വിഷാദം മാറും, പുഞ്ചിരി തെളിയും

 

കൈയില്‍ ആവശ്യത്തിന് പണം ഉണ്ട്, വിദ്യാഭ്യാസമുണ്ട്, ജോലി ലഭിക്കാന്‍ ഒരു പ്രയാസവും ഇല്ല… ഈ അവസ്ഥയിലായിരുന്നു എന്റെ പ്രിയ കൂട്ടുകാരന്‍. എന്നാല്‍ അത് ഒരു അഹങ്കാരമായപ്പോള്‍ അവന്‍ പ്രാര്‍ത്ഥനയില്‍നിന്നും ദൈവാലയത്തില്‍നിന്നും പിറകോട്ട് വലിഞ്ഞു. മാതാപിതാക്കള്‍ക്ക് അത്യാവശ്യം സാമ്പത്തികസ്ഥിതി ഉള്ളതിനാല്‍ വലിയ ആര്‍ഭാടത്തിലായിരുന്നു ജീവിതം. അവന്റെ മാതാപിതാക്കള്‍ വലിയ വിഷമത്തിലായി. കുഞ്ഞുനാളിലെ അവന്റെ അള്‍ത്താരശുശ്രൂഷയും ദൈവഭക്തിയും എന്റെ മനസിലേക്കോടി വന്നിരുന്നു. അധ്യാപകരുടെ പ്രിയശിഷ്യന്‍, എല്ലാവര്‍ക്കും ഇഷ്ടം.
പിന്നീട് കുറെ നാളുകള്‍ക്കുശേഷമാണ് അവനെ ഞാന്‍ കാണുന്നത്. ദൂരെനിന്ന് കണ്ടപ്പോള്‍ എനിക്കവനെ ആദ്യം മനസിലായില്ല. കണ്ണുകള്‍ക്ക് തിളക്കം നഷ്ടപ്പെട്ട്, ശരീരമാകെ മെലിഞ്ഞ്, മുടിയും താടിയും വല്ലാതെ വളര്‍ന്ന്, വല്ലാത്തൊരു രൂപം. എന്നെ കണ്ട ഉടന്‍ അവന്‍ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോള്‍ കരച്ചിലിന്റെ ശക്തി കൂടിവന്നു. കുറെനേരം ഇരുന്ന് കരഞ്ഞതിനുശേഷം നേരിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു. ‘എന്റെ ജീവിതം തീര്‍ന്നെടാ…’
അവന്റെ ജീവിതത്തിലെ ഒരു പ്രണയബന്ധം തകര്‍ന്നുപോയതാണ് കാരണം. ഈ പ്രശ്‌നം അവനെ വലിയ വിഷാദത്തിലേക്ക് നയിച്ചു. ഒന്ന് ഉറങ്ങിയിട്ട് നാളുകളായി, ഭക്ഷണവും വെള്ളവുമില്ല. മുറിയില്‍ത്തന്നെ ഇരിക്കുന്നു. വൈദ്യസഹായം തേടിയെങ്കിലും പൂര്‍ണമായ ഒരു മാറ്റം അവന് ലഭിച്ചില്ല.
എന്തായാലും അതില്‍പ്പിന്നെ അവന്‍ ദൈവത്തിലേക്ക് തിരിഞ്ഞു. ഒരുപാട് പ്രാര്‍ത്ഥിച്ചു, ജപമാലകള്‍ ചൊല്ലി. കുറെ നാളുകള്‍ക്കുശേഷം അവനെ ഞാന്‍ വീണ്ടും കണ്ടു. അവന്റെ മുഖത്ത് വലിയ സന്തോഷം! കുറെനേരം അവനുമായി സംസാരിച്ചപ്പോള്‍ അവന്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവച്ചു. ദൈവത്തില്‍നിന്ന് അകന്നപ്പോള്‍ അവന് സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ആ സഹനം അവനെ തിരികെ ദൈവത്തിന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടെത്തിച്ചു. വൈദ്യനോ മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അവനെയും അവന്റെ അവസ്ഥയെയും മനസിലാക്കാന്‍ സാധിച്ചില്ലെങ്കിലും ആ സമയത്ത് അവന്‍ ദൈവത്തില്‍ പൂര്‍ണമായി ആശ്രയിച്ചപ്പോള്‍, ദൈവം അവന്റെ ഹൃദയത്തിലെ മുറിവിനെ ഉണക്കി.
അവനുവേണ്ടി ഒരു സഹായകനെ ഒരു ഡോക്ടറുടെ രൂപത്തില്‍ ദൈവം അയച്ചു. ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു ഡോക്ടര്‍. അദ്ദേഹത്തിന്റെ വാക്കുകളും പ്രാര്‍ത്ഥനയും അവനെ ഒരുപാട് സ്വാധീനിച്ചു. ഇപ്പോള്‍ അവന്‍ ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നു. ദൈവരാജ്യത്തിനുവേണ്ടി ഓടിനടന്ന് ശുശ്രൂഷ ചെയ്യുന്നു.
2 കോറിന്തോസ് 12:7-9- വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്‌ളാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്ക് നല്കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്‌ളാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനുംവേണ്ടിയുള്ള പിശാചിന്റെ ദൂതന്‍. അത് എന്നെ വിട്ടകലാന്‍വേണ്ടി മൂന്ന് പ്രാവശ്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിച്ചു. എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിന് ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രശംസിക്കും.
നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നമ്മളെ തകര്‍ക്കാന്‍ ഉള്ളതല്ല. നമ്മളെ വളര്‍ത്താനും ദൈവത്തോട് അടുപ്പിച്ചുനിര്‍ത്താനും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുമുള്ളതാണ്. ഹൃദയം നുറുങ്ങുന്ന വേദനകള്‍ ജീവിതത്തില്‍ വരുമ്പോള്‍ ഓര്‍ക്കുക- ദൈവത്തോട് കൂടുതല്‍ അടുക്കാനും ദൈവം നമ്മളെ അനുഗ്രഹിക്കാനും പോകുന്നുവെന്ന്.


ബിനു മാത്യു

Leave a Reply

Your email address will not be published. Required fields are marked *