ആദ്യാക്ഷരം പറഞ്ഞുതരാമോ, പ്ലീസ് !

പ്ലസ്ടു പഠനം തീരുന്ന സമയത്ത് മനസില്‍ ഒരു ആഗ്രഹം ഉടലെടുത്തു, എങ്ങനെയും നഴ്‌സിംഗ് പഠിക്കണം. ഡിപ്ലോമ പോരാ ബി.എസ്‌സി. നഴ്‌സിംഗ് തന്നെ പഠിക്കണം. അത് നഴ്‌സിങ്ങിനോടുള്ള അടങ്ങാത്ത പ്രണയമൊന്നും ആയിരുന്നില്ല. എങ്ങനെയും കുറെ പണം സമ്പാദിക്കണം. വിദേശത്തൊക്കെ നഴ്‌സുമാര്‍ക്ക് നല്ല ശമ്പളം ഉണ്ടെന്നു കേട്ടിട്ടുണ്ട്. വീട്ടിലെ കടബാധ്യതകള്‍ മനസ്സിനെ പലപ്പോഴും മരവിപ്പിച്ചു കളഞ്ഞിരുന്നു. അതിന്റെ ഒരു പ്രതികാരം എന്ന് വേണമെങ്കില്‍ പറയാം. വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഞാന്‍ നഴ്‌സിംഗ് പഠിക്കുന്നതില്‍ താല്പര്യം ഇല്ല. അപ്പോള്‍പ്പിന്നെ എന്ത് ചെയ്യും?
മറ്റ് വഴികളൊന്നും കണ്ടില്ല. പ്ലസ് ടു കഴിഞ്ഞപ്പോള്‍ നിര്‍ബന്ധിതമായി ബി.എസ് സി കെമിസ്ട്രി പഠിക്കേണ്ടിവന്നു. മൂന്ന് വര്‍ഷം മനസ്സില്ലാ മനസ്സോടെ പഠിച്ചു ഡിഗ്രി പൂര്‍ത്തിയാക്കി. ഇത് പൂര്‍ത്തിയാക്കിയാല്‍ നഴ്‌സിംഗിന് പറഞ്ഞയക്കാം എന്നൊരു വാഗ്ദാനവും മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ അടുത്ത പടി, എം. എസ് സി ആണെന്ന് വന്നു.
കാര്യങ്ങള്‍ എന്റെ പരിധിയില്‍ അല്ല എന്ന് ഞാന്‍ മനസ്സിലാക്കി. വാശിക്ക് പണ്ടേ വീട്ടില്‍ ഒന്നാമതായിരുന്നു ഞാന്‍. പക്ഷേ എന്തായാലും എന്നെക്കാള്‍ ശക്തിയുള്ള ആരെങ്കിലും എനിക്ക് വേണ്ടി ഇടപെട്ടേ മതിയാവൂ എന്ന് തോന്നി. പിന്നെ ഒന്നും ചിന്തിച്ചില്ല, ഒരു ധ്യാനത്തിന് പോവാന്‍ തീരുമാനിച്ചു. നേരെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്ക്. ജീവിതത്തില്‍ ആദ്യമായാണ് സ്പിരിച്വല്‍ കൗണ്‍സിലിംഗിനു പോവുന്നത്. നമ്മുടെ ജീവിതം ഒരു കണ്ണാടിയിലെന്നപോലെ ഈശോ കാണുന്നു എന്ന് അന്ന് മനസ്സിലായി. എന്നോട് സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട ദൈവദാസന്‍ ഇങ്ങനെ ചോദിച്ചു, ”മോള്‍ക്ക് നഴ്‌സിംഗിനു പോണം എന്ന് ആഗ്രഹം ഉണ്ടല്ലേ?!”
പാലക്കാട് ഉള്ള ഒരു വ്യക്തി. അതും ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന വ്യക്തി. അദ്ദേഹത്തിന്റെ ആ ചോദ്യം പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ”ഈശോയുടെ ഇഷ്ടം, മോള്‍ ഒരു നഴ്‌സ് ആവണം എന്നാണ്. പക്ഷേ മാതാപിതാക്കള്‍ അനുവദിക്കുന്നില്ലെങ്കില്‍ ഈശോയെ ഓര്‍ത്ത് അവരെ അനുസരിക്കുക.”
ആ കൂട്ടിച്ചേര്‍ക്കല്‍ എനിക്ക് അത്രയ്ക്ക് സ്വീകാര്യമായില്ല. എങ്ങനെയും വീട്ടില്‍ച്ചെന്ന് ഈ വാര്‍ത്ത എല്ലാവരെയും അറിയിക്കണം എന്ന ചിന്തയില്‍ ധ്യാനം മുന്നോട്ടു പോയി. അഞ്ചു ദിവസത്തെ ധ്യാനം ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. ഒരു നഴ്‌സ് ആവണം എന്നതുപോലെ വീട്ടില്‍നിന്നും നാട്ടില്‍നിന്നും ഒക്കെ ഒന്ന് മാറി നില്‍ക്കണം എന്നതും ഒരു അതിയായ ആഗ്രഹം ആയി മാറി.
എല്ലാത്തിനെയും ഭയത്തോടെ കണ്ടിരുന്ന സാധാരണ പെണ്‍കുട്ടി ആയിരുന്നു ഞാന്‍. കേരളത്തിന് പുറത്തേക്കു പോകാനുള്ള ധൈര്യമൊന്നും എനിക്കില്ല. എങ്കിലും ഈശോയോടും മാതാപിതാക്കളോടും ഒരേ സ്വരത്തില്‍ പറഞ്ഞു, ഞാന്‍ കേരളത്തില്‍ പഠിക്കില്ല.
മുട്ടില്‍ നിന്ന് ഭയങ്കര പ്രാര്‍ത്ഥനയാണ്, എവിടെ പോകണം? ഏതു കോളേജില്‍ പഠിക്കണം?
മനസ്സില്‍ എപ്പോഴോ കയറിക്കൂടിയ ഒരു സ്വപ്‌നലോകം- ബാംഗ്ലൂര്‍. ഈശോയോടു ചോദിച്ചു നോക്കാം. കണ്ണടച്ച് ഈശോയോടു ചോദിച്ചു, ”ഞാന്‍ പഠിക്കേണ്ട കോളേജിന്റെ പേരിന്റെ ആദ്യത്തെ അക്ഷരം പറഞ്ഞു തരാമോ ഈശോയേ പ്ലീസ്…”
അങ്ങനെ ചോദിച്ചതിന് കാരണം മറ്റൊന്നുമല്ല. ധ്യാനത്തിന് പോയപ്പോള്‍ കേട്ടിരുന്നു ഈശോ സംസാരിക്കും, ചിലത് ദര്‍ശനമായി കാണിച്ചു തരും എന്നൊക്കെ. ഇതൊന്നും നമുക്കുള്ളതല്ല എന്ന് അറിയാം. എന്നാലും എന്താ? പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ബാംഗ്ലൂര്‍! ഇതായിരുന്നു എന്റെ വിചാരം. കണ്‍മുന്നില്‍ എന്തെങ്കിലും തെളിയും എന്നൊന്നും കരുതി ചോദിച്ചതല്ലായിരുന്നു. പക്ഷേ കണ്ണുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വര്‍ണ നിറത്തില്‍ അതാ ഒരു അക്ഷരം തെളിഞ്ഞു വരുന്നു… ട (എസ്) !!!
മണ്ടത്തരം എപ്പോഴും കൂടപ്പിറപ്പായതു കൊണ്ട് കോളേജിന്റെ പേര് മുഴുവനായി ചോദിച്ചില്ല. ബാംഗ്ലൂരിലാണോ പഠിക്കേണ്ടതെന്നും ഈശോയോട് ചോദിച്ചില്ല. എന്തായാലും പിന്നീടുള്ള ദിവസങ്ങള്‍ മുഴുവന്‍ പത്രങ്ങളിലെ ഏജന്റുമാരെ പരതലായിരുന്നു. വീട്ടുകാരും ശ്രമിച്ചു, എന്റെ പിടിവാശി കാരണം. അമ്മയുടെ കമന്റ് ഇടയ്ക്കു വരാറുണ്ട് – ‘നീ ഇങ്ങനെ നോക്കി ഇരുന്നാല്‍ നഴ്‌സിംഗ് പഠിക്കല്‍ ഉണ്ടാവില്ല.’
