ബിസിനസ് കുടുംബത്തിലെ ആത്മാക്കളുടെ ബിസിനസുകാരന്‍


മരിയാനോ ജോസ്, സ്‌പെയിനിലെ ബില്‍ബാവോയില്‍, 1815 സെപ്റ്റംബര്‍ എട്ടിനാണ് ജനിച്ചത്. ഒരു ബിസിനസ് കുടുംബത്തിലെ ഒമ്പത് സഹോദരങ്ങളില്‍ ഏറ്റവും ഇളയവന്‍. മരിയാനോക്ക് രണ്ട് വയസായപ്പോള്‍ ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി പിതാവ് മരിച്ചു. എന്നാല്‍ ധീരയായി നിന്ന അമ്മ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തി. മക്കള്‍ക്ക് അവര്‍ നല്ല വിദ്യാഭ്യാസം നല്കി. അതിനെക്കാളുപരി നല്ല വിശ്വാസപരിശീലനവും.
കൂര്‍മ്മബുദ്ധി എന്ന അനുഗ്രഹം ഉണ്ടായിരുന്ന മരിയാനോ പഠനത്തില്‍ വളരെയധികം ശോഭിച്ചു. വ്യാപാരത്തില്‍ ശ്രദ്ധിച്ചിരുന്ന അവരുടെ കുടുംബം, പ്രത്യേകിച്ച് അമ്മ, മകന്റെ കഴിവ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ മരിയാനോയുടെ ചിന്താഗതി വ്യത്യസ്തമായിരുന്നു, ആത്മാക്കളെ രക്ഷിക്കാനാണ് തന്റെ ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അങ്ങനെ വൈദികജീവിതത്തിലേക്ക് പ്രവേശിക്കാനാഗ്രഹിച്ചു.
ബില്‍ബാവോയില്‍ ഫിലോസഫിയും തിയോളജിയും നിയമവും പഠിച്ചെങ്കിലും 1833-ല്‍ ആദ്യ കാളിസ്റ്റ് യുദ്ധം ഉണ്ടായപ്പോള്‍ തന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനായി അദ്ദേഹത്തിന് സാന്റിയാഗോയിലേക്ക് പോകേണ്ടിവന്നു. പിന്നീട് റോമിലേക്ക് പോയി വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1840 ഏപ്രിലില്‍ വൈദികനായി അഭിഷിക്തനായി. പില്ക്കാലത്ത് വാലദോലിദിലുള്ള സാന്‍ അന്റോണിയോ അബദ് ഇടവകയിലേക്ക് എത്തിയ അദ്ദേഹം തന്റെ ശുശ്രൂഷകളില്‍ വ്യാപൃതനായി.
പ്രഭാഷണങ്ങള്‍ നല്കുക, ദൈവാലയത്തില്‍ വചനവ്യാഖ്യാനങ്ങള്‍ നല്കുക, കുമ്പസാരം കേള്‍ക്കുക, കുട്ടികളെ വേദോപദേശം പഠിപ്പിക്കുക, പാവപ്പെട്ടവരെയും രോഗികളെയും സന്ദര്‍ശിക്കുക, ജയിലില്‍ കിടക്കുന്നവരെ ശ്രദ്ധിക്കുക, വിശുദ്ധ വിന്‍സെന്റ് ഡിപോള്‍ കോണ്‍ഫറന്‍സുകളില്‍ സംബന്ധിക്കുക ഇതെല്ലാം ഫാ.മരിയാനോ ഭംഗിയായി ചെയ്തിരുന്നു. കരുണയുടെ ക്രിസ്തുവിനോടുള്ള ഭക്തി അദ്ദേഹം ആരംഭിച്ചു. കത്തോലിക്കാ അമ്മമാരുടെ അസോസിയേഷന്‍, ഏറ്റവും പരിശുദ്ധവും വിമലവുമായ മറിയത്തിന്റെ ഹൃദയത്തിന്റെ ആര്‍ച്ച്‌കോണ്‍ഫ്രട്ടേണിറ്റി എന്നിവയും ഫാ. മരിയാനോയാണ് ആരംഭിച്ചത്. 18 വര്‍ഷത്തെ സേവനത്തിനുശേഷം അതേ ഇടവകയില്‍ പാസ്റ്ററായി അദ്ദേഹം നിയമിതനായതില്‍ എല്ലാവരും സന്തോഷിച്ചു. സ്ത്രീകള്‍ക്കായി ഒരു അഭയകേന്ദ്രം സ്ഥാപിക്കുക, ‘ഡോട്ടേഴ്‌സ് ഓഫ് ക്രോസ്’ സമൂഹത്തിനും ‘കാര്‍മലൈറ്റ് സ്‌കൂള്‍സ് ഓഫ് ദ ചാരിറ്റി ഓഫ് സുമയ’ക്കും തുടക്കമിടുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചെയ്തു.
യേശുവിന്റെ ഉപവിയുടെ ദാസരുടെ കോണ്‍ഗ്രിഗേഷന് സഹസ്ഥാപകനാകാനും അദ്ദേഹത്തിന് കഴിഞ്ഞു. വീടുകളില്‍ കഴിയുന്ന രോഗികളെ ശുശ്രൂഷിക്കുക, പ്രായമായവരെ പരിചരിക്കുക, ആവശ്യത്തിലിരിക്കുന്നവരുടെ കുട്ടികളെ പരിപാലിക്കുക എന്നിവയെല്ലാമായിരുന്നു ആ സമൂഹത്തിന്റെ ദൗത്യങ്ങള്‍. 1872 -ല്‍ രണ്ടാം കാളിസ്റ്റ് യുദ്ധം ഉണ്ടായി. അപ്പോഴും ബില്‍ബാവോയില്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അതുകൂടാതെ സാന്റിയാഗോ ബസിലിക്കയുടെ ഗോപുരത്തിന്റെയും ഫാക്കേഡിന്റെയും നിര്‍മ്മാണത്തിന്റെ മേല്‍നോട്ടവും വഹിച്ചിരുന്നു.
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ രീതിയനുസരിച്ച് വൈദികര്‍ക്കുവേണ്ടിയുള്ള ഭക്താഭ്യാസങ്ങള്‍ ഫാ. മരിയാനോ തയാറാക്കി. എല്ലാ വൈദികരുടെയും ലൈബ്രറിയില്‍ ഉണ്ടായിരിക്കേണ്ട ഗ്രന്ഥമാണ് അതെന്നാണ് വിശുദ്ധ അന്തോണി മേരി ക്ലാരറ്റ് അഭിപ്രായപ്പെട്ടത്. അവസാനനാളുകളില്‍ ഫാ.മരിയാനോയ്ക്ക് അന്ധത ബാധിക്കുകയും കട്ടിലില്‍ ഒതുങ്ങുകയും ചെയ്തു. എന്നിട്ടും അന്നത്തെ മെത്രാന്‍ പറഞ്ഞത് ഫാ. മാരിയാനോ എല്ലാ വൈദികര്‍ക്കും മാതൃകയായും എല്ലാ പുണ്യങ്ങളുടെയും ഇരിപ്പിടമായും ആയുസോടെ ഇരിക്കട്ടെ എന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നത് എന്നാണ്.
1888 ജനുവരി 31-ന് ഫാ. മരിയാനോ ജോസ് ഡി ഇബാര്‍ഗുവെന്‍ഗോയിഷിയ തന്റെ ഭൂമിയിലെ ജീവിതം പൂര്‍ത്തിയാക്കി. ബില്‍ബാവോ നഗരം മുഴുവന്‍ അന്ന് കണ്ണീര്‍ തൂകി. അദ്ദേഹം മരിക്കുമ്പോഴേ എല്ലാവരും അദ്ദേഹത്തിന്റെ വിശുദ്ധപദപ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. 2003-ലാണ് ഫാ. മരിയാനോയുടെ നാമകരണനടപടികള്‍ ആരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *