ഇ മെയില്‍ ഐഡിയും അമ്മയും

എന്റെ ഇമെയില്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു! ഏതോ ഒരു ഐഫോണില്‍ ആരോ അത് ഉപയോഗിക്കുന്നുണ്ട് എന്നും മനസ്സിലായി. ബാങ്ക് അക്കൗണ്ടും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം ഈ ജിമെയില്‍ ഐഡിയുമായിട്ടാണ് ലിങ്ക് ചെയ്തിരിക്കുന്നത്. അതിനാല്‍ത്തന്നെ വരും വരായ്കകള്‍ എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍പോലും സാധിക്കാത്ത അവസ്ഥ. എന്നെ കോളേജില്‍ പഠിപ്പിച്ചിട്ടുള്ള ഒരു പ്രൊഫസറുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ച് ആശങ്കയോടെ അദ്ദേഹം എഴുതിയ പോസ്റ്റ് വായിച്ചിട്ട് അധികദിവസം ആയിട്ടില്ല. സാറിന്റെ അക്കൗണ്ട് ഉപയോഗിച്ച് പണപ്പിരിവ് നടത്തി എന്നും കേട്ടിരുന്നു.
എല്ലാം കൂടി ഓര്‍ത്തപ്പോള്‍ തല മരവിക്കുന്നതുപോലെയാണ് തോന്നിയത്. എന്തു പ്രശ്‌നം വന്നാലും ഞാന്‍ ആദ്യം മാതാവിന്റെ അടുത്തേക്കാണ് ചെല്ലുക. അതുകൊണ്ട്, വേഗംതന്നെ ‘ലോകത്തിനുവേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം’ എന്ന പുസ്തകത്തില്‍നിന്നും പ്രാര്‍ത്ഥിച്ച് സന്ദേശം എടുത്തു. ഒന്നിനെയും പേടിക്കേണ്ട… എല്ലാം ശരിയാകും എന്നീ സന്ദേശങ്ങളാണ് ലഭിച്ചത്. അപ്പോള്‍ മുതല്‍ മനസ്സിന് ഒരു ധൈര്യം കിട്ടി. ഗൂഗിളിന് പരാതി അയച്ചു. പക്ഷേ ലഭിച്ച മറുപടിയിലെ നിര്‍ദേശമനുസരിച്ച് ചെയ്തതിനും ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ശരിയാകും എന്ന് മാതാവ് പറഞ്ഞിട്ടുണ്ടല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു. പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
എന്നാല്‍ പെട്ടെന്നതാ ഗൂഗിളില്‍നിന്നും ഒരു ഇമെയില്‍ സന്ദേശം! നഷ്ടപ്പെട്ട ഇമെയില്‍ ഐഡിക്ക് പുതിയ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. പുതിയ പാസ്‌വേര്‍ഡ് സെറ്റ് ചെയ്തതോടെ എനിക്ക് പഴയ ഇമെയില്‍ ഐഡി തിരികെ ലഭിച്ചു! ഹാക്ക് ചെയ്യപ്പെട്ട അന്നുമുതല്‍ അമേരിക്കയിലാണ് അത് ഉപയോഗിച്ചിരുന്നത്. മാത്രമല്ല, ധാരാളം സന്ദേശങ്ങള്‍ അതില്‍ വരികയും പോവുകയും ചെയ്തിരുന്നു. എന്നാല്‍, അപകടകരമായതൊന്നും കാണുന്നില്ല. പ്രൊഫസറുടെ ഇമെയില്‍ ഉപയോഗിച്ച് ഫണ്ട് റെയ്‌സിംഗ് നടത്തിയതൊക്കെ ഞാന്‍ ഓര്‍ത്തു. മാതാവ് ധൈര്യപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഞാനാകെ വിഷമത്തിലായേനേ. ഇത്രയും നല്ല അമ്മയെ ഞങ്ങള്‍ക്കുതന്ന ഈശോയ്ക്ക് നന്ദി. ആവേ മരിയ….


 

അനു ജസ്റ്റിന്‍

 

Leave a Reply

Your email address will not be published. Required fields are marked *