പ്ലസ് ടു പഠനം കഴിഞ്ഞ് നില്ക്കുന്ന സമയം. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നതിനാല്‍ കൂടുതല്‍ ഫീസ് മുടക്കിയുള്ള തുടര്‍പഠനം സാധ്യമായിരുന്നില്ല. കുടുംബത്തിന് ഒരു ആശ്വാസമാകാന്‍ നഴ്സിംഗ് പഠനമാണ് നല്ലതെന്ന് എനിക്ക് തോന്നി. എന്നാല്‍ പ്രൈവറ്റ് കോളേജിലെ ഫീസ് പപ്പയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് അറിയാം. അതിനാല്‍ ഗവണ്മെന്റ് നഴ്സിംഗ് കോളേജില്‍ ഒരു സീറ്റ് ലഭിക്കുന്നതിനായി പ്രാര്‍ത്ഥന ആരംഭിച്ചു. അക്കാലത്ത്, പ്ലസ് ടു റിസള്‍ട്ട് വന്നുകഴിഞ്ഞാല്‍ നഴ്സിംഗ് ഒഴികെയുള്ള കോഴ്സുകളുടെ അഡ്മിഷന് ഓഗസ്റ്റ് മാസത്തോടെ പൂര്‍ത്തിയാകും. എന്നാല്‍, നഴ്സിംഗ് കോളേജുകളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇന്റര്‍വ്യൂവും അഡ്മിഷനും നടക്കുക. അതായത്, പഠനം തുടരണമെങ്കില്‍ ആറു മാസത്തോളം കാത്തിരിക്കണം.ഈയൊരു പശ്ചാത്തലത്തിലാണ് ഞാന്‍ നഴ്സിംഗ് അഡ്മിഷനുവേണ്ടി തയാറായി ഇരുന്നത്.
അങ്ങനെയിരിക്കേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഓഗസ്റ്റ് മാസത്തോടെ ഒരു വാര്‍ത്ത അറിഞ്ഞു. അടുത്തുള്ള ആര്‍ട്സ് വിഷയങ്ങള്‍ മാത്രമുള്ള ഗവണ്മെന്റ് കോളേജില്‍ ആദ്യമായി ബി. എസ്സി മാത്തമാറ്റിക്സ് ആരംഭിക്കുന്നു. വീട്ടില്‍നിന്നും പോയിവരാന്‍ സാധിക്കുന്ന ദൂരത്തില്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരു കോളേജുപോലും ഞങ്ങളുടെ നാട്ടില്‍ അതുവരെ ഇല്ലായിരുന്നു. അതുകൊണ്ട് ഇക്കാര്യമറിഞ്ഞപ്പോള്‍, ഒരപേക്ഷ കൊടുത്തുനോക്കാമെന്ന് പപ്പ പറഞ്ഞു. ‘നാലഞ്ചുമാസം വെറുതെയിരിക്കുകയും വേണ്ട, അഥവാ നഴ്സിംഗിന് അഡ്മിഷന് കിട്ടിയില്ലെങ്കില്‍ ഇതു തുടരുകയും ചെയ്യാമല്ലോ’ എന്നായിരുന്നു പപ്പയുടെ വാക്കുകള്‍. അതുകേട്ട് മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതിച്ചു. അപേക്ഷ നല്കി അധികം വൈകാതെ മെറിറ്റില്‍ത്തന്നെ അവിടെ അഡ്മിഷനും ലഭിച്ചു. നാലഞ്ചു മാസം വെറുതെ ഒരു സമയം കളയലാണെന്ന് അറിയാവുന്നതുകൊണ്ട് ആദ്യമാസങ്ങളില്‍ നന്നായി ഉഴപ്പി. എല്ലാ വിഷയങ്ങള്‍ക്കുംകൂടി ഒരു നോട്ട്ബുക്കായിരുന്നു ഞാന്‍ ഉപയോഗിച്ചിരുന്നത്. കോളേജില്‍ പോകും. ക്ലാസ് കേള്‍ക്കും, തിരിച്ചുവരും, അത്രമാത്രം. എന്റെ വഴി ഇതല്ലെന്ന് കൃത്യമായി ബോധ്യമുള്ളതിനാല്‍ വെറുതെ എന്തിന് പഠിച്ച് വിഷമിക്കണം?
അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. കാത്തിരുന്ന നഴ്സിംഗ് ഇന്റര്‍വ്യൂ കാര്‍ഡ് ഡിസംബര്‍മാസം ലഭിച്ചു. മെറിറ്റില്‍ ഇല്ല, പക്ഷേ ചാന്‍സ് നമ്പര്‍ 14 ആണ്. അതിനാല്‍ കിട്ടുമെന്ന് നല്ല പ്രതീക്ഷയായി. നഴ്സിംഗ് പഠനത്തിന് പോവുകയാണെന്ന് ഉറപ്പാക്കിയതിനാല്‍ ഡിഗ്രി ക്ലാസ്സിലെ സഹപാഠികളെല്ലാം ഒരു ദിവസം വീട്ടില്‍ വന്ന് എനിക്ക് ഒരു ചെറിയ യാത്രയയപ്പും നല്കി.
അങ്ങനെ ആ ദിവസം വന്നുചേര്‍ന്നു. ഇന്റര്‍വ്യൂ ആരംഭിച്ചു. ചാന്‍സ് നമ്പറനുസരിച്ച് വിദ്യാര്‍ത്ഥികളെ വിളിക്കുകയാണ്- 1, 2, 3, 4…. മനസ്സ് പിടച്ച് ഞാന്‍ കാത്തിരുന്നു. ചാന്‍സ് നമ്പര്‍ 13 എത്തി. അടുത്തത് എന്നെ… ആ വിളിക്കായി കാത്തിരിക്കുമ്പോള്‍ ഒരു അറിയിപ്പ് ലഭിച്ചു. ഈ ബാച്ചിലേക്കുള്ള മുഴുവന്‍ കുട്ടികളെയും സെലക്ട് ചെയ്തു കഴിഞ്ഞു. ഇന്റര്‍വ്യൂ ഇവിടെ അവസാനിക്കുന്നു!
അപ്പോള്‍ ഞാന്‍ അനുഭവിച്ച മാനസിക വിഷമം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല. വീട്ടില്‍ തിരിച്ചെത്തുന്നതുവരെയുള്ള മൂന്നു മണിക്കൂറും ബസ്സില്‍ ഇരുന്ന് കരയുകയായിരുന്നു. ഇത്രമാത്രം പ്രാര്‍ത്ഥിച്ചിട്ട്… മതി, ഇനി ഒരു കാര്യവും ഞാന്‍ പ്രാര്ത്ഥിക്കില്ലായെന്ന് തീരുമാനമെടുത്തു. വിശ്വാസംപോലും നഷ്ടപ്പെട്ടുപോയതുപോലെ… ഒരു മാസത്തോളം എടുത്തു എന്റെ മനസ്സ് ഒന്ന് ശാന്തമാകുവാന്‍… പലരുടെയും പ്രാര്‍ത്ഥനകളും ഉപദേശങ്ങളും വീണ്ടും ഒരു തിരിച്ചറിവിലേക്ക് എന്നെ നയിച്ചു. ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയാ 29/ 11)
പിന്നീടുള്ള കോളേജ് ജീവിതം മുമ്പത്തേതുപോലെ ആയിരുന്നില്ല. ഏറ്റവും നന്നായിത്തന്നെ പഠിക്കാന്‍ ആരംഭിച്ചു. അങ്ങനെ ഡിഗ്രി പഠനം നല്ല മാര്‍ക്കോടെ, പ്രത്യേകിച്ച് ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഈശോ കൃപ തന്നു. മാത്രമല്ല, റിസള്‍ട്ട് വരുന്നതിനുമുമ്പുതന്നെ എനിക്ക് ഒരു സുവിശേഷശുശ്രൂഷയുടെ ഭാഗമാകാനും അവിടുന്ന് ഭാഗ്യം നല്കി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടുള്ള കാലങ്ങളില്‍ എന്നെക്കുറിച്ചുള്ള ദൈവിക പദ്ധതികള്‍ ഓരോന്നായി വെളിപ്പെട്ടു കിട്ടിയപ്പോള്‍ ദൈവത്തിന്റെ അനന്തജ്ഞാനവും എന്റെ അല്പജ്ഞാനവും ഞാന്‍ തിരിച്ചറിഞ്ഞു.
അന്നത്തെ നഴ്സിംഗ് അഡ്മിഷനായുള്ള ഇന്റര്‍വ്യൂപോലും ഈശോ എനിക്ക് അനുഗ്രഹമായി മാറ്റിയിരുന്നു. അത് പില്ക്കാലത്താണ് മനസിലായത്. കാരണം അന്ന് ഇന്റര്‍വ്യൂവിനു പോയപ്പോഴാണ് ആദ്യമായി മെയ്ല് നഴ്സിംഗിനെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കുന്നത്. അതുവരെ പെണ്കുട്ടികള്ക്കുമാത്രമേ നഴ്സിംഗ് സീറ്റ് ലഭിക്കുകയുള്ളൂ എന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാല്‍ മെയ്ല് നഴ്സിംഗിനെക്കുറിച്ച് അറിഞ്ഞതിനാല്‍ എന്റെ അനിയന് പ്ലസ് ടു കഴിഞ്ഞപ്പോള്‍ നഴ്സിംഗിന് അപേക്ഷ കൊടുക്കുകയും അഡ്മിഷന് ലഭിക്കുകയും ചെയ്തു. പഠനശേഷം അവന് വിദേശത്ത് ജോലി ലഭിച്ചതിലൂടെ കുടുംബത്തിന്റെ സാമ്പത്തികമേഖല മെച്ചപ്പെട്ടു. വാസ്തവത്തില്‍ ഞാന്‍ എന്തിനുവേണ്ടി നഴ്സ് ആകാന്‍ ആഗ്രഹിച്ചോ, അത് എന്റെ അനിയനിലൂടെ ഈശോ കൂടുതല്‍ ഫലപ്രദമായി നിറവേറ്റിത്തന്നു. അവിടുത്തെ അനന്തജ്ഞാനത്തിന്റെ അത്ഭുതവഴികള്ക്ക് എങ്ങനെ നന്ദി പറയും?
ഞാന്‍ ആഗ്രഹിച്ചതെല്ലാം പിന്നീട് പല വിധത്തില്‍ ഈശോ നിറവേറ്റിത്തന്നു. നഴ്സിംഗ് അഡ്മിഷന് കിട്ടാതിരുന്നതിന്റെ പേരില്‍ എനിക്ക് ജീവിതത്തില്‍ ഒന്നിനും ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല. ”മനുഷ്യന് പദ്ധതികള്‍ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ” (സുഭാഷിതങ്ങള്‍ 16/1)
അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ നമ്മെ തളര്‍ത്തിയേക്കാം. ആഗ്രഹിച്ച രീതിയില്‍ ജീവിതം മുന്നോട്ടു പോകാത്തതില്‍ ഏറെ വേദനിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ കര്‍ത്താവ് പറയുന്നു, ”ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യാ 49/16). നമ്മെ ഉള്ളംകൈയില്‍ സൂക്ഷിക്കുന്ന ഈശോ നമ്മെ പെരുവഴിയില്‍ ഉപേക്ഷിക്കില്ല. ‘ദൈവമേ എനിക്ക് ഒന്നും അറിയില്ല എങ്കിലും ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു’ എന്ന് പറഞ്ഞ് പൂര്‍ണമായി അവിടുത്തേക്ക് സമര്‍പ്പിക്കാം. അവിടുത്തേക്ക് വഴി പറഞ്ഞുകൊടുക്കാതെ അവിടുന്ന് തുറന്നു തരുന്ന വഴി തിരിച്ചറിയാനുള്ള കൃപ തരണേ എന്നുമാത്രം നമുക്ക് പ്രാര്‍ത്ഥിക്കാം. ”ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക,് അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ” (റോമാ 8/28).