യേശു തൊട്ടാൽ

റോക്ക് മ്യൂസിക്കിൽ വളരെ പ്രശസ്തനായിരുന്നു ടെറി ചിമ്‌സ്. അദ്ദേഹം ലോകത്തിനുവേണ്ടി പാട്ടുകൾ പാടി, ലോകത്തിന്റെ മനുഷ്യനായി ജീവിച്ചു. ലോകത്തിന്റെ മോഹങ്ങളിൽ മുഴുകി നടന്നു. ദൈവത്തെയോ ദൈവത്തിന്റെ വചനങ്ങളെയോ അദ്ദേഹം ഒരിക്കൽപ്പോലും ഗൗരവത്തോടെ എടുത്തില്ല. അങ്ങനെ ഒരിക്കൽ പാട്ടുപാടി ക്ഷീണിച്ച അദ്ദേഹം തന്റെ ക്ഷീണം മാറ്റുന്നതിനുവേണ്ടി വെറുതെ ടീപ്പോയിൽ കിടന്ന ഒരു പുസ്തകമെടുത്ത് വായിച്ചു.

ആ പുസ്തകമെഴുതിയത് സി.എസ്.ലൂയീസ് എന്ന മഹാനായ ക്രിസ്തീയ ചിന്തകനായിരുന്നു. അദ്ദേഹത്തിന്റെ ‘മിയർ ക്രിസ്റ്റ്യാനിറ്റി’ എന്ന പുസ്തകമായിരുന്നു അത്. ആ പുസ്തകത്തിന്റെ ഒരധ്യായത്തിൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. ആ അധ്യായത്തിന്റെ തലക്കെട്ട് ‘ഗ്രേറ്റ് സിൻ’ (ഏറ്റവും വലിയ പാപം) എന്നായിരുന്നു; ഏറ്റവും അപകടകരമായ പാപം അഹങ്കാരമാണ്. ആ പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ ആത്മാവ് ടെറി ചിമ്‌സിനെ സ്പർശിച്ചു. അദ്ദേഹം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, പുസ്തകം വായിച്ചുകൊണ്ടിരിക്കേ അദ്ദേഹം വാവിട്ട് നിലവിളിച്ചു. അത് എത്രനേരം നീണ്ടുനിന്നുവെന്ന് അദ്ദേഹത്തിനറിയില്ല. ആ കരച്ചിലിന്റെ അവസാനം അദ്ദേഹം തന്റെ ജീവിതം യേശുവിന് സമർപ്പിച്ചു. ഇത് ഈ അടുത്ത നാളുകളിൽ സംഭവിച്ച ഒരു കാര്യമാണ്.

റോക്ക് മ്യൂസിക്ക് ഗായകൻ എന്നു പറഞ്ഞാൽ പേരും പ്രശസ്തിയും സമ്പത്തും എല്ലാം വേണ്ടുവോളം ഉണ്ടാകും. അദ്ദേഹത്തിന്റെ നാട്ടിലെ ഏറ്റവും വലിയ പാട്ടുകാരനായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്‌നേഹം അദ്ദേഹത്തെ ലഹരി പിടിപ്പിച്ചു. ലോകത്തിനുവേണ്ടി, ലോകസുഖങ്ങൾ ആസ്വദിക്കാൻ വേണ്ടി, പ്രശസ്തിക്കുവേണ്ടി പാട്ടുപാടി നടന്ന ആ മനുഷ്യനെ യേശു തൊട്ടപ്പോൾ അദ്ദേഹം യേശുവിനുവേണ്ടി ജീവിക്കുന്ന ഒരു വ്യക്തിയായിത്തീർന്നു.
യേശു ഗലീലി കടലിൽ തന്റെ കാലുകൊണ്ട് സ്പർശിച്ചപ്പോൾ ആ വെള്ളം ഐസ് കട്ടപോലെ തണുത്തുറഞ്ഞു എന്ന് സഭാപിതാക്കന്മാർ പറയുന്നു. അതിന്റെ മുകളിലൂടെ യേശു നടന്നു. യേശുവിന്റെ സ്പർശനത്തിൽ ഗലീലി കടലിലെ വെള്ളം ഐസുകട്ടപോലെയായി. അല്ലെങ്കിൽ യേശു തൊടുമ്പോൾ വസ്തുക്കൾക്ക് മാറ്റം സംഭവിക്കുന്നു. യേശു എന്നെയും നിങ്ങളെയും തൊടുമ്പോൾ നമുക്ക് മാറ്റം നിശ്ചയമായും ഉണ്ടാകുമെന്ന് കാണിക്കാൻ പരിശുദ്ധാത്മാവ് ഇത് ബൈബിളിൽ എഴുതിയിരിക്കുന്നു.

യേശു അന്ധനെ തൊട്ടപ്പോൾ അവന് കാഴ്ച ലഭിച്ചു. ബധിരനെ തൊട്ടപ്പോൾ കേൾവി ലഭിച്ചു. മുടന്തനെ തൊട്ടപ്പോൾ അവൻ എണീറ്റു കുതിച്ചു ചാടി. കൈ ശോഷിച്ചവനെ തൊട്ടപ്പോൾ അവന്റെ കൈ ബലം പ്രാപിച്ചു. അതുപോലെ, അവിടുന്ന് നമ്മെ തൊടുമ്പോൾ നമുക്കും മാറ്റമു ണ്ടാകുന്നു; പശ്ചാത്താപമുണ്ടാകുന്നു. അതു നമ്മെ മാനസാന്തതരത്തിലേക്കു നയിക്കുന്നു. എന്നാൽ, അനുതപിച്ച് പാപങ്ങൾ ഏറ്റുപറഞ്ഞതിനുശേഷവും പാപഭാരവും പേറി നടക്കുന്ന അനേകർ ഇന്നുമുണ്ട്. ഇതാണ് യേശുവിനെ കൂടുതൽ വേദനിപ്പിക്കുന്നത്. 2 കോറി. 5:17: യേശുക്രിസ്തുവിലായിരിക്കുന്നവൻ ഒരു പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ടെറിയെപ്പോലെ നമുക്കും പറയാൻ സാധിക്കട്ടെ ‘യേശു എന്നെ തൊട്ടു’.

ഒരു കുടുംബത്തെ തൊട്ടാൽ

പൗലോസിനെയും സീലാസിനെയും ജയിലിലിട്ടപ്പോൾ ശരീരം മുഴുവൻ ചാട്ടകൊണ്ടടിയേറ്റ് രക്തമൊലിക്കുന്ന പൗലോസും സീലാസും ആ ചങ്ങല കുലുക്കി ദൈവത്തെ ആരാധിക്കുന്ന സമയത്ത് ജയിലിന്റെ അടിത്തറ കുലുങ്ങി, ഭിത്തിയിളകി, അവിടെ വലിയ അത്ഭുതം നടന്നു. തടവുകാർ മോചിക്കപ്പെട്ടു. അവരെല്ലാവരും രക്ഷപ്പെട്ടെന്ന് കരുതി ഭയപ്പെട്ട് കാവൽക്കാരൻ തന്നത്താൻ വാളുകൊണ്ട് കുത്തിമരിക്കാൻ തീരുമാനിച്ചപ്പോൾ പൗലോസ് പറയുന്നു; സഹോദരാ, ഞങ്ങൾ ആരും രക്ഷപ്പെട്ടിട്ടില്ല. ഇവിടെത്തന്നെയുണ്ട്.

അയാൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല. രക്ഷപ്പെടാൻ തക്കം നോക്കിയിരിക്കുന്ന തടവുകാരിൽനിന്ന് ഇവർ വ്യത്യസ്തരായി. പൗലോസും കൂട്ടരും ദൈവസ്‌നേഹത്താൽ നിറഞ്ഞ് സഹോദരസ്‌നേഹത്തെപ്രതി അവരുടെ ജീവൻ രക്ഷിക്കാനായി ജയിലിൽത്തന്നെ നില്ക്കുന്നു. അതുകേട്ട കാവൽക്കാരൻ ചോദിക്കുന്നു: സഹോദരന്മാരേ, രക്ഷ പ്രാപിക്കാൻ ഞങ്ങൾ എന്തു ചെയ്യണം? പൗലോസ് മറുപടി പറഞ്ഞു, കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. പൗലോസിനെയും കൂട്ടുകാരെയും ഈ കാവൽക്കാരൻ സ്വന്തഭവനത്തിൽ കൊണ്ടുപോയി അവർക്ക് ഭക്ഷണം നല്കി. അവരുടെ മുറിവുകൾ വച്ചുകെട്ടി. അവരും രക്ഷയിലേക്ക് കടന്നുവന്നു.

1912-ൽ കാനഡയിലെ ടൊറോന്റോയിൽ ഇസബല്ല മില്ലർ എന്ന പെൺകുട്ടി ജീവിച്ചിരുന്നു. അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ച ചെറുപ്പക്കാരന്റെ പേര് ജോൺ. രണ്ടുപേരും വിവാഹത്തിനൊരുങ്ങി യിരിക്കവേ ഇസബല്ല ലൈബ്രറിയിൽവച്ച് ശ്രദ്ധയിൽപ്പെട്ട ഒരു പുസ്തകം വായിച്ചപ്പോൾ മനസിലായി, ചൈനയുടെയും തിബറ്റിന്റെയും അതിർത്തിയിലുള്ള പ്രദേശത്ത് ലിസു വംശജർ എന്ന പേരിൽ താമസിക്കുന്ന ആ ജനം യേശുക്രിസ്തു എന്ന പേരുപോലും ഒരിക്കലും കേട്ടിട്ടില്ല. അവരാരും ഈശോയുടെ രക്ഷയോ സ്‌നേഹമോ അനുഭവിച്ചിട്ടില്ല. കർത്താവിന്റെ രക്തത്താൽ കഴുകപ്പെട്ടിട്ടുമില്ല. പരിശുദ്ധാത്മ അഭിഷേകം സ്വീകരിച്ചിട്ടുമില്ല.

ജോൺ കാണാൻ വന്നപ്പോൾ ഇസബല്ല മില്ലർ പറഞ്ഞു, ”എനിക്കൊരു വലിയ ആഗ്രഹമുണ്ട്. നമുക്ക് നമ്മുടെ വിവാഹം ലിസു വംശജരുടെ ഇടയിൽവച്ച് ചൈനയുടെയും തിബറ്റിന്റെയും അതിർത്തിയിൽ നടത്താം. നമ്മുടെ ജീവിതം ഈ ജനത ഈശോയെ അറിയുന്നതിനായി നമുക്ക് മാറ്റിവയ്ക്കാം.”

അദ്ദേഹത്തിനും അത് താല്പര്യമായി. കാനഡയിലെ എല്ലാ സുഖസൗകര്യങ്ങളും വിട്ടുകൊണ്ട് ഇസബല്ലയും ജോണും ഒരു കപ്പലിൽ യാത്രയായി. നാളുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ അവർ അവിടെയെത്തി. അവിടെ എല്ലാവരും വളരെ ചെറിയ കുടിലുകളിൽ ജീവിക്കുന്നു. ആഹാരത്തിന് നിവൃത്തിയില്ല. അവരുടെ മധ്യത്തിൽ ഒരു കുടിലിൽവച്ച് അവരുടെ വിവാഹം നടന്നു. അതിനുശേഷം അവരോടൊപ്പം ജീവിച്ചു. ഒറ്റവർഷംകൊണ്ട് 45 പേരെ അവർ യേശുസ്‌നേഹത്തിലേക്ക് കൊണ്ടുവന്നു. മൂന്നുവർഷം കഴിഞ്ഞപ്പോൾ 4700 പേരെ അവർ ക്രിസ്തുസ്‌നേഹാനുഭവത്തിൽ കൊണ്ടുവന്നു.

2014-ൽ ലിസു വംശക്കാരുടെ ഇടയിൽ നാലുലക്ഷം പേർ യേശുവിന്റെ സ്‌നേഹത്തിൽ അവന്റെ മക്കളായി ജീവിക്കുന്നു. രണ്ടുപേരുടെ സമർപ്പണം ഒരു പ്രദേശത്തെ മുഴുവൻ ജനതയെയും യേശുസ്‌നേഹത്തിലേക്കടുപ്പിച്ചു. ഇസബല്ലാ മില്ലർ മരണാസന്നയായ സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും അവളുടെ മരണക്കിടക്കയുടെ അടുത്ത് വന്നപ്പോൾ അവൾ പുഞ്ചിരിയോടെ പറഞ്ഞു: ”പ്രിയപ്പെട്ടവരേ, ഞാൻ സ്വർഗത്തിൽ പോകാൻ ഏതാണ്ട് രണ്ടോ മൂന്നോ മിനിറ്റുകൾ മാത്രമേയുള്ളൂ. ഞാൻ അവിടെ ചെന്നാൽ സ്വർഗവാസികൾക്ക് എന്റെ തലയും എന്റെ കഴുത്തും കാണാൻ പറ്റുകയില്ല. അവർക്ക് എന്റെ കാലുകൾ മാത്രമേ കാണാൻ പറ്റുകയുള്ളൂ. സ്വർഗത്തിൽ ചെന്നാലും ഞാൻ സ്വർഗത്തിന്റെ മതിലിലൂടെ പൊങ്ങി വലിഞ്ഞ് കിടന്ന് താഴേക്ക് നോക്കും. ലിസു വംശക്കാർ എന്റെ കർത്താവിനെ ആരാധിക്കുന്നുണ്ടോ, ഞാൻ പറഞ്ഞുകൊടുത്ത സുവിശേഷം അവർ ജീവിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ സ്വർഗത്തിന്റെ മതിലിലൂടെ നോക്കിക്കൊണ്ടേയിരിക്കും.” മരണസമയത്തും യേശുക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി ജ്വലിച്ചിരുന്ന മകളും അവളുടെ കുടുംബവും. കർത്താവ് നമ്മെ സ്‌നേഹത്തോടെ വിളിക്കുന്നു. നമ്മെത്തന്നെ പൂർണമായും കർത്താവിനായി കൊടുത്താൽ നമ്മളും നമ്മുടെ കുടുംബവും രക്ഷ പ്രാപിക്കുമെന്ന് മാത്രമല്ല, നമ്മിലൂടെ അനേകർക്ക് യേശുക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചറിയാനും സാധിക്കും.

ഒരു പ്രദേശത്തെ തൊട്ടാൽ

ഒരു പ്രദേശം യേശുവിനെ അറിഞ്ഞാൽ എന്തു സംഭവിക്കും. സമരിയാക്കാരി സ്ത്രീ അഞ്ച് ഭർത്താക്കന്മാരുടെ കൂടെ ജീവിച്ചു. പിന്നെ ഭർത്താവല്ലാത്തവന്റെ കൂടെ ജീവിച്ചു. യേശു അവളെ അങ്ങോട്ടുപോയി സ്‌നേഹിച്ചു. അവൾ നന്ദിയുള്ളവളായി മാറി. അവൾ ഓടി തന്റെ പട്ടണത്തിൽ ചെന്ന് ഇങ്ങനെ പറഞ്ഞുകാണണം, ”ഞാൻ എങ്ങനെയാണ് ജീവിച്ചതെന്ന് നിങ്ങൾക്കറിയാമല്ലോ. പക്ഷേ, ഇപ്പോൾ ഞാൻ ദൈവത്തെ കണ്ടിരിക്കുന്നു. സ്‌നേഹത്തെ അറിഞ്ഞിരിക്കുന്നു. അവന്റെ പേര് യേശുക്രിസ്തു. ഇന്ന് ഞാനൊരു പുതിയ സൃഷ്ടിയാണ്. എന്നെ രൂപാന്തരപ്പെടുത്താൻ അവന് സാധിക്കുമെങ്കിൽ നിങ്ങൾക്കും മാറ്റം വരുത്താൻ അവനു കഴിയും.” അതുകേട്ടവർ വേഗം യേശുവിനടുത്തെത്തി. തങ്ങളോടുകൂടെ വസിക്കണമേയെന്ന് അപേക്ഷിച്ചു. അവിടുന്ന് അവരോടുകൂടെ രണ്ടുദിവസം താമസിച്ചു. അങ്ങനെ ആ സ്ത്രീയുടെ സാക്ഷ്യംമൂലം ആ പ്രദേശം മുഴുവൻ യേശുവിൽ വിശ്വസിച്ചു.

വളരെ വർഷങ്ങൾക്കുമുമ്പ് വടക്കേ ഇന്ത്യയിൽ ഉയർന്ന ഹിന്ദുകുടുംബത്തിൽപ്പെട്ട രമാഭായി എന്ന ഒരു പെൺകുട്ടി യേശുവിനെ കണ്ടെത്തി. അവൾ അവളുടെ ഹൃദയം യേശുക്രിസ്തുവിന് തുറന്നുകൊടുത്തു. അവൾ എത്തിയതോടെ അവളുടെ നാട്ടിൽ സുവിശേഷപ്രഘോഷണം ആരംഭിച്ചു. പണ്ഡിറ്റ് രമാഭായി ഒരു പ്രദേശം മുഴുവൻ യേശുവിനെ അറിയാൻ ഇടയാക്കി. വൈദികനായിരുന്ന വിശുദ്ധ പാട്രിക് അയർലണ്ടിന് ക്രിസ്തുവിനെ പരിചയപ്പെടുത്തി. അയർലണ്ട് കത്തോലിക്കാ രാജ്യമായി മാറി. ഇന്ന് അബോർഷനെതിരെ ശക്തമായി നിലകൊള്ളുന്ന രാജ്യമാണ് അയർലണ്ട്. ചുറ്റുമുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങളും ദൈവത്തെ മറന്നപ്പോഴും അയർലണ്ട് ദൈവത്തെ മറന്നില്ല.

അവിടുത്തെ പള്ളികൾ നിറഞ്ഞ് നിത്യേന ആളുകൾ വിശുദ്ധ കുർബാനയ്ക്കായി വരുന്നു. ഒരു മനുഷ്യൻ വിലകൊടുക്കാൻ തയാറായപ്പോൾ ഒരു പ്രദേശം സ്പർശിക്കപ്പെട്ടതിന്റെ അനുഭവം. അല്പം തേനെടുത്ത് വച്ചാൽ ഒരു പരസ്യവും കൂടാതെ നൂറുകണക്കിന് ഉറുമ്പുകൾ അതിനു ചുറ്റിലും വരും. ആ പ്രദേശം മുഴുവൻ തേനിനാൽ പിടിക്കപ്പെടുന്നു. അതുപോലെ നമ്മിലൂടെയൊഴുകുന്ന പരിശുദ്ധാത്മ ശക്തിയാൽ നമ്മുടെ പ്രദേശം മുഴുവൻ യേശുവിന്റെ ആത്മാവിനാൽ നിറയപ്പെടും.
അവർക്കുവേണ്ടി കുരിശിൽ മരിച്ച രക്ഷകനാണ് യേശുവെന്ന് സകലരും അറിയും. അതിനായി നമുക്ക് പ്രാർത്ഥിക്കാം.

ദൈവമേ, പരിശുദ്ധാത്മാവ് വരുമ്പോൾ ജറുസലേമിലും സമരിയായിലും യൂദയായിലും ലോകത്തിന്റെ അതിർത്തികൾവരെയും നിങ്ങൾ എന്റെ സാക്ഷിയാകുമെന്ന് അവിടുന്ന് പറഞ്ഞുവല്ലോ. ദൈവമേ, ഞങ്ങളുടെ പ്രദേശങ്ങളെ തൊടണമേ. ഞങ്ങളുടെ കുടുംബങ്ങളെ തൊടണമേ. ഞങ്ങളാകുന്ന വ്യക്തികളെ സ്പർശിക്കണമേ. രൂപാന്തരപ്പെടുത്തണമേ. അങ്ങേ തൃപ്പാദത്തിങ്കൽ ഞങ്ങളെത്തന്നെ എളിമയോടെ സമർപ്പിക്കുന്നു. യേശുവേ നന്ദി, യേശുവേ ആരാധന.

(ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്ത ‘വചനം തിരുവചന’ത്തിൽനിന്ന്)

ഡോ. ജോൺ. ഡി

4 Comments

  1. STEPHEN PHILIP THENGUM THARAYIL says:

    PRAISE THE LORD
    Dear Brother, really its a heart touching message, and off course when JESUS touch we fully will change, please pray for us to get more holy spirit to proclaim the name of our Lord Jesus to many, may god bless you all especially all the shalom team members.
    with love and prayers.
    loving brother in christ
    philip stephen

  2. kala says:

    very heart touching

  3. Elsamma James says:

    Very heart touching article dear Dr. John. Please pray for us too so that God use us to proclaim the Good News.

  4. JOMON JOSEPH says:

    Dr. JOHN THANK YOU, TOUCHING ARTICLE. GOD BLESS

Leave a Reply

Your email address will not be published. Required fields are marked *