ഭോഷത്തംകൊണ്ടണ്ട് തകർക്കപ്പെട്ട ഭവനങ്ങൾ

രൂപതയിലെ മാതൃസംഘ അംഗങ്ങളെ അഭിസംബോധന ചെയ്ത് ഉപദേശരൂപേണ സംസാരിക്കുകയായിരുന്നു പ്രായമായ ആ വല്യച്ചൻ. സംസാരമധ്യേ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഭർത്താക്കന്മാരോടൊത്തുള്ള ജീവിതത്തിൽ സ്ത്രീകൾ ജ്ഞാനവും വിവേകവും ഉള്ളവരായിരിക്കണം. എത്രമാത്രം കഴിവുള്ളവളാണെങ്കിലും, എത്ര വലിയ തറവാട്ടിൽ പിറന്നവളാണെങ്കിലും സ്ത്രീക്ക് ജ്ഞാനവും വിവേകവും ഇല്ലെങ്കിൽ ഭർത്താവ് മാത്രമല്ല, കെട്ടിവന്ന വീട്ടിലെ ആരുംതന്നെ അവളെ ഇഷ്ടപ്പെടുകയില്ല. എത്രയധികം സ്ത്രീധനം കൊണ്ടുവന്നാലും എത്ര പൊന്നും ഉടയാടകളുമായി വലതുകാൽ വച്ച് കേറിയവളാണെങ്കിലും കെട്ടിവന്ന വീടിന് അവൾ ഐശ്വര്യമായിത്തീരണമെങ്കിൽ അവളിൽ ജ്ഞാനവും അതിനുതക്ക വിവേകവും ഉണ്ടായിരുന്നേ മതിയാകൂ.

ഒന്നു നിർത്തിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഏകദേശം 45 വർഷങ്ങൾക്കുമുൻപായിരുന്നു ആ സംഭവം. ഞാനന്ന് ഒരു കൊച്ചച്ചനായിരുന്നു. രൂപതയിലെ ഒരു ഫൊറോനപള്ളിയിൽ സ്‌നേഹവാനായ ഒരു വല്യച്ചന്റെ കീഴിൽ കൊച്ചച്ചനായി ജോലി ചെയ്യുകയായിരുന്നു ഞാൻ. ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോൾ പള്ളിമുറ്റത്ത് ഒരു അംബാസിഡർ കാർ വന്നുനില്ക്കുന്നത് ഞാൻ കണ്ടു. കാറിൽ ഡ്രൈവറെ കൂടാതെ ഒരു സ്ത്രീ മാത്രം. അവർ കാറിൽനിന്ന് സാവധാനം ഇറങ്ങി. പള്ളിമേടയിലേക്ക് കയറിവന്നു.

എന്നെ കണ്ടപ്പോൾ സ്തുതി ചൊല്ലി. അതിനുശേഷം എന്നോട് ചോദിച്ചു, അച്ചാ വല്യച്ചൻ ഉണ്ടോ? ഇവിടെ ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ആ സ്ത്രീ വളരെ വിഷമത്തിലായി. എപ്പോൾ തിരിച്ചുവരും എന്നവർ തിരക്കി. ഞാൻ പറഞ്ഞു, ഇന്നു വരികയില്ല, നാളയേ വരൂ. അത്രയുംകൂടി കേട്ടപ്പോൾ അവർ കരയാൻ തുടങ്ങി. ഞാൻ ചോദിച്ചു; നിങ്ങൾ എവിടെനിന്ന് വരുന്നു? ഞാൻ ഈ ഇടവകക്കാരിയാണച്ചാ. അവൾ അവരുടെ വീട്ടുപേര് പറഞ്ഞു. കേട്ടപാടെ എനിക്ക് മനസിലായി. ആ ഇടവകയിലെ ഏറ്റവും വലിയ തറവാട്ടുകാരനും ആ പ്രദേശത്തെ എന്നുമാത്രമല്ല, കേരളത്തിലെതന്നെ ഏറ്റവും വലിയ പണക്കാരിൽ ഒരുവനുമാണ് അവളുടെ ഭർത്താവെന്ന്.

നിങ്ങൾ എന്തിനാണ് വന്നത്? ഞാൻ തിരക്കി. ഒരു നിമിഷം അവൾ തലകുനിച്ച് മൗനം അവലംബിച്ചു. പിന്നീട് പറഞ്ഞു: ”വല്യച്ചനോട് എന്റെ വേദനകൾ പറയാനും ഒന്നു കുമ്പസാരിക്കുവാനുമാണച്ചാ.” അവൾ പറഞ്ഞുനിറുത്തി. അപ്പോൾ ഞാൻ പറഞ്ഞു: വല്യച്ചനെതന്നെ കാണണമെന്ന് സഹോദരിക്ക് നിർബന്ധമാണെങ്കിൽ ഇന്ന് പോയിട്ട് നാളെ ഈ സമയത്തു വാ. അപ്പോഴേക്കും അച്ചൻ ഇവിടെ എത്തിച്ചേർന്നിരിക്കും. അതുകേട്ട് അവർ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു. അപ്പോഴേക്കും ഞാൻ ചങ്കുപൊട്ടി ചത്തുപോകുമച്ചാ.

