വരൂ, നമുക്ക് മിഠായി പെറുക്കിക്കളിക്കാം

ഞാനും നമ്മുടെ കുറച്ച് സിസ്റ്റേഴ്‌സുംകൂടി കഴിഞ്ഞ ദിവസം ഒരു വലിയ ഹോസിയറി അഥവാ ബനിയന്‍ കമ്പനി കാണാന്‍ പോയി. അവിടെ കാണാന്‍ ധാരാളം കാഴ്ചകള്‍ ഉണ്ടായിരുന്നു. നൂലുണ്ടണ്ടാക്കുന്നതുമുതല്‍ ബനിയന്‍ പെട്ടിയിലാക്കി പാക്ക് ചെയ്യുന്നതുവരെയുള്ള പണികള്‍ യന്ത്രസഹായത്തോടുകൂടി ചെയ്യുന്നു. അതുപോലെതന്നെ ഉപയോഗശൂന്യമായ കടലാസുകൊണ്ട് ഘനം കൂടിയ പാത്തകടലാസ് ഉണ്ടാക്കുന്നുമുണ്ട്. നമ്മള്‍ വലിച്ചുകീറി ദൂരെ എറിയുന്ന കടലാസാണ് അപ്രകാരമായി വരുന്നത്. എല്ലാം യന്ത്രസഹായത്തോടുകൂടിയാണ് നടക്കുന്നത്. നാം എത്രമാത്രം കടലാസുകള്‍ ദിവസം പിച്ചിച്ചീന്തിക്കളയുന്നു! എങ്കിലും ബുദ്ധിയുള്ളവരുടെ കയ്യില്‍ കിട്ടുമ്പോള്‍ അവയ്‌ക്കെല്ലാം ഉപയോഗമുണ്ട്.
ഇതുപോലെതന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്ന സകല സാധനങ്ങള്‍ക്കും ഉപയോഗമുണ്ട്. നമുക്ക് ബുദ്ധിയുണ്ടെങ്കില്‍ എല്ലാ സൃഷ്ടവസ്തുക്കള്‍ക്കും നാം പ്രയോജനം കണ്ടെത്തും. കുറച്ചുമുമ്പുവരെ കാട്ടില്‍ നില്‍ക്കുന്ന ചെറിയ മുള തോരണങ്ങള്‍ വലിച്ചുകെട്ടുന്നതിനും ഏണിയായും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഫാക്ടറിയില്‍ ഇപ്പോള്‍ മുളയില്‍നിന്നുള്ള പള്‍പ്പുകൊണ്ട് പലതരം വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുറച്ച് നാള്‍ മുമ്പ് ഒരുപകാരവുമില്ലാതെ കിടന്ന ചില കുന്നിന്‍പ്രദേശങ്ങളില്‍ ധാരാളം ഇരുമ്പുസത്തുണ്ടെന്ന് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നു! ദൈവം നമ്മെക്കൊണ്ട് നിധിവേട്ട എന്ന കളി നടത്തിക്കുകയാണ്. ദൈവമാഹാത്മ്യത്തെപ്പറ്റി നമുക്ക് ചിന്തിക്കാം.
ഇതുപോലെതന്നെ നമുക്ക് സംഭവിക്കുന്നവയിലും നമ്മുടെ സാഹചര്യങ്ങളിലും നിക്ഷേപങ്ങള്‍ ദൈവം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. നിക്ഷേപം കണ്ടുപിടിക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ക്ക് ഒന്നിലും നിക്ഷേപം കാണാന്‍ കഴിയുകയില്ല. നമുക്ക് ഒന്ന് ധൈര്യപ്പെടാം, എല്ലാ സാഹചര്യത്തിലും എല്ലാ സംഭവത്തിലും നിക്ഷേപമുണ്ടെന്ന്- നമ്മുടെ ആത്മരക്ഷയ്ക്കായി ആവശ്യമുള്ള നിക്ഷേപം, നമ്മുടെ മഹത്വത്തിന് ആവശ്യമുള്ള നിക്ഷേപം.
കര്‍ത്താവ് പറഞ്ഞ ഉപമയിലെപ്പോലെ വയലില്‍ നിക്ഷേപം ഉണ്ടെന്ന് കണ്ടപ്പോള്‍ ആ വയല്‍തന്നെ വിലയ്ക്ക് വാങ്ങിയ ബുദ്ധിമാനായ മനുഷ്യനെപ്പോലെയാണ് നാം. എന്നാല്‍ അതുകൊണ്ട് എല്ലാമായില്ല. മുളയില്‍നിന്ന് വസ്ത്രം ഉണ്ടാക്കാമെന്ന് മനസിലാക്കി ഉള്ള മുളയെല്ലാം വാങ്ങിച്ചുകൂട്ടിയാല്‍ അത് നിക്ഷേപമായോ? ഇല്ല, അതിനുള്ള യന്ത്രം, ആളുകള്‍ എല്ലാം വേണം. അതുപോലെ നമ്മുടെ ജീവിതാവസാനംവരെ ദൈവതിരുമനസ് നിറവേറ്റണം. അതിനാല്‍ നാം നിരന്തരം നിക്ഷേപങ്ങള്‍ തേടിക്കൊണ്ടിരിക്കണം. അതങ്ങനെ വാരിവിതറിയിട്ടുണ്ട്. നാം പൊക്കിയെടുത്താല്‍ മതി.
ഒരു കണക്കിന് നാം മിഠായി പെറുക്കല്‍ കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എത്ര കൂടുതല്‍ പെറുക്കാമോ അത്രയും നല്ലത്. പെറുക്കിയെടുക്കാന്‍ പ്രയാസം ഉണ്ടായിരിക്കും. പക്ഷേ അതൊന്നും നാം വകവയ്ക്കരുത്. സന്തോഷത്തോടുകൂടി പെറുക്കണം. എല്ലായിടത്തും, എല്ലാ സാഹചര്യങ്ങളിലും, എവിടെയെല്ലാം, എപ്പോഴെല്ലാം ദൈവതിരുമനസുണ്ടോ, അവിടെ എല്ലാമുണ്ട്. ആധ്യാത്മികജീവിതത്തിലും ദൈവം നമുക്ക് തരുന്നതെല്ലാം ഉപയോഗമുള്ളതാണെന്ന് കണക്കാക്കി അതില്‍നിന്നുള്ള ഫലമെടുക്കണം. ഒരു സന്തോഷം നമുക്കുണ്ടായെന്ന് വയ്ക്കുക. അതിനായി ദൈവത്തിന് നന്ദി പറയാം. ഒരു ദുഃഖമുണ്ടായെന്ന് വിചാരിക്കുക. നമ്മെ എളിമപ്പെടുത്തുന്നതിന് ആ സാഹചര്യം വളരെ നല്ലതായിരിക്കാം. അപ്പോഴും ദൈവത്തില്‍ നമുക്ക് സന്തോഷിക്കാം. അതിനാല്‍ ഓരോ സാഹചര്യവും ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *