മനുഷ്യന് പരിമിതി ഉള്ളവനാണ് എന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ പരിമിതികളില്ലാത്ത മനുഷ്യനെക്കുറിച്ച് സംസാരിക്കുകയും ഭാവന കാണുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്. അത് മനുഷ്യനെ വിണ്ണോളം ഉയര്‍ത്തുവാന്‍ ഭൂമിയില്‍ അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവാണ്. അവിടുന്ന് അരുളിച്ചെയ്തത് ഇപ്രകാരമാണ്. ”നിങ്ങള്‍ക്ക് യാതൊന്നും അസാദ്ധ്യമായിരിക്കുകയില്ല” (മത്തായി 17/21). അസാധ്യകാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നത് ദൈവത്തിന് മാത്രമാണ്. പരിശുദ്ധ മറിയത്തിന് ഒരു വെളിപാടായി ദൈവദൂതന് നല്കുന്ന വാക്യം ഇതാണല്ലോ: ”ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്ക 1/37). എന്നാല്‍ മേലുദ്ധരിച്ച ക്രിസ്തുവാക്യം മനുഷ്യനുള്ള അനന്തസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദൈവത്തിന്റെ സ്വഭാവത്തില്‍ പങ്കുചേരുവാനുള്ള ഒരു വിളി മനുഷ്യന് നല്കപെട്ടിട്ടുണ്ട്. അവന് മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെങ്കിലും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉല്പത്തി 1/26). ദൈവത്തോടു മറുതലിക്കുകയും ദൈവകല്പ്പന ലംഘിക്കുകയും ചെയ്ത മനുഷ്യന്റെ ഈ ഛായക്കും സാദൃശ്യത്തിനും മങ്ങലേറ്റു. വെറും മണ്ണായി അധഃപതിച്ച മനുഷ്യന്റെ സകല പാപങ്ങള്‍ക്കും ദൈവപുത്രന് പരിഹാരം ചെയ്യുകയും തന്റെ ജീവന് മോചനദ്രവ്യമായി നല്‍കിക്കൊണ്ട് അവനെ വീണ്ടെടുക്കുകയും ചെയ്തു. ക്രിസ്തു എനിക്കുവേണ്ടി മരിക്കുകയും എന്റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി തീരുകയും ചെയ്തു എന്നു ഹൃദയത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിക്കാണ് ക്രിസ്തുവിന്റെ സ്വഭാവത്തിലും ശക്തിയിലും പങ്കുചേരുവാന്‍ സാധിക്കുന്നത്. വിശുദ്ധ യോഹന്നാന് ഇക്കാര്യം അസന്ദിഗ്ധമായി വെളിപ്പെടുത്തുന്നുണ്ട്: ”തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന് കഴിവു നല്കി” (യോഹന്നാന് 1/12). മനുഷ്യന്റെ പരിമിതികള്‍ ഇല്ലാതാകുകയും അവന്റെ ചുമലില്‍ വയ്ക്കപ്പെട്ടിരുന്ന പാരതന്ത്ര്യത്തിന്റെ, അടിമത്തത്തിന്റെ, നുകം തകര്‍ക്കപ്പെടുകയും ചെയ്തത് ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെയാണ്. ഹെബ്രായലേഖനകര്‍ത്താവ് ഇങ്ങനെ എഴുതുന്നു: ”അത് മരണത്തിന്മേല് അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിന് വേണ്ടിയാണ്” (ഹെബ്രായര്‍ 2/15). എന്നാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന ഈ അന്യാദൃശമായ സംഭവത്തെ ഒരു ചരിത്രസംഭവമായി മാത്രം കാണുന്ന വ്യക്തികളുണ്ട്. അവര്‍ക്ക് ഈ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ സാധിക്കുകയില്ല. പിതാവിന്റെ നിക്ഷേപം ബാങ്കിലുണ്ട്. അതിന് നോമിനികളെയും വച്ചിട്ടുണ്ട്. പക്ഷേ അവകാശികളായ മക്കള്‍ ആ പണം ‘ചെക്ക്’ ഉപയോഗിച്ച് എടുത്തില്ലെങ്കില്‍ അവന് ആ പണം കൊണ്ട് ഒരു ഉപകാരവും ഇല്ല. ഇതുപോലെ വിശ്വാസത്തിന്റെ ‘ചെക്ക്’നാം ഉപയോഗിക്കണം. യേശുവിന്റെ കുരിശുമരണം ഇന്ന് എന്റെ മോചനദ്രവ്യമാണ് എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും അധരം കൊണ്ട് ഏറ്റുപറയുകയും ചെയ്യുക. അപ്പോഴാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെടുന്നത്. യേശുക്രിസ്തുതന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: അതുകൊണ്ട് പുത്രന് നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും (യോഹന്നാന് 8/36). ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ഒരു വ്യക്തി മനസ്സിന്റെ രൂപാന്തരീകരണത്തിന് വിധേയമാകേണ്ടതുണ്ട്. ചിലരെക്കുറിച്ച് നാം പറയാറില്ലേ? അവന്റെ മനസ്സ് ഗുണമില്ല. മനസ്സില്‍ നിറഞ്ഞിരിക്കുന്ന തിന്മയില്നിന്നാണ് തിന്മയായ, ദോഷകരമായ സംസാരവും പ്രവൃത്തിയും പുറത്തേക്ക് വരുന്നത്. എന്നാല്‍ ക്രിസ്തുവില്‍ ആയിരിക്കുന്നവന് ഒരു പുതുസൃഷ്ടിയാവണം. അതു സാധിക്കുന്നത് മനസ്സിന്റെ നവീകരണം വഴിയാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ ഇക്കാര്യം അടിവരയിട്ട് ഓര്‍മ്മിപ്പിക്കുന്നതു ശ്രദ്ധിക്കുക: ”നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍” (റോമാ 12/2). മനസ്സിനെ എങ്ങനെയാണ് നവീകരിക്കുക? ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അതിന് ഒരു സ്നാനം ആവശ്യമാണ്. നാം കുളിക്കുന്നത് അശുദ്ധി കഴുകിക്കളയാനാണല്ലോ. അതുപോലെ മനസ്സിനെയും അനുദിനം, പോരാ സാധിക്കുമെങ്കില്‍ അനുനിമിഷം കഴുകിക്കൊണ്ടിരിക്കണം. ഇത് ഒരു തുടര്‍ പ്രക്രിയയാണ്. ഇന്നലെ കുളിച്ചുവെന്നു പറഞ്ഞ് നമ്മള് ഇന്ന് കുളിക്കാതിരിക്കുന്നില്ലല്ലോ. മനസ്സിനെയും ഇപ്രകാരം നിരന്തരം കഴുകിക്കൊണ്ടിരുന്നാല് മാത്രമേ ഒരു നവീകരണം നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. രണ്ട് വിധത്തിലുള്ള സ്നാനമാണ് നാം സ്വീകരിക്കേണ്ടത്. ആദ്യത്തേത് ക്രിസ്തുവിന്റെ വിലയേറിയ തിരുരക്തത്താലുള്ള കഴുകലാണ്. അശുദ്ധി നിറഞ്ഞ, തിന്മ നിറഞ്ഞ മനുഷ്യ മനസ്സിനെ കഴുകി ശുദ്ധീകരിക്കുവാന്‍ ദൈവപുത്രനായ ക്രിസ്തുവിന്റെ, നമുക്കുവേണ്ടി അറക്കപ്പെട്ട കുഞ്ഞാടിന്റെ, പരിശുദ്ധ രക്തത്തിന് മാത്രമേ സാധിക്കൂ. മനുഷ്യന് സ്വന്ത ശക്തി കൊണ്ടോ അഥവാ മറ്റൊരു മനുഷ്യന്റെ സഹായത്താലോ അതു ചെയ്യുവാന്‍ സാധിക്കുകയില്ല. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: ”നീതിമാനായി ആരുമില്ല; ഒരുവന് പോലുമില്ല” (റോമാ 3/10). വിശുദ്ധനായി ഈ ഭൂമിയില്‍ ജീവിച്ച ഫ്രാന്‍സിസ് അസ്സീസ്സിക്കുപോലും ഒരുവേള ജഡിക ചിന്തയുണ്ടായി. ജഡത്തെ കീഴ്പ്പെടുത്തുവാന്‍ അദ്ദേഹം കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ ഒരു റോസാത്തോട്ടത്തിലേക്ക് എടുത്ത് ചാടിയത്രേ. മനുഷ്യന്റെ മനസ്സും തിന്മയിലേക്ക് ചാഞ്ഞിരിക്കുന്നതിനാല് ഈ തിരുരക്ത സ്നാനം വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഹെബ്രായ ലേഖനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ”എങ്കില്‍, നിത്യാത്മാവു മൂലം കളങ്കമില്ലാതെ ദൈവത്തിന് തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്ത:കരണത്തെ നിര്‍ജീവപ്രവൃത്തികളില്‍ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!” (ഹെബ്രായര്‍ 9:14). അതിനാല്‍ പ്രഭാതത്തില്‍ കിടക്കയില്‍നിന്ന് എഴുന്നേല്ക്കുബോള്ത്തന്നെ നമുക്ക് ഇപ്രകാരം പ്രാര്‍ത്ഥിക്കാം: ‘കര്‍ത്താവേ, അങ്ങയുടെ അമൂല്യമായ തിരുരക്തത്താല്‍ എന്നെ കഴുകണമേ’. പിന്നീടും ഓര്‍ക്കുമ്പോഴെല്ലാം ഈ കൊച്ചു പ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലാം. മനസ്സിന്റെ അനുദിന നവീകരണത്തിനുവേണ്ടി നാം സ്വീകരിക്കേണ്ട രണ്ടാമത്തെ സ്നാനം പരിശുദ്ധാത്മാവിലുള്ള സ്നാനമാണ്. യേശുവിന്റെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കപ്പെട്ട നമ്മുടെ മനസ്സിലേക്ക് വളരെ സ്നേഹത്തോടെ പരിശുദ്ധാത്മാവിനെ ക്ഷണിക്കുക. അവിടുന്ന് ദൈവമാണ്, അതിനാല്‍ വിശുദ്ധിയിലേക്കുള്ള ഒരു രണ്ടാം ജന്മം നല്കുവാന് അവിടുത്തേക്ക് നിശ്ചയമായും സാധിക്കും. ക്രിസ്തുവില്‍ ആയിരിക്കുന്നവന് സ്വീകരിക്കുന്ന ഈ പുതുജന്മത്തെക്കുറിച്ച് വിശുദ്ധ യോഹന്നാന് ഇങ്ങനെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ”അവര്‍ ജനിച്ചത് രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍നിന്നോ അല്ല, ദൈവത്തില്‍നിന്നത്രേ” (യോഹന്നാന് 1/13). ജഡികമനുഷ്യന്റെ ആദ്യത്തെ ജനനം ശാരീരികാഭിലാഷത്തില്നിന്നാണെങ്കില് ആത്മീയ മനുഷ്യന് പിറക്കുന്നത് ദൈവത്തില്‍നിന്നാണ്. അതിനാല്‍ ഈ പ്രാര്‍ത്ഥനയും മനസ്സില്‍ നിരന്തരം സൂക്ഷിക്കുക: ‘പ്രിയ പരിശുദ്ധാത്മാവേ, എന്നില്‍ വന്ന് നിറയണമേ’. പരിശുദ്ധാത്മാവ് ഒരു ആത്മീയ മനുഷ്യന്റെ അടയാളങ്ങളായ ഫലങ്ങളാല്‍ (സ്നേഹം, ആനന്ദം, ക്ഷമ, നന്മ, കരുണ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം) നമ്മെ നിറക്കും. കൂടാതെ വിശിഷ്ടമായ ദാനങ്ങള്‍ (ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ദൈവഭയം, ദൈവഭക്തി, ആത്മധൈര്യം) നമുക്ക് പകര്‍ന്ന് നല്‍കും. എല്ലാറ്റിനുമുപരി തിന്മ നിറഞ്ഞ ഈ ലോകത്തില്‍ ദൈവത്തിന്റെ മഹത്വം പ്രകാശിപ്പിക്കുവാന്‍ നമ്മെ ശക്തരാക്കുന്ന ആയുധങ്ങളായ വരങ്ങളാല്‍ (ഭാഷാവരം, വ്യാഖ്യാനവരം, പ്രവചനവരം, അറിവിന്റെ വചനം, ജ്ഞാനത്തിന്റെ വചനം, വിവേചന വരം, രോഗശാന്തി വരം, വിശ്വാസവരം, അത്ഭുത പ്രവര്‍ത്തന വരം) നമ്മെ പടച്ചട്ടയണിയിക്കും. ഈ ആത്മീയ പോരാട്ടത്തില്‍ ഇവ അത്യന്താപേക്ഷിതങ്ങളാണ്. ”നിങ്ങള്‍ക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല” എന്ന് ഈശോ പറഞ്ഞത് അചഞ്ചലമായ വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനെക്കുറിച്ചു പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്. കാറ്റത്ത് ആടുന്ന ഞാങ്ങണ പോലെയാണ് ജഡികമനുഷ്യന്റെ മനസും. എന്നാല്‍ ഒരുവന് ആത്മീയ മനുഷ്യനായി പുതുജന്മം പ്രാപിക്കുമ്പോള്‍ വിശ്വാസവരം ഉള്‍പ്പെടെയുള്ള വരങ്ങളാല്‍ നിറയപ്പെടുകയും അതുവഴി ശാസ്ത്രത്തിനോ മനുഷ്യബുദ്ധിക്കോ വിശദീകരിക്കുവാന്‍ സാധിക്കാത്ത അത്ഭുതങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തനാകുകയും ചെയ്യും. ജീവിക്കുന്ന ദൈവത്തിന്റെ മഹത്വം അങ്ങനെയുള്ളവരിലൂടെയാണ് ഇന്ന് പ്രകാശിക്കപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അങ്ങനെയുള്ള അതിശക്തരായ ആത്മീയ മനുഷ്യരുണ്ട്. അവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കട്ടെ. അവരുടെ നിരയില്‍ നമുക്കും ചേരുവാനുള്ള കൃപക്കായി പ്രാര്‍ത്ഥിക്കാം.
എനിക്കുവേണ്ടി മരിച്ച എന്റെ ഈശോയേ അങ്ങയെ എന്റെ നാഥനും രക്ഷകനുമായി ഞാന്‍ ഇപ്പോള്‍ ഏറ്റുപറയുന്നു. പാപപങ്കിലമായ എന്റെ മനസ്സിനെ അങ്ങയുടെ വിലയേറിയ തിരുരക്തത്താല്‍ കഴുകിയാലും. അങ്ങയുടെ ഏറ്റവും വിലയേറിയ ദാനമായ പരിശുദ്ധാത്മാവിനാല്‍ എന്നെ സ്നാനപ്പെടുത്തണമേ. അങ്ങനെ ഞാന്‍ ഒരു പുതുസൃഷ്ടിയാകട്ടെ. അങ്ങയുടെ മഹത്വം എന്നിലൂടെ ലോകം ദര്‍ശിക്കുവാന്‍ ഇടയാക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ ഔസേപ്പിതാവേ, സകല വിശുദ്ധരേ, ഈ വിലപ്പെട്ട അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
കെ.ജെ.മാത്യു