സമാധാനം ഉള്ളപ്പോള്‍…
ദൈവം നമുക്ക് സാന്ത്വനവും ആത്മീയ സമാധാനവും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍, എളിമ നഷ്ടപ്പെട്ടേക്കാമെന്ന അപകടമുണ്ട്. ഈ സൗഭാഗ്യം ദൈവത്തിന്റെ ദാനമാണെന്നോര്‍മ്മിക്കുക. ഏത് നിമിഷത്തിലും ദൈവം അത് പിന്‍വലിച്ചേക്കാം. ദൈവത്തിലുള്ള വിനീതമായ ആശ്രയത്വമില്ലെങ്കില്‍ നാം വീണുപോകുമെന്നത് തീര്‍ച്ചയാണ്. ദൈവത്തിന്റെ ദാനങ്ങള്‍ നാം നമ്മുടെ സ്വന്തമാണെന്ന് കരുതാനിടയാകരുതേ എന്ന് അവിടുത്തോട് പ്രാര്‍ത്ഥിക്കണം. വിശുദ്ധ ഫിലിപ് നേരിയെപ്പോലെ നാമും ദൈവത്തെ വിളിച്ചപേക്ഷിക്കണം, ”ദൈവമേ, ഈ ദിവസം എന്നെ കാത്തുകൊള്ളണമേ; അല്ലെങ്കില്‍ ഞാന്‍ അങ്ങയെ വഞ്ചിച്ചേക്കും.”
സ്വാഭാവികമായ കഴിവുകള്‍
സ്വാഭാവികമായ കഴിവുകള്‍ ഏറിയ അളവില്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് നിരന്തരമായ ദൈവാശ്രയബോധം പുലര്‍ത്താത്തപക്ഷം, കൂടുതല്‍ അപകടസാധ്യതയുണ്ട്. തങ്ങളുടെ കഴിവുകളില്‍ അവര്‍ അഹങ്കരിച്ചേക്കാം. അത്തരമൊരു വലിയ വിപത്തിന് കാരണമായേക്കാവുന്ന കഴിവുകള്‍ ദൈവം ഒരുപക്ഷേ എടുത്തുകളഞ്ഞെന്നുവരാം. നാം പ്രശംസിക്കപ്പെടുമ്പോള്‍ എളിമ കാത്തുസൂക്ഷിക്കുക എളുപ്പമല്ല. അത്തരം സന്ദര്‍ഭങ്ങള്‍ എളിമയ്ക്ക് വളരെയേറെ അപകടകരമാണ്. അതിനാല്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം.
മറ്റുള്ളവരുടെ പ്രശംസയിലെന്നതിലുപരി, അവരുടെ ഔദാര്യത്തില്‍ സന്തോഷിക്കുക.
നമ്മെത്തന്നെ മറക്കാന്‍ ശ്രമിച്ചുകൊണ്ട് നമ്മുടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് ഉയര്‍ത്തുകയും നമ്മുടെ വിജയം അവിടുത്തേക്ക് സമര്‍പ്പിക്കുകയും ചെയ്യുക.
നമ്മെ പ്രശംസിക്കുന്നവര്‍ നമ്മുടെ യഥാര്‍ത്ഥ അവസ്ഥ കണ്ടാല്‍, നമ്മെ വെറുക്കുകയേ ചെയ്യൂ എന്ന് ഓര്‍മ്മിക്കുക.
പരാജയങ്ങള്‍ ഇല്ല
പരാജയവേളകളില്‍ വിനീതരാവുകയെന്നത് താരതമ്യേന എളുപ്പമാണെന്ന് തോന്നാം. പക്ഷേ യഥാര്‍ത്ഥത്തില്‍ പ്രയാസമാണത്. പരാജയങ്ങള്‍ നമ്മുടെ അഹങ്കാരത്തെ മുറിപ്പെടുത്തുന്നു. പരാജയത്തിന് കാരണമായിത്തീര്‍ന്നവരുടെ നേര്‍ക്കുള്ള കോപം, പ്രതികാരചിന്ത എന്നിവയിലൂടെയൊക്കെ അതിന്റെ വിദ്വേഷം നാം പ്രകടിപ്പിച്ചെന്നിരിക്കാം. മറിച്ച്, നാം തീര്‍ത്തും ദുഃഖിതരും നിരുന്‍മേഷരുമായിത്തീര്‍ന്ന് തുടര്‍ന്നുള്ള പരിശ്രമങ്ങള്‍ ഉപേക്ഷിച്ചുകളയാന്‍ സന്നദ്ധരായെന്നും വരാം. എന്നാല്‍ പരാജയങ്ങള്‍ ആത്മാവിന് വളരെ പ്രയോജനകരമാണ്.
പരാജയത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്,
നമ്മുടെ പരാജയത്തിന് വഴി തെളിച്ചവരെ കുറ്റപ്പെടുത്തുന്നതില്‍ നാം കരുതലുള്ളവരായിരിക്കണം.
നമ്മുടെ വൈകല്യങ്ങള്‍ക്കും പഴയ പാപങ്ങള്‍ക്കുമുള്ള നീതിയുക്തമായ ശിക്ഷയാണെന്ന് കരുതണം.
പരാജയങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നമ്മെ കൂടുതല്‍ വിനീതരാക്കാന്‍ പ്രാര്‍ത്ഥിക്കണം.
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് പരാജയം എന്നൊന്നില്ല. എല്ലാ കാര്യങ്ങളും അവിടുന്ന് നന്മയ്ക്കായി മാറ്റുന്നു.
തെറ്റുകള്‍ എളിമപ്പെടുത്തുമോ?
നമ്മില്‍ തെറ്റുകളുണ്ടെന്ന് സമ്മതിക്കാന്‍ അഹങ്കാരം അനുവദിക്കുകയില്ല. അതോടൊപ്പംതന്നെ ഒരിക്കലും നല്ലവരാകാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആത്മനിന്ദയില്‍ മുഴുകുന്നതും നല്ലതല്ല. അങ്ങനെവന്നാല്‍ തെറ്റുകള്‍ കഴിവുകളെക്കാള്‍ അപകടകരമായെന്നുവരാം. അതിനാല്‍ ആദ്യം വേണ്ടത് തെറ്റുകള്‍ സമ്മതിക്കുക എന്നതാണ്, അവ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക. ദൈവത്തില്‍ ആശ്രയിക്കാന്‍ അവ നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ ദ്രോഹിക്കാതിരിക്കാനുള്ള പ്രസാദവരം നമുക്ക് നല്‍കാന്‍ അവിടുത്തേക്ക് കഴിയും.
സമ്പന്നര്‍ക്കും പണ്ഡിതര്‍ക്കും വിനീതരായിരിക്കുക പ്രയാസമാണ്. എങ്കിലും അത് സാധ്യമാണെന്ന് വിശുദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അപരന്റെ പ്രവൃത്തികളെ പെട്ടെന്നുതന്നെ വിമര്‍ശിക്കുന്നതും അവരെ ദുഷിച്ച് സംസാരിക്കുന്നതും എളിമയ്ക്ക് കടകവിരുദ്ധമായ പ്രവൃത്തികളാണ്.
ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ എളിമയെന്ന പുണ്യത്തിന് അപകടങ്ങള്‍ കുറയും. വിനീതരായി ഉയര്‍ച്ച പ്രാപിക്കുകയും ചെയ്യാം.
‘ഏറ്റം പ്രയാസകരമായ സുകൃതം’
ഫാ.ചാക്കോ ബര്‍ണാര്‍ഡ് സി.ആര്‍