ദൈവത്തിന് നമ്മുടെ അപേക്ഷ നിരസിക്കാന്‍ പറ്റാത്ത സമയം

ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു: ”ഈശോയേ, ശുദ്ധീകരണാത്മാക്കളെ രക്ഷിക്കാന്‍ ഏറ്റവും പറ്റിയ സമയം ഏതാണ്? അതായത് എന്റെ അപേക്ഷ ഒട്ടും നിരസിക്കാന്‍ പറ്റാത്ത സമയം?”
യേശു പറഞ്ഞു, ”നീ കുര്‍ബാന സ്വീകരിക്കുന്ന സമയം.”
പിറ്റേന്ന് ഞാന്‍ പള്ളിയില്‍ പോയി, കുര്‍ബാന സ്വീകരിച്ച് മുട്ടുകുത്തി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ”പിതാവേ, അങ്ങ് പരമകാരുണ്യവാനും സ്‌നേഹനിധിയും ആണ്. അങ്ങ് എന്നോട് പ്രദര്‍ശിപ്പിച്ച അനന്ത കാരുണ്യത്തെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു .അങ്ങ് എന്നോട് പ്രദര്‍ശിപ്പിച്ച കാരുണ്യം ശുദ്ധീകരണാത്മാക്കളോടും കാണിക്കണമേ. ഈശോ പീഡയനുഭവിച്ച് മരിച്ചതിലൂടെ രക്ഷിച്ച മരിച്ച വിശ്വാസികളുടെ മേല്‍ കരുണയായിരിക്കേണമേ. ഞാനല്ല ഇത് അങ്ങയോട് അപേക്ഷിക്കുന്നത്, എന്റെ നാവില്‍ ഞാന്‍ സ്വീകരിച്ച ഈശോയുടെ തിരുശരീരരക്തങ്ങളാണ്. അങ്ങേയ്ക്ക് ഇഷ്ടമുള്ളത്ര ശുദ്ധീകരണാത്മാക്കളെ രക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ കാരുണ്യത്തെ പുകഴ്ത്തട്ടെ. അങ്ങ് തിരുമനസ്സാകുമെങ്കില്‍ എത്ര ആത്മാക്കളെ രക്ഷിച്ചു എന്ന് എന്നോട് പറയണമേ.”
അത്ഭുതമെന്നു പറയട്ടെ, അന്നുമുതല്‍ ഓരോ കുര്‍ബാന സ്വീകരണം കഴിയുമ്പോഴും ഞാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലുകയാണെങ്കില്‍ എത്ര ശുദ്ധീകരണാത്മാക്കളെ രക്ഷിച്ചു എന്ന് കര്‍ത്താവ് പറഞ്ഞുതരാറുണ്ട്!

Leave a Reply

Your email address will not be published. Required fields are marked *