ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൂട്ടുകാരി എന്നെ വിളിച്ചു. വെറുതെ ഒരു സുഹൃദ്‌സംഭാഷണം. പക്ഷേ എനിക്കതില്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം ഒന്നിലും ഒരു സന്തോഷമില്ലാത്ത അവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് ഞാന്‍ കടന്നുപോയിരുന്നത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും അവള്‍ വിളിക്കുകയും എനിക്കെന്തൊക്കെയോ സങ്കടങ്ങളുണ്ട് എന്ന് മനസിലാക്കിയതായി പറയുകയും ചെയ്തു. എനിക്കായി അവള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പറഞ്ഞു. അവള്‍ ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്നയാളാണ്. ഞാനാകട്ടെ അക്രൈസ്തവയും. അതിനാല്‍ എനിക്ക് ആ പ്രാര്‍ത്ഥനയില്‍ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അവള്‍ എന്റെ മനസറിഞ്ഞാലെന്നതുപോലെ ചില മെസേജുകള്‍ അയക്കാന്‍ തുടങ്ങി.
അതുകണ്ടപ്പോള്‍ അവളുടെ പ്രാര്‍ത്ഥനകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നി. അതിനാല്‍ പതുക്കപ്പതുക്കെ ഞാന്‍ മനസുതുറന്നു. ഒരു ജോലിക്ക് പോകാന്‍ ആഗ്രഹമുള്ള കാര്യവും ഉപരിപഠനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടും പഠനം നന്നായി മുന്നോട്ട് പോകുന്നില്ല എന്ന കാര്യവുമെല്ലാം പങ്കുവച്ചു. നല്ല വിദ്യാഭ്യാസയോഗ്യത നേടിയിട്ടും എങ്ങുമെത്താത്തതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്. ഈ സങ്കടം മനസിലുള്ളതിനാല്‍ മൂന്ന് കുട്ടികളെ പരിപാലിക്കലും വീട്ടിലെ മറ്റ് ജോലികളുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഒന്നിലും ഒരു സന്തോഷമില്ലാത്ത അവസ്ഥ. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതെല്ലാം അറിഞ്ഞപ്പോള്‍ ഇടയ്ക്ക് ആവര്‍ത്തിക്കണമെന്ന് പറഞ്ഞ് അവള്‍ എനിക്ക് ഒരു ബൈബിള്‍വചനം അയച്ചുതന്നു. ”കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.” ഞാനത് ഇടയ്ക്കിടെ പറയാന്‍ തുടങ്ങി.
ഇതുകൂടാതെ വീട്ടില്‍ ഒരു സന്തോഷത്തിന്റെ അന്തരീക്ഷം ലഭിക്കാന്‍ ഒരു പൂപ്പാത്രത്തില്‍ പൂവ് വയ്ക്കാനും അവള്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞാന്‍ അന്വേഷിച്ചിട്ട് ഞങ്ങളുടെ പറമ്പിലോ വഴിയിലോ ഒന്നും ഒരു പൂവുപോലും കണ്ടില്ല. കുട്ടികളും നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. അടുത്ത വീട്ടിലെ ചേച്ചിയുടെ പൂന്തോട്ടത്തില്‍നിന്ന് പൂവ് ചോദിച്ചാലോ എന്ന് ആലോചിച്ചു, പക്ഷേ ചോദിക്കാന്‍ മനസുവന്നില്ല. ആ സമയത്ത് അവള്‍ എനിക്കായി മാതാവിന്റെ മാധ്യസ്ഥ്യം ചോദിക്കുന്നുണ്ട് എന്നെല്ലാം പറഞ്ഞിരുന്നു. മാതാവിന്റെ രൂപത്തിനുമുന്നില്‍ അവള്‍ വയ്ക്കുന്ന പൂപ്പാത്രത്തിന്റെ ഫോട്ടോ ഇടയ്ക്ക് അയച്ചുതരും. അവള്‍ ഒരു കത്തോലിക്കയാണെന്ന് ഇടയ്ക്ക് എന്നോട് പറഞ്ഞിട്ടുണ്ട്. അതെന്താണെന്നൊന്നും എനിക്ക് കാര്യമായി മനസിലായിരുന്നില്ല.
