റെക്കമെന്റേഷന്‍ ഫലമണിയാന്‍ ഒരു ടിപ്‌

വൈദികന്‍ വിശുദ്ധ ബലിക്കിടെ തിരുവചനം വായിക്കുകയായിരുന്നു. മത്തായി 20/20-ല്‍ സെബദീപുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരെ യേശുവിന്റെ ഇടത്തും വലത്തും ഇരുത്തണമെന്ന് യേശുവിനോട് റെക്കമെന്റ് ചെയ്യുന്ന ഭാഗമാണ് അന്ന് വായിച്ചത്. സ്വന്തം മക്കള്‍ക്കുവേണ്ടിയുള്ള ആ അമ്മയുടെ ശുപാര്‍ശയ്ക്ക്, അത് പിതാവിന്റെ അധികാരത്തില്‍പ്പെട്ട കാര്യമാണെന്ന മറുപടിയാണ് ഈശോ നല്കുന്നത്. വൈദികന്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ മനസിലൂടെ ഒരു ചിന്ത കടന്നുപോയി. ഈശോയുടെ ശിഷ്യന്മാര്‍, അതും ഈശോ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന യാക്കോബും യോഹന്നാനും, അത്രകാലമായിട്ടും ഈശോയെ മനസിലാക്കിയില്ലല്ലോ. കൂടെ നടന്നിട്ടും ഒപ്പം ഇരുന്നിട്ടും ഒരുമിച്ച് ഉറങ്ങിയിട്ടും അവര്‍ ഈശോയുടെ പ്രത്യേകതകള്‍ അറിയാതെ പോയില്ലേ? ഈ റെക്കമെന്റേഷന്‍ ഈശോയുടെ അമ്മയെക്കൊണ്ട് നടത്തിച്ചിരുന്നെങ്കില്‍ ഈശോയുടെ പ്രതികരണം ഇങ്ങനെയായിരുന്നിരിക്കുമോ? ഈശോ ശരിക്കും കുഴങ്ങിപ്പോകുമായിരുന്നില്ലേ? ഈശോക്ക് സ്വന്തം അമ്മയോട് -നോ- പറയാന്‍ എങ്ങനെ കഴിയും? ഇല്ല എന്ന് ശിഷ്യന്‍മാര്‍ കാനായിലെ കല്യാണത്തിന് കണ്ടതാണ്. ആ സംഭവം ഓര്‍മിച്ചിരുന്നെങ്കില്‍, അതില്‍നിന്നും പഠിച്ചിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും പരിശുദ്ധ അമ്മ വഴി ഈശോയെ സമീപിക്കുമായിരുന്നു. ആരോട് സംസാരിക്കണമോ അവരില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍ വഴി ഇടപെടുമ്പോഴാണല്ലോ ആവശ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ലഭിക്കുക. ഈശോയുടെ അടുക്കല്‍ ഏറ്റവും അധികം സ്വാധീനശക്തിയുള്ളത് പരിശുദ്ധ അമ്മക്കല്ലാതെ മറ്റാര്‍ക്കാണ്?
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയോട് ഒരിക്കല്‍ ഈശോ പറഞ്ഞു: ”എന്റെ അമ്മയുടെ ഏതൊരു ആഗ്രഹവും ഞാന്‍ നിര്‍വഹിച്ചുകൊടുക്കും. ഈ ലോകത്തിലെ ഏറ്റവും വലിയ പാപിയെ ഏറ്റവും വലിയ വിശുദ്ധനാക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടാലും അതും ഞാന്‍ സാധിച്ചുകൊടുക്കും. കാരണം ഞാന്‍ ഭൂമിയില്‍ ആയിരുന്നപ്പോള്‍ എന്റെ അമ്മ എന്റെ ഏറ്റം ചെറിയ ഒരാഗ്രഹംപോലും എനിക്ക് നിഷേധിച്ചിട്ടില്ല. അതിനാല്‍ ഞാനും അമ്മക്ക് യാതൊന്നും നിഷേധിക്കുകയില്ല.”
പല മിസ്റ്റിക്കുകള്‍ക്കും ഈശോ ഈ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഗബ്രിയേല ബോസിസ് എന്ന മിസ്റ്റിക്കിനോടും ഈശോ പറഞ്ഞു: ‘നിങ്ങള്‍ എല്ലാം എന്റെ അമ്മയോട് പറയുക. അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക, എന്റെ അടുക്കലെത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗം എന്റെ ഏറ്റം പരിശുദ്ധയായ അമ്മയാണ്.’
സ്വര്‍ഗത്തിന്റെ വാതില്‍ എന്നാണ് പരിശുദ്ധ അമ്മ വിശേഷിപ്പിക്കപ്പെടുന്നത്. ഈ കോവിഡ്കാലം നമ്മെ ഓര്‍മിപ്പിക്കുന്നത് സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കണമെന്നാണല്ലോ. സ്വര്‍ഗത്തില്‍ അനായേസേന പ്രവേശിക്കാന്‍, ഏറ്റവും സുഗമമായ മാര്‍ഗമായ പരിശുദ്ധ അമ്മ അതിന് നമ്മെ സഹായിക്കും. എത്ര കുറവുകളുള്ളവരാണെങ്കിലും ഈശോയുടെ അമ്മ ഒരു വാക്കു പറഞ്ഞാല്‍ നമുക്കും ഏറ്റവും വലിയ വിശുദ്ധരാകാന്‍ കഴിയും. അതിനാല്‍ നമുക്കും അമ്മയുടെ റെക്കമെന്റേഷന്‍ അഭ്യര്‍ത്ഥിക്കാം.
പരിശുദ്ധ ദൈവമാതാവേ, സ്വര്‍ഗത്തെ ലക്ഷ്യമാക്കി വിശുദ്ധ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *