രണ്ടാം നക്ഷത്രം

 

ഉഷസുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്? (ഉത്തമഗീതം 6/10)
ഒരായിരം ചിത്രങ്ങളിലും കലാരൂപങ്ങളിലും കൊത്തിവയ്ക്കപ്പെട്ട മാതൃസ്‌നേഹം മറിയമെന്ന ബലിഷ്ഠഗോപുരത്തിന്റെ ബിംബംമാത്രം. അവളുടെ ആന്തരികത പറഞ്ഞുതരുന്ന നിരവധി സൂചകങ്ങള്‍ ഇനിയും നാം കണ്ടെത്താന്‍ ഇരിക്കുന്നതേയുള്ളൂ. അവയിലൊന്നാണ് മറിയം ഉഷഃകാല നക്ഷത്രമാണ് എന്നത്. സൂര്യോദയത്തിനുമുമ്പ് ഉദിച്ചുയരുന്ന പുലര്‍കാലനക്ഷത്രമാണിത്. ഒരുപക്ഷേ മറിയത്തിന് ഇത്തരമൊരു വിശേഷണം ആദ്യം നല്കിയത് ഇന്നസെന്റ് മൂന്നാമന്‍ പാപ്പയാണ്. ഉഷസ് രാത്രിയുടെ അന്ത്യവും പകലിന്റെ ആരംഭവുമാണ്. തിന്മ നിറഞ്ഞ അന്ധകാരത്തിന്റെ അന്ത്യവും നന്മനിറഞ്ഞ സുകൃതങ്ങളുടെ ഉദയവും. വിശുദ്ധ ബ്രിജിത്തിന്റെ ഭാഷയില്‍ ‘സൂര്യന് മുമ്പേ പോകുന്ന നക്ഷത്ര’മാണ് മറിയം. ഇന്നസെന്റ് പാപ്പ വിശദീകരിക്കുന്നു. ”അവള്‍ രാത്രിയിലെ ചന്ദ്രനും പ്രഭാതത്തിലെ നക്ഷത്രവും പകലിലെ സൂര്യനുമാണ്.” പാപത്തിന്റെ അന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക്, ശിക്ഷാവിധിയുടെ ദുര്‍ഭഗാവസ്ഥ കാണുന്നതിനുള്ള പ്രകാശം നല്കാന്‍ ചന്ദ്രന്‍. പാപത്തില്‍നിന്നും പുറത്തുവരണമെന്നും ദൈവികവരപ്രസാദത്തിലേക്ക് തിരിച്ചുവരണമെന്നുമുള്ള ഉള്‍വെളിച്ചം ലഭിച്ചവര്‍ക്ക്, സൂര്യന്റെ മുന്നോടിയായ ഉഷഃകാലനക്ഷത്രം. വരപ്രസാദത്തില്‍ നില്‍ക്കുന്നവര്‍ക്ക് പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ വെളിച്ചം പകരുന്ന സൂര്യന്‍. പാപത്തിന്റെ നിശയ്ക്ക് അവള്‍ അന്ത്യമിടുകയും ആത്മാവിനെ പുണ്യത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
പഴയ നിയമത്തില്‍ പുലര്‍കാലനക്ഷത്രമായി ആദ്യം വിശേഷിപ്പിക്കപ്പെട്ടത് ലൂസിഫര്‍ ആണെന്നോര്‍ക്കുക. ലൂസിഫര്‍ എന്ന വാക്കിന് പുലര്‍കാലനക്ഷത്രമെന്നാണ് അര്‍ത്ഥം, വെളിച്ചവുമായി വരുന്നവന്‍. വെളിച്ചത്തിന്റെ വാഹകനായവന്‍ എങ്ങനെ ഇരുട്ടിന്റെ പ്രചാരകനായി? അവന്റെ അഹങ്കാരംതന്നെ. ഏശയ്യായുടെ വാക്കുകളിങ്ങനെ: ”ഉഷസിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീയെങ്ങനെ ആകാശത്തുനിന്നു വീണു? ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി? നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്ക് കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കുമീതെ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍ നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്ക് തള്ളിയിടപ്പെട്ടിരിക്കുന്നു (ഏശയ്യാ 14/12-15).
അഹങ്കാരിയായ മാലാഖ പാതാളത്തിലേക്ക് തള്ളപ്പെട്ടപ്പോള്‍, അടിയാട്ടിയായ മറിയം വാനോളം ഉയര്‍ത്തപ്പെടുന്നതാണ് കാണുക. ഓരോ മാലാഖയും സവിശേഷസൃഷ്ടിയാണ്. ഇതില്‍ ഉന്നതസൃഷ്ടിയായിരുന്നു ലൂസിഫറിന്റേത്. ദൈവത്തെ വെല്ലുവിളിച്ച്, സ്വന്തം ധര്‍മം മറന്ന് സഞ്ചരിച്ചപ്പോള്‍ അവന്‍ പിശാചായി. എന്നാല്‍ മറിയമാകട്ടെ, സൃഷ്ടിയായ മനുഷ്യവ്യക്തിയായിരുന്നു, സാധാരണ സ്ത്രീ. എന്നാല്‍ അവള്‍ കൃപയില്‍ ചേര്‍ത്തുവയ്ക്കപ്പെട്ടവള്‍ ആയിരുന്നു- കൃപ നിറഞ്ഞവള്‍. ലൂസിഫര്‍ അനുസരണക്കേടിലൂടെ തിരസ്‌കൃതനായി. മറിയമാകട്ടെ ദൈവേഷ്ടത്തിന് കീഴ്‌വഴങ്ങി. സ്വന്തം ഇഷ്ടങ്ങളെ ബലിചെയ്ത്, ശോഭയാര്‍ന്ന നക്ഷത്രമായി. സകല നന്മകളുടെയും പൂര്‍ണിമ അവളിലെത്തി.
ദൈവത്തെ സേവിക്കുന്നത് ഒരു കുറവായി കണ്ട് ലൂസിഫര്‍, ഞാനും അത്യുന്നതനെപ്പോലെ ആകും എന്ന് വെല്ലുവിളിച്ചു. അവന് രാജാവാകണം; മറ്റ് മാലാഖമാര്‍ വണങ്ങുന്ന രാജാവ്. എന്നാല്‍ മറിയം ഒന്നുമാകാന്‍ ആഗ്രഹിച്ചില്ല. നിരന്തരം ദൈവശുശ്രൂഷയില്‍ വ്യാപരിക്കാന്‍ അവളൊരുങ്ങി. അവളെയാകട്ടെ, ഭൂസ്വര്‍ഗത്തിന്റെ രാജ്ഞിയായി ദൈവം ഉയര്‍ത്തി. ഒന്നുമാകാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ദൈവം എല്ലാം നല്കുന്നത് കാണുക.
ലൂസിഫറിന് മനുഷ്യരൂപമെടുക്കുന്ന ദൈവപുത്രനെ വണങ്ങുക സാധ്യമല്ലായിരുന്നു. മാലാഖമാരില്‍ ഉന്നതസ്ഥാനപതിയായ ഞാനെങ്ങനെ മാംസരൂപമെടുക്കുന്നവനെ വണങ്ങും? സ്വര്‍ഗത്തില്‍ സേവ ചെയ്യുന്ന തനിക്കെങ്ങനെ മനുജകുലത്തിനൊപ്പം വാഴുന്നവനെ സേവിക്കാനാകും? മറിയമാകട്ടെ അവതരിച്ച വചനത്തെ ഹൃദയത്തിലും ഉദരത്തിലും സ്വീകരിച്ച് ദൈവസുതനെ വഹിക്കാന്‍ കിട്ടിയ ഭാഗ്യത്തിന്റെ ആഹ്ലാദത്തിലാണ്. അവനെ ശുശ്രൂഷിക്കാന്‍ ലഭിച്ച നിയോഗത്തിന്റെ ആരാധനയിലും. ഒപ്പം അതുയര്‍ത്തുന്ന വെല്ലുവിളികളെയും സഹനങ്ങളെയും ചേര്‍ത്തുപിടിക്കാനുള്ള ആഗ്രഹത്തിലും.
പുലര്‍കാലനക്ഷത്രമായിരിക്കാന്‍ സൃഷ്ടിക്കപ്പെട്ട അരൂപികളില്‍ ശ്രേഷ്ഠനായ ലൂസിഫര്‍ വന്യമൃഗത്തെക്കാള്‍ അധഃപതിച്ച ജീവിയായി, പിശാചായി. മറിയമെന്ന പുലര്‍കാലനക്ഷത്രമാകട്ടെ, ഉന്നതദൂതരും സ്വര്‍ഗീയഗണങ്ങളും സേവ ചെയ്യുന്ന ദൈവമാതാവായി. ദൂതരില്‍ ശ്രേഷ്ഠനായ ഗബ്രിയേല്‍ അവളുടെ മുമ്പില്‍ വണങ്ങുന്നത് കാണുക. ഏറ്റം ഭാഗ്യവതിയായി അവള്‍ ഉയര്‍ത്തപ്പെട്ടത് ആഴിയെക്കാള്‍ അഗാധമായ സ്‌നേഹവും ആകാശത്തെക്കാള്‍ വിശാലമായ എളിമയുംകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്. എല്ലാ മാലാഖമാരിലും ശോഭയുള്ള നക്ഷത്രമായി അവള്‍ മാറി. ആദ്യനക്ഷത്രമായ ലൂസിഫര്‍ സ്വര്‍ഗത്തില്‍നിന്നും പുറന്തള്ളപ്പെട്ടു. രണ്ടാം നക്ഷത്രമായ മറിയമാകട്ടെ, മനുഷ്യനെങ്കിലും സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. പാതാളത്തിന്റെ അഗാധഗര്‍ത്തത്തില്‍ ഒരു നക്ഷത്രം നിപതിച്ചപ്പോള്‍ ആകാശത്തിന്റെ സ്വര്‍ഗീയശോഭയില്‍ മറ്റൊരു നക്ഷത്രം ഉദയം ചെയ്തു, പ്രഭാതനക്ഷത്രമെന്ന മറിയം.
ദൈവികവരപ്രസാദം നഷ്ടമാക്കി നീതിസൂര്യന്റെ വെളിച്ചമേല്‍ക്കാതെ അലയുന്ന പാപിക്ക്, ഈ നക്ഷത്രം വിളക്കാകും. സ്വന്തം ദുര്‍ഭഗാവസ്ഥ തിരിച്ചറിഞ്ഞ് അതില്‍നിന്നും പുറത്തുകടക്കാന്‍ രാത്രിയെ ഭേദിക്കുന്ന ഈ ഉദയനക്ഷത്രം സഹായിയാകും. അവളുടെ ശോഭയില്‍ നമ്മിലെ മാലിന്യങ്ങളെല്ലാം കഴുകാനാകും. മറിയമെന്ന നക്ഷത്രത്തെ കൂട്ടുചേര്‍ക്കുന്നവര്‍ ക്രിസ്തുവെന്ന സൂര്യവെളിച്ചത്തിലേക്ക് എത്തിച്ചേരുമെന്നതിന് സംശയം വേണ്ട. കാരണം രക്ഷകനെ പേറുന്ന താരകമാണിത്.
ദൈവനിയമത്തിന് കീഴ്‌വഴങ്ങി, ഉദയസൂര്യനെ ഉദരത്തില്‍ വഹിച്ചവളേ, ക്രിസ്തുനിയമത്തെ ഹൃദയത്തിലും അധരത്തിലും സൂക്ഷിക്കാന്‍ സഹായിക്കണമേ, ആമ്മേന്‍.


റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *