പാമ്പുകളില്ലാത്ത നാട്

അനേകം പാമ്പുകൾ തങ്ങൾക്കു മുന്നിൽ നൃത്തമാടുന്നു! അയർലണ്ടിലെ ആ സ്ഥലത്ത് ഒരുമിച്ചുകൂടിയ ജനങ്ങളെല്ലാം വിസ്മയത്തോടെയും അതിലേറെ ഭയത്തോടെയും ആ കാഴ്ച കണ്ടുനിന്നു. പ്രകൃതിശക്തികളെയും ജീവികളെയുമൊക്കെ ആരാധിക്കുന്നവരാണവർ. പക്ഷേ ആ കാഴ്ച ഭീതിദമായിരുന്നു. യേശുവാണ് ഏകദൈവമെന്നും മനുഷ്യരക്ഷകനെന്നും പറഞ്ഞ് അവിടെ എത്തിയ മെത്രാൻ പാട്രികും രാജ്യത്തെ മന്ത്രവാദികളും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.

മന്ത്രവാദികൾ തങ്ങൾ ദൈവമായി ആരാധിക്കുന്ന സാത്താന്റെ ശക്തികൊണ്ട് അനേകം പാമ്പുകളെ മത്സരസ്ഥലത്തേക്ക് കൊണ്ടുവരും. അവ നൃത്തം ചെയ്യും. അത് തടയാൻ കഴിഞ്ഞാൽ പാട്രികിന്റെ ദൈവം യഥാർത്ഥദൈവമെന്ന് അംഗീകരിക്കാം. അതായിരുന്നു വ്യവസ്ഥ. അങ്ങനെ മന്ത്രവാദികൾ വരുത്തിയ പാമ്പുകളാണ് തങ്ങൾക്കുമുന്നിൽ നൃത്തമാടുന്നത്. രാജാവടക്കം എല്ലാവരും മന്ത്രവാദികൾ ആരാധിക്കുന്ന ദൈവമാണ് സത്യദൈവം എന്ന് ചിന്തിക്കവേ പാട്രിക് പറഞ്ഞു: ”മന്ത്രവാദികൾ ഇവരുടെ പ്രാർത്ഥനവഴി വരുത്തിയ ഈ പാമ്പുകളെ മുഴുവൻ എന്റെ ദൈവം കൊന്നുകളയുന്നത് നിങ്ങൾ കാണും.”
അദ്ദേഹം മുട്ടുകുത്തി കൈയുയർത്തി പ്രാർത്ഥിച്ചു: ”പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയുംമേൽ ചവിട്ടി നടക്കാൻ അധികാരം തന്ന കർത്താവേ, ഈ നില്ക്കുന്ന ജനം മുഴുവൻ യേശുക്രിസ്തു ഏകസത്യ ദൈവമാണെന്നറിയുവാനായി ഈ പാമ്പുകൾ ഒന്നടങ്കം കടലിൽ പോയി മുങ്ങിച്ചാകുവാൻ ഇടയാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.” അപ്പോൾത്തന്നെ പാമ്പുകളെല്ലാം നാലുഭാഗത്തേക്കും ചിതറിയോടി. സകല പാമ്പുകളും കടലിൽ ചാടി ചത്തു. ഇന്ന് അയർലണ്ടിൽ ഒരു പാമ്പുപോലുമില്ല. പാമ്പുകളില്ലാത്ത ഒരു രാജ്യം – അയർലണ്ട്. അന്ന് വിശുദ്ധ പാട്രിക്ക് കരമുയർത്തിയപ്പോൾ സംഭവിച്ച അത്ഭുതം ഇന്നും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *