കാലില്‍ ഒന്നുതൊട്ടു, അനുഗ്രഹമൊഴുകി…

ആ അമ്മ മകളെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്: ഇവള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. ഇവള്‍ക്ക് രണ്ടാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് ആസ്ത്മ എന്ന രോഗം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ ചികിത്സകളൊക്കെ മാറിമാറി ചെയ്തുനോക്കി. സൗഖ്യം കിട്ടിയില്ല. രോഗംമൂലം പഠിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവള്‍. പരീക്ഷ തുടങ്ങാറായി. ഒന്ന് നിശബ്ദമായതിനുശേഷം മകളുടെ കൈയിലിരിക്കുന്ന ഇന്‍ഹെയ്‌ലര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തുടര്‍ന്നുപറഞ്ഞു. ഇത് എപ്പോഴും കൈവശം വേണം. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ വന്നത്, ഇവളുടെ കൂട്ടുകാരിയുടെ അമ്മയുടെ നിര്‍ബന്ധംകൊണ്ടാണ്. അവര്‍ ധ്യാനം കൂടിയതിനുശേഷം അവരുടെ ഭര്‍ത്താവിന്റെ സര്‍വരോഗങ്ങളും വിട്ടുമാറിയെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി.
മകളുമായി സംസാരിച്ചപ്പോള്‍, വേദനിപ്പിക്കുന്ന വളരെയേറെ അനുഭവങ്ങള്‍ അവള്‍ പങ്കുവച്ചു. അവള്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു അനുജത്തിയുണ്ട്. അനുജത്തിക്കും അമ്മയ്ക്കും അവളോട് വളരെ സ്‌നേഹമാണ്. എന്നാല്‍ അവളുടെ അച്ഛന് അവളോട് ഒട്ടും സ്‌നേഹമില്ല. ഓര്‍മവച്ച നാള്‍മുതല്‍ അച്ഛന് അവളെ കാണുന്നതുതന്നെ ഭയങ്കര വെറുപ്പാണെന്നും അവള്‍ വേദനയോടെ പങ്കുവച്ചു. അച്ഛന്റെ അടുത്ത് ചെന്നാല്‍ നീ എന്റെ മകളല്ലെന്നും അനുജത്തി മാത്രമാണ് തന്റെ മകളെന്നും പറഞ്ഞുകൊണ്ടിരിക്കും. മാത്രമല്ല, ഉത്സവത്തിനും മറ്റു വിശേഷദിവസങ്ങളിലും അനുജത്തിക്കു മാത്രമേ വസ്ത്രവും സമ്മാനങ്ങളും വാങ്ങിച്ചുകൊണ്ടു വരികയുള്ളൂ. അമ്മയും അനുജത്തിയും കാണിക്കുന്ന വലിയ സ്‌നേഹംകൊണ്ടുമാത്രമാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു. അച്ഛന്‍ പുറത്തുപോയാല്‍ തിരിച്ചുവരരുതെന്നും ഏതെങ്കിലും അപകടത്തില്‍പെട്ട് ചത്തുപോകട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
ഒരു ഹൈന്ദവ പെണ്‍കുട്ടിയായ ആ മകള്‍ക്ക് യേശുവിനെപ്പറ്റിയും യേശുവിന്റെ സ്‌നേഹത്തെപ്പറ്റിയും വിശദീകരിച്ചുകൊടുത്തു. ഓരോ വ്യക്തിയും പരസ്പരം ദൈവാനുഗ്രഹത്തിന്റെ വഴികളാണെന്നും ഒരാള്‍ വെറുപ്പിലാകുമ്പോള്‍, ആ വ്യക്തിക്കോ ആ കുടുംബത്തിലേക്കോ ദൈവാനുഗ്രഹത്തിന്റെ ഒഴുക്ക് കടന്നുവരികയില്ലെന്നും വിശദീകരിച്ചുകൊടുത്തു.
ഒരു ക്രൈസ്തവ സ്‌കൂളില്‍ പഠിക്കുന്ന അവള്‍ക്ക് യേശു പഠിപ്പിച്ച പ്രാര്‍ത്ഥന അറിയാമെന്ന് അവള്‍ പറഞ്ഞു. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയിലുള്ള (മത്തായി 6/12) ക്ഷമയുടെ ആവശ്യകതയെക്കുറിച്ച് മനസിലാക്കിക്കൊടുത്തു.
കുരിശില്‍ കിടന്നുകൊണ്ട് യേശുനാഥന്‍ പ്രാര്‍ത്ഥിച്ചത് – പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ എന്നാണ് (ലൂക്കാ 23/34). സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണെന്നും കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കയില്ലെന്നുമുള്ള വചനഭാഗവും വ്യാഖ്യാനിച്ചുകൊടുത്തു (1 യോഹന്നാന്‍ 3/15). ക്ഷമിക്കുക എന്ന ഈ മാതൃക നമ്മുടെ ജീവിതത്തില്‍ പകര്‍ത്തിയാലേ, യേശുവിന് നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളൂ.
സ്‌തേഫാനോസ് തന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ ഒരുങ്ങുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഇപ്രകാരമാണ് – കര്‍ത്താവേ ഈ പാപം അവരുടെമേല്‍ ആരോപിക്കരുതേ (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 7/60). തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച അലക്‌സാണ്ടറിനോട്, നീ എന്റെ സഹോദരനാണ്; നിന്നോട് ഞാന്‍ ക്ഷമിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിശുദ്ധ മരിയ ഗൊരേത്തി നിത്യസമ്മാനത്തിനായി യാത്രയായത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെ വെടിവെച്ച് മുറിവേല്‍പ്പിച്ച അലി അഖയോട് ക്ഷമിച്ചു. വാഴ്ത്തപ്പെട്ട റാണി മരിയയുടെ ഘാതകനെ സ്വന്തം സഹോദരനായും മകനായും കരുതി ക്ഷമിച്ച റാണി മരിയയുടെ സഹോദരിയെയും അമ്മയെയുംകുറിച്ച് വിശദീകരിച്ചു. ഭര്‍ത്താവിനെയും രണ്ട് ആണ്‍മക്കളെയും ജീപ്പിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയവരോട് ക്ഷമിച്ച ഗ്ലാഡിസ് സ്റ്റെയിന്‍സ് പറഞ്ഞത്, ഞാന്‍ അറിഞ്ഞ യേശുവിന്റെ സ്‌നേഹം എന്നെ ക്ഷമിക്കുവാന്‍ നിര്‍ബന്ധിക്കുന്നു എന്നാണല്ലോ. ഇതെല്ലാം പറഞ്ഞുകൊടുത്തു. എല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആ മകളോട് പറഞ്ഞു, ”മോളുടെ അച്ഛനോട് മോള് ക്ഷമിക്കണം. അച്ഛനെതിരെ പറഞ്ഞുപോയ ശാപവാക്കുകള്‍ ഓര്‍ത്ത് യേശുവിനോട് ഏറ്റുപറയണം. യേശു നിന്നെ സുഖപ്പെടുത്തും.”
ഇത്രയും കേട്ട് കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകി വീണു. അവള്‍ പറഞ്ഞു, ”അച്ഛനോട് ഞാന്‍ ക്ഷമിക്കാം. അച്ഛനെ സ്‌നേഹിക്കാം.” അവള്‍ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവളുടെ ശ്വാസംമുട്ട് നീങ്ങിയതുപോലെ കാണപ്പെട്ടു. പ്രാര്‍ത്ഥിച്ച് അവളെ തിരിച്ചയച്ചു.
നാളുകള്‍ക്കുശേഷം അച്ഛന്‍ ഉള്‍പ്പെടെ അവളുടെ കുടുംബത്തെ വീണ്ടും കണ്ടു. അമ്മ പറഞ്ഞു: ധ്യാനം കഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍ അവളുടെ അച്ഛന്‍ മുന്‍വശത്ത് പുസ്തകം വായിച്ചിരിക്കുകയായിരുന്നു. അവള്‍ ബാഗ് താഴെ വച്ച് അച്ഛന്റെ കാലില്‍ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു, ”അച്ഛന്‍ എന്നോട് ക്ഷമിക്കണം. പല ശാപവാക്കുകളും പറഞ്ഞ് അച്ഛനെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്. അച്ഛനെ എനിക്ക് വേണം, അച്ഛന് എന്നോട് വെറുപ്പാണെങ്കിലും അച്ഛനോട് എനിക്ക് വലിയ ഇഷ്ടമാണ്.”
ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കൈപിടിച്ച് പൊക്കിയെടുത്ത് നെഞ്ചിനോട് ചേര്‍ത്ത് നിര്‍ത്തി അച്ഛന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: ”മകളേ, ഞാനാണ് നിന്നോട് മാപ്പ് ചോദിക്കേണ്ടത്. ഞാനാണ് നിന്നെ ഉപദ്രവിച്ചിട്ടുള്ളത്. എനിക്കാണ് മോള് മാപ്പ് തരേണ്ടത്. നീ എന്റെ പൊന്നോമനയാണ്.”ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം മകളെ ചുംബിച്ചു.
അതിനുശേഷം ആ ഭവനത്തില്‍ വന്ന മാറ്റങ്ങളാണ് ആ അമ്മ വിവരിച്ചത്. അദ്ദേഹത്തിന്റെ പ്രമോഷന്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രമോഷന്‍ കിട്ടി. ലോണിന്റെ തടസം നീങ്ങി. മകളുടെ രോഗം മാറി, ഉയര്‍ന്ന മാര്‍ക്കോടെ അവള്‍ പഠനത്തില്‍ വിജയിച്ചു. കുടുംബത്തില്‍ ഇപ്പോള്‍ സന്തോഷവും സമാധാനവുമാണ്. ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനാണ് ഞങ്ങള്‍ വീണ്ടും വന്നിരിക്കുന്നത്. നമുക്കും ക്ഷമയുടെ വക്താക്കളാകാം. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹംകൊണ്ട് ഞങ്ങളെ നിറയ്ക്കണമേയെന്ന് പ്രാര്‍ത്ഥിക്കാം.


ബിന്നി ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *