കൂട്ടുകാരനും പ്രാര്‍ത്ഥനാരഹസ്യവും

ഞാനുമായി ഏറെ സൗഹൃദത്തിലായിരുന്ന ആ യുവാവും കുടുംബവും ചില സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് കര്‍ണാടകയിലേക്ക് സ്ഥലംമാറി പോകേണ്ട ഒരു അവസ്ഥയുണ്ടായി. ഞങ്ങള്‍ തമ്മില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അത്തരം ചര്‍ച്ചകള്‍ ഞങ്ങളെ ആത്മീയമായ ഉന്നതിയിലേക്ക് നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കര്‍ണാടകയിലേക്ക് പോകേണ്ടിവരുന്ന അവസ്ഥ എനിക്ക് ഏറെ വേദനയുളവാക്കി. പോകുന്നതിന്റെ തലേദിവസം കണ്ടപ്പോള്‍ സമയം കിട്ടുമ്പോഴെല്ലാം എന്നെ വിളിക്കണമെന്ന് അദ്ദേഹത്തെ ഞാന്‍ ഓര്‍മിപ്പിച്ചു.
അദ്ദേഹം കര്‍ണാടകയിലെത്തിയതിനുശേഷം സമയം കണ്ടെത്തി എന്നെ വിളിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ നാടുമായി കൂടുതല്‍ അടുക്കുകയും പുതിയ ബന്ധങ്ങള്‍ കൈവരിക്കുകയും ചെയ്തപ്പോള്‍ പതുക്കെ ഫോണിലൂടെയുള്ള ബന്ധം കുറഞ്ഞുവന്നു. തന്നെയുമല്ല, ഞാന്‍ വിളിച്ചാലും അദ്ദേഹം അപ്പോള്‍ത്തന്നെ ഫോണെടുക്കുന്ന പതിവും ഇല്ലാതായി. ക്രമേണ അത്തരമൊരു ഫോണ്‍വിളിതന്നെ ഇല്ലാതായി.
നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥനയിലും പലപ്പോഴും നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വീഴ്ച ഇതുതന്നെയല്ലേ? ദൈവസാന്നിധ്യാനുഭവ നിമിഷങ്ങളില്‍ (പ്രാര്‍ത്ഥനയില്‍)നിന്നും അകലങ്ങളിലേക്കുള്ള ഈ പോക്കാണ് ദൈവികബന്ധത്തില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുന്ന സുപ്രധാന ഘടകം. അത് ജീവിതവ്യഗ്രതയോ ധനത്തോടുള്ള നമ്മുടെ അമിതമായ ആസക്തിയോ തിരക്കുപിടിച്ച നമ്മുടെ ജീവിതസാഹചര്യങ്ങളോ ഒക്കെ ആകാം. ദൈവത്തോടു ചേര്‍ന്നുനില്ക്കാനാഗ്രഹിക്കുന്ന വ്യക്തിക്ക് ദൈവം നല്കുന്ന കൃപയാണ് പ്രാര്‍ത്ഥനാജീവിതം. പ്രാര്‍ത്ഥനവഴിയായി നാം ദൈവത്തോടു ചേര്‍ന്നുനില്ക്കുമ്പോഴേ ദൈവികസ്വഭാവമുള്ളവരായി നാം മാറ്റപ്പെടുകയുള്ളൂ. മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കുവാന്‍ സാധിക്കുകയില്ലെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നു.
അതിനാല്‍, പ്രഭാഷകന്‍ 7/10 തിരുവചനത്തില്‍ പറയുന്നതുപോലെ, പ്രാര്‍ത്ഥനയില്‍ മടുപ്പുള്ളവരായി മാറാതെ, തീക്ഷ്ണതയോടെ കര്‍ത്താവിന്റെ സന്നിധിയിലായിരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, നമ്മുടെ ദൈവം തീര്‍ച്ചയായും നിലനില്പ്പിനുള്ള വരം നല്കി നമ്മെ അനുഗ്രഹിക്കും.


ജാക്‌സണ്‍ ജോണ്‍, കോതമംഗലം

Leave a Reply

Your email address will not be published. Required fields are marked *