എന്തായാലും ആ സമയത്ത് ഞാന്‍ ഒരു ജോലിയൊഴിവിനെക്കുറിച്ച് അറിഞ്ഞു. അതിനായി അപേക്ഷ നല്കി. എന്നാല്‍ എനിക്ക് ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. മാത്രവുമല്ല കൊവിഡ്കാലമായിട്ടും കുറേപ്പേര്‍ ഇന്റര്‍വ്യൂവിന് വരുന്നുണ്ട് എന്നും അറിഞ്ഞു. എങ്കിലും അവള്‍ എന്നെ ധൈര്യപ്പെടുത്തി, പ്രാര്‍ത്ഥിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഇന്റര്‍വ്യൂവിന് പോകുന്നതിന് ഏതാണ്ട് രണ്ട് ദിവസം മുമ്പ് ഒരു വൈകുന്നേരം അവള്‍ പറഞ്ഞു, ഇന്ന് നിനക്ക് പൂവ് കിട്ടുമെന്നാണ് തോന്നുന്നത് എന്ന്. എന്നാല്‍ അതിനൊരു സാധ്യതയുമില്ല എന്നായിരുന്നു എന്റെ മറുപടി. ഇരുട്ടായിത്തുടങ്ങുന്നതിനാല്‍ പുറത്ത് പോയി അന്വേഷിക്കാനും സാധിക്കുകയില്ല എന്നെനിക്ക് ഉറപ്പായിരുന്നു.
എന്നാല്‍, അല്പനേരം കഴിഞ്ഞ് അതാ അടുത്തുള്ള ചോലയില്‍ കുളിക്കാന്‍ പോയിരുന്ന മൂത്ത രണ്ട് കുട്ടികള്‍ വളരെ സന്തോഷത്തില്‍ വരുന്നു! അവരുടെ കൈയില്‍ രണ്ട് കുല കാട്ടുപൂക്കള്‍!! ഞാന്‍ വേഗം കൂട്ടുകാരിയെ വിളിച്ചു. അവള്‍ക്കും സന്തോഷം. തുടര്‍ന്ന് അവള്‍ പറഞ്ഞത് ഇങ്ങനെയാണ്, ”ഈ ജോലി കിട്ടുമെന്നതിന് അടയാളമായി ഇന്ന് നിനക്ക് പൂവ് കിട്ടണം എന്ന് ഞാന്‍ ഈശോയോട് പറഞ്ഞിരുന്നു!”
എനിക്കത് വളരെ അത്ഭുതമായി തോന്നി. അങ്ങനെയൊക്കെ ദൈവം സംസാരിക്കുമോ എന്ന് ഒരു സംശയം. പക്ഷേ അവള്‍ ഉറപ്പിച്ച് പറഞ്ഞു, ”നിനക്ക് ഈ ജോലി കിട്ടും.” പക്ഷേ എനിക്കതത്ര വിശ്വാസം തോന്നിയില്ല. എന്തായാലും ഭര്‍ത്താവിനൊപ്പം ഞാന്‍ ഇന്റര്‍വ്യൂവിന് പോയി. നന്നായി അറ്റന്‍ഡ് ചെയ്യാനും സാധിച്ചു. ദിവസങ്ങള്‍ക്കകം എനിക്ക് ആ ജോലി ലഭിച്ചെന്ന് അറിയിപ്പ് കിട്ടി. ഇപ്പോള്‍ ഞാന്‍ ഓണ്‍ലൈനായി ജോലി ചെയ്യുന്നു. ഈശോ നിന്നെ സ്‌നേഹിക്കുന്നു എന്ന് കൂട്ടുകാരി പറയുമ്പോള്‍ എനിക്ക് ഇപ്പോള്‍ അത് മനസിലാവുന്നുണ്ട്.
നിഷ ആര്‍.