നിങ്ങളെ കാത്ത് ഒരു സര്‍പ്രൈസ്

വിശുദ്ധ ബര്‍ണാര്‍ദും സന്യാസിമാരും പ്രാര്‍ത്ഥിക്കുകയായിരുന്നു. തദവസരത്തില്‍ അദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. പ്രാര്‍ത്ഥിക്കുന്ന സന്യാസിമാരുടെ ഓരോരുത്തരുടെയും അടുത്ത് ഗ്രന്ഥങ്ങള്‍ പിടിച്ച ഓരോ മാലാഖമാര്‍. സന്യാസിമാരുടെ പ്രാര്‍ത്ഥനകള്‍ അവരുടെ
പേരിന് നേരെ മാലാഖമാര്‍ രേഖപ്പെടുത്തി. ചിലരുടെ പ്രാര്‍ത്ഥനകള്‍ തനി തങ്കലിപികളിലാണ് ദൈവദൂതര്‍ എഴുതിയത്. ചിലരുടെത് വെള്ളികൊണ്ടും മറ്റുചിലരുടെ പ്രാര്‍ത്ഥനകള്‍ മഷികൊണ്ടുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കുറച്ചു സന്യാസിമാരുടെ പ്രാര്‍ത്ഥനകള്‍ വെറും വെള്ളമുപയോഗിച്ചാണ് എഴുതപ്പെട്ടത്. പിന്നെയും ചിലരുടെ അടുത്തുള്ള മാലാഖമാര്‍ ഒന്നും എഴുതാതെ വെറുതെ നില്ക്കുന്നു. ദര്‍ശനത്തിന്റെ വ്യാഖ്യാനവും വിശുദ്ധന് വെളിപ്പെട്ടു. വലിയ സ്‌നേഹത്തോടും ഭക്തിയോടും പ്രാര്‍ത്ഥിച്ചവരുടെ പ്രാര്‍ത്ഥനകള്‍ തങ്കലിപികളില്‍ എഴുതപ്പെട്ടു. ഭക്തിയുണ്ട്, എന്നാല്‍ സ്‌നേഹമില്ലാതെയുള്ള പ്രാര്‍ത്ഥനകള്‍ വെള്ളികൊണ്ടും സ്‌നേഹവും ഭക്തിയുമില്ലാതെ കടമ തീര്‍ക്കാന്‍ പ്രാര്‍ത്ഥിച്ചവരുടെത് മഷികൊണ്ടും എഴുതി. എന്നാല്‍ അലസമായും ഉറക്കംതൂങ്ങിയും നിന്നിരുന്നവരുടെ റെക്കോര്‍ഡില്‍ എഴുതാന്‍ മാലാഖമാര്‍ക്ക് ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ക്ക് വെറുതെ നില്‌ക്കേണ്ടിവന്നു.
”…നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10/20) എന്ന് ഈശോ പറഞ്ഞതിനാല്‍ നമുക്ക് സന്തോഷിക്കുകയും വിശ്വസിക്കുകയും ചെയ്യാം. എന്നാല്‍ അത് എന്തുകൊണ്ട് എഴുതപ്പെടണം എന്ന് തീരുമാനിക്കുന്നത് നാംതന്നെയാണെന്നാണ് വിശുദ്ധ ബര്‍ണാര്‍ദിന്റെ വെളിപാട് വ്യക്തമാക്കുന്നത്.
നമ്മുടെ പേരുകള്‍ സ്വര്‍ഗത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് മായിക്കപ്പെടാന്‍ സാധ്യതയുണ്ടോ? ഉണ്ടെന്നാണ് പുറപ്പാട് 32/33- പറയുന്നത്. ‘എനിക്കെതിരെ പാപം ചെയ്തവനെ എന്റെ ജീവന്റെ പുസ്തകത്തില്‍നിന്നും ഞാന്‍ തുടച്ചുനീക്കും.’ ജീവന്റെ ഗ്രന്ഥത്തില്‍
പേരുകള്‍ ഉണ്ടെങ്കിലും ദൈവം അത് തുടച്ചുനീക്കാതിരിക്കണമെങ്കില്‍ അവിടുത്തേക്കെതിരെ പാപം ചെയ്യാതിരിക്കേണ്ടിയിരിക്കുന്നുവെന്ന് അവിടുന്ന് ഓര്‍മിപ്പിക്കുകയാണ്. ഈ ജീവന്റെ പുസ്തത്തില്‍ പേരില്ലെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചിന്തിച്ചേക്കാം. ‘ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു” എന്നാണ് വെളിപാട് 20/15-ല്‍ വ്യക്തമാക്കുന്നത്.
സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ട്, അത് മായ്ക്കപ്പെടാതെ ശ്രദ്ധിച്ച് ജീവിക്കേണ്ടവരല്ല നാം. മറിച്ച് തങ്കലിപികളില്‍ നമ്മുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെടാന്‍ വിളിക്കപ്പെട്ടവരാണ്. അപ്രകാരം ഒരു വിജയകരമായ ജീവിതമാണ് ഈശോ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ സ്വര്‍ഗത്തില്‍ ഒരു സര്‍പ്രൈസും അവിടുന്ന് നമുക്കായി കരുതിയിട്ടുണ്ട്: ”ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാന്‍ ഏറ്റുപറയും” വെളിപാട് 3/5.
കര്‍ത്താവേ, സ്വര്‍ഗത്തില്‍ തങ്കലിപികളില്‍ ഞങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തപ്പെടാനും അവിടുത്തെ പിതാവിന്റെയും ദൂതരുടെയുംമുമ്പില്‍ ഞങ്ങളുടെ പേരുകള്‍ അവിടുന്ന് ഏറ്റുപറയാനും തക്കവിധം വിജയകരമായ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *