ഞാന്‍ നിനക്ക് മുമ്പേ പോകും!

 

എം.ടെക്കിനു പഠിക്കുന്ന മകന്‍ ഒരിക്കല്‍ ഗോവയില്‍നിന്നും ഉത്തര്‍പ്രദേശിലേക്ക് ഫ്‌ളൈറ്റ് യാത്രയ്‌ക്കൊരുങ്ങുന്ന സമയം. ലഗേജിന്റെ ഭാരക്കൂടുതല്‍ കാരണം 5400 രൂപ ഫൈന്‍ അടയ്ക്കണമെന്ന് പറഞ്ഞു. അവന്റെ കൈയില്‍ അത്രയും തുകയുണ്ടായിരുന്നില്ല. ഉടനെ അവന്റെ അക്കൗണ്ടിലേക്ക് ആറായിരം രൂപ ഇട്ടുകൊടുക്കാന്‍ എന്നെ വിളിച്ചുപറഞ്ഞു. ഞാന്‍ ആകെ വിഷമത്തിലായി. എങ്കിലും പണം അയച്ചു. പെട്ടെന്നാണ് ശാലോമില്‍ 2019 മെയ് മാസത്തില്‍ വന്ന ‘വീണ്ടും മുമ്പേ പോയ ദൈവം’ എന്ന സാക്ഷ്യത്തെക്കുറിച്ച് ഓര്‍മ വന്നത്.
”ഞാന്‍ നിനക്കുമുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീയറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്ക് നല്‍കും” (ഏശയ്യാ 45:2-3). ഞാന്‍ ഉടനെ ഈ വചനം ആവര്‍ത്തിച്ച് ചൊല്ലാന്‍ തുടങ്ങി. ഒരു മണിക്കൂറിനുശേഷം മകന്‍ വിളിച്ചുപറയുകയാണ്, ഫ്‌ളൈറ്റില്‍ കയറാന്‍ പോകുകയാണ്, ഫൈന്‍ അടക്കേണ്ടി വന്നില്ലായെന്ന്. ഫൈന്‍ ഒഴിവായതെങ്ങനെയെന്ന് അവന്‍ വിശദീകരിച്ചു.
അടുത്തുനിന്നയാള്‍ പറഞ്ഞതനുസരിച്ച് ബാഗിലുണ്ടായിരുന്ന ജാക്കറ്റുകള്‍ എടുത്ത് ധരിക്കുകയും ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് കൈയിലെടുക്കുകയും ചെയ്തു. അപ്പോള്‍ കുറച്ച് ഭാരം കുറഞ്ഞു. വീണ്ടും ചെക്കിങ്ങിനായി പോയപ്പോള്‍ ആദ്യം ചെക്ക് ചെയ്ത ഓഫീസര്‍ അല്ലായിരുന്നു നിന്നത്. അദ്ദേഹം പറഞ്ഞു, ഇനി ഇതുപോലെ ആവര്‍ത്തിക്കരുത്. ഇപ്പോഴത്തേക്ക് ഫൈന്‍ ഈടാക്കുന്നില്ല എന്ന്.
കര്‍ത്താവ് ഇടപെട്ട ആ നിമിഷത്തെയോര്‍ത്ത് ഞാന്‍ അവിടുത്തേക്ക് നന്ദി പറഞ്ഞു.


അനിത എ.എസ്, തിരുവനന്തപുരം

Leave a Reply

Your email address will not be published. Required fields are marked *