന് എനിക്ക് മനസ്സിലായി. പരിശുദ്ധ ത്രിത്വത്തെ പിതാവ് ആയിട്ടും പരിശുദ്ധ അമ്മയെ അമ്മയായിട്ടും വിശുദ്ധരെ സഹോദരങ്ങളായിട്ടും മാലാഖമാരെ സുഹൃത്തുക്കള്‍ ആയിട്ടും നമുക്ക് ബന്ധം സ്ഥാപിക്കാം. അപ്പോള്‍ നമുക്ക് അവരോട് സ്‌നേഹവും അടുപ്പവും തോന്നും. ബന്ധം സ്ഥാപിച്ചാല്‍ മാത്രം പോരാ; അതു വളര്‍ത്താനും ശ്രദ്ധിക്കുക, പ്രാര്‍ത്ഥനയിലൂടെയും കൊച്ചുകൊച്ച് സ്‌നേഹ സംഭാഷണങ്ങളിലൂടെയും സ്‌നേഹപ്രകടനത്തിലൂടെയും. അങ്ങനെ സ്വര്‍ഗീയവഴിയേ നമുക്ക് മുന്നോട്ടുനീങ്ങാം.

പരിശുദ്ധാത്മാവിനായി പ്രാര്‍ത്ഥന 

 

ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരികയും ചെയ്യും. ഇതാ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയക്കുന്നു എന്ന് അരുളിച്ചെയ്ത യേശുവിന്റെ നാമത്തില്‍, പിതാവായ ദൈവമേ, അങ്ങയുടെ ദാനവും വാഗ്ദാനവുമായ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറയ്ക്കണമേ. സ്വര്‍ഗസ്ഥനായ പിതാവേ…
പരിശുദ്ധാത്മാവേ വരണമേ, അങ്ങേ പ്രിയ മണവാട്ടിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശക്തിയേറിയ മധ്യസ്ഥതയാല്‍ ഞങ്ങളില്‍ എഴുന്നള്ളി വരണമേ. നന്മ നിറഞ്ഞ മറിയമേ…
വിശ്വാസ പ്രമാണം
എന്റെ പിതാവും എന്റെ ജീവനും എന്റെ ശ്വാസവും എന്റെ സഹായകനും എല്ലാ നന്മകളുടെയും പുണ്യങ്ങളുടെയും അത്ഭുതങ്ങളുടെയും വിശുദ്ധിയുടെയും കാരണഭൂതനുമായ പരിശുദ്ധാത്മാവേ, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം എന്നെ അത്രമാത്രം സ്‌നേഹിച്ച പിതാവിന്റെ സ്‌നേഹത്തെ ഓര്‍ത്തും പിതാവിന്റെ ഹിതപ്രകാരം എനിക്കു വേണ്ടി സഹിച്ച ഈശോയുടെ അതിദാരുണമായ പീഡകളെയും മരണത്തെയും ഓര്‍ത്തും പരിശുദ്ധ അമ്മ എനിക്ക് വേണ്ടി ചിന്തിയ രക്തകണ്ണുനീരിനെ ഓര്‍ത്തും എന്റെ പ്രാര്‍ത്ഥന അങ്ങ് കേള്‍ക്കുമാറാകണമേ. ഒരു കുഞ്ഞു പാപം ചെയ്തു പോലും പിതാവിനെ വേദനിപ്പിക്കാതിരിക്കാനും വിശുദ്ധയാകാനും പിതാവിന്റെ സ്‌നേഹത്തിന് പ്രതിസ്‌നേഹമായി പിതാവിന്റെ ഹിതം നിറവേറ്റാനും ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഞാന്‍ പാപിയും ബലഹീനയും ദരിദ്രയും ആണ്. അങ്ങേ സഹായം കൂടാതെ എനിക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല. പരിശുദ്ധാത്മാവേ എന്നില്‍ ആവസിച്ച് എന്നെ വിശുദ്ധീകരിക്കണമേ, നയിക്കണമേ, പിതാവിന്റെ ഹിതം എന്നില്‍ നിറവേറ്റണമേ. അങ്ങനെ ഈശോ എനിക്ക് വേണ്ടി സഹിച്ച പീഡാസഹനവും കുരിശുമരണവും പരിശുദ്ധ അമ്മ എനിക്ക് വേണ്ടി ചിന്തിയ രക്തകണ്ണുനീരും പാഴായി പോകാതിരിക്കട്ടെ, ആമ്മേന്‍
എനിക്കുവേണ്ടി ഈശോ ഗത്‌സെമനിയില്‍ വെച്ച് രക്തം വിയര്‍ത്തതിനെ ഓര്‍ത്ത്……….
എനിക്കുവേണ്ടി ഈശോയുടെ തിരുമുഖത്തേറ്റ പ്രഹരത്തെ ഓര്‍ത്ത്…….
എനിക്കുവേണ്ടി ഈശോ ഏറ്റ ക്രൂരമായ ചാട്ടവാറടികളെ ഓര്‍ത്ത്……
എനിക്കുവേണ്ടി ഈശോയുടെ ശിരസ്സില്‍ ആഴ്ന്നിറങ്ങിയ മുള്‍മുടിയെ ഓര്‍ത്ത്…..
എനിക്കുവേണ്ടി ഈശോ കുരിശ് വഹിച്ചപ്പോള്‍ തിരുത്തോളിലുണ്ടായ ആഴമായ മുറിവിനെ ഓര്‍ത്ത്…
എനിക്കുവേണ്ടി കുരിശ് വഹിച്ചു കൊണ്ടുള്ള യാത്രയില്‍ ഈശോക്ക് ഉണ്ടായ വീഴ്ചകളെയും തിരുമുറിവുകളെയും ഓര്‍ത്ത്…..
പടയാളികള്‍ ഈശോയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച വസ്ത്രം ക്രൂരമായി ഉരിഞ്ഞെടുത്തപ്പോള്‍ ഉണ്ടായ വേദന എനിക്കുവേണ്ടി നിശബ്ദമായി സഹിച്ചതിനെ ഓര്‍ത്ത്….
എനിക്കുവേണ്ടി ഈശോ കൈകളിലും കാലുകളിലും കൂര്‍ത്ത ഇരുമ്പാണികളില്‍ കുരിശില്‍ തറയ്ക്കപ്പെട്ടതിനെ ഓര്‍ത്ത്…..
എനിക്കുവേണ്ടി ഈശോയുടെ പാര്‍ശ്വം കുത്തിപ്പിളര്‍ക്കപ്പെട്ട് രക്തവും ജലവും ഒഴുകിയതിനെ ഓര്‍ത്ത്….
എന്റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി യേശു കുരിശില്‍ മരിച്ചതിനെ ഓര്‍ത്ത്….
പരിശുദ്ധാത്മാവേ എന്നെ വിശുദ്ധീകരിക്കണമേ, എന്നില്‍ ആവസിക്കണമേ.

 

Leave a Reply

Your email address will not be published. Required fields are marked *