വിശുദ്ധ ജോണ്‍ മരിയ വിയാനി ഒരു കഥ പറഞ്ഞുകൊണ്ട് ലളിതസുന്ദരമായ പ്രസംഗം തുടങ്ങി,
”ഒരു സന്യാസി തന്റെ ശിഷ്യനോടൊന്നിച്ച് സംസാരിച്ചിരിക്കുന്ന സമയം. അവര്‍ ഇരിക്കുന്നതിനടുത്ത് നിന്നിരുന്ന നാല് സൈപ്രസ് മരത്തൈകള്‍ പറിച്ചുകളയാന്‍ സന്യാസി ശിഷ്യനോട് പറഞ്ഞു. ശിഷ്യന്‍ വേഗംതന്നെ ആദ്യത്തെ ചെറിയ തൈ ഒരു കൈയുപയോഗിച്ച് നിഷ്പ്രയാസം വേരോടെ പറിച്ചെടുത്തു. രണ്ടാമത്തേത് അല്പം വേരുറച്ചിരുന്നതിനാല്‍ അല്പം ബലം പ്രയോഗിച്ച് പറിക്കേണ്ടി വന്നു. എങ്കിലും ഒരു കൈകൊണ്ടുതന്നെ പറിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. മൂന്നാമത് കണ്ട സൈപ്രസ് തൈ അല്പംകൂടി വലുതായിരുന്നു. നല്ലവണ്ണം ബലം പ്രയോഗിച്ച് രണ്ട് കൈയുമുപയോഗിച്ച് ശിഷ്യന്‍ അത് പറിച്ചെടുത്തു.
പിന്നത്തെ തൈയാകട്ടെ നന്നായി വേരുറച്ച് വളര്‍ന്നിരുന്നു. അതിനാല്‍ എത്ര ശ്രമിച്ചിട്ടും ശിഷ്യന് അത് പറിച്ചെടുക്കാന്‍ സാധിച്ചില്ല. അതുകണ്ട് ഒടുവില്‍ സന്യാസി ശിഷ്യനെ തനിക്കരികിലേക്ക് വിളിച്ചിട്ട് പറഞ്ഞു, മകനേ, ആരംഭത്തിലാണെങ്കില്‍ നമ്മുടെ ദുഃശീലങ്ങളെ പിഴുതെറിയാന്‍ അല്പം ശ്രദ്ധയും ആശാനിഗ്രഹങ്ങളും മതി. എന്നാല്‍ വളര്‍ന്നുപോയാല്‍ അവയെ കീഴടക്കുക പ്രയാസമായിത്തീരും. പിന്നെ അതില്‍നിന്ന് മോചനം നേടുവാന്‍ ദൈവത്തില്‍നിന്ന് ഒരു അത്ഭുതംതന്നെ വേണ്ടിവരും.”
കഥ നിര്‍ത്തിയിട്ട് വിയാനി പുണ്യവാന്‍ തുടര്‍ന്നു. ”മക്കളേ, നമുക്ക് ദൈവത്തില്‍നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാതിരിക്കാം. നമ്മുടെ ആത്മാവിനെക്കുറിച്ചുള്ള ശ്രദ്ധ അന്ത്യവിനാഴികയിലേക്ക് നീക്കിവയ്ക്കരുത്. ഇപ്പോള്‍ത്തന്നെ തുടങ്ങാം. നമ്മില്‍ത്തന്നെ ശ്രദ്ധിക്കുകയും സര്‍വോപരി നല്ലവനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അവിടുന്ന് കൃപ നല്കിയാല്‍ നമ്മുടെ ദുരാശകളെ ജയിച്ചടക്കുവാന്‍ പ്രയാസമില്ല.”