ഒരു ലൂഥറന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ദൈവാലയകാര്യങ്ങളില്‍ വളരെ തല്‍പരരായിരുന്ന എന്റെ മാതാപിതാക്കളെപ്പോലെതന്നെ ദൈവാലയത്തിലെ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനയിലുമെല്ലാം ഞാനും സജീവമായിരുന്നു. എന്റെ പിതാവിന്റെ മരണശേഷം ഗെറ്റിസ്ബര്‍ഗ് ലൂഥറന്‍ സെമിനാരിയില്‍ ചേര്‍ന്ന അമ്മ, 1985-ല്‍ ഒരു ലൂഥറന്‍ പുരോഹിതയായിത്തീര്‍ന്നു.
എന്നാല്‍ വിവാഹപ്രായമൊക്കെ ആയപ്പോഴേക്കും എന്റെ വിശ്വാസജീവിതത്തിന്റെ തീവ്രത നന്നേ കുറഞ്ഞുവന്നിരുന്നു. ആ സമയത്ത് എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന തെരേസ ഒരു കത്തോലിക്കാ വിശ്വാസിനിയായിരുന്നെങ്കിലും ഒട്ടുംതന്നെ സജീവവിശ്വാസം പുലര്‍ത്തിയിരുന്നില്ല. വൈകാതെ ഒരു ലൂഥറന്‍ ദൈവാലയത്തില്‍വച്ച് ഞങ്ങള്‍ വിവാഹിതരായി. വിവാഹശേഷം കുറെ വര്‍ഷങ്ങള്‍ ആ പ്രദേശത്തുതന്നെയുള്ള ഒരു ചെറിയ ലൂഥറന്‍ ദൈവാലയത്തിലായിരുന്നു ഞങ്ങള്‍ പോയിരുന്നത്. എന്നാല്‍ അധികം വൈകാതെതന്നെ തെരേസ, അവളുടെ കത്തോലിക്കാ വേരുകള്‍ തേടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു.
ആദ്യത്തെ മകന്‍ ജനിക്കുന്നതിന് കുറച്ചു മുന്‍പായി ഒരു കത്തോലിക്കാ ദൈവാലയത്തില്‍വച്ച് ഞങ്ങളുടെ വിവാഹം ആശീര്‍വദിക്കപ്പെട്ടു. തെരേസയുടെ ആഗ്രഹപ്രകാരമായിരുന്നു അത്. കൂദാശകളില്‍ പങ്കുകൊള്ളാനുള്ള അവളുടെ ആഗ്രഹം കണ്ടതുകൊണ്ടാണ് മനസില്ലാ മനസോടെയാണെങ്കിലും ഞാന്‍ അതിന് സമ്മതം മൂളിയത്. എങ്കിലും, മകന്‍ വില്യമിന്റെ മാമോദീസ ഒരു ലൂഥറന്‍ ദൈവാലയത്തില്‍വച്ചുതന്നെ നടത്താനായിരുന്നു എന്റെ തീരുമാനം.
എന്നാല്‍ അവന് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കണം എന്ന ഉത്തമബോധ്യമുണ്ടായിരുന്നതിനാല്‍ ഒരു കത്തോലിക്കാ സ്‌കൂളില്‍ വിട്ട് പഠിപ്പിക്കണം എന്ന കാര്യത്തില്‍ തെരേസയ്ക്കും എനിക്കും രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ക്ലാസിലെത്തിയപ്പോഴേക്കും ആദ്യകുര്‍ബാന സ്വീകരിക്കണമെന്നും ഒരു കത്തോലിക്കാ വിശ്വാസിയായി മാറണമെന്നുമുള്ള അവന്റെ തീരുമാനം എന്നെ ശരിക്കും ഞെട്ടിച്ചു. മൂവര്‍ക്കും ഒരേ വിശ്വാസത്തില്‍ നിലകൊള്ളാന്‍ സാധിക്കാത്തത് എനിക്കൊട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എങ്കിലും എനിക്കുറപ്പുണ്ടായിരുന്നു, ഒരിക്കലും ഞാനൊരു കത്തോലിക്കനാകാന്‍ പോകുന്നില്ലായെന്ന്.
ഉറപ്പ് തെറ്റുന്നു
ആയിടയ്ക്കാണ് കത്തോലിക്കാ വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചു മുന്നോട്ടുപോകുന്ന ഇ.ഡബ്ല്യു.റ്റി.എന്‍ ചാനല്‍ അവിചാരിതമായി ശ്രദ്ധിക്കാനിടയായത്. എന്താണ് കത്തോലിക്കാ വിശ്വാസമെന്ന് മനസിലാക്കിത്തരാനും എന്റെ എല്ലാ അബദ്ധധാരണകളെയും വികലമായ കാഴ്ചപ്പാടുകളെയും മാറ്റിമറിക്കാനും മദര്‍ ആഞ്ചലിക്കയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇ.ഡബ്ല്യു.റ്റി.എന്നിന് കഴിഞ്ഞു. മദര്‍ ആഞ്ചലിക്ക, സ്‌കോട്ട് ഹാന്‍, മാര്‍ക്കസ് ഗ്രോഡി തുടങ്ങി ഇ.ഡബ്ല്യു.റ്റി.എന്നിലെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാംതന്നെ എന്റെ പ്രിയപ്പെട്ട ടെലിവിഷന്‍ താരങ്ങളായി മാറി. അതുവഴി വിശ്വാസത്തെക്കുറിച്ചും സഭയെക്കുറിച്ചുമെല്ലാം കൂടുതല്‍ അറിയാനും പഠിക്കുവാനുമുള്ള അദമ്യമായ ആഗ്രഹം എന്നില്‍ രൂപംകൊള്ളുകയായിരുന്നു. എന്റെ ഉച്ചനേരങ്ങളിലെല്ലാം ഓഫീസിനടുത്തുള്ള ബുക്ക്സ്റ്റാളില്‍നിന്നും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തിരയുന്നത് എനിക്കേറ്റവും ഹരമായിത്തീര്‍ന്നു. പരിശുദ്ധ അമ്മയെയും വിശുദ്ധരെയും ജപമാലയെയും വ്യക്തിപരമായ പ്രാര്‍ത്ഥനയെയും കുറിച്ചെല്ലാം കൂടുതലായി മനസിലാക്കാന്‍ കഴിഞ്ഞതുവഴി ഞാന്‍പോലുമറിയാതെ കത്തോലിക്കാ വിശ്വാസത്തോടും സഭയോടുമെല്ലാമുള്ള എതിര്‍പ്പ് അലിഞ്ഞില്ലാതാവുകയായിരുന്നു. പക്ഷേ, ഇതൊന്നും എന്റെ ഭാര്യയോടുപോലും പറയുവാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.
വിശുദ്ധ ബലിയിലൂടെ ലഭിച്ച ബോധ്യങ്ങളിലൂടെയും സഭയെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഭൗതിക തലത്തില്‍ ലഭിച്ച അറിവിന്റെ വെളിച്ചത്തിലൂടെയും 2002 ആയപ്പോഴേക്കും ആത്മീയമായും മാനസികമായുമെല്ലാം ഞാന്‍ ഒരു കത്തോലിക്കനായിത്തീര്‍ന്നു. അപ്പോഴും ഏറെ ദൂരം മുന്നോട്ടുപോകേണ്ടിയിരുന്നു. കാരണം, എന്റെ കുടുംബാംഗങ്ങളിലധികവും ലൂഥറന്‍ വിശ്വാസികളായിരുന്നു. ഞാന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണെന്ന് അവരെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നതില്‍ എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കേ ഒരു വൈകുന്നേരം സ്‌കൂളില്‍നിന്നും തിരികെയെത്തിയ വില്യമിന്റെ വാക്കുകള്‍ കേട്ട് ഞാനും തെരേസയും അതിശയിച്ചു. തന്റെ മിഡില്‍ സ്‌കൂളില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനായി ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് തുടങ്ങണമെന്നതാണ് അവന്റെ ആഗ്രഹം. ദൈവം അതാഗ്രഹിക്കുന്നുവെന്ന് കുഞ്ഞുവില്യം പറയുമ്പോള്‍ അവന്റെ വിശ്വാസജീവിതം എത്രയോ ആഴമേറിയതാണെന്ന് ഞാനോര്‍ത്തു. അധികം ബഹളങ്ങളൊന്നുമില്ലാതെ നടന്നിരുന്ന ഒരു ശാന്തനായ കുട്ടിയായിരുന്നു അവന്‍. എങ്കിലും ദൈവം അവനെ വിളിച്ചപ്പോള്‍ തന്റെ സഹപാഠികളുടെ പ്രതികരണത്തെക്കുറിച്ച് ചിന്തിക്കാന്‍ നില്ക്കാതെ ഉടന്‍തന്നെ ദൈവത്തിന് സമ്മതം മൂളാന്‍ അവന് കഴിഞ്ഞെന്നത് അത്ര നിസാരമായൊരു കാര്യമല്ല.
തെരേസയുടെയും വില്യമിന്റെയും ഇടവകയിലെ യുവജന പ്രാര്‍ത്ഥനകളിലും കൂട്ടായ്മകളിലും സഹായിക്കുന്ന സിസ്റ്റര്‍ ജൂഡ്ഷ്യാന്‍ ഫ്രാഗ്‌നയുടെ കത്ത് ലഭിച്ചത് എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വഴിത്തിരിവായി മാറി. യുവജനങ്ങളുടെ ക്രൈസ്തവ മുന്നേറ്റത്തിന് ഊന്നല്‍ കൊടുക്കുന്ന ആര്‍.ഡി.ഐ.എയിലേക്കുള്ള ക്ഷണമായിരുന്നു അതില്‍. പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ വീണ്ടും ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം. എത്ര സൂക്ഷ്മവും നിസാരവുമായ കാര്യങ്ങളിലൂടെയാണ് പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്!
എങ്കിലും ഒരു മാസക്കാലത്തോളം ആ കത്ത് എന്റെ മേശപ്പുറത്ത് അലക്ഷ്യമായി കിടന്നു. പക്ഷേ അതിലെ ഉള്ളടക്കം എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. അങ്ങനെ അത്രയും നാള്‍ ഉള്ളിലൊതുക്കിയ എന്റെ വിശ്വാസജീവിതത്തെക്കുറിച്ചുള്ള ആ സത്യം കാലങ്ങള്‍ക്കുശേഷം അന്നാദ്യമായി ഞാന്‍ തെരേസയോട് പറഞ്ഞു. പ്രതീക്ഷിച്ചതുപോലെതന്നെ അവള്‍ക്കതൊട്ടും വിശ്വസനീയമായിരുന്നില്ല.
എന്റെ അമ്മയോട് പറയാനും ഞാന്‍ അധികം കാത്തുനിന്നില്ല. ദൈവശാസ്ത്രസംബന്ധിയായ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും ഒടുവില്‍ വളരെ സന്തോഷത്തോടുകൂടിയാണ് എന്റെ പുതിയ വിശ്വാസത്തെ അമ്മ സ്വീകരിച്ചത്. 2004-ലെ ഈസ്റ്റര്‍ ദിനത്തില്‍ ദൈവത്തിന്റെ കൃപയാല്‍ ഞാന്‍ കത്തോലിക്കാ സഭയുടെ ഭാഗമായിത്തീര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം, വില്യമിനെപ്പോലെ ഞാനും അങ്ങനെ എന്റെ വിളിക്കുത്തരം നല്കി.
റോണ്‍ ഡൗബ്
(കടപ്പാട്: WHY I’M CATHOLIC)