സ്‌പെയിനിന്റെ ഭൂരിഭാഗവും മൂര്‍ വംശജരുടെ കൈയിലായ കാലം. ഇസ്ലാം മതസ്ഥരായ അവര്‍ ക്രൈസ്തവരെ പീഡിപ്പിച്ചിരുന്നു. അങ്ങനെയിരിക്കേ കാരവാക്ക എന്ന സ്ഥലത്തെ മൂര്‍ രാജാവായ അബു സെയ്ദ് തന്റെ അരികില്‍ കൊണ്ടുവരപ്പെട്ട ഡോണ്‍ ജൈനിസ് എന്ന വൈദികനോട് അദ്ദേഹത്തിന്റെ തൊഴിലിനെപ്പറ്റി ആരാഞ്ഞു. ദൈവത്തെ ഭൂമിയിലേക്ക് വിളിച്ചിറക്കുകയാണ് തന്റെ തൊഴില്‍ എന്ന് ആ വൈദികന്‍ പറഞ്ഞതോടെ രാജാവിന് വല്ലാത്ത ആകാംക്ഷ. എങ്കില്‍ അത് തെളിയിക്ക് എന്നായി രാജാവ്. അതിനായി ദിവ്യബലിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ ആവശ്യമുണ്ടെന്ന് ഡോണ്‍ ജൈനിസ് അറിയിച്ചു. ആ വസ്തുക്കളെല്ലാം രാജാവ് എത്തിച്ചുനല്കി. എന്നാല്‍ കുരിശ് ആവശ്യപ്പെടാന്‍ ഡോണ്‍ ജൈനിസ് മറന്നുപോയിരുന്നു. ദിവ്യബലി ആരംഭിക്കുന്ന സമയമായപ്പോള്‍ കുരിശിന്റെ അഭാവം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന് ആകെ അസ്വസ്ഥത. അതുകണ്ട് ആ വൈദികന് തന്റെ ജോലിയില്‍ അത്ര പ്രാവീണ്യമില്ലെന്ന് തോന്നിയ രാജാവ് അദ്ദേഹത്തെ ചോദ്യം ചെയ്തു. അപ്പോഴാണ് ഡോണ്‍ ജൈനിസ് കാര്യം വെളിപ്പെടുത്തിയത്. അതേ സമയം അദ്ദേഹം കര്‍ത്താവിനോട് സഹായം യാചിക്കുന്നുമുണ്ടായിരുന്നു.
പെട്ടെന്നതാ ഒരു കുരിശുമായി സൂര്യനെപ്പോലെ പ്രഭയുള്ള രണ്ട് മാലാഖമാര്‍ പറന്നിറങ്ങുന്നു!! രാജാവും സദസ്യരും അവര്‍ ദൈവത്തെയാണ് കാണുന്നതെന്ന് കരുതി തറയില്‍ വീണു. അതോടെ ദൈവത്തെ ഭൂമിയിലേക്ക് വിളിച്ചിറക്കുന്നവനാണ് വൈദികന്‍ എന്ന കാര്യത്തില്‍ രാജാവിന് തെല്ലും സംശയമില്ലാതായി. മാത്രവുമല്ല ക്രിസ്തുമതമാണ് സത്യം എന്ന് അംഗീകരിക്കുകയും ചെയ്തു. സ്‌പെയിനിലെ കാരവാക്കയില്‍ ഇന്നും വണങ്ങപ്പെടുന്ന കുരിശിന്റെ ഉത്ഭവം ഇങ്ങനെയാണ്.