മരണഭയം ഇല്ലാതാക്കുന്നത് എങ്ങനെ?

ഒരിക്കല്‍ ഞാന്‍ ജപമാല ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ മാതാവിനോട് ചോദിച്ചു, ”മാതാവേ ഞാന്‍ ഇപ്പോള്‍ മരിക്കുകയാണെങ്കില്‍ ഞാന്‍ ചൊല്ലിയ പ്രാര്‍ത്ഥനകളോ ചെയ്ത നന്മകളോ എന്തിന് ഞാന്‍ ഇപ്പോള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ജപമാലപോലും എന്റെ മനസ്സിലേക്ക് കയറി വരില്ല. ഇതൊന്നും വിധിയാളനായ ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കാന്‍ എനിക്ക് ധൈര്യം തരില്ല. ഞാന്‍ പാപിയാണ് എന്ന ഒരൊറ്റ ചിന്ത മാത്രമേ എന്റെ മനസ്സിലേക്ക് കയറി വരികയുള്ളൂ. എന്റെ ഈ മരണഭയം ഇല്ലാതാക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?”
മാതാവ് ചോദിച്ചു, ”വിശുദ്ധര്‍ക്ക് മരണഭയം ഉണ്ടായിരുന്നോ?”
ഞാന്‍ പറഞ്ഞു, ”ഇല്ല.”
അപ്പോള്‍ മാതാവിന്റെ ചോദ്യം, ”എന്തുകൊണ്ട് ?”
ഞാന്‍ പറഞ്ഞു, ”അവര്‍ വിശുദ്ധര്‍ ആയതുകൊണ്ട്.”
മാതാവ് പറഞ്ഞു, ”അല്ല. ദൈവവുമായി അവര്‍ക്ക് ഉണ്ടായിരുന്ന സ്‌നേഹബന്ധമാണ് അവര്‍ക്ക് മരണഭയം ഇല്ലാതാക്കിയത്. അവര്‍ അവരുടെ പിതാവിന്റെ ഭവനത്തിലേക്ക് എന്നതു പോലെയാണ് പോയത്. നീ നിന്റെ സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ സന്തോഷവതി ആയിരിക്കുന്നത് എന്തുകൊണ്ടാണ്? നിനക്ക് അത്ര അടുപ്പമില്ലാത്തവരെ കാണാന്‍ പോകുമ്പോള്‍, അതായത് വികാരിയച്ചനെയോ ഡോക്ടറെയോ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയോ ഒക്കെ, കാണാന്‍ പോകുമ്പോള്‍ നിനക്ക് സ്വാഭാവികമായും കുറച്ച് ടെന്‍ഷന്‍ ഉണ്ടാകാറില്ലേ?”
മാതാവ് തുടര്‍ന്നു, ”മരണഭയം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ദൈവവുമായി നല്ലൊരു സ്‌നേഹബന്ധം സ്ഥാപിക്കുക എന്നുള്ളതാണ്. മാത്രമല്ല വിശുദ്ധയാകാനും ഏറ്റവും എളുപ്പമുള്ള വഴി ദൈവത്തെ സ്‌നേഹിക്കുക എന്നുള്ളതാണ്.”
ഞാന്‍ ചോദിച്ചു, ”മാതാവേ, ദൈവവുമായി നല്ലൊരു സ്‌നേഹബന്ധം എങ്ങനെ സ്ഥാപിക്കാം?”
മാതാവ് പറഞ്ഞുതന്നു, ”നിന്റെകൂടെ ജീവിക്കാന്‍ ദൈവത്തെ അനുവദിക്കുക. ഒന്ന്, നിന്റെ ചിന്തകളില്‍ ദൈവം നിറഞ്ഞു നില്‍ക്കട്ടെ. ദൈവത്തെ സഹകരിപ്പിച്ചു കൊണ്ട് ചിന്തിക്കുക. രണ്ട്, നീ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ദൈവത്തോടായിരിക്കട്ടെ. മൂന്ന്, ഓരോ പ്രവൃത്തിയും ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി കാഴ്ചവയ്ക്കുക. നാല്, ദൈവത്തോടൊത്തായിരിക്കട്ടെ നീ എറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദൈവത്തോടൊത്ത് ജീവിക്കുക. എന്നാല്‍ നിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രാര്‍ത്ഥിക്കുമ്പോള്‍മാത്രം ദൈവത്തോടൊത്ത് ആയിരിക്കുക; 24 മണിക്കൂറില്‍ ബാക്കി സമയം ദൈവത്തോടൊത്ത് അല്ലാതിരിക്കുക എന്നതാണ്. പ്രാര്‍ത്ഥനയും ജീവിതവും രണ്ടായി കാണാതിരിക്കുക. ജീവിതംതന്നെ പ്രാര്‍ത്ഥന ആക്കി മാറ്റുക. എത്ര പ്രാര്‍ത്ഥിച്ചു എന്നുള്ളതല്ല; എത്ര സമയം, എങ്ങനെ പ്രാര്‍ത്ഥിച്ചു എന്നുള്ളതാണ് നോക്കേണ്ടത്.”
