സന്തോഷിക്കാന്‍ പറ്റുന്നില്ലേ?

സന്തോഷിക്കാന്‍ പറ്റുന്നില്ലേ?കഥകളിലൂടെയോ സംഭവങ്ങളിലൂടെയോ ആയിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സാലസ് പ്രബോധനങ്ങള്‍ നല്കിയിരുന്നത്. അതിലൊരു കഥ രാജകൊട്ടാരത്തിലെ പ്രതിമയുടേതാണ്. പ്രതിമയുമായി ഒരാള്‍ സംഭാഷണം നടത്തുന്നു.
”നീ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്?”
”എന്റെ യജമാനന്‍ എന്നെ ഇവിടെ സ്ഥാപിച്ചു”
”നീ എന്തിനാണ് ഒരു ജോലിയും ഇല്ലാതെ ഇവിടെ നില്ക്കുന്നത്?”
”എന്റെ യജമാനന്‍ എന്നെ ഇവിടെ സ്ഥാപിച്ചിരിക്കുന്നത് എന്തെങ്കിലും ജോലി ചെയ്യാനല്ല, അനങ്ങാതെ നില്‍ക്കാനാണ്”.
”വെറുതെ ഇങ്ങനെ നില്‍ക്കുന്നതുകൊണ്ട് എന്ത് ഗുണമാണുള്ളത്?”
”എന്റെ താത്പര്യത്തിനും നന്മക്കുമല്ല ഞാനിവിടെ നില്‍ക്കുന്നത്. എന്റെ യജമാനനെ അനുസരിക്കാനും അവന്റെ മനസ്സിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുമാണ്, എനിക്കതു മതി.”
”നിന്റെ യജമാനനെ നീ കാണുന്നില്ല. പിന്നെ അവനെ സന്തോഷിപ്പിക്കുന്നതില്‍ നിനക്കെങ്ങനെ സന്തോഷം കിട്ടാനാണ്?
”ഇല്ല, ശരിയാണ്, ഞാന്‍ അവനെ കാണുന്നില്ല, കാരണം എനിക്ക് കാഴ്ചയില്ല. നടക്കുവാന്‍ എനിക്കു പാദങ്ങളില്ല. പക്ഷേ എനിക്ക് പരിപൂര്‍ണ്ണ സംതൃപ്തിയുണ്ട്. കാരണം, എന്റെ യജമാനന്‍ എന്നെ കാണുന്നു. എന്നെ കാണുമ്പോള്‍ എന്റെ പ്രഭു വളരെ സന്തോഷിക്കുന്നു. എനിക്ക് അതുമതി.”
”നിനക്ക് രൂപം നല്കിയ ശില്പിക്ക് കുറച്ചുകൂടി മെച്ചമായ സേവനത്തിന് നിന്നെ നിയോഗിച്ചുകൂടായിരുന്നോ?”
”ഈ രൂപമല്ലാതെ മറ്റൊന്നുമാകാന്‍ എനിക്കാഗ്രഹമില്ല, എന്റെ ശില്പി മറ്റൊന്ന് ആഗ്രഹിക്കാത്തിടത്തോളം കാലം.”
ഇങ്ങനെ സംഭാഷണം നിലയ്ക്കുന്നു.
എത്രയോ ഗഹനമായ ആദ്ധ്യാത്മികശാസ്ത്രം വളരെ ലളിതമായി വിശുദ്ധ ഫ്രാന്‍സിസ് സാലസ് അവതരിപ്പിക്കുകയാണ്. ഫ്രാന്‍സിലെ തോറന്‍സ് പ്രദേശത്ത് പ്രഭുകുടുംബത്തില്‍ 1567 ആഗസ്റ്റ് 21-ന് ജനിച്ച അദ്ദേഹം തന്റെ വിളി തിരിച്ചറിഞ്ഞ് വൈദികനായി. പ്രമുഖ സര്‍വ്വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിനുശേഷമായിരുന്നു വൈദികപട്ടം സ്വീകരിക്കാന്‍ പുറപ്പെട്ടത്. 27-ാം വയസില്‍ വൈദികനായ ഫ്രാന്‍സിസ് സാലസ് പിന്നീട് ജനീവയുടെ മെത്രാനായി. തന്റെ അജപാലനപ്രവര്‍ത്തന തിരക്കിനിടയില്‍ ദൈവജനത്തെ ആത്മീയമായി നയിക്കുന്നതിനായി രണ്ട് മഹത്തായ കൃതികള്‍ രചിച്ചിട്ടുണ്ട്, ‘ഭക്തമാര്‍ഗപ്രവേശിക’, ‘ദൈവസ്‌നേഹം.’ 55-ാം വയസില്‍ നിര്യാതനായ അദ്ദേഹം ഇന്ന് തിരുസഭയിലെ വേദപാരംഗതനാണ്.
വിശുദ്ധന്‍ പറഞ്ഞ ഗഹനമായ ആധ്യാത്മികതത്വം മറ്റൊന്നുമല്ല. നാമെല്ലാവരും ദൈവസ്‌നേഹാഗ്നിയില്‍ ജ്വലിച്ചുകൊണ്ടുവേണം നമ്മെ ഭരമേല്പിച്ച ശുശ്രൂഷകള്‍ നിവര്‍ത്തിക്കാന്‍. അനുദിന ജീവിതത്തില്‍ നാം അനേകം പ്രതിസന്ധികള്‍ അഭിമുഖീകരിക്കും. അവയെല്ലാം സുവിശേഷത്തിലെ യേശുവിനെപ്പോലെ സമചിത്തതയോടെ സ്വീകരിക്കണമെങ്കില്‍ ആഴമായ ദൈവാനുഭവം ഉണ്ടാകണം. ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന നാഥന്റെ ആഹ്വാനം (മത്തായി 16:24) അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കണമെങ്കില്‍ നമ്മില്‍ ദൈവാനുഭവം നിറഞ്ഞു നില്‍ക്കണം. നാം ദൈവത്തെ കാണുന്നില്ല, അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യുന്നില്ല, പക്ഷേ അനുദിന ചെയ്തികള്‍ നിയന്ത്രിക്കുന്നത് ദൈവമാണെന്ന് ആത്മാവില്‍ അനുഭവപ്പെടും. പലപ്പോഴും ദൈവം എന്നെ സൃഷ്ടിച്ചിരിക്കുന്നത് ഈ പ്രത്യേക ദൗത്യത്തിനാണ് എന്ന് തിരിച്ചറിയാതിരിക്കുക, എന്നെ സൃഷ്ടിച്ചവനെ സന്തോഷിപ്പിക്കുന്നതിനെക്കാള്‍ സ്വാര്‍ത്ഥ സന്തോഷങ്ങള്‍ അന്വേഷിച്ചുപോവുക ഇതൊക്കെയാണ് ഒരു വ്യക്തിയുടെ സന്തോഷം ഇല്ലാതാക്കുന്നതും നിരാശയിലേക്ക് തള്ളിവിടുന്നതും.
ഈ അടുത്ത ദിവസം വായിച്ച ഒരു സംഭവം പങ്കുവയ്ക്കാം. അടച്ചുറപ്പുള്ള വലിയ ഒരു സ്‌കൂള്‍ ക്യാമ്പസ്. കുസൃതികളായ കുറച്ച് കുട്ടികള്‍ മൂന്ന് ആടുകളുടെമേല്‍ 1,2,4 എന്ന് നമ്പര്‍ ഇട്ട് ഒരു രാത്രിയില്‍ ക്യാമ്പസിനുള്ളില്‍ വിട്ടു. മൂന്ന് എന്ന നമ്പര്‍ മനഃപൂര്‍വ്വം ഒഴിവാക്കി. രാവിലെ ജോലിക്കാര്‍ എത്തിയപ്പോള്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ ആടുകള്‍. അവര്‍ അവയെ ഓടിച്ചിട്ടു പിടിച്ചു. സ്‌കൂള്‍ വൃത്തിയാക്കി. തുടര്‍ന്ന് അദ്ധ്യാപകരെ ഇക്കാര്യം അറിയിച്ചു. അവര്‍ പരിശോധിച്ചപ്പോള്‍ ഒരാടിന്റെ കുറവ് കണ്ടെത്തി. മൂന്നാം നമ്പര്‍ ആട് എവിടെ എന്ന് സ്‌കൂളിന് അവധി കൊടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നമ്മുടെ ജീവിതത്തിലും ലഭിച്ച ദാനങ്ങളെക്കാള്‍ ലഭിക്കാത്ത ദാനം ഒരെണ്ണമുണ്ട് എന്നു കരുതി സമയവും ജീവിതവും നഷ്ടപ്പെടുത്തുന്നവര്‍ ധാരാളമുണ്ട്. ദൈവം നമുക്ക് നല്കിയ ദാനങ്ങള്‍ക്ക്, ജീവിതത്തിന്, അര്‍ത്ഥം കണ്ടെത്തി എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ പരിശ്രമിക്കാം.


മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതാധ്യക്ഷന്‍

 

Leave a Reply

Your email address will not be published. Required fields are marked *