അപ്പന്റെ ചോദ്യം- ബാംഗ്ലൂരില്‍ നീ വല്ല ചെറുക്കന്മാരെയും ഏര്‍പ്പാടാക്കി നിര്‍ത്തിയിട്ടാണോ പോവാന്‍ ഒരുങ്ങുന്നത്?
രണ്ടുപേരും പറഞ്ഞതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അതൊന്നും എന്നെ കുലുക്കിയില്ല. കാരണം വാശിയില്‍ ഞാന്‍ ഒരു ഫൂലന്‍ ദേവി ആയിരുന്നു. ”ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ ഈശോയേ…” ഈശോയോടു ചെറിയൊരു പരിഭവം.
ഇറയത്ത് പത്രം തുറന്നു കണ്ണോടിക്കുന്ന സമയത്ത് അപ്പന്റെ വരവ്. ഒരൊറ്റ ചോദ്യം, തമിഴ്‌നാട്ടില്‍ പഠിക്കാന്‍ നിനക്ക് സമ്മതമാണോ?
മനസ്സില്‍ ഒരു ഉത്തരം വരുന്നില്ല. എന്തോ ശരിയാക്കിയുള്ള വരവെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആ ചോദ്യം. വീട്ടില്‍നിന്നും നാട്ടില്‍നിന്നും പോകണം എന്ന ലക്ഷ്യം ഉള്ളത് കൊണ്ട് രണ്ടും കല്പിച്ചുപറഞ്ഞു…
സമ്മതം…..
അപ്പന്റെ ആജ്ഞ- ”നാളെ അമ്മയെ കൂട്ടി ഞാന്‍ പറയുന്ന വ്യക്തിയെ പോയി കാണുക. ബാക്കി അയാള്‍ പറയും.”
രാവിലെതന്നെ ഒരുങ്ങി ഇറങ്ങി. മനസ്സ് മുഴുവന്‍ സ്വര്‍ണ നിറത്തിലുള്ള എസ് എന്ന അക്ഷരമാണ്. എന്തായാലും കാര്യങ്ങളെല്ലാം അപ്പന്‍ പറഞ്ഞ വ്യക്തിയോട് ചോദിച്ചു മനസ്സിലാക്കി. ഇതാണ് കോളേജിന്റെ ഡീറ്റെയില്‍സ് എന്ന് പറഞ്ഞ് അദ്ദേഹം ഒരു പുസ്തകം എടുത്തു തന്നു. കോളേജിന്റെ പേര് ഇതായിരുന്നു-
SHANMUGA COLLEGE OF NURSING, SALEM, TAMILNADU
ഈശോ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് എനിക്ക് നല്ലവണ്ണം മനസിലായി. എന്തായാലും ആഗ്രഹം പോലെ തന്നെ നടന്നു. നാല് വര്‍ഷം കടന്നു പോയി. ഇന്ന് ഇതെഴുതുമ്പോള്‍ എന്നെ ഈശോയുടെ നഴ്‌സ് ആക്കിയിട്ടു പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു.
”കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്ന് നോക്കിക്കൊള്ളും.” (സങ്കീര്‍ത്തനങ്ങള്‍ 37/4-5)


ആന്‍ മരിയ ക്രിസ്റ്റീന

 

Leave a Reply

Your email address will not be published. Required fields are marked *