ഞാന്‍ സന്യാസജീവിതം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ സമയം. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പോയിത്തുടങ്ങി. പഠിപ്പിക്കാന്‍ ആരംഭിച്ച് മൂന്ന് മാസം ആയപ്പോള്‍ എന്റെ സ്വരത്തിന് എന്തോ പ്രശ്‌നം അനുഭവപ്പെടാന്‍ ആരംഭിച്ചു. തുടര്‍ന്ന് പെട്ടെന്നുതന്നെ സ്വരം പൂര്‍ണമായും ഇല്ലാതായി. ഒരു വാക്കുപോലും സ്വരത്തില്‍ പറയാന്‍ കഴിയാത്ത അവസ്ഥ. പല തവണ എന്നെ ഡോക്ടറുടെ അരികില്‍ കൊണ്ടുപോയി. ഫലമുണ്ടായില്ല. അവസാനം സ്പീച്ച് തെറാപ്പിസ്റ്റിന്റെ അരികിലേക്ക് അവര്‍ പറഞ്ഞുവിട്ടു. അവിടെ കണ്ട ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെയാണ്, ”അധ്യാപകജോലിയില്‍നിന്ന് ഈ സിസ്റ്റര്‍ മാറണം. അല്ലെങ്കില്‍ തീരെ സംസാരിക്കാന്‍ കഴിയാതാകും. വോക്കല്‍ കോര്‍ഡിന് കാര്യമായ പ്രശ്‌നമുണ്ട്.”
അങ്ങനെ തിരികെ മഠത്തിലെത്തി. ഒരു പുസ്തകമെടുത്ത് ഒരിക്കലും ഉറക്കെ വായിക്കാന്‍ കഴിയില്ല. നന്മനിറഞ്ഞ മറിയമേ ചൊല്ലിയാല്‍ മറുപടിയായി പരിശുദ്ധ മറിയമേ ചൊല്ലാനാവുകയില്ല. വിശുദ്ധ കുര്‍ബാനയ്ക്ക് പോയാല്‍ ഒരു ആമ്മേന്‍ എന്നുപോലും പറയാനാവാതെ ഞാനങ്ങനെ ജീവിക്കുകയാണ്. വലിയ സങ്കടമായിരുന്നു അപ്പോഴെല്ലാം മനസില്‍.
അങ്ങനെയിരിക്കേ ഒരു ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന സമയം. ആ സീറോ മലബാര്‍ ദിവ്യബലിയില്‍ വിശുദ്ധ കുര്‍ബാനസ്വീകരണത്തിന് തൊട്ടുമുമ്പായി കാര്‍മികനായ വൈദികന്‍ ഇങ്ങനെ പാടി,
”അതിപൂജിതമാം നിന്‍ തിരുനാമത്തിനിതാ
സ്തുതിയും ബഹുമതിയും സ്‌തോത്രം കീര്‍ത്തനവും
നാഥാ ഞങ്ങളണയ്ക്കുന്നു
ഇപ്പോഴുമെന്നേയ്ക്കും.”
പെട്ടെന്ന് ഞാന്‍ ആമ്മേന്‍ എന്ന് പ്രത്യുത്തരിച്ചപ്പോള്‍ നല്ല സ്വരം പുറത്തേക്ക് വന്നു. ആ ‘ആമ്മേന്‍’ ഒരിക്കലും മറക്കാനാവില്ല. അന്നുമുതല്‍ ഈശോ എനിക്ക് സ്വരം തിരികെ തരികയായിരുന്നു. പിന്നീടൊരിക്കലും എനിക്ക് സ്ഥിരമായി സ്വരം നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് എനിക്ക് വചനം പ്രഘോഷിക്കാന്‍ കഴിയുന്നു, അധ്യാപകജോലി ചെയ്യാന്‍ കഴിയുന്നു. വിശുദ്ധ കുര്‍ബാനയിലൂടെ എന്റെ ജീവിതത്തില്‍ ഇടപെട്ട ഈശോയ്ക്ക് ഒരായിരം നന്ദി പറഞ്ഞാലും മതിയാവുകയില്ല.
സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച്