ട്യൂമറില്‍ ഒപ്പിട്ട ദൈവം


”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സര്‍വതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28). ഈ വചനത്തിന് എന്റെ ജീവിതത്തിലുണ്ടായ വ്യാഖ്യാനം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. സെമിനാരി പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ 2011-ല്‍ തിയോളജി പഠനത്തിന് റോമിലേക്ക് പോയി. റോമിലെ ആദ്യ ദിവസങ്ങളൊക്കെ അതിമനോഹരമായിരുന്നു.
പിന്നീട് ചെവിക്ക് കേള്‍വിക്കുറവ് തോന്നി. ആദ്യമൊന്നും ഞാന്‍ അത്ര കാര്യമാക്കിയില്ല. പക്ഷേ കുറച്ച് നാളായപ്പോഴേക്കും പലരും എന്നോട് പറഞ്ഞു, ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന്. അങ്ങനെ ഞാന്‍ ഞങ്ങളുടെ ആനിമേറ്റര്‍ അച്ചനോട് ഇക്കാര്യം പങ്കുവച്ചു. അച്ചന്‍ തൊട്ടടുത്ത ദിവസം തന്നെ ചെവിയുടെ ഡോക്ടറെ കാണിക്കാന്‍ എന്നെ കൊണ്ടുപോയി. അവിടെ ടെസ്റ്റ് എല്ലാം കഴിഞ്ഞിട്ട് ഡോക്ടര്‍ പറഞ്ഞു, ചെവിയുടെ 80 ശതമാനം കേള്‍വി നഷ്ടമായിട്ടുണ്ട്. ഇത് ചെവിയുടെ പ്രശ്‌നമല്ല തലച്ചോറുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നമാണെന്ന്. അതുകൊണ്ട് വേറെ കുറച്ചുകൂടി സൗകര്യമുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ബ്രെയിന്‍ ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു.
അതുപ്രകാരം എം.ആര്‍.ഐ സ്‌കാന്‍ ചെയ്തു. ഫലം അറിയാന്‍ തൊട്ടടുത്ത ദിവസം ഞാനും ആനിമേറ്റര്‍ അച്ചനും കൂടി റോമിലെ മെഡിക്കല്‍ കോളജില്‍ എത്തി. ഞങ്ങളെ ഡോക്ടറുടെ മുറിയിലേക്ക് വിളിച്ചു. ഒരു പ്രധാന ഡോക്ടറും അദ്ദേഹത്തിന്റെ സഹായികളുമുണ്ട് ആ മുറിയില്‍. പ്രധാന ഡോക്ടറുടെ പുറകില്‍ വലിയ ഡിസ്‌പ്ലേ സ്‌ക്രീനില്‍ എന്റെ ബ്രെയിന്‍ സ്‌കാന്‍ റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. പ്രധാന ഡോക്ടര്‍ എന്നോട് സംസാരിച്ചു, വളരെ ഗൗരവമുള്ള ഒരു കാര്യം പറയാനുണ്ട്. ഏതു ഭാഷയില്‍ സംസാരിക്കണം? ഇംഗ്ലീഷ് വേണോ ഇറ്റാലിയന്‍ വേണോ?”
എനിക്ക് ഇറ്റാലിയന്‍ കാര്യമായി മനസിലാവില്ല, പ്രധാനപ്പെട്ട കാര്യം ആയതുകൊണ്ട് ഇംഗ്ലീഷ് മതി എന്ന് ഞാന്‍ മറുപടി നല്കി. അദ്ദേഹം റിസല്‍റ്റ് കാണിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ”നിങ്ങളുടെ തലയില്‍ ഗുരുതരമായ ഒരു ട്യൂമര്‍ വളരുന്നുണ്ട്. എത്രയും വേഗം സര്‍ജറി ചെയ്യണം. എന്നാല്‍ ഈ സര്‍ജറി ഏറ്റവും ബുദ്ധിമുട്ടാണ്. മിക്കവാറും മരിച്ചുപോകാനുള്ള സാധ്യതയുണ്ട്.” ഞാന്‍ ഞെട്ടലോടെ ഇരുന്നു.
ഡോക്ടര്‍ വീണ്ടും വിശദീകരിച്ചു: ”ട്യൂമര്‍ അതീവ ഗുരുതരമാണ്. ഏത് രാജ്യത്ത് കൊണ്ടുപോയി വേണമെങ്കിലും ഓപ്പറേഷന്‍ നടത്താം. എന്നാല്‍ ജീവന്‍ കിട്ടുമെന്ന് വലിയ പ്രതീക്ഷ വേണ്ട. പരമാവധി മൂന്ന് മാസം. അതില്‍ കൂടുതല്‍ ജീവിക്കില്ല. ഇനി ദൈവം സഹായിച്ചാല്‍ ഒരുപാട് കാലം ജീവിക്കാം.”
മനസില്‍ വല്ലാത്ത മരവിപ്പ്. തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ചകളൊക്കെ എന്നെ കരയിച്ചു. കാരണം ഇതെല്ലാം എനിക്ക് അന്യമാവുകയാണല്ലോ. തിരിച്ച് സെമിനാരിയില്‍ എത്തി. അവിടെ ചെറിയൊരു ചാപ്പല്‍ ഉണ്ട്. അവിടെ പോയി കുറെ സമയം വെറുതെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലേക്ക് ഒരു ഗാനത്തിന്റെ വരികള്‍ കടന്നുവന്നു. ‘താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ തളരുവതെന്തേ കുഞ്ഞേ….’
ഈ ഗാനം പറഞ്ഞറിയിക്കാനാകാത്ത ഒരാശ്വാസം എന്റെ മനസിലേക്ക് കടത്തിവിട്ടു. എന്ത് സംഭവിച്ചാലും എന്റെ ദൈവം എന്നെ താങ്ങിക്കൊണ്ട് കൂടെയുണ്ടെങ്കില്‍ ഞാനെന്തിന് ഭയപ്പെടണം. ചാപ്പലില്‍നിന്ന് എഴുന്നേറ്റത് പുതിയ കുറെ ബോധ്യങ്ങളോടെ ആയിരുന്നു. തുടര്‍ചികിത്സക്കായി എന്നെ കേരളത്തിലേക്ക് കൊണ്ടണ്ടുവന്നു.
ഓപ്പറേഷന് മൂന്നുദിവസം മുമ്പ് തലശേരി മൈനര്‍ സെമിനാരിയുടെ അന്നത്തെ ആധ്യാത്മിക പിതാവ് ഷാജി തെക്കേമുറി അച്ചന്റെ അടുക്കല്‍ കുമ്പസാരിക്കാനും ഉപദേശം തേടാനും എന്നെ മാര്‍ വലിയമറ്റം പിതാവ് അയച്ചു. ഒരുപക്ഷേ മരണം സംഭവിക്കാവുന്ന ഒരു മേജര്‍ ഓപ്പറേഷന് പോകുന്നതിനുമുമ്പ് അവസാനത്തെ ആത്മീയ ഉപദേശം നേടാനാണ് ഞാന്‍ പോയത്. അച്ചന്‍ ദൈവത്തിന്റെ വലിയ പരിപാലനയെപ്പറ്റി വിശദീകരിച്ചിട്ട് എന്നോട് ഒരു കാര്യം പറഞ്ഞു. എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും ആശ്വസിപ്പിച്ച, എന്റെ ട്യൂമറിനെപ്പറ്റി എനിക്ക് അഭിമാനം തോന്നിയ വാക്കുകള്‍. അത് ഇങ്ങനെയായിരുന്നു: ”നിന്റെ ട്യൂമറില്‍ ദൈവത്തിന്റെ ഒരു കയ്യൊപ്പുണ്ട്. അതുകൊണ്ട് നീ ദൈവത്തോട് നന്ദിയുള്ളവനായിരിക്കണം.”’
അതുകേട്ടതിനുശേഷം ഒരിക്കലും ഈ രോഗത്തെപ്പറ്റി എനിക്ക് ഒരു തരിപോലും ഉല്‍ക്കണ്ഠ തോന്നിയിട്ടില്ല. ദൈവം കയ്യൊപ്പിടാന്‍ എന്റെ തലച്ചോറിനെ തെരഞ്ഞെടുത്തെങ്കില്‍ ഞാന്‍ അതില്‍ അഭിമാനിക്കണ്ടേ.
കേരളത്തില്‍വച്ച് രണ്ട് മേജര്‍ സര്‍ജറികള്‍ക്ക് ഞാന്‍ വിധേയനായതാണ്, ആദ്യത്തേത് 2012-ലും രണ്ടാമത്തേത് 2017-ലും. രണ്ടാമത്തേത് കൂടുതല്‍ സങ്കീര്‍ണമായിരുന്നു. 14 മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു അത്. മരണത്തിന് സാധ്യത വളരെ കൂടുതലാണ്, ഇനി സര്‍ജറി വിജയിച്ചാല്‍ത്തന്നെ തീര്‍ത്തും കിടപ്പാകും എന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ഞാന്‍ സൗഖ്യത്തിലേക്ക് വന്നു. ഒരു ചെവിയും ഒരു കണ്ണും പ്രവര്‍ത്തനരഹിതമാവുകയും ഒരു കൈയിന് സ്വാധീനം കുറയുകയും ചെയ്‌തെങ്കിലും വൈദികനടുത്ത ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള ആരോഗ്യം കര്‍ത്താവ് പ്രദാനം ചെയ്തു. അങ്ങനെ 2018-ല്‍ ഞാന്‍ തിരുപ്പട്ടം സ്വീകരിച്ചു. ഡോക്ടര്‍മാര്‍ മൂന്നുമാസം മാത്രം ആയുസ് പ്രവചിച്ച ഞാന്‍ ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഈശോയുടെ പുരോഹിതനായി അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുന്നു.
ഇത് കര്‍ത്താവ് നല്കിയ സൗഖ്യമാണ്. അതിനാല്‍ത്തന്നെ നമ്മുടെ ദൈവത്തിന് ഒന്നും അസാധ്യമല്ല എന്നെനിക്ക് ഉറപ്പുണ്ട്. നമ്മുടെ ജീവിതത്തിന്റെ സങ്കടങ്ങളിലും രോഗങ്ങളിലും ദൈവത്തിന്റെ ഒരു കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.


ഫാ. ജോബിന്‍ എടൂക്കുന്നേല്‍

 

Leave a Reply

Your email address will not be published. Required fields are marked *