ഞാൻ അവളെ ആശ്വസിപ്പിച്ചു പറഞ്ഞു: സഹോദരിക്ക് എന്നെ വിശ്വാസമാണെങ്കിൽ ഞാൻ സഹോദരിയുടെ വേദനകൾ കേൾക്കാം. കുമ്പസാരം കേൾക്കുകയും ചെയ്യാം. പകുതി മനസോടെ അവളതു സമ്മതിച്ചു.

സങ്കടകഥയുടെ തുടക്കം

അവളുടെ പ്രശ്‌നങ്ങൾ അവൾ പറഞ്ഞുതുടങ്ങി. അച്ചാ ഈ ഇടവകയിലെ എല്ലാവരും കരുതിയിരിക്കുന്നത് ഞാനാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവതി എന്നാണ്. എന്നാൽ, ഭൂമിയിലെ ഏറ്റവും നിർഭാഗ്യവതിയായ സ്ത്രീ ഞാനാണച്ചാ. കെട്ടിവന്ന നാൾ മുതൽ ഞാനൊരു കാര്യം മനസിലാക്കി. എന്റെ ഭർത്താവിന് എന്നോട് അശേഷം സ്‌നേഹമോ താല്പര്യമോ ഇല്ല. മറ്റുപല സ്ത്രീകളോടാണ് താല്പര്യം. എന്റെ അപ്പൻ തറവാട്ടുമഹിമയും പണവും നോക്കി എന്നെ ഇവിടെ കെട്ടിച്ചതാണ്. മറ്റൊന്നും അവർ അന്വേഷിച്ചില്ല. കല്യാണദിവസം തന്നെ മൂക്കറ്റം കുടിച്ചിട്ടാണ് അയാൾ മുറിയിൽ വന്നത്. അന്ന് എന്റെ മനസിൽ കൊള്ളിയാൻ മിന്നിയതാണ്. ആ മിന്നൽ ഇന്നും നിലനില്ക്കുന്നു.

എങ്ങനെയൊക്കെയോ അങ്ങേരുടെ നാലുമക്കളെ ഞാൻ പ്രസവിച്ചു. തുടക്കത്തിലേതന്നെ വീട്ടിലെ ജോലിക്കാർ പറഞ്ഞ് ഞാനറിഞ്ഞിരുന്നു – അങ്ങേർക്ക് വേറെ ബന്ധങ്ങളുണ്ടെന്ന്. ഈ കഴിഞ്ഞയാഴ്ച വീട്ടിലെ വേലക്കാരി പറഞ്ഞു, ഞങ്ങളുടെ പറമ്പിന്റെ പുറംപോക്കിൽ താമസിക്കുന്ന ലക്ഷ്മിക്കുട്ടി എന്ന സ്ത്രീയുടെ വീട്ടിൽ അയാൾ കൂടെക്കൂടെ ചെല്ലാറുണ്ടെന്ന്. അവിടെ ചെല്ലുന്ന സമയവും ഞാനവളോട് ചോദിച്ച് മനസിലാക്കി. അത് നിരീക്ഷിച്ച് കണ്ടുപിടിക്കാൻ ഞാൻ വിശ്വസ്തനായ വേറൊരു വേലക്കാരനെ ഏർപ്പെടുത്തി. അവൻ വന്ന് എന്നോട് പറഞ്ഞു, സംഗതി സത്യമാണെന്ന്. മിക്കവാറും ദിവസങ്ങളിൽ രാത്രിയിൽ എട്ടുമണിയോടുകൂടെ അയാൾ അവിടെ പോകാറുണ്ടത്രേ. എന്റെ കണ്ണുകൊണ്ടുതന്നെ കണ്ടതിനുശേഷം വികാരിയച്ചനോടു പറയാം എന്ന് കരുതി പുറംപോക്കിലെ അവരുടെ വീടിനടുത്തുള്ള ഞങ്ങളുടെ വാഴത്തോട്ടത്തിൽ വേലക്കാരിയോടൊപ്പം ഞാൻ പതിയിരുന്നു.

അങ്ങനെ ഞാൻ എന്റെ കണ്ണുകൊണ്ടുതന്നെ കണ്ടച്ചാ അങ്ങോട്ട് കയറിച്ചെല്ലുന്ന എന്റെ ഭർത്താവിനെ. തിരികെ എന്റെ ഭവനത്തിൽ ഞാൻ ഓടിക്കയറുമ്പോൾ എന്റെ മനസിൽ ഒരു വിചാരമേ ഉണ്ടായിരുന്നുള്ളൂ, അയാളുടെ ഓഫിസ്‌റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങി ചാവുക! പക്ഷേ, എനിക്കതിന് കഴിഞ്ഞില്ല. ഞാൻ പ്രസവിച്ച നാലുമക്കളെക്കുറിച്ചുള്ള വിചാരം എന്നെ അതിൽനിന്ന് പിന്തിരിപ്പിച്ചു. പിന്നെ ഭർത്താവ് വീട്ടിൽ വരുന്നതിനുള്ള കാത്തിരിപ്പായി. ഒടുവിൽ വളരെ വൈകി അയാൾ വന്നു. വന്നപാടെ ഞാൻ എന്റെ സർവശക്തിയും വെറുപ്പും ഒരുമിച്ച് ചേർത്ത് ഭർത്താവിനെ വാതിൽക്കൽ തടഞ്ഞുനിർത്തി അധികാരസ്വരത്തിൽ ഇങ്ങനെ ചോദിച്ചു: ”എവിടെ ആയിരുന്നു ഇത്രനേരം?” ”നീ ആരാടീ എന്നോട് ചോദിക്കാൻ” അയാൾ തിരിച്ചുചോദിച്ചു.

”നിങ്ങളുടെ ഭാര്യയാണ് ഞാൻ. എനിക്കറിയണം നിങ്ങളീ പാതിരാത്രിവരെ എവിടെയായിരുന്നുവെന്ന്. എനിക്കതിന് അവകാശമുണ്ട്.” ”എന്തവകാശമാണ് നിനക്കുള്ളത്? മാറടീ വഴിയിൽനിന്ന്.” അയാൾ ഭാര്യയെ പിടിച്ച് ഒരുന്തുകൊടുത്തു. അവൾ മലർന്നടിച്ച് നിലത്ത് വീണു. എന്നിട്ട് അയാൾ നേരെ ബെഡ്‌റൂമിലേക്ക് കയറി. ഭാര്യ പുറകെ ചെന്നു. അവൾ അധികാരപൂർവം വീണ്ടും തടഞ്ഞുനിർത്തി പറഞ്ഞു: ”കയറിപ്പോകരുത് ഈ ബെഡ്‌റൂമിൽ. ഇതിൽ കയറാൻ നിങ്ങൾക്കവകാശമില്ല. പാതിരാത്രിവരെ വേശ്യകളോടൊപ്പം കൂത്താടിയിട്ട് മൂക്കറ്റം കുടിച്ച് നിങ്ങൾക്ക് വന്നുകേറാനുള്ള സ്ഥലമല്ല ഈ ബെഡ്‌റൂം. ഇറങ്ങിക്കൊള്ളണം ഇവിടെനിന്ന്. നിങ്ങൾ അവിടെപോയി കിടന്നോ, ആ പിഴച്ചവളുടെ വീട്ടിൽ. ഇത്രയും നേരം അവിടെയല്ലായിരുന്നോ? എന്തിനാണ് ഇങ്ങുപോന്നത്?”

”നീ ആരാടീ എന്നോട് ചോദിക്കാൻ. എനിക്ക് ഇഷ്ടമുള്ളിടത്ത്, ഇഷ്ടമുള്ളപ്പോൾ പോകും. തടുത്താൽ നിന്നെ ഞാൻ കഷണം കഷണമാക്കി പട്ടിക്ക് ഇട്ടുകൊടുക്കും. നിന്റെ അപ്പന്റെ വകയൊന്നുമല്ല ഈ വീട്.” അയാൾ ആക്രോശിച്ചു. അപ്പോൾ അവർ പറഞ്ഞു. ”എന്നാൽ അതുതന്നെ ഒന്നു കാണട്ടെ. ഇനി നിങ്ങൾ അവളുടെ വീട്ടിൽ ഒന്ന് പോക്, അപ്പോൾ കാണാം ഞാനാരാണെന്ന്. എന്റെ തറവാട്ടുകാർ ആരാണെന്ന് അപ്പോൾ നിങ്ങളറിയും. നീ പോടീ പുല്ലേ. നീയും നിന്റെ വീട്ടുകാരും എന്തു ചെയ്യുമെടീ എന്നെ” എന്നു ചോദിച്ച് അയാൾ അവളുടെ കരണത്തടിച്ചു. അവൾ കരഞ്ഞു നിലവിളിച്ചുകൊണ്ട് പറഞ്ഞു: ”രണ്ടിനെയും ഞാൻ വാക്കത്തിയെടുത്ത് വെട്ടിക്കൊല്ലും. എന്നാൽ അതുതന്നെ ഒന്നു കാണട്ടെ” എന്നു പറഞ്ഞ് അയാൾ സിംഹത്തെപ്പോലെ ഗർജിച്ചുകൊണ്ട് പുറത്തുപോയി.

വേദനയുടെ പാരമ്യം

കുറെസമയം കഴിഞ്ഞ് ലക്ഷ്മിക്കുട്ടിയെയും കൂട്ടി തിരികെ വന്നു. അവൾ അണിഞ്ഞൊരുങ്ങിയിരുന്നു. അയാൾ കാറിന്റെ ഡോർ തുറന്നുകൊടുത്ത് അവളെ ഇറക്കി. അവളെ ചേർത്തുപിടിച്ച് വീട്ടിലേക്ക് കയറി. എന്നിട്ട് ഭാര്യയോട് പറഞ്ഞു. ”നീ കണ്ടോടീ. നീ എന്ത് ചെയ്യുമെന്ന് ഞാനൊന്നു കാണട്ടെ. അതുകഴിഞ്ഞ് ബാക്കി കാര്യം. നിന്റെ ആ പരിശുദ്ധമായ ബെഡ്‌റൂമിൽ തന്നെ ഞാൻ ഇവളുമൊത്ത് കിടക്കും. നീ ഞങ്ങളെ എന്തു ചെയ്യുമെന്ന് കാണട്ടെ.” അയാൾ ആ പെണ്ണിനെ ചേർത്തുപിടിച്ച് ബെഡ്‌റൂമിൽ കയറി കുറ്റിയിട്ടു.

എന്തു ചെയ്യണമെന്ന് അറിയാതെ ഭാര്യയായ അവൾ പകച്ചുനിന്നു. ആദ്യമവൾ വിചാരിച്ചു, മണ്ണെണ്ണ ഒഴിച്ച് ബെഡ്‌റൂമിന് തീ കൊടുക്കാം. രണ്ടിനെയും അവിടെയിട്ട് ചുട്ടുകൊല്ലാം. പക്ഷേ, അവൾക്ക് അനങ്ങാൻപോലും കഴിഞ്ഞില്ല. പിന്നെ അവൾ വിചാരിച്ചു, ബെഡ്‌റൂമിന്റെ വാതിൽക്കൽ കെട്ടിത്തൂങ്ങി മരിക്കാം. അങ്ങനെ പ്രതികാരം ചെയ്യാം. പക്ഷേ, അതിനുമവൾക്ക് കഴിഞ്ഞില്ല. വീണ്ടുമവൾ ചിന്തിച്ചു, സ്വന്തം വീട്ടുകാരെയും പഠനസംബന്ധമായി ബോർഡിംഗിൽ ആയിരിക്കുന്ന മക്കളെയും വിളിച്ചുവരുത്തി അയാളുടെ മാനം കെടുത്താം. പക്ഷേ, അതിനും അവൾക്ക് കഴിഞ്ഞില്ല. അവസാനമായി അവൾ ചിന്തിച്ചു, പോലിസിനെ വിളിച്ച് അവരെ പോലിസിനെക്കൊണ്ട് പിടിപ്പിക്കാം. പക്ഷേ, അതുപോലും ആ നിസഹായതയിൽ അവൾക്ക് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം അവൾ ആ ബെഡ്‌റൂമിന്റെ വാതിൽക്കൽ കുത്തിയിരുന്ന് കരഞ്ഞു. അവിടെ വച്ചിരുന്ന വ്യാകുലമാതാവിന്റെ ചിത്രത്തിലേക്ക് നോക്കിയിരുന്ന് അവൾ നേരം വെളുപ്പിച്ചു.

പ്രഭാതമായപ്പോൾ ബെഡ്‌റൂമിന്റെ വാതിൽ തുറന്നു. അവർ പുറത്തിറങ്ങി. നിലത്ത് ചാരിയിരുന്ന് കരയുന്ന ഭാര്യയെ കാലുകൊണ്ട് തോണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ”ദേ നീ കണ്ടില്ലേ ഞാനാരാണെന്ന്? കരഞ്ഞും കൂകിയും ഒച്ചപ്പാടുണ്ടാക്കി നീ നിന്റെ വീട്ടുകാരെ ഇവിടെ വരുത്തിയാൽ ഇതിനപ്പുറത്തുള്ളതും നീ കാണും. വേണമെങ്കിൽ മര്യാദയ്ക്ക് കൊന്തയും ചൊല്ലി ഇവിടെയെങ്ങാനും കഴിഞ്ഞോ.” ഇത്രയും പറഞ്ഞിട്ട് ലക്ഷ്മിക്കുട്ടിയെയും കൊണ്ട് അയാൾ കാറോടിച്ച് എവിടെയോ പോയി. ഭാര്യയായ അവൾ പലതും ചിന്തിച്ചുനോക്കി. പക്ഷേ, ഇടയ്ക്ക് ഭിത്തിയിലെ വ്യാകുലമാതാവിന്റെ ചിത്രത്തിൽ പതിച്ചുകൊണ്ടിരുന്ന അവളുടെ നോട്ടം സകല ദുർചിന്തകളിൽനിന്നും അവളെ കാത്തുരക്ഷിച്ചു. ആ ഇരിപ്പ് ഉച്ചയോളം അവിടെത്തന്നെ ഇരുന്നു. അവസാനം അവൾ എഴുന്നേറ്റ് മുഖം കഴുകി തലമുടി ചീകിയൊതുക്കി, ഭക്ഷണം കഴിച്ച്, നേരെ പള്ളിയിലേക്ക് പോന്നു.

വെറുതെയാവാത്ത സഹനങ്ങൾ

എല്ലാം പറഞ്ഞുതീർന്നപ്പോൾ അവൾ എന്നോട് ചോദിച്ചു: ”ഞാനിനി എന്തു ചെയ്യണമച്ചാ. ഞാൻ തിരിച്ച് എന്റെ വീട്ടിൽ പോകട്ടെ?” ഞാൻ പറഞ്ഞു: ”ഒരിക്കലുമരുത്. സ്വന്തം വീട്ടിലും മക്കളുടെയടുത്തും ഈ പ്രശ്‌നം അറിയിക്കുകപോലുമരുത്. പകരം സഹോദരി അങ്ങേരെ പ്രാർത്ഥനകൊണ്ടും പ്രായശ്ചിത്ത – പരിഹാര പ്രവൃത്തികൾകൊണ്ടും നേടിയെടുക്കണം. സഹോദരി ഇത്രത്തോളം സഹിച്ചത് നാട്ടുകാരെയും മക്കളെയും വിളിച്ചുകൂട്ടി നഷ്ടമാക്കി കളയരുത്. മക്കളിതറിഞ്ഞാൽ അവരുടെ മനസിൽ അപ്പൻ മരിക്കും. പിന്നെയവർ അപ്പനില്ലാത്ത കുഞ്ഞുങ്ങളെപ്പോലെ അനാഥരാകും. വീട്ടുകാരറിഞ്ഞാൽ അവർ സഹോദരിയുടെ ഭർത്താവിനെ എഴുതിത്തള്ളും. ചിലപ്പോൾ കൊന്നു കളഞ്ഞെന്നുമിരിക്കും.

അവിടെ സഹോദരിക്കാണ് നഷ്ടം. ഈ കാലഘട്ടങ്ങളിലെ സഹനമെല്ലാം വെറുതെയാകും. സഹോദരിക്ക് ഭർത്താവ് നഷ്ടമാകും. നാട്ടുകാരറിഞ്ഞാൽ കുടുംബത്തിന്റെ സല്‌പ്പേരും മാന്യതയുമെല്ലാം നഷ്ടമാകും. മക്കൾക്ക് ഒരു നല്ല വിവാഹാലോചനപോലും വരാതെയാകും. അങ്ങനെ സഹോദരിയുടെ സഹനം പത്തിരട്ടിയാകും. മാത്രമല്ല, ഭർത്താവിന് സഹോദരിയോട് വെറുപ്പേറും. പിന്നീടൊരിക്കലും ഭർത്താവിനെ തിരിച്ചുപിടിക്കാൻ സഹോദരിക്ക് കഴിയുകയില്ല. ധൂർത്തപുത്രന്റെ ഉപമയിൽ നല്ലവനായ പിതാവ് തന്റെ രണ്ടാമത്തെ പുത്രനോട് കാണിച്ച കരുണയും കാത്തിരിപ്പും സഹോദരിയുടെ ഭർത്താവിനോട് സഹോദരി കാണിക്കണം. കാലക്രമേണ അയാൾ തിരിച്ചുവരും.” ഞാൻ പറഞ്ഞുനിർത്തി.
അല്പനേരത്തെ മൗനത്തിനുശേഷം അവൾ സംശയത്തോടെ ചോദിച്ചു: ”അതു സംഭവിക്കുമോ അച്ചാ? ”ഞാൻ പറഞ്ഞു;

”തീർച്ചയായും സംഭവിക്കും. ഇവിടെ സഹോദരിക്ക് ഒരു തെറ്റു പറ്റി. പാപത്തിൽ കുടുങ്ങി, സാത്താന്റെ അടിമയായി കയറിവന്ന ഭർത്താവിനോട് പെരുമാറേണ്ട രീതിയിൽ അല്ല സഹോദരി പെരുമാറിയത്. തീരെ ജ്ഞാനവും വിവേകവും ഇല്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്തുപോയി. അധികാരത്തോടെയും ധിക്കാരപൂർണവുമായ ആ സംസാരവും പെരുമാറ്റവും ധിക്കാരിയായ സഹോദരിയുടെ ഭർത്താവിനെക്കൊണ്ട് കൂടുതൽ പാപം ചെയ്യിച്ചു എന്ന് മാത്രമല്ല, പരസ്പരം ഒന്നിക്കാനാവാത്തവിധത്തിൽ മനസുകൊണ്ട് നിങ്ങൾ ധ്രുവങ്ങൾക്കു തുല്യം അകന്നുപോകാൻ ഇടവരുത്തുകയും ചെയ്തു. ആദ്യം ചെയ്ത തെറ്റിൽ അയാൾ വ്യഭിചാരം ചെയ്തുവെന്ന് മാത്രമേയുള്ളൂവെങ്കിൽ രണ്ടാമത് ചെയ്ത തെറ്റിൽ അയാൾ പരസ്ത്രീയെ കാറിൽ കൊണ്ടുവന്ന് വീട്ടിൽ കയറ്റി ഭാര്യയുടെ മുൻപിൽവച്ച് ബെഡ്‌റൂമിൽ കയറ്റി അവളോടൊത്ത് വ്യഭിചാരം ചെയ്തുവെന്ന കൂടുതൽ ഗൗരവമേറിയ പാപം ചെയ്തുപോയി. സഹോദരി നിഷ്‌കളങ്കയാണെങ്കിലും രണ്ടാമത്തെ ഗൗരവമേറിയ തെറ്റ് അയാളെക്കൊണ്ട് ചെയ്യിക്കാൻ ഇടവരുത്തിയത് സഹോദരിയുടെ ജ്ഞാനവും വിവേകവുമില്ലാത്ത അധികാരപൂർണമായ വാക്കും പ്രവൃത്തിയുമാണ്. സഹോദരി ഒന്നു മനസിലാക്കുക – ഒരു പുരുഷനും സ്ത്രീയുടെ മുൻപിൽ പ്രത്യേകിച്ച് സ്വന്തം ഭാര്യയുടെ മുൻപിൽ ചെറുതാകാൻ ഇഷ്ടപ്പെടുന്നില്ല. അവൻ തെറ്റു ചെയ്തിട്ടുണ്ടാകാം. പക്ഷേ,

അധികാരത്തിലൂടെ അയാളെ തിരികെ കൊണ്ടുവരാം എന്ന് ഭാര്യമാർ കരുതരുത്. അത് കൂടുതൽ വലിയ തെറ്റിലേക്ക് അവരെ നയിക്കും. മാത്രമല്ല അവർ കൂടുതൽ കൂടുതൽ ഭാര്യമാരെ വെറുക്കുകയും ചെയ്യും. സുഭാഷിതങ്ങൾ 14:1 ൽ ഇപ്രകാരം പറയുന്നു: ”ജ്ഞാനം വീടു പണിയുന്നു. ഭോഷത്തം സ്വന്തം കൈകൊണ്ട് അത് ഇടിച്ചുകളയുന്നു.” ഇവിടെ സഹോദരിക്ക് ആ അബദ്ധം പറ്റി. ഒരാൾ തെറ്റുചെയ്തിട്ട് സ്വന്തം ഭവനത്തിലേക്ക് കടന്നുവരുമ്പോൾ തന്നെ അയാളുടെ മനസ്സാക്ഷി അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ആരും കണ്ടില്ലെങ്കിലും ദൈവം കാണുന്നുണ്ടല്ലോ എന്ന ഉപബോധ മനസിലെ ചിന്ത അയാളെ ചെറുതാക്കിക്കൊണ്ടിരിക്കും. ആ തെറ്റ് ഭാര്യ കണ്ടുപിടിച്ചു എന്ന അറിവ് അയാളെ കൂടുതൽ ചെറിയവനാക്കും. മാത്രമല്ല, ഭാര്യ തന്നോട് അതിന്റെ പേരിൽ അധികാരത്തോടെയും നിന്ദാപൂർവവും പെരുമാറുന്നു എന്ന ചിന്ത ഭാര്യയെ തോല്പിക്കാൻ വേണ്ടി കൂടുതൽ കൂടുതൽ തെറ്റു ചെയ്യാൻ അയാളെ പ്രേരിപ്പിക്കും. ഇവിടെ അതാണ് സം ഭവിച്ചത്. അയാൾ ചെയ്ത രണ്ടാമത്തെ വലിയ തെറ്റിന് ഉത്തരവാദി സഹോദരിയും കൂടിയാണ്.”

ഈ വാക്കുകൾ കേട്ടപ്പോൾ അവൾ വിങ്ങിക്കരഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: ”ശരിയാണച്ചാ, എനിക്കാണ് തെറ്റ് പറ്റിയത്. ഞാനിനി എന്തു ചെയ്യണമച്ചാ? അവൾ വിങ്ങി വിങ്ങി ചോദിച്ചു. ഇനിയും എല്ലാം കൈവിട്ടുപോയി എന്ന് സഹോദരി കരുതേണ്ട. അദ്ദേഹത്തെ തിരിച്ചുപിടിക്കാനുള്ള പന്ത് സഹോദരിയുടെ കോർട്ടിൽ തന്നെയാണ്. അയാൾ അവസാനം പറഞ്ഞില്ലേ, മറ്റുള്ളവരോട് പറഞ്ഞ് ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാതെ മര്യാദക്ക് അടങ്ങിയൊതുങ്ങി കൊന്തയും ചൊല്ലി ഇവിടെത്തന്നെ കഴിഞ്ഞുകൊള്ളാൻ. ആ വാക്കുകളെത്തന്നെ സ്വീകരിക്കുക. ഇനിയാരോടും ഈ സംഭവത്തെക്കുറിച്ച് പറയരുത്. ഈ സംഭവം അറിഞ്ഞ വേലക്കാരോട് അത് മറ്റാരോടും പറയരുതെന്ന് നിർബന്ധമായും വാക്ക് ചൊല്ലിക്കുക. അതിനുശേഷം ഭർത്താവ് വീട്ടിൽ വരുമ്പോൾ കൂടുതൽ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അദ്ദേഹത്തെ ശുശ്രൂഷിക്കുക. അതിനുള്ള ശക്തി ദൈവം തരും. അതുമാത്രം പോരാ – പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പരിഹാര പ്രവൃത്തികളിലൂടെയും അദ്ദേഹത്തിന്റെ ആത്മരക്ഷക്കുവേണ്ടി ദൈവസന്നിധിയിൽ മുറവിളി കൂട്ടുക. തക്കസമയത്ത് അവിടുന്ന് ഇടപെടുകതന്നെ ചെയ്യും.”

”വ്യഭിചാരംകൊണ്ട് അശുദ്ധമായ ഞങ്ങളുടെ ബെഡ്‌റൂം ഇനിയെന്നെങ്കിലും വിശുദ്ധമാകുമോ അച്ചാ?” ”അവിശ്വാസിയായ ഭർത്താവ് വിശ്വാസിയായ ഭാര്യയാൽ നീതീകരിക്കപ്പെടും എന്ന തമ്പുരാന്റെ വചനം സഹോദരി ഓർക്കുക. ഇവിടെ ഭർത്താവ് അവിശ്വസ്തത കാട്ടിയാലും സഹോദരി വിശ്വസ്തയും പരിശുദ്ധയുമായിരിക്കുന്നതുകൊണ്ട് ആ മണവറ പരിശുദ്ധംതന്നെ. അതിനാൽ അതോർത്ത് വിഷമിക്കേണ്ട. പക്ഷേ, സഹോദരി ഒന്നു ചെയ്യേണ്ടതുണ്ട്. കൂടുതൽ ജ്ഞാനത്തിനും വിവേകത്തിനും വേണ്ടി പ്രാർത്ഥിക്കണം. കൂടുതൽ പ്രാർത്ഥിക്കുകയും ദാനധർമങ്ങൾ അനുഷ്ഠിക്കുകയും വിശുദ്ധ ബലികൾ കണ്ട് കാഴ്ചവയ്ക്കുകയും പ്രായശ്ചിത്തങ്ങളും പരിഹാരപ്രവൃത്തികളും അനുഷ്ഠിക്കുകയും വേണം.” അവൾ അതെല്ലാം സമ്മതിച്ചു. നല്ലൊരു കുമ്പസാരവും നടത്തി, ഉറച്ച കാൽവയ്പ്പുകളോടെ തിരിച്ചുപോയി.
ഞാനവിടെനിന്നും ആറുമാസം കഴിഞ്ഞപ്പോൾ സ്ഥലംമാറിപ്പോയെങ്കിലും പിന്നീട് എനിക്കറിയാൻ കഴിഞ്ഞു, അവരുടെ ഭർത്താവ് അധികം വൈകാതെ ഒരു കപ്പൂച്ചിൻ ധ്യാനം കൂടി മാനസാന്തരത്തിലേക്ക് കടന്നുവന്നുവെന്നും അവർ സന്തോഷമായി ജീവിക്കുന്നുവെന്നും.

ജ്ഞാനചൈതന്യമേ നയിച്ചാലും

‘നിങ്ങൾ പ്രാവിനെപ്പോലെ നിഷ്‌കളങ്കരും സർപ്പത്തെപ്പോലെ വിവേകികളും ആയിരിക്കുവിൻ’ എന്ന കർത്താവിന്റെ വചനം നമുക്ക് ഓർക്കാം. ക്രിസ്തീയ ജീവിതത്തിൽ പ്രത്യേകിച്ചും ഭാര്യാഭർതൃബന്ധത്തിൽ വിജയിക്കുവാൻ നിഷ്‌കളങ്കത മാത്രം പോരാ, ജ്ഞാനവും അതിനുതക്ക വിവേകവും നമുക്ക് ആവശ്യമാണ്. ഈ ഉപദേശം ഭാര്യമാർക്ക് മാത്രമല്ല, ഭർത്താക്കന്മാർക്കും അനിവാര്യമായ ഒന്നത്രേ. ഭാര്യാഭർതൃബന്ധത്തിൽ മാത്രമല്ല, ജീവിതത്തിന്റെ വിവിധ തുറകളിൽ വ്യാപരിക്കുന്നവർക്കും അവർ നയിക്കുന്ന ക്രിസ്തീയ ജീവിതം വിജയിപ്പിക്കുവാൻ ജ്ഞാനവും വിവേകവും ആവശ്യവും അനിവാര്യവുമായതുമാണ്. അതുകൊണ്ടത്രേ സോളമൻ രാജാവ് കർത്താവിനോട് മറ്റെന്തിനേക്കാളുപരി പ്രജകളെ നയിക്കാൻ വേണ്ട ജ്ഞാനവും അതിനുതക്ക വിവേകവും എനിക്ക് നല്കണമേയെന്ന് പ്രാർത്ഥിച്ചത്.

