ഈശോയുമായി വഴക്കിട്ടപ്പോള്‍…

ഒരു അവധി ദിനത്തിന്റെ സന്തോഷത്തില്‍ കിടക്കയില്‍ അലസമായി കിടക്കുകയാണ്. മണിക്കൂറുകള്‍ കടന്നുപോയി. ഒന്നിനും ഒരു മൂഡ് ഇല്ല. തലേന്നത്തെ ജോലിയുടെ ക്ഷീണവും അവധി ദിവസത്തില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ നീണ്ട ലിസ്റ്റും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ കണ്ണ് മുറുക്കെ അടച്ചുകിടന്നു. ബ്ലാങ്കറ്റിനുള്ളില്‍ കിടന്നു കൊണ്ട് ഈശോയോട്’പറഞ്ഞു, ”എനിക്ക് മടിയാവുന്നു. ഇതൊന്നും ചെയ്യാന്‍ എനിക്ക് വയ്യ.” കഴിഞ്ഞ ദിവസത്തെ ജോലിത്തിരക്കിന്റെ പരാതിപ്പെട്ടി ഈശോയ്ക്ക് മുന്നില്‍ തുറന്നു വച്ചു. ഈശോ എന്തോ അപരാധം ചെയ്‌തെന്നു തോന്നിപ്പിക്കുമാറ് ഞാന്‍ കത്തിക്കയറി. എന്റെ തര്‍ക്കങ്ങളും വാദങ്ങളും കേട്ട ഈശോയ്ക്ക് ഒരു കാര്യം മനസ്സിലായിക്കാണണം. ഇന്ന് ഇവള്‍ പട്ടിണി കിടന്ന് എന്നെ തോല്‍പ്പിക്കും. അതിന് അനുവദിച്ചുകൂടാ. എന്തെങ്കിലും ചെയ്‌തേ പറ്റൂ..
പെട്ടന്ന് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. പരിചയമുള്ള സുഹൃത്ത്. വിശേഷങ്ങള്‍ അറിയാന്‍ വിളിച്ചതാണ്. ഈശോയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാര സമരത്തില്‍ ആണെന്ന് പറഞ്ഞു.
”നിനക്ക് വയ്യെങ്കില്‍ ആരോടെങ്കിലും എന്തെങ്കിലും കൊണ്ടുവന്നു തരാന്‍ പറയുകയോ പാര്‍സല്‍ വാങ്ങുകയോ ചെയ്തു കൂടേ?” സുഹൃത്തിന്റെ നല്ല ഉപദേശം. ഉള്ളില്‍ അല്പം നീരസം തോന്നി. എങ്കിലും പറഞ്ഞത് വാസ്തവം ആയതുകൊണ്ട് മറുപടി പറഞ്ഞില്ല. കോള്‍ കട്ട് ആയി. എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ഭാവത്തില്‍ ഈശോയെ ശ്രദ്ധിക്കാതെ തിരിഞ്ഞു കിടന്നു. ഈശോയ്ക്ക് ചെവി വേദന എടുത്തു കാണും. അത്രയ്ക്ക് ശക്തമായിരുന്നു എന്റെ തര്‍ക്കങ്ങളും വാദങ്ങളും. കുറച്ചു കഴിഞ്ഞപ്പോള്‍ ഈശോയോട് രണ്ടും കല്പിച്ച് ഒരു ഡയലോഗ്- ”ദേ ഈശോയേ, അപ്പനും മോളും ആണ്, കൂട്ടുകാരാണ്… എന്നൊക്കെ പറഞ്ഞോണ്ടിരുന്നിട്ട് കാര്യം ഇല്ല… എനിക്ക് എന്തേലും വേണമെങ്കില്‍ ഞാന്‍ വേറെ ആരോട് പറയും… എനിക്ക് ഇവിടെ വേറെ ആരും ഇല്ല എന്നറിയാല്ലോ?”
ഇത് കേട്ടതും ഈശോ മൗനം അവലംബിച്ചു. കെട്ടിക്കാത്ത പെണ്‍മക്കളുടെ അപ്പന്മാരുടെ അവസ്ഥ ഈശോക്ക് കൃത്യമായി മനസ്സിലായി എന്നുവേണം കരുതാന്‍.
ബൈബിളിലെ ഈ വാക്കുകള്‍ ഈശോ എന്നെ നോക്കി ചോദിക്കുംപോലെ തോന്നി, ”നിനക്ക് ഞാന്‍ എന്ത് ചെയ്തു തരണം എന്നാണ് നീ ആഗ്രഹിക്കുന്നത്?”
മറുപടിക്കായി ഈശോ കാത്തുനില്‍ക്കുന്നു. ഒരു നിമിഷം ആലോചിച്ചു. ‘എന്താ ഇപ്പോ പറയാ?’
പിന്നെ ഒരു കൂസലും ഇല്ലാതെ തട്ടിവിട്ടു, ”ബിരിയാണി!”
ഈശോ തൊട്ടടുത്തിരിക്കുന്ന മാതാവിന്റെ രൂപത്തിലേക്കൊന്നു നോക്കി. മാതാവിന്റെ മുഖത്തൊരു പുഞ്ചിരി. അത് എനിക്കുള്ള ബിരിയാണിയുടെ ഓര്‍ഡര്‍ ആണെന്ന് തോന്നി. കുറച്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാട്ട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം. എന്റെ ഒരു സുഹൃത്ത് ചേച്ചി ആണ്. ഇങ്ങോട്ടു വരുന്നുണ്ട് എന്ന്.
‘മാതാവേ, ചേച്ചി വന്നാല്‍ കൊടുക്കാന്‍ ഒന്നും ഇല്ലല്ലോ? നാണക്കേടാവും.’ ഫ്രിഡ്ജില്‍ നാരങ്ങ ഉണ്ട്. അല്പം നാരങ്ങാവെള്ളം ഉണ്ടാക്കി വച്ചു. ചേച്ചിയോട് നിരാഹാരകഥ പറഞ്ഞു തടിതപ്പാം എന്ന് കരുതി. കോളിങ് ബെല്‍ മുഴങ്ങി. ചേച്ചിയാണ്. കയ്യില്‍ ഒരു വലിയ കവറുണ്ട്.
”’ദാ ഇതങ്ങോട്ട് വയ്ക്കൂ. കുറച്ച് ബീഫ് ബിരിയാണി ആണ്.”
ഒന്നല്ല, രണ്ട് കിളി പോയോ എന്നൊരു സംശയം… എന്റെ അല്ല ഈശോയുടെ….
ചേച്ചി വെള്ളം കുടിച്ചിട്ട് തിരക്കില്‍ യാത്ര പറഞ്ഞിറങ്ങി. ഈശോയുടെ മുന്നില്‍ വിജയഭാവത്തില്‍ നിരാഹാര സമരം അവസാനിപ്പിക്കാന്‍ നാരങ്ങാവെള്ളം ഞാനും കുടിച്ചു. ബിരിയാണിപ്പൊതി ഈശോയുടെ മുന്നില്‍ വച്ചു.
”താങ്ക്‌സ് ഇണ്ട്ട്ടാ ഈശോയേ… ചെറിയൊരു മിസ്‌റ്റേക്ക് എന്റെ ഭാഗത്തുണ്ട്. ഞാന്‍ ബിരിയാണി എന്നേ പറഞ്ഞുള്ളൂ. എന്ത് ബിരിയാണി വേണം എന്ന് പറഞ്ഞില്ലാരുന്നു. എനിക്ക് വേണ്ടത് ചിക്കന്‍ബിരിയാണി ആയിരുന്നു. എന്നാലും അഡ്ജസ്റ്റ് ചെയ്യാം!”
ഈശോ ക്ഷമയുടെ നെല്ലിപ്പടി ചവിട്ടി ആണ് നില്‍ക്കുന്നത്. എന്ത് ചെയ്തു കൊടുത്താലും ഇവളുടെ നാവടക്കാന്‍ കഴിയില്ല എന്ന് അവിടുത്തേക്ക് തോന്നിക്കാണണം.
കുറച്ച് ബിരിയാണി കഴിച്ചു. ബാക്കി ഫ്രിഡ്ജില്‍ എടുത്തു വച്ചു. രാവിലെ ഡ്യൂട്ടിക്ക് പോണം. ഈശോയോടൊപ്പം കിടന്നുറങ്ങി.
രാവിലെ ജോലിക്കു ചെന്നപ്പോള്‍ ദാ വരുന്നു വേറൊരു പാര്‍സല്‍! ”അല്ലാ എന്താ പൊതിയില്‍? ചിക്കന്‍ബിരിയാണി!” ഓഹോ, സന്തോഷം! വാങ്ങിവച്ചു. തീര്‍ന്നില്ല, വീണ്ടും പാര്‍സല്‍! ‘ഇനി ഇതെന്താണാവോ?’
‘മട്ടണ്‍ ബിരിയാണി!’
ഇപ്പോള്‍ കിളി പോയത് എന്റെയാണ്, കണ്ണ് നിറഞ്ഞു…
ഈശോ ഇങ്ങനെയാണ്. സ്‌നേഹം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു ദൈവം. നിന്റെ നെഞ്ചിലെ ചൂടില്‍ തലവച്ചു പറയട്ടെ, ഐ ലവ് യു ഈശോയേ…


ആന്‍ മരിയ ക്രിസ്റ്റീന

Leave a Reply

Your email address will not be published. Required fields are marked *