ക്രിസ്തുവിന്റെ അനുയായി ആകുന്നതിനുമുമ്പ് സാത്താന്യപുരോഹിതനായിരുന്ന വ്യക്തിയാണ് ജോണ്‍ റമിറെസ്. ജോണ്‍ സാത്താന് സ്വയം നല്കിയിരുന്നു. ശരീരം ഉപേക്ഷിച്ച് സാത്താന്‍ നയിക്കുന്ന ഇടങ്ങളില്‍ പോകാന്‍പോലും ജോണ്‍ പഠിച്ചു. ഇപ്രകാരം പല വിദൂരസ്ഥലങ്ങളിലും, വിദൂരരാജ്യങ്ങളില്‍വരെ, ദുരാത്മാവിനെപ്പോലെ ചെല്ലും. അവിടെച്ചെന്ന് ശാപങ്ങള്‍ ഉതിര്‍ക്കും. ദാരിദ്ര്യത്തിന്റെ അരൂപി, സ്വവര്‍ഗരതിയുടെ അരൂപി, ആഭിചാരത്തിന്റെ അരൂപി, മദ്യപാനത്തിന്റെ അരൂപി… എല്ലാം അവിടെ നിറയുന്നതിനായി ശപിക്കും. ആ സ്ഥലത്തിന്റെ നാല് മൂലകളും കണ്ടെത്തി ശാപം ഉതിര്‍ക്കും. അവിടെ സുവിശേഷം പ്രസംഗിക്കുന്നത് തടസപ്പെടുത്താനാണ് അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ജോണ്‍ വെളിപ്പെടുത്തുന്നു. ഇതൊന്നും ഏല്‍ക്കാത്ത സ്ഥലങ്ങളും മേഖലകളും ഉണ്ട്!
യേശുക്രിസ്തുവിന്റെ നാമത്തില്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന ക്രൈസ്തവരുള്ള സ്ഥലങ്ങളാണ് അവ. അങ്ങനെയുള്ള ഇടങ്ങളില്‍ ഇത്തരം ശാപങ്ങള്‍ ഉരുവിട്ടാലും ഫലമുണ്ടാവുകയില്ലപോലും. കാരണം ഐക്യത്തോടെയുള്ള അവരുടെ പ്രാര്‍ത്ഥന വളരെ ശക്തിമത്താണ്. അവരുടെ പ്രാര്‍ത്ഥനകള്‍ ദുരാത്മാവിനെ തളര്‍ത്തിക്കളയും. പിന്നെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അവിടങ്ങളില്‍നിന്ന് പരാജിതനായി മടങ്ങാനേ ജോണിന് കഴിഞ്ഞിരുന്നുള്ളൂ. ആ രാത്രി പിശാച് തന്നില്‍ വളരെ നിരാശനാകുമെന്നും ജോണ്‍ മനസിലാക്കിയിരുന്നു. പില്ക്കാലത്ത് സുവിശേഷകനായി മാറിയ ജോണ്‍ റമിറെസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ഒരുമയോടെ യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ശാപവും നമുക്ക് ഏല്‍ക്കുകയില്ല.
”ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയമാഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി” -കൊളോസോസ് 2:15.