ജ്ഞാനത്തിനും വിവേകത്തിനും വേണ്ടി ചോദിക്കുന്നവർക്ക് ദൈവം അതു നല്കും. കാരണം അത് അവിടുത്തെ വാഗ്ദാനമാണ്. ”നിങ്ങളിൽ ജ്ഞാനം കുറവുള്ളവൻ ദൈവത്തോട് ചോദിക്കട്ടെ. അവന് അത് ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നല്കുന്നവനാണ് അവിടുന്ന്” (യാക്കോബ് 1:5). ജ്ഞാനം ദൈവത്തിന്റെ ദാനമാണ്. ഭൗതികമായ പഠനങ്ങളിലൂടെ അത് ആർജിച്ചെടുക്കാമെന്ന് കരുതരുത്. ”ദൈവം നല്കുന്നില്ലെങ്കിൽ ജ്ഞാനം എനിക്ക് ലഭിക്കുകയില്ലെന്ന് ഞാനറിഞ്ഞു. ആരുടെ ദാനമാണ് അവൾ എന്നറിയുന്നത് ഉൾക്കാഴ്ചയുടെ ലക്ഷണമാണ്. അതുകൊണ്ട് ഞാൻ കർത്താവിനോട് ഉള്ളഴിഞ്ഞ് അപേക്ഷിച്ചു” (ജ്ഞാനം 8:21). ”ജ്ഞാനം കർത്താവിനോടുകൂടെയാണ്. സർവ ജ്ഞാനവും കർത്താവിൽനിന്നും വരുന്നു. അത് എന്നേക്കും അവിടുത്തോടുകൂടെയാണ്” (പ്രഭാ. 1:1).

തന്നെ പ്രസാദിപ്പിക്കുന്നവർക്ക് ദൈവം നല്കുന്ന ദാനമാണ് ജ്ഞാനം. ”തന്നെ പ്രസാദിപ്പിക്കുന്നവർക്ക് ദൈവം ജ്ഞാനവും അറിവും ആനന്ദവും പ്രദാനം ചെയ്യുന്നു” (സഭാ. 2:26).

ജ്ഞാനം ഒറ്റയ്ക്ക് സ്ഥിതിചെയ്യുന്നില്ല. വിവേകത്തോടൊപ്പമാണ് ജ്ഞാനത്തിന്റെ എപ്പോഴുമുള്ള വാസം. ”ജ്ഞാനമാണ് ഞാൻ. എന്റെ വാസം വിവേകത്തിലും” (സുഭാ. 8:17).

ജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവൻ ആദ്യം ചെയ്യേണ്ടത് തന്നെത്തന്നെ വിശുദ്ധീകരിക്കുകയാണ്. കാരണം ”ജ്ഞാനം കപടഹൃദയത്തിൽ പ്രവേശിക്കുകയില്ല. പാപത്തിന് അടിമയായ ശരീരത്തിൽ വസിക്കുകയുമില്ല” (ജ്ഞാനം 1:4). ദൈവപ്രമാണങ്ങൾ ലംഘിക്കുന്നവർക്ക് ജ്ഞാനത്തെ പ്രാപിക്കാമെന്ന് വ്യാമോഹിക്കരുത്. ”ജ്ഞാനം ആഗ്രഹിക്കുന്നവൻ പ്രമാണം കാക്കട്ടെ. അവിടുന്ന് അത് പ്രദാനം ചെയ്യും” (പ്രഭാ. 1:26).

വിശുദ്ധ ഗ്രന്ഥത്തിൽ ജ്ഞാനത്തിന്റെ പുസ്തകത്തിന്റെ രചയിതാവ് ഇപ്രകാരം എഴുതിയിരിക്കുന്നു. ഞാൻ പ്രാർത്ഥിച്ചു, എനിക്ക് വിവേകം ലഭിച്ചു. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിച്ചു ജ്ഞാനചൈതന്യം എനിക്ക് ലഭിച്ചു. ചെങ്കോലിലും സിംഹാസനത്തിലുമധികം അവളെ ഞാൻ വിലമതിച്ചു. അവളോട് തുലനം ചെയ്യുമ്പോൾ ധനം നിസാരമെന്നു ഞാൻ കണക്കാക്കി. അനർഘ രത്‌നവും അവൾക്ക് തുല്യമല്ലെന്ന് ഞാൻ കണ്ടു. അവളുടെ മുൻപിൽ സ്വർണം മണൽത്തരി മാത്രം. വെള്ളി കളിമണ്ണും. ആരോഗ്യത്തെയും സൗന്ദര്യത്തെയുംകാൾ ഞാൻ അവളെ സ്‌നേഹിച്ചു. പ്രകാശത്തെക്കാൾ കാമ്യമായി അവളെ ഞാൻ വരിച്ചു. അവളുടെ കാന്തി ഒരിക്കലും ക്ഷയിക്കുകയില്ല. അവളോടൊത്ത് എല്ലാ നന്മകളും എണ്ണമറ്റ ധനവും എനിക്ക് ലഭിച്ചു. അവയിലെല്ലാം ഞാൻ സന്തോഷിച്ചു. ജ്ഞാനമാണ് അവയെ നയിക്കുന്നത്” (ജ്ഞാനം 7:7-12).
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും തണലിൽ നമ്മുടെ ക്രിസ്തീയ ജീവിതം ധാരാളമായി ഫലങ്ങളണിയട്ടെ. നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം – ജ്ഞാനത്തിന്റെ ചൈതന്യമേ ഞങ്ങളിൽ വന്നു നിറയണമേ, ആമ്മേൻ.

സ്റ്റെല്ല ബെന്നി

3 Comments

  1. Ansa says:

    true words… touching article….

  2. Elsamma James says:

    Very touching Article.

Leave a Reply to http://cheapinsurancenerd.org/progressivecarinsurancetexas.html Cancel reply

Your email address will not be published. Required fields are marked *