ഫ്രാന്‍സിസ് അസ്സീസിയുടെ ജീവചരിത്രം വായിച്ചപ്പോള്‍ അതില്‍ ഇങ്ങനെ ഒരു സംഭവം വിവരിച്ചത് എന്റെ ഓര്‍മ്മയില്‍ വന്നു. വിശുദ്ധന്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ആശ്രമത്തിനടുത്തുള്ള മലമുകളില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് വിശുദ്ധന്‍ ആശ്രമത്തില്‍ തിരിച്ചെത്തിയിരുന്നത്. ഒരു ദിവസം ആശ്രമത്തില്‍ ഉള്ളവര്‍ അദ്ദേഹത്തോട് ചോദിച്ചു, അങ്ങ് എന്താണ് മലമുകളില്‍ പോയി പ്രാര്‍ത്ഥിക്കുന്നത്? വിശുദ്ധന്‍ പറഞ്ഞു, ഞാന്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപമാണ് പ്രാര്‍ത്ഥിക്കുന്നത്. അപ്പോള്‍ അവര്‍ ചോദിച്ചു, അങ്ങ് എത്ര സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപം ചൊല്ലി? വിശുദ്ധന്‍ മറുപടി പറഞ്ഞു, ഒരു സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപം പോലും പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചില്ല. പകരം സ്വര്‍ഗസ്ഥനായ എന്റെ പിതാവേ എന്നുമാത്രമേ എനിക്ക് വിളിക്കാന്‍ സാധിച്ചുള്ളൂ- ഇതായിരുന്നു വിശുദ്ധന്റെ അനുഭവം.
വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു, ”ഭൗമിക പറുദീസയില്‍ ആദത്തിന് ‘പ്രാര്‍ത്ഥന’ ശ്വാസോച്ഛ്വാസംപോലെയായിരുന്നു. ഇതുതന്നെയായിരുന്നു എന്റെയും അനുഭവം. എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന ഹൃദയം ഉയര്‍ത്തലാണ്. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുക. ഒരു കുഞ്ഞിനെപ്പോലെ ഞാന്‍ എല്ലാം ദൈവത്തോട് പറയും. വാക്കുകളും ശൈലികളുമൊന്നും അത്ര ശ്രദ്ധിക്കാറില്ല. പക്ഷേ നല്ലവനായ ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് എനിക്ക് നല്ല ഉറപ്പാണ്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി മനോഹരമായി രചിക്കപ്പെട്ടിട്ടുള്ള പ്രാര്‍ത്ഥനകള്‍ പുസ്തകം നോക്കി വായിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അങ്ങനെ വല്ല നിര്‍ബന്ധവുമുണ്ടായിരുന്നെങ്കില്‍ എന്റെ കാര്യം കഷ്ടമായേനേ.”
നമ്മുടെ പ്രാര്‍ത്ഥനയില്‍ പലവിചാരം വരുന്നുണ്ടെങ്കില്‍ കാണാതെ പഠിച്ച പ്രാര്‍ത്ഥനകള്‍ ചൊല്ലരുത്. പുസ്തകം നോക്കി വായിക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് വികാരങ്ങള്‍ കുറവായിരിക്കും. പ്രാര്‍ത്ഥിക്കുമ്പോള്‍ ബുദ്ധിയും ബോധവും വികാരങ്ങളും ഉപയോഗിക്കുകയാണ് വേണ്ടത് എന്ന് എനിക്ക് മനസിലായി. അപ്പോഴാണ് ദൈവത്തോടുള്ള അടുപ്പം വര്‍ധിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *